Friday, May 28, 2010

ജമാഅത്തിനെ ഇരയാക്കി ചൂണ്ടയിടുന്നതാരെ?

ജമാഅത്തിനെ ഇരയാക്കി ചൂണ്ടയിടുന്നതാരെ?

പി.എസ്. റംഷാദ്
Wednesday, May 26, 2010
പറയണമെന്ന് പിണറായി വിജയന്‍ തീരുമാനിച്ചതല്ലാതെ ഒരു വാക്കും അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിക്കേണ്ട, എത്ര കമ്പിട്ടിളക്കിയിട്ടും കാര്യവുമില്ല. മാധ്യമ പ്രവര്‍ത്തകര്‍, പ്രത്യേകിച്ചും തിരുവനന്തപുരത്ത് ജോലി ചെയ്യുന്നവര്‍ സാധാരണ നടത്താറുള്ള ഒരു നിരീക്ഷണമാണിത്. ചോദ്യങ്ങള്‍കൊണ്ട് ഒന്നു പ്രകോപിപ്പിച്ചാല്‍ ഉള്ളിലുള്ളതെന്തും വിളിച്ചു പറഞ്ഞുപോകുന്ന നിരവധി നേതാക്കള്‍ക്കിടയില്‍ അതൊരു ക്വാളിറ്റി തന്നെയാണ്. ധാര്‍ഷ്ട്യത്തോടെയും പരിഹാസത്തോടെയുമൊക്കെ പിണറായി പറഞ്ഞുവെക്കുന്ന ഓരോ വാക്കും വരിയും കൃത്യമായി തീരുമാനിച്ചുറച്ചുതന്നെ.  വാര്‍ത്താസമ്മേളനങ്ങളില്‍ മാത്രമല്ല, പൊതുസമ്മേളനങ്ങളിലും അങ്ങനെതന്നെ. അതിനു പിന്നില്‍ വ്യക്തവും സൂക്ഷ്മവുമായ രാഷ്ട്രീയ ഉദ്ദേശ്യവും ഉണ്ടാകും.  അത് താല്ക്കാലികമോ ഹ്രസ്വകാല ലക്ഷ്യത്തോടെയുള്ളതോ ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ളതോ ആകാം.  ബക്കറ്റിലെ വെള്ളത്തിനു തിരയിളക്കം സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് നവകേരളയാത്രയുടെ സമാപന സമ്മേളനത്തില്‍ പറഞ്ഞതും അബ്ദുന്നാസിര്‍ മഅ്ദനിയില്‍ സാത്വികഭാവമുണ്ടെന്ന് അദ്ദേഹം ജയില്‍മോചിതനായി വന്നപ്പോള്‍ പറഞ്ഞതുമൊക്കെ ചില ഉദാഹരണങ്ങള്‍ മാത്രം. വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയില്‍ ഒറ്റയ്ക്ക് ഒന്നുമേയല്ലെന്ന് അദ്ദേഹത്തെ ഇരുത്തിത്തന്നെ പറയുന്നതിലെ ആത്മസംതൃപ്തിയാണ് ഒന്നില്‍ കണ്ടതെങ്കില്‍, മഅ്ദനിയെ ജയിലിലാക്കി മേനി നടിച്ച പാര്‍ട്ടിക്ക് മനംമാറ്റം വന്നിരിക്കുന്നുവെന്ന് വരുത്തുകയായിരുന്നു മറ്റേ പരാമര്‍ശത്തിന്റെ ലക്ഷ്യം. 'മണിച്ചിത്രത്താഴി'ലെ മനോരോഗി ഗംഗയെപ്പോലെ എറിയുന്ന കല്ലല്ല പൊട്ടുന്ന ചില്ലേ കാഴ്ചവട്ടത്തുണ്ടാകൂ എന്നു മാത്രം.
ഇപ്പോള്‍ പിണറായി ഉന്നംവെച്ചിരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയെയാണ്. അത് ജമാഅത്തും ലീഗും ചര്‍ച്ച നടത്തിയതുകൊണ്ടാണ്  എന്നോ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കി ജമാഅത്ത് സിപിഎമ്മിന് വെല്ലുവിളി ഉയര്‍ത്തുമെന്ന പേടികൊണ്ടാണെന്നോ  ധരിക്കുന്നവരാണ് ഏറെയും. അത്തരക്കാര്‍ക്ക് പിണറായിയുടെതന്നെ ഭാഷയില്‍ നല്ല നമസ്കാരം പറയാം നമുക്ക്.

ലീഗുമായുള്ള ചര്‍ച്ചയുടെ വാര്‍ത്ത വന്ന പിറകേ  തിരുവനന്തപുരത്ത് കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തില്‍ തുടക്കം. പിന്നെ അതൊരു തുടര്‍പരിപാടിയാക്കുന്നുവെന്ന വ്യക്തമായ സൂചന നല്‍കി കോഴിക്കോട്ടെ മൈലമ്പാടിയില്‍ കൃഷ്ണപിള്ള സ്മാരകം ഉദ്ഘാടന സമ്മേളനത്തില്‍. എന്തൊക്കെയാണ് അദ്ദേഹത്തിനു ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള പരാതികളും വിമര്‍ശങ്ങളുമെന്ന് ഇഴകീറി പരിശോധിക്കാന്‍ വരട്ടെ. അതിനു മുമ്പ് പരിശോധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ജമാഅത്തിനുനേരേ പിണറായി മുഖം ചുളിക്കുമ്പോള്‍ അത് ആസ്വദിച്ച് ആനന്ദിക്കുന്നവര്‍ ആരാണ്? അല്ലെങ്കില്‍ ആരൊക്കെയാണ്? ഏതായാലും സംഘ്പരിവാര്‍ അതില്‍പെടും എന്നുറപ്പ്. പിന്നെ എന്‍.എസ്.എസ് എന്ന സി.പി.എമ്മിന്റെ പുത്തന്‍പ്രതീക്ഷയും. ദേവസ്വംബില്‍ പിന്‍വലിച്ചപ്പോള്‍ എന്‍.എസ്.എസിനു സി.പി.എമ്മിനോടും പിണറായിയോടും തോന്നിയ പ്രണയം അരക്കിട്ടുറപ്പിക്കാന്‍ കിട്ടിയ ഇരയാണ് ജമാഅത്തെ ഇസ്ലാമി. സംഘ്പരിവാറിനെ പ്രീണിപ്പിക്കാന്‍ പിണറായി ശ്രമിക്കുമോ എന്ന ചോദ്യമുണ്ടാകാം. അങ്ങനെയൊരു സംശയം  കേരളത്തിന്റെ മതേതര മനസ്സിനുണ്ട് എന്നതുതന്നെയാണ് സി.പി.എമ്മിന്റെയും പിണറായിയുടെയും വിജയം. കൊള്ളേണ്ടിടത്തു കൊള്ളുകയും ചെയ്യും, കൊണ്ടെന്ന് പുറത്തുള്ളവര്‍ അറിയുകയുമില്ല. മതേതരത്വത്തിന്റെയും വര്‍ഗീയവിരുദ്ധതയുടെയും കുത്തകക്കാരായതുകൊണ്ടുള്ള അധികസൌകര്യമാണത്. പിണറായി മാത്രമല്ല, ആഭ്യന്തരമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണനും ജമാഅത്തിനെതിരേ പറഞ്ഞുതുടങ്ങിയതു ശ്രദ്ധിക്കണം. പിണറായിയുടെ വ്യക്തിപരമായ തോന്നലില്‍നിന്നല്ല ജമാഅത്ത് വിരുദ്ധ കാംപെയ്ന്‍ തുടങ്ങിയിരിക്കുന്നത് എന്നു മനസ്സിലാക്കാന്‍ കഴിയും. ഭൂരിപക്ഷ വര്‍ഗീയതക്ക് സന്തോഷകരമായതു പറഞ്ഞ് തെരഞ്ഞെടുപ്പു രാഷ്ട്രീയതന്ത്രം പയറ്റിത്തുടങ്ങിയിരിക്കുകയാണ് അവര്‍.
മഅ്ദനിക്ക് തല്ക്കാലം യു.ഡി.എഫ് ക്യാമ്പിലേക്കു പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവ്, സുന്നികളിലെ കാന്തപുരംവിഭാഗം വിജയസാധ്യത നോക്കി തരംപോലെ നിലപാടെടുക്കുമെന്ന അനുഭവം, ഐ.എന്‍.എല്ലിന്റെ സാധ്യതകളെക്കുറിച്ചുള്ള വ്യക്തമായ വിലയിരുത്തല്‍ ഇതെല്ലാമുണ്ട് ഈ തന്ത്രത്തില്‍. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചാലും ഇല്ലെങ്കിലും അഡ്ജസ്റ്റ് ചെയ്യാനുള്ള വിടവിട്ടാണു കളി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണകാലയളവില്‍ ഇതേ ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചു പിണറായി വിജയന്‍ പറഞ്ഞത് നമ്മുടെ ടി.വി ചാനലുകളുടെ ലൈബ്രറികളില്‍ ഉണ്ടാകാതിരിക്കില്ല. ആ വാക്കുകള്‍ ദൃശ്യമുള്‍പ്പെടെ ഇപ്പോള്‍ പ്രസക്തമാണ്. അവരെടുത്തു പ്രയോഗിക്കുകയോ പ്രയോഗിക്കാതിരിക്കുകയോ ചെയ്യട്ടെ. ജമാഅത്തെ ഇസ്ലാമി ദേശീയവും അന്തര്‍ദേശീയവുമായ കാര്യങ്ങളില്‍ വ്യക്തമായ വീക്ഷണമുള്ള സംഘടനയാണ്. അവര്‍ വെറുതെ ചാടിക്കയറി നിലപാടെടുക്കുകയും മറ്റും ചെയ്യില്ല^ ഇതായിരുന്നു ആ പ്രസ്താവനയുടെ കാതല്‍. ജമാഅത്തെ ഇസ്ലാമി യു.ഡി.എഫിനെ പിന്തുണച്ചേക്കും എന്ന വാര്‍ത്തകളോടായിരുന്നു പിണറായിയുടെ അന്നത്തെ പ്രതികരണം.

No comments: