Friday, May 28, 2010

സ്വത്വരാഷ്ട്രീയവും സി.പി.എമ്മിന്റെ സമുദായ വാദവും

സ്വത്വരാഷ്ട്രീയവും സി.പി.എമ്മിന്റെ സമുദായ വാദവും

ഡോ. എം.എസ്. ജയപ്രകാശ്
Wednesday, May 26, 2010
തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ സി.പി.എം പുതിയ സാമുദായിക സമവാക്യത്തിന് തയാറെടുക്കുന്നു എന്ന് വാര്‍ത്ത. അത് പുതിയ സാമുദായിക സമവാക്യമല്ല. ഇ.എം.എസ് തുടങ്ങിവെച്ച ജാതി^മത രാഷ്ട്രീയത്തിന്റെ തുടര്‍ച്ചതന്നെയാണ് പിണറായി വിജയന്‍ കൊല്ലത്ത് പ്രഖ്യാപിച്ചത്. ജാതിമതശക്തികള്‍ക്ക് അതീതമാണ് വര്‍ഗബോധമെന്ന തോന്നലുണ്ടാക്കുന്ന പ്രസ്താവനകളിറക്കിയിരുന്ന ഇ.എം.എസും സി.പി.എമ്മിലെ സവര്‍ണലോബിയും കേരളത്തിലെ പിന്നാക്കസമുദായങ്ങളെ കരുക്കളാക്കി സാമുദായികരാഷ്ട്രീയമാണ് നടപ്പാക്കിയിരുന്നത്. അതിനൊക്കെ മതേതരത്വത്തിന്റെയും ജാതിരഹിതസമൂഹത്തിന്റെയും മുഖംമൂടി നല്‍കിയിരുന്നെന്നു മാത്രം. മതേതരത്വമെന്നാല്‍ മതങ്ങളില്ലാത്ത അവസ്ഥ എന്ന സാങ്കല്‍പിക വ്യാഖ്യാനമാണ് ഇവര്‍ അടിച്ചേല്‍പിച്ചിരുന്നത്. രാഷ്ട്രത്തിന് പ്രത്യേകമായി ഏതെങ്കിലുമൊരു മതത്തോട് ആഭിമുഖ്യമില്ലെന്ന അര്‍ഥതലം വിട്ട് ക്രൈസ്തവ ഇസ്ലാമികപ്രസ്ഥാനങ്ങളോട് മതവിരുദ്ധ വര്‍ഗീയനിലപാടാണ് കമ്യൂണിസ്റ്റ്പാര്‍ട്ടി തുടക്കംമുതല്‍ അനുവര്‍ത്തിച്ചുപോരുന്നത്.  ക്രൈസ്തവരോട് ക്ഷമിക്കുമ്പോള്‍തന്നെ മുസ്ലിം സംഘടനകള്‍ക്കെതിരെ ആക്രോശിക്കുന്ന പ്രസ്താവനയാണ് പിണറായി നടത്തിയത്. ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള എസ്.ഡി.പി.ഐ, മുസ്ലിംലീഗ് എന്നിവക്കെതിരെ നമ്പൂതിരിപ്പാടന്‍ പാരമ്പര്യപ്രകാരമുള്ള കടുത്ത വിമര്‍ശവും ആക്ഷേപവുമാണ് പിണറായി നടത്തിയത്. ഇതില്‍ പുതുമയൊന്നുമില്ല. പള്ളിയെയും പട്ടക്കാരെയും തള്ളിയിട്ടുവരാന്‍ ക്രൈസ്തവരോട് ആജ്ഞാപിച്ച ഇ.എം.എസ് ചെയ്തത് ഭൂരിപക്ഷഹിന്ദുവിനെ (വ്യത്യസ്ത ഹിന്ദു ജാതിസമൂഹങ്ങളെ) വര്‍ഗീയമായി പ്രീണിപ്പിച്ച് ചേരിതിരിക്കുക എന്നതായിരുന്നു. ഭൂരിപക്ഷ ഹിന്ദുവര്‍ഗീയതയെ ഒരു പടികൂടി ഉണര്‍ത്തിനിറുത്തി ഹിന്ദുവോട്ടുകള്‍ പരമാവധി ഏകീകരിക്കുന്ന വര്‍ഗീയ പിന്തിരിപ്പന്‍തന്ത്രമാണ് സി.പി.എം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പേരില്‍ ചെയ്തിരുന്നതും ഇപ്പോള്‍ ചെയ്യുന്നതും. 
ഈ യാഥാര്‍ഥ്യം പാര്‍ട്ടിയിലെതന്നെ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ തിരിച്ചറിഞ്ഞ് പാര്‍ട്ടി വിടുകയാണിപ്പോള്‍. അവര്‍ കോണ്‍ഗ്രസില്‍ ചേക്കേറി സ്ഥാനമാനങ്ങള്‍ ഉറപ്പിക്കുകയും ചെയ്യുന്നു. മതന്യൂന
പക്ഷങ്ങള്‍ മാത്രമല്ല, ദലിത്^പിന്നാക്കവിഭാഗങ്ങളിലും സി.പി.എം നയപരിപാടികളോടുള്ള പ്രതിഷേധവും പ്രതികരണവും ശക്തമാണ്. പാലക്കാട്ടെ ശിവരാമന്‍ ഇക്കാര്യം പരസ്യമായി പറഞ്ഞാണ് പാര്‍ട്ടിവിട്ടത്. പാര്‍ട്ടിയിലെ സവര്‍ണ കേന്ദ്രീകൃത അടവുനയത്തിന്റെ തനിനിറം പിന്നാക്ക^ദലിത് സമൂഹം (ജാതിമേധാവിത്വത്തിന് ഇരയായവരും ഇപ്പോഴും ഇരയായിക്കൊണ്ടിരിക്കുന്നവരും) തിരിച്ചറിഞ്ഞതിനോട് പരസ്യമായി പ്രതികരിച്ചുകൊണ്ടുമാത്രമേ മുന്നോട്ടുപോകാനാവൂ എന്ന കണ്ടെത്തല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതിന്റെ പുളിച്ചുതികട്ടലാണ് കൊല്ലത്ത് പിണറായിയിലൂടെ പുറത്തുവന്നത്.

അടുത്തകാലത്ത് സി.പി.എം നേതാക്കള്‍ പിന്നാക്ക^ദലിത്സമുദായങ്ങളുടെ സമ്മേളനങ്ങളില്‍ നിരന്തരം പങ്കെടുക്കുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. മന്ത്രി ജി. സുധാകരന്‍ ആലപ്പുഴയില്‍ നടന്ന ധീവരസമുദായ സമ്മേളനത്തില്‍ പങ്കെടുത്ത് പറഞ്ഞു: ''പിന്നാക്കജാതീയര്‍ ചരിത്രപരമായി ഒട്ടേറെ അനുഭവിച്ചവരാണ്. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, ചരിത്രപരമായി പിന്നാക്കാവസ്ഥ അവര്‍ ഇപ്പോഴും അനുഭവിക്കുന്നു. അതുകൊണ്ടാണ് ഇടതുപക്ഷനേതാക്കളും മന്ത്രിമാരും പിന്നാക്കക്കാരുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നത്''(മാതൃഭൂമി, 8.3.10, പുറം 12). ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് മന്ത്രി പി.കെ. ശ്രീമതി കേരള വെള്ളാള മഹാസഭ സുവര്‍ണജൂബിലി സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സമ്മേളനം  ഉദ്ഘാടനം ചെയ്തു. മാറുമറക്കാനുള്ള അവകാശത്തിനായി നടന്ന ചാന്നാര്‍ കലാപത്തിന്റെ (മുലമാറാപ്പ് ലഹള) 150ാം വാര്‍ഷികം സി.പി.എം ആദ്യമായി പാറശãാലയില്‍ ആഘോഷിച്ചു. കൂലി കൂട്ടിക്കിട്ടാനുള്ള സമരമാണിതെന്ന് സി.പി.എം നേതാക്കള്‍ അവിടെ തട്ടിവിടുകയും ചെയ്തു. ജാതിസംഘടനകളുടെ സമ്മേളനങ്ങള്‍ വര്‍ഗബോധമുള്ള സി.പി.എമ്മുകാര്‍ക്ക് ഹറാമായിരുന്ന കാലം പോയിരിക്കുന്നു. 'എല്ലാ കാലത്തും പിന്നാക്ക വിഭാഗങ്ങളുടെ മുന്നേറ്റത്തിന് അനുകൂലമായ നിലപാടാണ് സി.പി.എം സ്വീകരിച്ചിട്ടുള്ളതെന്നും' പിണറായി വിജയന്‍ കൊല്ലത്ത് പറഞ്ഞിരുന്നു. അതുകൊണ്ടായിരിക്കും ബംഗാളില്‍ മുസ്ലിംകള്‍ ദലിതരേക്കാള്‍ പിന്നാക്കം പോയത്. കേരളത്തിലെ കട്ടച്ചൂളകളിലും ബേക്കറിക്കടകളിലും ഹോട്ടലുകളിലും ചെഗുവേരയുടെ ബംഗാള്‍പതിപ്പുകള്‍ ജോലി ചെയ്യുന്ന സ്ഥിതിയും പിന്നാക്കമുന്നേറ്റമായിരിക്കാം!

ഈഴവരെപ്പറ്റി പിണറായി പറഞ്ഞത് ഇങ്ങനെ: ''പലപ്പോഴും എസ്.എന്‍.ഡി.പി യോഗനേതൃത്വത്തിന്റെ രാഷ്ട്രീയനിലപാട് യു.ഡി.എഫിന് അനുകൂലമായിരുന്നു എങ്കിലും അണികളെ അത്തരത്തില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ മൈക്രോ ഫിനാന്‍സ്, ധ്യാനം തുടങ്ങിയവയിലൂടെ അണികളെ സ്വാധീനിക്കാന്‍ നേതൃത്വത്തിന് കഴിയുന്നു. ഇത് ഗൌരവമായി കാണേണ്ടതുണ്ട്''. 70 വര്‍ഷക്കാലത്തെ കമ്യൂണിസ്റ്റ് അനുഭവം ഈഴവരെ ധ്യാനകേന്ദ്രത്തിലെത്തിച്ചതില്‍ അതിശയിക്കാനില്ല. പാര്‍ട്ടി ഉണ്ടായ കാലംമുതല്‍ അതിന് വളമായി മാറുന്നവരാണ് ഈഴവര്‍. എക്കാലവും മുന്നാക്കസമുദായ താല്‍പര്യമനുസരിച്ച് പാര്‍ട്ടിനയങ്ങള്‍ നടപ്പാക്കിയതിന്റെ തിക്തഫലം കൂടുതല്‍ അനുഭവിച്ചത്, അനുഭവിക്കുന്നത് അവരാണ്. ഏറ്റവുമൊടുവില്‍ ദേവസ്വംബില്‍ പെരുന്നയില്‍ നേര്‍ച്ചയായി നല്‍കി ദേവസ്വംമന്ത്രി എ.കെ.ജി സെന്ററിലേക്ക് മടങ്ങിയപ്പോഴും സംഭവിച്ചത് അതുതന്നെ. 'എന്‍.എസ്.എസിന്റെ ഇപ്പോഴത്തെ മാന്യമായ നിലപാട് ഉപയോഗപ്പെടുത്താന്‍ കഴിയണം'' എന്ന് പിണറായി കൊല്ലത്ത് പറഞ്ഞത് ജാതിമേധാവിത്വശക്തികള്‍ക്ക് വര്‍ഗബോധം കീഴ്പ്പെട്ടതിന്റെ കഥയാണ്. എന്‍.എസ്.എസിന്റെ 'മാന്യമായ നിലപാട്' സി.പി.എമ്മിലെ സവര്‍ണലോബി നിലനിറുത്തുന്നതിന്റെ പ്രത്യാഘാതമാണ് സമസ്തരംഗത്തും പിന്നാക്ക^ദലിത്വിഭാഗങ്ങള്‍ അനുഭവിക്കുന്ന ദുരവസ്ഥ. പിന്നാക്കക്കാരുടെയും മറ്റു ജനവിഭാഗങ്ങളുടെയും ക്ഷേമത്തിന് സര്‍ക്കാര്‍തന്നെ, ആവിഷ്കരിച്ച പദ്ധതിയാണ് മൈക്രോഫിനാന്‍സ്. പാര്‍ട്ടി സഖാക്കള്‍ക്ക് ശമ്പളം നല്‍കി മൈക്രോഫിനാന്‍സ് നടത്തുന്നവര്‍ക്ക് എസ്.എന്‍.ഡി.പിയുടെ മൈക്രോ ഫിനാന്‍സ് ഗൌരവമുള്ള കാര്യമാണത്രെ! ''ഈഴവസമുദായത്തെ തെറ്റായ രീതിയില്‍ സ്വാധീനിക്കാന്‍ എസ്.എന്‍.ഡി.പി യോഗനേതൃത്വത്തിന് കഴിയുന്നത് പാര്‍ട്ടിയുടെ ദൌര്‍ബല്യമാണെന്നും'' പിണറായി കണ്ടെത്തിയിരിക്കുന്നു. ആര്‍. ശങ്കറിന്റെ കാലംമുതല്‍ എസ്.എന്‍.ഡി.പി യോഗത്തെ തെറ്റായ രീതിയില്‍ സ്വാധീനിച്ച് അതിനെ തകര്‍ക്കാന്‍ സി.പി.എം നടത്തിയ ശ്രമങ്ങളും ഈഴവരായ കോടാലിക്കൈകളെ അതിനായി ഉപയോഗിച്ചതുമെല്ലാം ഇപ്പോള്‍ മൈക്രോ ഫിനാന്‍സ് വാങ്ങുന്ന ഈഴവര്‍ തിരിച്ചറിയുന്നുണ്ട്. മൈക്രോ ഫിനാന്‍സ് കൊണ്ടും തീരാത്ത ദുരിതമുള്ളവര്‍ ധ്യാനത്തിന് പോകുന്നതില്‍ പിണറായി വിജയന്‍ ബേജാറാകുന്നതെന്തിന്? എന്‍.എസ്.എസിനെപ്പോലെ 'മാന്യമായ' നിലപാടെടുക്കാന്‍ എസ്.എന്‍.ഡി.പിക്ക് കഴിയാത്തത് പെരുന്നക്ക് സമാനമായ ഒരു സമാന്തര എന്‍.എസ്.എസ് എ.കെ.ജി സെന്ററിനുള്ളില്‍ മാന്യമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ്. വിമോചനസമരത്തിലൂടെ എന്‍.എസ്.എസ് നേതാവ് മന്നത്ത് പത്മനാഭന്‍ കാട്ടിയ 'മാന്യത' ചരിത്രത്തില്‍നിന്ന് മാഞ്ഞുപോയിട്ടില്ലല്ലോ.

എന്‍.എസ്.എസിന്റെ 'മാന്യത' പിടിച്ചുപറ്റാന്‍ ഈഴവരെ ബലികൊടുക്കുന്ന സി.പി.എം സമീപനത്തിന്റെ ഇരയായിരുന്നു ഗൌരിയമ്മക്കു മുമ്പ് പാര്‍ട്ടി പുറത്താക്കിയ പി. ഗംഗാധരന്‍. തന്റെ അനുഭവം അദ്ദേഹം പറയുന്നത് നോക്കുക: ''പാര്‍ട്ടി രണ്ടാകുന്നതിനു മുമ്പുതന്നെ ഞാന്‍ എസ്.എന്‍.ഡിപി.യില്‍ പ്രവര്‍ത്തിക്കുന്നതിന് ആക്ഷേപിക്കാറുണ്ട്. അന്ന് പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലുണ്ടായിരുന്ന രാമന്‍കുട്ടി ഒരിക്കല്‍ ഇക്കാര്യം ജില്ലാ കമ്മിറ്റിയില്‍ ശക്തിയോടെ അവതരിപ്പിച്ചു. രാമന്‍കുട്ടി എറണാകുളത്തെ ഒരു പ്രധാന നായര്‍ തറവാട്ടിലെ അംഗമാണ്. പക്ഷേ, രാമന്‍കുട്ടി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ നിന്നപ്പോള്‍ അവിടത്തെ എസ്.എന്‍.ഡി.പി യോഗം വിളിച്ച് രാമന്‍കുട്ടിക്ക് വോട്ടു ചെയ്യണമെന്ന് എന്നെ വിളിച്ചുകൊണ്ടുപോയി പ്രസംഗിപ്പിച്ചു. രാമന്‍കുട്ടിക്കെതിരായി നിന്നിരുന്നത് എന്റെ ഇളയമ്മാവനായിരുന്നു., അദ്ദേഹത്തെ തോല്‍പിച്ച് രാമന്‍കുട്ടിയെ ജയിപ്പിച്ച് വൈസ് ചെയര്‍മാനാക്കി.'' (പി. ഗംഗാധരന്റെ 'ബ്രാഹ്മണാധിപത്യം' എന്ന കൃതി, പുറം 22, 1983). ഇങ്ങനെ ചരിത്രത്തിലുടനീളം എന്‍.എസ്.എസിന്റെ മാന്യമായ നിലപാട് ഉറപ്പാക്കാനുള്ള ഉപകരണങ്ങളാക്കിയത് പാര്‍ട്ടിയിലെ ഈഴവനേതാക്കളെയാണ്. 'കേരംതിങ്ങും കേരളനാട്ടില്‍ കെ.ആര്‍. ഗൌരി ഭരിക്കു'മെന്നു പറയുകയും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെതന്നെ ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയാകുകയും ചെയ്യുന്ന 'മാന്യതയും' കേരളം പലതവണ കണ്ടതാണല്ലോ. അച്യുതാനന്ദനെ തോല്‍പിച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിനിറുത്തി എന്‍.എസ്.എസിന്റെ മാന്യമായ നിലപാട് നിലനിറുത്തിയതും കണ്ടതാണ്.

