പിണറായിയുടെ ക്ഷോഭം, കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല്‍ കളി
എ.ആര്‍
Friday, May 21, 2010
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് എന്ന 'ചെറിയ സംഘടന'യെ സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മൂന്ന് ത്വലാഖും ചൊല്ലി പിരിച്ചതാണ് നടപ്പുവാരത്തിലെ കേരളരാഷ്ട്രീയം. മുമ്പുതന്നെ ന്യൂനപക്ഷമാണ് മുസ്‌ലിംകള്‍. ആ ന്യൂനപക്ഷത്തിലെ ഏറ്റവും ചെറിയ സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി എന്ന കാര്യത്തില്‍ സി.പി.എമ്മും മുസ്‌ലിംലീഗും ജമാഅത്ത് സ്‌പെഷലിസ്റ്റുകളായ മതേതര ബുജികളും ഏകാഭിപ്രായക്കാരാണ്. പിന്നെ എന്തുകൊണ്ട് സംസ്ഥാന രാഷ്ട്രീയവും മാധ്യമ ലോകവുമാകെ ജമാഅത്തിനു ചുറ്റും കറങ്ങുന്നു എന്നു ചോദിച്ചാല്‍ ഒന്നുകില്‍ തലക്ക് വട്ടുപിടിച്ചതുകൊണ്ട്, അല്ലെങ്കില്‍ അവര്‍ പറയുന്നതില്‍ അവര്‍ക്കുതന്നെ വിശ്വാസമില്ലാത്തതുകൊണ്ട് എന്നല്ലാതെ ഉത്തരമില്ല. ഏതുനിലക്കും അതിന്റെ ശക്തിയെക്കുറിച്ചും സ്വാധീനത്തെക്കുറിച്ചും ജമാഅത്തിന് ഒരു തെറ്റിദ്ധാരണയുമില്ല. അവകാശവാദവുമില്ല. വന്‍ വിവാദമുയര്‍ത്താവുന്ന എന്തെങ്കിലും തീരുമാനമോ നടപടിയോ സമീപദിവസങ്ങളിലായി സംഘടനയുടെ ഭാഗത്തുനിന്നുണ്ടായിട്ടുമില്ല. ഉരുള്‍പൊട്ടിയതും ഹിറാസെന്ററിലല്ല. പിന്നെ എന്തുണ്ടായി?
സി.പി.എം കേരളത്തില്‍ അഭൂതപൂര്‍വമോ അത്യപൂര്‍വമോ ആയ പ്രതിസന്ധിയെ നേരിടുന്നു. 2006ല്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമ്പോള്‍ അതിരുകളില്ലാത്ത സ്വപ്‌നങ്ങളുണ്ടായിരുന്നു പാര്‍ട്ടിക്ക്. രണ്ടാം പശ്ചിമബംഗാളാവുകയാണ് കേരളം. മൂന്ന് പതിറ്റാണ്ടിലധികം ഭരണത്തിലിരിക്കാന്‍ സാധിച്ച ബംഗാളിനെപ്പോലെ കേരളവും ശാശ്വതമായി ഇടതുഭരണത്തിലമരാന്‍ പോവുന്നു എന്നായിരുന്നു കണക്കുകൂട്ടല്‍. തിളക്കമേറിയ ഈ വിജയത്തിന് മുഖ്യകാരണമായത് മുസ്‌ലിം ന്യൂനപക്ഷവോട്ടുകളാണ്. പാര്‍ട്ടിയുടെ ഏറ്റവും വലിയ ശുഭപ്രതീക്ഷകളെപ്പോലും അമ്പരപ്പിച്ച് മലബാറിലെ, മലപ്പുറംജില്ലയിലെ മുസ്‌ലിംകള്‍ മുസ്‌ലിംലീഗിനെ കൈയൊഴിഞ്ഞു. ജമാഅത്തെ ഇസ്‌ലാമിയുടെയും എ.പി സുന്നികളുടെയും അനുകൂലനിലപാടാണ് പാര്‍ട്ടിയെ സഹായിച്ചതെന്ന് നേതൃത്വം സമ്മതിക്കുകയും ചെയ്തു.
ഭരണത്തിന്റെ നാലുവര്‍ഷം പിന്നിട്ടപ്പോള്‍ പക്ഷേ, സ്ഥിതിയാകെ അട്ടിമറിഞ്ഞിരിക്കുന്നു; സ്വപ്‌നങ്ങള്‍ കരിഞ്ഞിരിക്കുന്നു. ആശങ്കയും നൈരാശ്യവുമാണ് നേതൃത്വത്തെ ഭരിക്കുന്നത്. പാര്‍ട്ടിയില്‍ മൂര്‍ഛിച്ച വിഭാഗീയത ഭരണയന്ത്രത്തെ നിശ്ചലമാക്കി. ബൂര്‍ഷ്വാജന്യരോഗങ്ങള്‍ പാര്‍ട്ടിയെ ആമൂലാഗ്രം ഗ്രസിച്ചു. അഴിമതിയും മക്കള്‍പ്രേമവും സുഖലോലുപതയും നേതാക്കളെ വെറുക്കപ്പെട്ടവരുടെ കൊട്ടാരങ്ങളിലാണെത്തിച്ചത്. ജനകോടികളുടെ വിയര്‍പ്പില്‍വളര്‍ന്ന പാര്‍ട്ടിക്ക് കോടികളുടെ കോണ്‍ക്രീറ്റ്‌സൗധങ്ങളില്‍ ശീതീകൃത മുറികളിലല്ലാതെ ഉറങ്ങാന്‍ വയ്യെന്നായി. സാമ്രാജ്യത്വത്തിനും ആഗോളീകരണത്തിനുമെതിരായി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളും ഒഴുക്കിയ മഷിയും നേതാക്കളെ നോക്കി പരിഹസിച്ചു. എസ്.എന്‍.സി ലാവലിന്‍ കേസ് സമനില തെറ്റിച്ചു. പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചവരെ ചെവിക്കുന്നിക്ക് പിടിച്ചുപുറത്താക്കി. പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയ മാധ്യമങ്ങളുടെ തന്തക്ക് വിളിച്ചു. നിസ്സാരവിമര്‍ശങ്ങളോട് പോലും ഭ്രാന്തമായാണ് പ്രതികരിച്ചത്. പി.ബി പലവട്ടം കര്‍ക്കശമായി ഇടപെട്ടെങ്കിലും ഓടക്കുഴലിലിട്ട വളഞ്ഞ വാല്‍ നിവര്‍ന്നില്ല. കരിമ്പിന്‍തോട്ടത്തില്‍ ആന കയറിയ പോലെ വിദ്യാഭ്യാസമേഖലയില്‍ബേബിച്ചായന്‍ കയറിയപ്പോള്‍ സഭകളും സഭാധ്യക്ഷന്മാരും കുരിശുയുദ്ധം ്രപഖ്യാപിച്ചു. ഇടയലേഖനങ്ങളുടെ ്രപളയമായി. അല്‍മായരും ഇടയന്മാരുടെ പിന്നാലെ പോയി. പാലോളിക്കമ്മിറ്റി ശിപാര്‍ശകള്‍വെച്ചു മുസ്‌ലിംകളെ കൂടെ നിര്‍ത്താന്‍ ്രശമിച്ചെങ്കിലും കെ.എസ്.ടി.എയിലും ശാസ്്രതസാഹിത്യപരിഷത്തിലും തട്ടിമുട്ടി വാഗ്ദാനങ്ങളെല്ലാം ആവിയായിപ്പോയി. ക്ഷമയുടെ നെല്ലിപ്പടി കണ്ട ജനം മാറിച്ചിന്തിക്കാന്‍ നിര്‍ബന്ധിതരായി. പതിനഞ്ചാം ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഇരുപതില്‍ പതിനാറും നഷ്ടമായി. വടകരപോലും കൈവിട്ടു. ഇനി വരാന്‍പോകുന്നത് പഞ്ചായത്ത്-നഗരസഭാതെരഞ്ഞെടുപ്പുകളാണ്; തുടര്‍ന്ന് നിയമസഭാതെരഞ്ഞെടുപ്പും. ഒരു വക മാന്യമായ തോല്‍വിയെങ്കിലും ഉറപ്പാക്കണമെങ്കില്‍ എന്ത് വേണമെന്ന ചിന്ത ഉറക്കംകെടുത്തുന്നു. ഇടതുമുന്നണിയുടെ ഘടകങ്ങള്‍ ഓരോന്നായി മുങ്ങുന്ന കപ്പലില്‍നിന്ന് പുറത്തുചാടി. അവശേഷിച്ചവരില്‍ ജനശൂന്യരായ സി.പി.ഐയും ആര്‍.എസ്.പിയും വേറെ വഴി കാണാത്തതിനാല്‍ തടവറയില്‍നിന്ന് പിച്ചുകയും മാന്തുകയും ചെയ്യുന്നു.
അപ്പോഴാണ് ആലോചന 1987ലേക്ക് തിരിയുന്നത്. ഭൂരിപക്ഷ സമുദായവികാരങ്ങളെ സ്വാധീനിക്കാന്‍ പാകത്തില്‍ ഇ.എം.എസ് ശരീഅത്ത് വിവാദം ഇളക്കിയിറക്കിയ കാര്‍ഡ് അന്ന് പാര്‍ട്ടിയുടെ രക്ഷക്കെത്തിയപോലെ ഇത്തവണ അതേതന്ത്രം പയറ്റിയാലെന്ത്?
അങ്ങനെ ചിന്തിച്ചപ്പോള്‍ കണ്ണുകള്‍ ജാതിസംഘടനകളുടെ നേരെ തിരിഞ്ഞു. നമ്പാന്‍വയ്യെങ്കിലും എസ്.എന്‍.ഡി.പി സുപ്രീമോ വെള്ളാപ്പള്ളി നടേശനെ സുഖിപ്പിക്കാന്‍ ശ്രമമുണ്ട്. ദേവസ്വം ബില്‍ പിന്‍വലിച്ചതും മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണമേര്‍പ്പെടുത്തിയതും െപരുന്നയിലെ പണിക്കരുടെ തിരുമുല്‍ക്കാഴ്ച ദിനചര്യയില്‍ ഉള്‍പ്പെടുത്തിയതും ഗുണംചെയ്യുമെന്ന പ്രതീക്ഷയുണ്ട്. കോണ്‍ഗ്രസാകട്ടെ, ദല്‍ഹിനായര്‍ പോയിട്ടും ഒരു പെരുന്നനായരെ കേന്ദ്രമന്ത്രിസഭയില്‍ പകരക്കാരനാക്കാന്‍ മടിക്കുകയാണ്. ഇനി വേണ്ടത് ഇ.എം.എസിന്റെ ശരീഅത്ത്‌മോഡലില്‍ ഒരു കാമ്പയിന്‍ സംഘടിപ്പിക്കുകയാണ്. ഹിന്ദുവോട്ടുകള്‍ അരിവാള്‍ചുറ്റികക്ക് മീതെ പതിയാന്‍ സമയോചിതമായ വിഷയം തീവ്രവാദവും മുസ്‌ലിംവര്‍ഗീയതയും തന്നെ. നഷ്ടപ്പെട്ട മാധ്യമപിന്തുണ തിരിച്ചുപിടിക്കുകയും ചെയ്യാം. അതിനേറ്റവും പാകമായ ബലിയാട് സംശയമില്ല, ജമാഅത്തെ ഇസ്‌ലാമിതന്നെ. ജമാഅത്തിനോടുള്ള ഇടത്ബന്ധം ചൂണ്ടിക്കാട്ടിയാണ് ജമാഅത്തിനോടുള്ള കുടിപ്പക രക്തഗ്രൂപ്പായി മാറിയ ചില മതേതരബുദ്ധികള്‍ ഇടക്കാലത്ത് പാര്‍ട്ടിയെ കൈയൊഴിഞ്ഞത്. അവര്‍ തിരിച്ചുവന്നാല്‍ അതും മുതല്‍ക്കൂട്ടായല്ലോ. മറ്റൊന്നുകൂടിയുണ്ട്. ഡി.വൈ.എഫ്.ഐ കാലാകാലങ്ങളില്‍ സ്വന്തമാക്കിയ വിഷയങ്ങളും മുദ്രാവാക്യങ്ങളുമൊക്കെ സമീപകാലത്തായി ഏറ്റെടുത്തിരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റിയാണ്. പ്ലാച്ചിമടയിലെ കൊക്കകോളെയ അവര്‍ പൂട്ടിച്ചു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിഷമഴ നിര്‍ത്തി അവിടെ കേരളത്തെ വിസ്മയിപ്പിച്ച പുനരധിവാസ്രപവര്‍ത്തനം നടത്തി. എക്‌സ്‌പ്രസ്‌ഹൈവേയെ ഗര്‍ഭത്തിലേ അലസിപ്പിച്ചു. മുക്കാല്‍സെന്റ് കോളനിക്കാര്‍ക്ക് ഭൂമി ലഭ്യമാക്കി. ഒപ്പം പാവങ്ങള്‍ക്ക് പാര്‍പ്പിടവും ജനങ്ങള്‍ക്ക് കുടിവെള്ളവും വേറെ പലതും തരപ്പെടുത്തി. ഒടുവില്‍ കിനാലൂരില്‍ മന്ത്രി കരീമിന്റെ നാലുവരിപാത പദ്ധതിക്കെതിരെ അണിനിരന്ന ഇരകളുടെ സമരത്തിലേക്ക് കേരളത്തിന്റെ പൊതുശ്രദ്ധക്ഷണിച്ചു. പൊലീസിന്റെ മൃഗീയ ഇടപെടല്‍ മന്ത്രിയുടെയും പാര്‍ട്ടിയുടെയും മുഖം വികൃതമാക്കി. ഭൂമാഫിയക്കുവേണ്ടിയുള്ള തരികിടയാണ് കിനാലൂരിലെ അപ്രഖ്യാപിത വ്യവസായമെന്ന് ജനം തിരിച്ചറിഞ്ഞു. ഇതൊക്കെ കണ്ടും കേട്ടും വിറങ്ങലിച്ചുനില്‍ക്കുകയാണ് ഡി.വൈ.എഫ്.ഐ. അതിനാല്‍ സോളിഡാരിറ്റിയെ പാഠം പഠിപ്പിച്ചിട്ട് തന്നെ കാര്യം. ഇതാണിപ്പോള്‍ പിണറായി വിജയന്‍ പ്രകോപിതനായ പശ്ചാത്തലം.
അല്ലാതെ, ജമാഅത്തെ ഇസ്‌ലാമി ദൈവരാജ്യം കൊണ്ടുവരുന്നതോ ജനാധിപത്യത്തില്‍ വിശ്വസിക്കാത്തതോ, അതിന് അന്താരാഷ്ട്രബന്ധമുള്ളതോ തീവ്രവാദസംശയം ഉള്‍ക്കൊണ്ടതോ 'മാധ്യമം' പത്രത്തിന് വിദേശപ്പണം കിട്ടുന്നതോ ഒന്നുമല്ലെന്ന് മന്ദബുദ്ധികള്‍ക്ക് പോലുമറിയാം. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2007ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലുമൊക്കെ ജമാഅത്ത് ഇടതിന് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചപ്പോഴും ഇതൊക്കെ ഉണ്ടായിരുന്നിരിക്കണമല്ലോ. അന്ന് ജമാഅത്ത് തീരുമാനത്തെ സഹര്‍ഷം സ്വാഗതംചെയ്ത പാര്‍ട്ടി ഇപ്പോള്‍ തള്ളിപ്പറയുന്നത് ജമാഅത്തിന്റെ ലക്ഷ്യമോ നയമോ പരിപാടിയോ മാറിയത് കൊണ്ടല്ല. അന്ന് കൊണ്ടുവരാത്ത ദൈവരാജ്യം ഇന്നുണ്ടാക്കാന്‍ മിനക്കെടുന്നുമില്ല. തീവ്രവാദ ഭീഷണിയെച്ചൊല്ലി കേരളത്തില്‍ ചിലര്‍ കാടിളക്കിയ നേരത്ത് പോലും ജമാഅത്തിന് നേരെ സി.പി.എം വിരല്‍ചൂണ്ടിയിട്ടില്ല.
ജമാഅത്ത് മുസ്‌ലിംലീഗുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് മറ്റൊരു പരാതി. ജമാഅത്തെ ഇസ്‌ലാമിയുമായി ചര്‍ച്ചകള്‍ നടത്താത്ത ഏത് പാര്‍ട്ടിയുണ്ട് ഭൂമി മലയാളത്തില്‍? ചര്‍ച്ചകളില്‍ ജമാഅത്തിന്റെ ആദര്‍ശമോ നയനിലപാടുകളോ എന്തെങ്കിലും അത് ഗോപ്യമാക്കി വെച്ചിട്ടുണ്ടോ? ആര്‍ക്കെങ്കിലും അത് ശാശ്വതമായി പിന്തുണ പതിച്ചുനല്‍കിയിട്ടുണ്ടോ? ഇടതുമുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ തത്ത്വാധിഷ്ഠിതമായിരുന്ന തത്ത്വങ്ങളില്‍നിന്ന് മുന്നണി വ്യതിചലിക്കുമ്പോള്‍ തുറന്നു പറയുന്നത് ആര്‍ജവമുള്ള സംഘടനയുടെ സത്യസന്ധമായ ഇടപെടലാണ്. അതില്‍ കെറുവിച്ചിട്ടു കാര്യമില്ല. എല്ലാ നന്മകളെയും എതിര്‍ക്കുകയാണത്രെ ജമാഅത്തെ ഇസ്‌ലാമി. ഒരു നന്മയെങ്കിലും ചൂണ്ടിക്കാട്ടാമോ ഉദാഹരണത്തിന്? സ്മാര്‍ട്ട് സിറ്റി വരുന്നതിനെയോ ചമ്രവട്ടം പദ്ധതിെയയോ അലീഗഢ് ഓഫ് കാമ്പസിനേയോ പ്ലസ്ടു പ്രവേശനത്തിലെ ഏക ജാലക സംവിധാനത്തെയോ പൊതുമേഖലാ വ്യവസായങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനെയോ വല്ലാര്‍പാടം കണ്ടെയ്‌നര്‍ പദ്ധതിയെയോ കഞ്ചിക്കോട്ടെ ഫാക്ടറിയെയോ വിവാഹരജിസ്ട്രേഷനെയോ ഒന്നിനെയും എതിര്‍ത്തിട്ടില്ല. സ്വാഗതം ചെയ്തു. മൂന്നാറിലെ ടാറ്റ ഉള്‍പ്പെടെ എല്ലാ ഭൂമി കൈയേറ്റക്കാരെയും ഒഴുപ്പിക്കാനുള്ള പരിപാടിയെ മുക്തകണ്ഠം പിന്താങ്ങി. സി.പി.എം മുഖ്യമന്ത്രിയുടെ പരിപാടിയെ അട്ടിമറിച്ചെങ്കില്‍ അതില്‍ ജമാഅത്ത് എന്ത് പിഴച്ചു? പാരിസ്ഥിതികപ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കാതെയും കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാതെയും കൊണ്ടുവരുന്ന വ്യവസായങ്ങളെ തീര്‍ച്ചയായും എതിര്‍ത്തിട്ടുണ്ട്. കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നടപടികളെയും നഖശിഖാന്തം എതിര്‍ത്തു. അത് നന്മയല്ല, തിന്മയാണ് എന്നത്തന്നെ കാരണം.
ഇങ്ങനെയൊക്കെ ആരെയും ബോധ്യപ്പെടുത്താനുതകാത്ത ന്യായങ്ങള്‍ നിരത്തി ജമാഅത്തെ ഇസ്‌ലാമിയെ മാറ്റിനിര്‍ത്തി, സാമുദായിക ധ്രുവീകരണം സൃഷ്ടിച്ചാലും സി.പി.എം രക്ഷപ്പെടുമോ എന്നതാണ് ചോദ്യം. ഇ.എം.എസിനെപ്പോലെ പാര്‍ട്ടി അണികള്‍ക്ക് അനിഷേധ്യനായ നേതാവല്ല പിണറായി. മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനും സമാനമനസ്‌കരും അദ്ദേഹത്തെ മനസാ അംഗീകരിക്കുന്നില്ല. 1987ലെ പാര്‍ട്ടിയല്ല ഇന്നത്തെ പാര്‍ട്ടി. സ്വാര്‍ഥികളായ നേതാക്കളുടെ വ്യത്യസ്തതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനുള്ള മറ മാത്രമായി അത് ഇന്ന് മാറിയിരിക്കുന്നു. ഭരണ പരാജയമാകട്ടെ, പച്ചയായി ജനങ്ങളുടെ മുന്നിലുണ്ട്. കേന്ദ്രപദ്ധതികള്‍പോലും നടപ്പാക്കാനാവാത്തവിധം ഭരണയന്ത്രം നിശ്ചലമാണ്. സാമ്രാജ്യത്വത്തിനെതിരായി ആക്രോശങ്ങള്‍ വെറും വീണ്‍വാക്കുകളാണെന്ന് പ്രവൃത്തികള്‍ തെളിയിക്കുന്നു. കുത്തകകളുടെ വികസന അജണ്ട നടപ്പാക്കാന്‍ എത്രയോ ഭേദം യു.ഡി.എഫാണെന്ന് ജനം തീരുമാനിക്കും.
മുസ്‌ലിംലീഗ് ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയിലെത്തുമ്പോള്‍ സൈദ്ധാന്തികനാട്യങ്ങളൊന്നുമല്ല, വെറും പ്രായോഗിക രാഷ്ട്രീയത്തിന്റെ ഞാണിന്മേല്‍ കളി മാത്രം. ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് യൂത്ത്‌ലീഗിന്റെ കെ.എം. ഷാജിയും മുന്‍ യൂത്ത്‌ലീഗ് പ്രസിഡന്റ് എം.കെ. മുനീറും എന്തുപറഞ്ഞാലും ഒരു നൂറ് തവണ അതിന്റെ നേതാക്കളുമായി ചര്‍ച്ച നടത്തിയവനാണ് കുഞ്ഞാലിക്കുട്ടി. ബഷീറോ സമദാനിയോ ഇ. അഹമ്മദോ കെ.പി.എ മജീദോ തരംപോലെ കൂട്ടിനുണ്ടാവും. 2006ലെ നിയമസഭാതെരഞ്ഞെടുപ്പിലെ ചരിത്രതോല്‍വിക്കുശേഷവും ഒരുപാട് തവണ ഉഭയകക്ഷി സംഭാഷണം നടന്നിട്ടുണ്ട്. ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ട് തന്നെയാണ് ഏറെയും. 1987ന് ശേഷം ഒട്ടേറെ തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥികള്‍ക്ക് ജമാഅത്ത് വോട്ടുനല്‍കിയിട്ടുമുണ്ട്. ഒന്നോ രണ്ടോ തവണയോ സ്ഥാനാര്‍ഥികള്‍ക്കോ നല്‍കാതിരുന്നാല്‍ അപ്പോഴേക്ക് ജമാഅത്ത് തീവ്രവാദി സംഘടനയാവുന്ന മറിമായം മജീഷ്യന്‍ മുതുകാടിനുപോലും അപ്രാപ്യം. രാഷ്ട്രീയേതര സാമുദായികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിക്കൊണ്ടുള്ള കൂട്ടായ്മയിലും ഇരുസംഘടനകളും പങ്കെടുത്തുകൊണ്ടേ വന്നിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കിനാലൂര്‍പ്രശ്‌നത്തില്‍ സി.പി.എം ജമാഅത്തുമായി ഇടയുകയും ഒപ്പം സംഘടന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തിറങ്ങാന്‍ നീങ്ങുകയും ചെയ്തപ്പോള്‍ ലീഗ് നേതൃത്വത്തില്‍നിന്ന് വിളിയുണ്ടായി, കൂട്ടായിരുന്നു സംസാരിക്കാന്‍. ഒരു ഹോട്ടലിലായിരുന്നു സന്ധിക്കാന്‍ തീരുമാനിച്ചതെങ്കിലും തൊട്ടുമുമ്പ് വാര്‍ത്ത ചോര്‍ന്നു എന്നുപറഞ്ഞ് മുന്‍ എം.പി.അബ്ദുല്‍വഹാബിന്റെ വീട്ടിലേക്ക് ചര്‍ച്ച മാറ്റി. അവിടെയുമെത്തി ചാനലുകാരന്‍. വിവരം ചോര്‍ത്തിയതാര് എന്നന്വേഷിക്കുമെന്നും നടപടിയുണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിക്കാരാണ് ചോര്‍ത്തിയതെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ലെന്നര്‍ഥം. അവരുടെ പേരില്‍ നടപടിയെടുക്കാന്‍ അദ്ദേഹത്തിനാവില്ലല്ലോ. ചോര്‍ന്നുകിട്ടിയത് ഇന്ത്യാവിഷനല്ല എന്നത് കണ്ടുപിടിക്കപ്പെടാതിരിക്കാന്‍ പ്രയോഗിച്ച ഓട്ടസൂത്രമാവണം. മുസ്‌ലിംലീഗില്‍ കഠിന ജമാഅത്ത് വിരുദ്ധരുമെന്നത് പുതിയ വിവരമല്ല. പ്രശ്‌നാധിഷ്ഠിതയോജിപ്പും വിയോജിപ്പുമുള്ളവരാണ് മറ്റുള്ളവര്‍. രണ്ടു കൂട്ടരും ഭയപ്പെടുന്നതാണ് ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശം. ജമാഅത്തെ ഇസ്‌ലാമി ഒരു രാഷ്ട്രീയപാര്‍ട്ടിയാവുന്ന പ്രശ്‌നമില്ലെന്നും പാര്‍ട്ടി രൂപവത്കരിക്കുമ്പോള്‍ അത് പരസ്യമായി പറഞ്ഞു സുതാര്യമായിരിക്കുമെന്നും സംഘടനയുടെ വക്താക്കള്‍ പറയുന്നതൊന്നും ലീഗിന് ദഹിക്കുന്നില്ല. സാമുദായിക രാഷ്ട്രീയത്തിന്റെ ഭൂമികയില്‍ ലീഗ് മതി അതാണ് നിലപാട്. ജമാഅത്താകട്ടെ, സാമുദായികരാഷ്ട്രീയം കളിക്കാന്‍ തങ്ങളില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും ലീഗിന് ശങ്ക നീങ്ങുന്നില്ല. ഇസ്‌ലാമില്‍ രാഷ്ട്രീയംകൂടി ഉണ്ടെന്ന് കൃത്യമായി വിശ്വസിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് ഇതര മതസംഘടനകളെപ്പോലെ ലീഗിന്റെ വാലാവാന്‍ വയ്യെന്ന് അവര്‍ക്ക് നന്നായറിയാം. അതറിഞ്ഞുകൊണ്ട് തന്നെയാണ് ഇക്കാലമത്രയും സംഘടനയോട് ലീഗ്‌നേതൃത്വം ഇണങ്ങിയും പിണങ്ങിയും പോന്നിട്ടുള്ളത്. എന്നിട്ടിപ്പോള്‍ എന്തോ സംഭവിച്ചപോലെ കുഞ്ഞാലിക്കുട്ടിയുടെ മേല്‍ സമ്മര്‍ദം മുറുകിയതും അദ്ദേഹം മാധ്യമങ്ങളോട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചതും രാഷ്ട്രീയസദാചാരത്തിന് നിരക്കുന്ന നടപടിയല്ല. ജമാഅത്ത് തീവ്രവാദി സംഘടനയാണെന്ന് ലീഗിന് അഭിപ്രായമുണ്ടെങ്കില്‍ അതിന്റെ നേതാക്കളുമായി ഒരിക്കലും ചര്‍ച്ച നടത്തരുത്, വേദി പങ്കിടരുത്. അങ്ങനെ അഭിപ്രായമില്ലെങ്കില്‍ തലയില്‍ മുണ്ടിട്ട് പാത്തും പതുങ്ങിയും ചര്‍ച്ചക്ക് പോവേണ്ട കാര്യമെന്തിരിക്കുന്നു?
സി.പി.എമ്മും മുസ്‌ലിംലീഗും ഒരുപോലെ പങ്കിടുന്ന ദുഃഖമാണ് 'മാധ്യമ'ത്തിന്റെ സ്വാധീനം. വിദേശപ്പണം ലഭിക്കുന്നതുകൊണ്ടാണ് പത്രത്തിന്റെ വളര്‍ച്ചയെന്ന ആരോപണവും പിണറായിയും കെ.എം. ഷാജിയും ഉന്നയിച്ചിട്ടുണ്ട്. പണമുണ്ടെങ്കില്‍ പത്രം വളരുമെന്ന അറിവ് പുതിയതാണ്. എങ്കില്‍ അച്ചന്മാരുടെ 'സദ്‌വാര്‍ത്ത' നിലച്ചുപോയതെന്ത്? ഫാരിസ് അബൂബക്കറിന്റെ 'മെട്രോ വാര്‍ത്ത' രംഗം കീഴടക്കാത്തതെന്ത്? മുതലാളിമാര്‍ ഡയറക്ടര്‍മാരായ, കെ.എം.സി.സികളുടെ സമ്പൂര്‍ണപിന്തുണയുള്ള 'ചന്ദ്രിക' വളര്‍ച്ചമുരടിച്ചു നില്‍ക്കുന്നതെന്ത്? കോടികളുടെ കൊട്ടാരത്തിലേക്ക് ആസ്ഥാനം മാറ്റാന്‍ സാധിച്ച 'ദേശാഭിമാനി'ക്ക് ഇടതുപക്ഷത്തെ പോലും നേരാംവണ്ണം സ്വാധീനിക്കാന്‍ കഴിയാതെ പോയതെന്ത്‌കൊണ്ട്? നിഷ്പക്ഷതയും വിശ്വാസ്യതയും തുറന്നെഴുതാനുള്ള ആര്‍ജവവുമാണ് പ്രശ്‌നം. അതുണ്ടെങ്കില്‍ ആരാന്റെ പ്രസ്സില്‍ കൂലിക്കടിച്ചാലും പൊതുസമൂഹം പത്രം വാങ്ങും, വായിക്കും. പാര്‍ട്ടി പറഞ്ഞതിലപ്പുറം ശരിയില്ലെന്ന്, പാര്‍ട്ടിയെന്നാല്‍ തലപ്പത്തുള്ള ഏതാനും വ്യക്തികളാണെന്ന് വിശ്വസിപ്പിക്കാന്‍ പോയാല്‍ സ്വന്തക്കാര്‍ പോലും വിവരങ്ങളറിയാന്‍ വേറെ വഴിനോക്കും. സി.പി.എമ്മിന്റെ ആസ്തി വകകളുടെ നൂറിലൊരംഗം ജമാഅത്തിനുണ്ടെന്ന് തെളിയിക്കാമെങ്കില്‍ ഏറെ സന്തുഷ്ടരായിരിക്കും അതിന്റെ പ്രവര്‍ത്തകര്‍.
No comments:
Post a Comment