Tuesday, May 18, 2010

ഇങ്ങനെ പോയാല്‍ പോരാ

ഇങ്ങനെ പോയാല്‍ പോരാ

ഉമ്മന്‍ ചാണ്ടി

യൂറോപ്യന്‍ നിലവാരത്തെപ്പോലും മറികടക്കേണ്ട ഈ സംസ്ഥാനം ഇപ്പോള്‍ രാജ്യത്തെ പിന്നാക്ക സംസ്ഥാനങ്ങളുടെ മുന്നില്‍പോലും തലകുനിച്ചു നില്‍ക്കുന്നു.
ഇതാ കേരളത്തിന്റെ കുറെ 'ഒന്നാം സ്ഥാന'ങ്ങള്‍. രാജ്യത്ത് ഏറ്റവുമധികം മദ്യം ഉപയോഗിക്കുന്നതില്‍ ഒന്നാമത്. കുറ്റകൃത്യ നിരക്കില്‍ നമ്പര്‍ വണ്‍ (ദേശീയ ക്രൈം റെക്കാര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് 2006-07, 2007 -08) സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും ആത്മഹത്യാ നിരക്കിലും വാഹനാപകടനിരക്കിലും മുന്‍നിരയില്‍. 25,000 രൂപയുടെ ആളോഹരി കടം(സാമ്പത്തിക സര്‍വേ 2009). ലോകത്ത് ഏറ്റവും കൂടുതല്‍ ഹര്‍ത്താല്‍ നടത്തുന്ന സ്ഥലം.
ഇനി പിന്നാക്കത്തിന്റെ കാര്യം. നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍ 27ാം സ്ഥാനം (അസോചം 2008). ഐ.ടി കയറ്റുമതിയില്‍ ലജ്ജാകരമായ അവസ്ഥ. കര്‍ണാടകം 74,929 കോടി. കേരളം 1700 കോടി (നാസ്‌കോം 2008). തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതില്‍ 24ാം സ്ഥാനം (എന്‍.ആര്‍.ഇ.ജി.എ വെബ്‌സൈറ്റ്്). 2006ല്‍ 9.3 എത്തിയ വളര്‍ച്ചാ നിരക്ക്  6.98 ശതമാനത്തിലേക്കു കൂപ്പുകുത്തി (സാമ്പത്തിക സര്‍വേ 2009).

റോഡുകളും ജലപാതകളും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതില്‍  രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനം. ദേശീയപാതാ വികസനത്തിന് കേന്ദ്രം അനുവദിച്ച 3053 കോടി രൂപയില്‍ തീരുമാനമെടുക്കാതെ ഈ സര്‍ക്കാര്‍ ദീര്‍ഘനാള്‍ അടയിരുന്നു. ഇപ്പോള്‍ സ്ഥലമെടുപ്പിനെ ചൊല്ലി പദ്ധതി നീണ്ടുപോകുന്നു. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാത വികസനത്തിനു കേന്ദ്രം അനുവദിച്ച 124 കോടി രൂപ പാഴായി. 
വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ തുടങ്ങിയ വന്‍കിട പദ്ധതികളെല്ലാം അനിശ്ചിതത്വത്തില്‍. വിഴിഞ്ഞവും സ്മാര്‍ട്ട് സിറ്റിയും നിയമക്കുരുക്കിലേക്കു നീങ്ങുകയാണ്. വികസന പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് അന്തരം കണ്ടെത്താന്‍ ഒറ്റക്കാര്യം മതി. തിരുവനന്തപുരം തലസ്ഥാന നഗരി പദ്ധതിയിലുള്ള പാളയം അടിപ്പാത യു.ഡി.എഫ് വെറും ഏഴു മാസംകൊണ്ട് പൂര്‍ത്തിയാക്കി. തൊട്ടടുത്തുള്ള ബേക്കറി  ജങ്ഷനിലെ മേല്‍പാലം എല്‍.ഡി.എഫ് ഭരണത്തില്‍ നാലു വര്‍ഷമായി ഇഴയുന്നു. എം.സി റോഡിന്റെയും തലസ്ഥാന നഗര വികസനത്തിന്റെയും പദ്ധതികള്‍ യു.ഡി.എഫ് 2007ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടു. 2010 പകുതിയായിട്ടും പൂര്‍ത്തിയാക്കാന്‍ എല്‍.ഡി.എഫിനു സാധിക്കുന്നില്ല. 120 കോടി രൂപ ഈ രണ്ടു പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അധികം നല്‍കിയതിനുശേഷമാണീ ഗതികേട്.

മൂന്നു കോടി ജനങ്ങളില്‍ 40 ശതമാനം പേര്‍ ഇപ്പോഴും പാവപ്പെട്ടവരാണ്. ഈ ജനവിഭാഗത്തിന്റെ ജീവിത സാഹചര്യം നാലുവര്‍ഷംകൊണ്ട് അല്‍പമെങ്കിലും മെച്ചപ്പെട്ടിട്ടുണ്ടോ? ഉണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. ഞാനും യോജിക്കുന്നു. പക്ഷേ, അത് കേന്ദ്ര സര്‍ക്കാറിന്റെ ചെലവിലാണ്. 
സമൂഹത്തിലെ ഏറ്റവും നിസ്സഹായരും നിസ്സാരരുമായവരെ സംരക്ഷിക്കുന്നതിനു യു.ഡി.എഫ് ആവിഷ്‌കരിച്ച പദ്ധതിയാണ് ആശ്രയ. യു.ഡി.എഫ് അത് രണ്ടു വര്‍ഷംകൊണ്ട് 596 തദ്ദേശ സ്ഥാപനങ്ങളില്‍ നടപ്പാക്കി. എല്‍.ഡി.എഫ് നാലുവര്‍ഷംകൊണ്ട് 114 ല്‍. ഈ ജനവിഭാഗത്തിന് വോട്ടുപോലുമില്ലെന്ന് ഓര്‍ക്കണം. വോട്ട് മാത്രമാകരുത് പ്രവര്‍ത്തനങ്ങളുടെ അളവുകോല്‍.
ആഗോളതാപനത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍ പ്രകൃതിയെ മറന്ന് നമുക്കിനി  മുന്നോട്ടു പോകാനാവില്ല. ലോകത്തിലെതന്നെ ഏറ്റവും മനോഹരമായ ഭൂപ്രകൃതിയും സന്തുലിത കാലാവസ്ഥയുമുള്ള കേരളത്തില്‍പോലും ഇപ്പോള്‍ ചൂട് അസഹനീയമാകുകയാണ്. മണ്ണിനും മരങ്ങള്‍ക്കും മനുഷ്യന്‍ കാവല്‍ നിന്നേ മതിയാകൂ. മൂന്നാറിലും പാപ്പിനിശ്ശേരിയിലും കിനാലൂരിലും മറ്റു പലഭാഗങ്ങളിലും ഭരണകക്ഷികളുടെ ഒത്താശയോടെ നടക്കുന്ന നഗ്‌നമായ കൈയേറ്റങ്ങളെ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍.
സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠന പ്രകാരം 2008ല്‍ വിദേശത്തുള്ള 21.93 ലക്ഷം മലയാളികള്‍ കേരളത്തിലേക്ക് അയച്ചത് 43,288 കോടി രൂപയാണ്. ഇതു കേരളത്തിന്റെ ദേശീയവരുമാനത്തിന്റെ 30.7 ശതമാനം വരും. ഈ പണമാണ് കേരളത്തെ താങ്ങി നിറുത്തുന്നത്. ഇനി മലയാളികള്‍ മത്സരയോഗ്യമാകണമെങ്കില്‍ മെച്ചപ്പെട്ട പൊതുവിദ്യാഭ്യാസവും ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസവും ഉണ്ടായേ തീരൂ. എന്നിട്ടാണ് സ്വാശ്രയ മേഖലപോലുള്ള അതീവ സുപ്രധാനവിഷയത്തില്‍ ഒരു തീരുമാനവും എടുക്കാതെ  ഈ സര്‍ക്കാര്‍ കടന്നു പോകുന്നത്. ഈ നാലു വര്‍ഷംകൊണ്ട് എത്ര കുട്ടികളുടെ ഭാവിയാണ്  ഇവര്‍ കുരുതികൊടുത്തത്?

പാലക്കാട് കസ്റ്റഡി മരണത്തില്‍ 12 പൊലീസുകാരാണ് പ്രതിപ്പട്ടികയില്‍. ഇടതുഭരണത്തില്‍ കസ്റ്റഡിമരണങ്ങള്‍ ഉള്‍പ്പെടെയുള്ള പൊലീസ് അതിക്രമത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 49 പൊലീസ് സ്‌റ്റേഷനുകള്‍ ഇടതുപ്രവര്‍ത്തകര്‍ കൈയേറി. വിരലില്‍ എണ്ണാവുന്ന കേസുകളില്‍പോലും കുറ്റക്കാര്‍ക്കെതിരേ നടപടി എടുത്തില്ല. 2200 കവര്‍ച്ചകള്‍. 1400 പേരുടെ കൊലപാതകം. കുറ്റകൃത്യനിരക്കില്‍ ദേശീയതലത്തില്‍ കേരളത്തിന് തുടര്‍ച്ചയായി ഒന്നാം സ്ഥാനം. പൊലീസ് സ്‌റ്റേഷന്‍ കയറി ആക്രമിച്ചാല്‍പ്പോലും പൊലീസിന് നടപടി എടുക്കാനാവുന്നില്ല.
രൂക്ഷമായ വിലക്കയറ്റത്തോടൊപ്പം സര്‍ക്കാര്‍ തന്നെ അവശ്യസേവനങ്ങളുടെ നിരക്കുകള്‍ വന്‍തോതില്‍ കൂട്ടി. പാല്‍, വൈദ്യുതി, വെള്ളം, യാത്രാക്കൂലി തുടങ്ങിയ എല്ലാത്തിന്റെയും നിരക്കുകള്‍ വര്‍ധിപ്പിച്ചു. കേന്ദ്രം സൗജന്യമായി നല്‍കിയ അരി, കടല, പയര്‍ തുടങ്ങിയവ കൊള്ളലാഭത്തിനു മറിച്ചുവിറ്റ സര്‍ക്കാരാണിത്.
എവിടെപ്പോയാലും ആരെക്കണ്ടാലും ഉടന്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്-'നമുക്ക് ഇങ്ങനെപോയാല്‍ മതിയോ?' പോരെന്ന് എനിക്കറിയാം. എല്ലാവര്‍ക്കുമറിയാം. പാഴ്ദിനങ്ങളില്‍ നിന്നുള്ള വീണ്ടെടുപ്പിനായി നമുക്കു കൈകോര്‍ക്കാം.

No comments: