പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമായ സി.ആര്‍. നീലകണ്ഠന്‍ സി.പി.എമ്മിനും ഡി.വൈ.എഫ്.ഐക്കും അനഭിമതനായതെങ്ങനെയെന്നത് രഹസ്യമല്ല. വികസനത്തിന്റെ പേരില്‍ നടക്കുന്ന അരുതായ്മകളെ ജനപക്ഷത്തുനിന്ന് എതിര്‍ക്കുന്നു എന്നതാണ് അദ്ദേഹം ചെയ്യുന്ന വലിയ തെറ്റ്. വികസനത്തിന്റെ മുതലാളിത്ത, ജനവിരുദ്ധ രൂപത്തെ അതിന്റെ ഉപജ്ഞാതാക്കളെക്കാള്‍ വീറോടെ നടപ്പാക്കുന്ന ഭരണപക്ഷത്തിന് പ്രക്ഷോഭകരെയും തടസ്സവാദികളെയും ഇഷ്ടമാകാന്‍ ഇടയില്ലല്ലോ. എന്നാല്‍, മറുപക്ഷം പറയുന്നത് കേള്‍ക്കാനോ കേള്‍പ്പിക്കാനോ സന്നദ്ധമാകാതിരിക്കുമ്പോള്‍ അത് ജനാധിപത്യത്തോടുള്ള പുച്ഛവും ഫാഷിസവുമാകുന്നു. ഇത്തവണ അതും കടന്ന്, പറയാന്‍പോലും അനുവദിക്കില്ലെന്ന നിലപാടാണ് പാര്‍ട്ടിക്കാര്‍ എടുത്തത്. കോഴിക്കോടിനടുത്ത് പാലേരി ടൌണില്‍ 'പ്രതിചിന്ത' എന്ന കൂട്ടായ്മ സംഘടിപ്പിച്ച 'എന്തുകൊണ്ട് മാവോയിസം' എന്ന സെമിനാറില്‍ സംസാരിക്കാന്‍ തുടങ്ങുമ്പോഴേക്കും യോഗസ്ഥലത്ത് ആസൂത്രിതമായെത്തിയ പാര്‍ട്ടിക്കാര്‍ ചാടിവീഴുകയായിരുന്നു. കസേര, മൈക്ക്, മുളവടി എന്നിവകൊണ്ട് നീലകണ്ഠനെയും മറ്റുള്ളവരെയും അവര്‍ തല്ലി. സി.പി.എമ്മിനെതിരെ സംസാരിക്കാന്‍ നീയാരെടാ എന്നാണത്രെ അക്രമികള്‍ ചോദിച്ചത്. മര്‍ദനമേറ്റ് സ്റ്റേജില്‍ വീണ നീലകണ്ഠനെ വട്ടംകൂടിനിന്ന് മര്‍ദിച്ചു. സ്റ്റേജിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്കും മര്‍ദനമേറ്റു.
സംഭവത്തില്‍ പൊലീസ് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, അക്രമ പ്രവര്‍ത്തനത്തിന് പ്രേരകമായ അസഹിഷ്ണുതയും ഫാഷിസ്റ്റ് മനോഭാവവും ഇല്ലാതാക്കാന്‍ പൊലീസിന്റെ കടലാസ് നടപടികള്‍ മതിയാകില്ല. അതിന് ഇതര ആശയങ്ങളെ ഭയക്കുന്ന സി.പി.എമ്മിന്റെ അവസ്ഥ മാറണം. മാവോവാദികള്‍ എങ്ങനെ ഉണ്ടാകുന്നു എന്ന പരിശോധനപോലും വിലക്കുന്ന അസഹിഷ്ണുത ജനപക്ഷ രാഷ്ടീയത്തിന്റേതല്ല. സി.പി.എം ഭയക്കേണ്ടത് ആ പാര്‍ട്ടിക്കകത്ത് വളര്‍ന്നുവരുന്ന ജനവിരുദ്ധതയെത്തന്നെയാണ്. അക്കാര്യം പരിശോധിക്കുന്ന സാമൂഹിക പ്രവര്‍ത്തകരെയോ ജനങ്ങള്‍ക്കെതിരായ പദ്ധതികളെ ചെറുക്കുന്ന സാധാരണക്കാരെയോ തല്ലിച്ചതച്ചതുകൊണ്ട് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര പ്രതിസന്ധി പരിഹരിക്കപ്പെടില്ല.
No comments:
Post a Comment