''പുലയര്‍ മഹാസഭയിലെ പിളര്‍പ്പില്‍ പാര്‍ട്ടിക്ക് അനുകൂലമായ വിഭാഗത്തെ പ്രോല്‍സാഹിപ്പിക്കണം'' എന്നാണ് പിണറായി കൊല്ലത്ത് ആഹ്വാനം ചെയ്തത്. പുലയരുടെ സംഘടന പിളര്‍ന്നാലേ അവരെ പ്രോല്‍സാഹിപ്പിക്കാന്‍ സി.പി.എം വരൂ. മാത്രമല്ല, പിളരുന്ന സംഘടനകളില്‍നിന്നു മാത്രമേ തങ്ങളുടെ ഇരകളെ കണ്ടെത്താനാകൂ എന്ന പാര്‍ട്ടി ദൌര്‍ബല്യവും ഇതിലുണ്ട്. അതേസമയം, എസ്.എന്‍.ഡി.പിയിലെ ഭിന്നത സംഘടനക്കുള്ളിലെ പ്രശ്നമായി കണ്ട് പക്ഷംപിടിക്കേണ്ടതില്ലെന്നാണ് പിണറായിയുടെ ധര്‍മപരിപാലനം. എന്‍.എസ്.എസിന്റെ മാന്യമായ നിലപാട് നിലനിറുത്താന്‍ ഇതാവശ്യമാണുതാനും.

മാര്‍ക്സിസ്റ്റ് മറനീക്കി  ക്രമേണ സ്വത്വരാഷ്ട്രീയത്തിലേക്ക് പോകുന്ന സി.പി.എമ്മിലെ ജാതിഘടന പഠനാര്‍ഹമാണ്. അണികളില്‍ 80 ശതമാനവും പിന്നാക്ക^ദലിത് വിഭാഗക്കാരായ സി.പി.എമ്മിലെ ജില്ലാ സെക്രട്ടറിമാരില്‍ ഭൂരിപക്ഷവും മുന്നാക്കക്കാരാണ്. പാര്‍ട്ടി സെക്രട്ടേറിയറ്റ്, പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി എന്നിവയില്‍ നിര്‍ണായക തീരുമാനമെടുക്കുന്നത് മുന്നാക്കസമുദായക്കാരാണ്. പാര്‍ട്ടിയില്‍നിന്ന് പുറത്തായ മുന്‍ എം.പി ശിവരാമന്‍ പറയുന്നത് ഇങ്ങനെ: ''ഓരോ പ്രദേശത്തും നാട്ടുരാജാക്കന്മാരും അവരുടെ അനുചരന്മാരുമെന്ന മട്ടിലേക്ക് പാര്‍ട്ടി സംവിധാനം മാറി. പാവങ്ങളുടെ പാര്‍ട്ടിയെന്നത് പ്രചാരണത്തില്‍ മാത്രമായി. മാനുഷികപരിഗണനവെച്ചല്ല കാര്യങ്ങളെ വിശകലനം ചെയ്യുന്നത്. പാര്‍ട്ടിയൂടെ ചട്ടക്കൂട് ഭയന്നാണ് പലരും നിശãബ്ദത തുടരുന്നത്. പരാതി പറഞ്ഞിട്ടു കാര്യമില്ല. പരാതിയുടെയും എതിര്‍പ്പിന്റെയും സ്വരമുയര്‍ന്നാല്‍ കൂട്ടമായി ആക്രമിച്ച് ഒതുക്കും'' (മാതൃഭൂമി. 4.2.2010) സി.പി.എം നേതാക്കള്‍ നാട്ടുരാജാക്കന്മാരായി എന്നാണല്ലോ ശിവരാമന്‍ പറയുന്നത്. 'രാജാപ്രത്യക്ഷദൈവം' തലത്തിലാണ് ഉന്നതനേതാക്കളുടെയും സമീപനം.

സ്വത്വരാഷ്ട്രീയത്തിലേക്കുള്ള ഈ പ്രയാണത്തിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോള്‍ നടക്കുന്ന പി.കെ. പോക്കര്‍^പി. രാജീവ്^കെ.ഇ.എന്‍ സംവാദവും വിവാദവും. പു.ക.സയുടെ സംസ്ഥാന സെക്രട്ടറി കെ.ഇ.എന്‍ പറയുന്നത് ഇങ്ങനെ: ''ഏതൊരു മനുഷ്യനും നിശ്ചിത വംശം, ജാതി, ഭാഷ എന്നിവയില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനാവില്ല. സ്വത്വം ചരിത്രപരമായ സത്യമാണ്.'' ഇതേ പു.ക.സയുടെ ജനറല്‍ സെക്രട്ടറി പ്രഫ. വി.എന്‍. മുരളി, തിലകന്‍ പ്രശ്നത്തില്‍ പറഞ്ഞത്  'താനൊരു ഈഴവസ്ത്രീയുടെ വയറ്റില്‍ പിറന്നതില്‍ അഭിമാനിക്കുന്നു എന്ന് തിലകന്‍ പറഞ്ഞതുകൊണ്ടാണ് തിലകന്റെ സിനിമാ പ്രശ്നത്തില്‍ പു.ക.സ ഇടപെടാതിരുന്നത്' എന്നാണ് (മാതൃഭൂമി 12.5.10). പു.ക.സ ഭാരവാഹികളില്‍ പലര്‍ക്കും പേരിനൊപ്പം ജാതിനാമമുണ്ട്. അതത് ജാതികളിലെ സ്ത്രീകളുടെ വയറ്റില്‍ പിറന്നതിന്റെ വ്യക്തമായ പ്രഖ്യാപനമാണ് അവരുടെ പേരുകളില്‍ കാണുന്നത്. സ്വത്വം ചരിത്രപരമായ സത്യമാണ്. പക്ഷേ, അത് ഈഴവസ്ത്രിയുടെ വയറ്റിലാവരുത്. ഇതാണ് പു.ക.സ. നയം!

സമുദായവാദത്തില്‍ ശാസ്ത്രീയതയുണ്ടെന്നും അതാണ് ശാസ്ത്രീയമായ ദേശീയതയെന്നും പ്രഖ്യാപിച്ച ഒരു സാമൂഹിക വിപ്ലവകാരി ഇവിടെയുണ്ടായിരുന്നു. മഹാനായ സി. കേശവന്‍. സ്വത്വബോധം വീണ്ടെടുക്കുന്ന പിന്നാക്ക^ദലിത്സമൂഹം ഈ യാഥാര്‍ഥ്യത്തിലേക്ക് കുതിക്കുന്നതു കണ്ടാണ് സി.പി.എം സ്വത്വരാഷ്ട്രീയവും സമുദായവാദവുമായി രംഗത്തുവന്നിരിക്കുന്നത്. ഒരു വര്‍ണ ജാതി സമൂഹത്തില്‍ വര്‍ഗസമരം അടിച്ചേല്‍പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവര്‍ പ്രത്യയശാസ്ത്രം നഷ്ടപ്പെട്ട് വിറളിപിടിക്കുകയാണ്. അതാണ് പിണറായി വിജയന്റെ കൊല്ലം സുവിശേഷത്തില്‍ തെളിയുന്നത്. ഇന്ത്യന്‍സാഹചര്യത്തില്‍ ജാതി^മത^സ്വത്വം ചരിത്രപരമായ സത്യമാണ്, കൃത്രിമ വര്‍ഗബോധം വിചിത്രമായ അസത്യവും.

No comments: