Sunday, June 13, 2010

പിടികിട്ടാപ്പുള്ളി!

പിടികിട്ടാപ്പുള്ളി!

Sunday, June 13, 2010
നാട് ഇന്ത്യയായതുകൊണ്ട് ജീവന് വലിയ വിലയൊന്നുമില്ല. കന്നുകാലികളെപ്പോലെ അലഞ്ഞുനടക്കുന്ന ഇരുകാലിമൃഗത്തിന് കാലികളുടെ വില കിട്ടില്ല. കൊന്നു തിന്നാന്‍ പറ്റില്ല എന്നതു തന്നെ കാരണം. ഈ ഇരുകാലികളെ ചവിട്ടിമെതിച്ചു നടക്കുന്നതിനിടയില്‍ അവറ്റയെങ്ങാന്‍ ചത്തുപോയാലും വലിയ പ്രശ്‌നമൊന്നുമില്ല. എന്തെങ്കിലും നക്കാപ്പിച്ച കാശ് എറിഞ്ഞുകൊടുത്താല്‍ മതി. ഭരിക്കുന്നവര്‍ക്കും അതിലൊന്നും വലിയ വേവലാതിയില്ല.

ഭോപാല്‍ വാതകദുരന്തത്തിന്റെ ഇരകള്‍ക്ക് കൊടുത്തത് മതിയായ നഷ്ടപരിഹാരമാണോ എന്ന ചോദ്യത്തിന് കാത്തി ഹണ്ട് പറഞ്ഞത് ഇന്ത്യക്കാര്‍ക്ക് 500 ഡോളര്‍ ധാരാളമാണെന്നായിരുന്നു. ഒരു ജനതയെ ശ്വാസംമുട്ടിച്ചുകൊന്ന കൊലയാളികള്‍ക്ക് ഇന്ത്യന്‍ കോടതി പിഴയിട്ടത് വെറും ഒരു ലക്ഷം രൂപ. അപ്പോള്‍ പിന്നെ 500 ഡോളര്‍ എത്രയധികം എന്ന് കാത്തി വിചാരിച്ചതില്‍ അദ്ഭുതപ്പെടാനില്ല. വിഷപ്പുക മൂടിയ  ഭോപാലിന്റെ ആകാശത്തു നിന്നും ശ്വാസം മുട്ടി മരിച്ച ആത്മാക്കള്‍ ഇറങ്ങിവന്ന് കണക്കു ചോദിക്കില്ല. ജീവിച്ചിരിക്കുന്ന ശവങ്ങള്‍ക്ക് അതു ചോദിക്കാനുള്ള ശേഷിയില്ല. അര്‍ഹമായ അവകാശങ്ങള്‍ നേടിക്കൊടുക്കേണ്ട ഭരണകൂടത്തിനോ അമേരിക്ക എന്നു കേട്ടാല്‍ മുട്ടുവിറയ്ക്കും. അതുകൊണ്ട് കൊലയാളികളെ തീറ്റിപ്പോറ്റുന്ന നാട്ടില്‍, ന്യൂയോര്‍ക്കിലെ ഹാംപ്റ്റണില്‍ ഗോള്‍ഫ് കളിച്ച് നടക്കാം.

പിടികിട്ടാപ്പുള്ളിയായി വിലസിനടക്കുന്ന കൊലയാളിക്ക് വയസ്സ് 89. പേര് വാറന്‍ ആന്‍ഡേഴ്‌സന്‍. യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ അന്നത്തെ ചെയര്‍മാന്‍. വര്‍ഷാവര്‍ഷം ഗോള്‍ഫ് ക്ലബില്‍ അടയ്ക്കുന്ന അംഗത്വവരിസംഖ്യ ഭോപാല്‍ ദുരന്തബാധിതരുടെ ശരാശരി നഷ്ടപരിഹാരത്തിന്റെ മൂന്നു നാല് ഇരട്ടിയോളം വരും.

ഇന്ത്യയെക്കുറിച്ച് നല്ല മതിപ്പാണ്. ഇവിടത്തെ നിയമവ്യവസ്ഥയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ടിന്റുമോന്‍,സര്‍ദാര്‍ജി ടൈപ്പ് ഫലിതം കേട്ടാലെന്നപോലെ ചിരിച്ചു ചിരിച്ച് ചാവുന്ന സ്ഥിതിയാവും. രാജ്യത്തെ ഒരു കോടതിയിലും വിചാരണശല്യം നേരിടേണ്ടിവന്നിട്ടില്ല.  അന്താരാഷ്ട്രതലത്തില്‍ അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും കുറ്റവിചാരണ ഉണ്ടായില്ല. കോടതി ഒരു വഴിപാടുപോലെ സമന്‍സ് അയച്ചുനോക്കി. സ്റ്റാമ്പ്കൂലി നഷ്ടം വന്നപ്പോള്‍ പിടികിട്ടാപ്പുള്ളിയായി അങ്ങ് പ്രഖ്യാപിച്ചു. അപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി. പിന്നെ അനേഷിക്കേണ്ടതില്ല.

അന്വേഷണ ഏജന്‍സികളുടെ കാര്യമോര്‍ക്കുമ്പോള്‍ അവരുടെ സഹകരണമോര്‍ത്ത് ഇടക്കിടെ കണ്ണുനിറയും. അവരുടെ കാര്യക്ഷമത ലോകം കണ്ടുപഠിക്കേണ്ടതാണ്. അമേരിക്കയില്‍ പോയി കൊലയാളിയെ പൊക്കുന്നത് വലിയ മെനക്കേട് ആയതുകൊണ്ട് അവര്‍ വീട്ടിലിരുന്ന് പിടികിട്ടാപ്പുള്ളിയുടെ ചിത്രം വരച്ചുകളിച്ചു. അവരോടുള്ള വാല്‍സല്യം കരകവിഞ്ഞിട്ട് ന്യൂയോര്‍ക്കിലെ ആഡംബരവീട്ടില്‍ ഇരിക്കാന്‍ വയ്യാത്ത അവസ്ഥയാണ്.

അതിലും മതിപ്പു തോന്നുക ഇവിടത്തെ ജനപ്രതിനിധികള്‍, രാഷ്ട്രീയക്കാര്‍ എന്നിവരെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ്. നന്ദിയോടെയല്ലാതെ ആ മഹാന്മാരെ ഓര്‍ക്കാന്‍ പറ്റില്ല. ദുരന്തം നടന്ന് നാലാം ദിവസം വന്ന രക്ഷകരെ എങ്ങനെ മറക്കാനാണ്! പേരിന് ഒരു അറസ്റ്റ്. 25000 ഉറുപ്പിക കെട്ടിവെച്ച് ജാമ്യം കൊടുത്തു. അന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍ സിങ്. ആ നാമം അവസാനശ്വാസം വരെ നമിച്ചുകൊണ്ട് ഓര്‍ക്കും ഈ വയോവൃദ്ധന്‍. ഇന്ത്യയില്‍നിന്ന് മുങ്ങാനും രക്ഷപ്പെടാനുമുള്ള വഴികള്‍ ഒരുക്കിക്കൊടുത്തത് ആ ക്ഷത്രിയരാജാവ്. മധ്യപ്രദേശ് സര്‍ക്കാറിന്റെ ഔദ്യോഗിക വിമാനത്തില്‍ കയറ്റിവിടാനുള്ള ആ വിശാലമനസ്സ് അധികം പേര്‍ക്കുണ്ടാവില്ല. 20000 പേരെ കൊന്നൊടുക്കുകയും ഒരു ലക്ഷത്തിലധികം പേരെ നരകജീവിതത്തിലാഴ്ത്തുകയും ചെയ്തതിന്റെ ഉത്തരവാദിയെ അവിടത്തെ സര്‍ക്കാര്‍ ആദരിക്കുന്ന രീതി കണ്ടാല്‍ അറിയാം ആ നാടിന്റെ ഔന്നത്യം.

സര്‍ക്കാര്‍ വാഹനത്തിലാണ് വിമാനത്താവളത്തിലെത്തിച്ചത്.  യാത്രയയക്കാന്‍ വന്നത് ജില്ലാ കലക്ടര്‍ മോത്തിസിങ്ങും ജില്ലാ പൊലീസ് സുപ്രണ്ടും. സല്യൂട്ട് നല്‍കിയാണ് വിമാനത്തില്‍ കയറ്റിവിട്ടത്. മറക്കില്ല ആ സല്യൂട്ട്. ഒരു പുലരിയില്‍ ഉറക്കത്തിനിടെ, ഏതോ സ്വപ്‌നം മുറിഞ്ഞ് തൊണ്ടകള്‍ വിണ്ടുകീറി, കണ്ണുകള്‍ നെരിപ്പോടു പോലെ കത്തിപ്പടര്‍ന്ന് എരിഞ്ഞുമരിച്ച ആയിരങ്ങളുടെ ചിതയണഞ്ഞിരുന്നില്ല അന്നേരം. ബഹുരാഷ്ട്ര കുത്തകകളോട് ഇത്രയും ഭയഭക്തിബഹുമാനവും ദാസ്യവും കാട്ടുന്ന ജനങ്ങളെ വേറെ എവിടെ കാണാനാണ്?

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടൂ എന്ന സംശയത്തിലാണ്, അന്ന് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍. ഇന്ത്യയില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി. രാജീവ് അന്നു പുതുക്കക്കാരനാണ്. കാര്യമായി ഒന്നും അറിയില്ല. റീഗന്‍ ഫോണ്‍ വിളിച്ചുകാണും. അങ്കിള്‍സാമിന്റെ വിളികേട്ട് മുട്ടുവിറച്ച് മൂത്രമൊഴിച്ച രാജീവ് അപ്പോള്‍ തന്നെ ലോകം കണ്ട ഏറ്റവും വലിയ കോര്‍പറേറ്റ് കൊലയാളിയെ വെറുതെ വിടാന്‍ ഉത്തരവിട്ടുവെന്നാണ് സി.ഐ.എ രേഖ പറയുന്നത്. ചാരന്മാര്‍ ചുരണ്ടിയെടുത്ത വിവരം തെറ്റാന്‍ വഴിയില്ല. അപ്പോള്‍ ഇന്ത്യയില്‍നിന്നും രക്ഷപ്പെടുത്താന്‍ ഉല്‍സാഹിച്ച ഇന്ദിരയുടെ പ്രിയപുത്രനെയും നന്ദിയോടെ ഓര്‍ക്കേണ്ടിവരും.
പൊലീസും വേണ്ട വിധം ഉല്‍സാഹിച്ചിട്ടുണ്ട്. രക്ഷപ്പെടുത്താന്‍ അവര്‍ ചെയ്തത് ഗുരുതരമായ കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കുക എന്നതായിരുന്നു. വേട്ടക്കാരുടെ പക്ഷത്തു നില്‍ക്കുന്ന ഇന്ത്യന്‍ പൊലീസ് ബഹുരാഷ്ട്ര കുത്തകകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു നടത്തുന്ന പ്രവര്‍ത്തനങ്ങളെ ശ്ലാഘിക്കാതെ പോവുന്നതു ശരിയല്ല.

ഹനുമാന്‍ ഗഞ്ച് പൊലീസ് സ്‌റ്റേഷനിലെ ഏമാന്‍മാര്‍ ഭക്തിപുരസ്സരം പിടിച്ചുകൊണ്ടുപോവാന്‍ വന്നപ്പോള്‍ ഐ.പി.സി 304 വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മനഃപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധ മൂലമുള്ള മരണം,അന്തരീക്ഷം ആരോഗ്യത്തിന് ഹാനികരമാക്കുക, വിഷവസ്തുക്കള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുക, കന്നുകാലികളെയും മറ്റും കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്ത് ഉപദ്രവം ഉണ്ടാക്കുക എന്നിവയായിരുന്നു മറ്റു വകുപ്പുകള്‍. പിന്നെ 304ാം വകുപ്പു പ്രകാരമുള്ള കുറ്റങ്ങള്‍ മായ്ചുകളഞ്ഞ് പൊലീസുകാര്‍ തന്നെ രക്ഷപ്പെടുത്തി. ജില്ലാ പൊലീസ് സൂപ്രണ്ട് സാധാരണ കൊലയാളികള്‍ക്കു കൊടുത്തു വരാറുള്ളതിനേക്കാള്‍ ഉശിരുള്ള ഒരു സല്യൂട്ട് തന്നാണ് വിമാനത്തില്‍ കയറ്റിവിട്ടത്. മറക്കില്ല ഒരിക്കലും. കുന്നുകൂടി കുഴിച്ചിടാന്‍ പോലും സ്ഥലമില്ലാതെ വന്നപ്പോള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചും കൂട്ടമായി ചിതയൊരുക്കിയും പതിനായിരങ്ങളെ മറവു ചെയ്ത കുരുതിനിലങ്ങളില്‍നിന്ന് ചില കൈകള്‍ ഉയരുന്നത് കാണുന്നുണ്ട്. ചരിത്രത്തിന്റെ തന്നെ ചോദ്യങ്ങളായി ഉയരുന്ന കൈകള്‍. പകലുറക്കത്തിലും ഉണര്‍വിലും വേട്ടയാടുന്ന സ്വപ്‌നം. വാര്‍ധക്യവേളയിലും സ്‌പഷ്ടമായി കേള്‍ക്കുന്നുണ്ട് അവരുടെ ശബ്ദം.

ഒരു കഴുമരവും മതിയാവില്ല ഈ കൊലയാളിക്ക് എന്ന് ഇരകള്‍ വിളിച്ചു പറയുന്നത് നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? വാതകച്ചോര്‍ച്ച സംഭവിക്കുമെന്നറിഞ്ഞിട്ടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെ ചെലവു ചുരുക്കല്‍ നടത്തിയ ലാഭക്കൊതിക്ക് എന്തുപേരിട്ടു വിളിക്കണം?. ദുരന്തം നടന്ന ദിവസം ദുരിതാശ്വാസ സംഘത്തെ അയക്കാതിരുന്നത് എന്തുകൊണ്ടായിരുന്നു? ചോര്‍ന്ന വാതകത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തി രോഗികള്‍ക്ക് വേണ്ട ചികില്‍സ നല്‍കുന്നതിന് ഡോക്ടര്‍മാരെ സഹായിക്കാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ല? രക്ഷപ്പെട്ടവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനും മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാതിരുന്നത് എന്തുകൊണ്ട്?. ദുരന്തശേഷം ഫാക്ടറി ശുദ്ധീകരിച്ച് ജനജീവിതം സുരക്ഷിതമാക്കാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ല?

1921ല്‍ ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിനില്‍ ആയിരുന്നു ജനനം. മാതാപിതാക്കള്‍ സ്വീഡനില്‍നിന്നുള്ള കുടിയേറ്റക്കാര്‍. പേരുകിട്ടിയത് അമേരിക്കന്‍ പ്രസിഡന്റ് വാറന്‍ ഹാര്‍ഡിങ്ങില്‍നിന്ന്. ഭാര്യ ലില്ലിയന്‍ ആന്‍ഡേഴ്‌സന്‍. കണക്ടിക്കട്ടിലെ ഗ്രീന്‍വിച്ച്, ഫേ്‌ളാറിഡയിലെ വെറോബീച്ച് എന്നിവിടങ്ങളില്‍ സ്വന്തം ആഡംബര വസതികളുണ്ട്. ന്യൂയോര്‍ക്കിലെ ലോങ് ഐലന്‍ഡിലെ ബ്രിഡ്ജ്ഹാംപ്റ്റണിലാണ്, തെളിവില്ലാത്തതുകൊണ്ട് ഇന്ത്യക്കു വിട്ടുകൊടുക്കില്ലെന്ന് അമേരിക്ക പറയുന്ന പിടികിട്ടാപ്പുള്ളിയുടെ താമസം.

No comments: