Friday, June 11, 2010

സി.പി.എം പോളിറ്റ്ബ്യൂറോയുടെ ശീര്‍ഷാസനം

സി.പി.എം പോളിറ്റ്ബ്യൂറോയുടെ ശീര്‍ഷാസനം

Tuesday, June 8, 2010
കേരളത്തില്‍ ക്രൈസ്തവ-മുസ്‌ലിം വര്‍ഗീയത വളര്‍ന്നു ശക്തി പ്രാപിക്കുന്നു എന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെയും കണ്ടെത്തല്‍, പാര്‍ട്ടി പോളിറ്റ്ബ്യൂറോകൂടി കക്ഷിചേര്‍ന്നതോടെ വരുംനാളുകളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂടേറിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുമെന്നാണ് കരുതേണ്ടത്. മത-ജാതി സംഘടനകളുടെ രാഷ്ട്രീയ ഇടപെടലിനെതിരെ സംസ്ഥാന വ്യാപകമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനും പി.ബി തീരുമാനിച്ചിട്ടുണ്ട്. ഇതുവഴി പാര്‍ട്ടിയുടെയും സര്‍ക്കാറിന്റെയും തകര്‍ന്ന പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഒരുവേള കഴിഞ്ഞില്ലെങ്കിലും ജനശ്രദ്ധ മാറ്റിത്തിരിക്കാനും ഒപ്പം ഭൂരിപക്ഷ സമുദായത്തില്‍ ഒരു വിഭാഗത്തിന്റെ അനുഭാവം നേടിയെടുക്കാനും കഴിയുമെന്നാണ് സി.പി.എം മാനേജര്‍മാരുടെ കണക്കുകൂട്ടല്‍. പശ്ചിമബംഗാളിലെ നഗരസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കേറ്റ കനത്ത ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളിച്ച പോളിറ്റ്ബ്യൂറോ, മൂന്നു പതിറ്റാണ്ടിലേറെക്കാലമായി ഭരണക്കുത്തക നിലനില്‍ക്കുന്ന സംസ്ഥാനത്ത് ജാതി-മത സംഘടനകളുടെ വര്‍ധിച്ചുവരുന്ന സ്വാധീനമാണ് പരാജയകാരണമെന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍, മുസ്‌ലിം ന്യൂനപക്ഷം പാര്‍ട്ടിയില്‍നിന്ന് അകന്നുവെന്ന സത്യം ലോക്‌സഭാ തെരഞ്ഞെടുപ്പിനെതുടര്‍ന്ന് ഒരിക്കല്‍കൂടി പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. അതിനു കാരണമാക്കിയ ഭരണപരമായ അവഗണനക്ക് നിവാരണ നടപടികള്‍ സ്വീകരിക്കാന്‍ പോവുകയാണത്രെ. മുസ്‌ലിം ന്യൂനപക്ഷത്തിന് സര്‍ക്കാര്‍ സര്‍വീസുകളില്‍ പത്തുശതമാനം സംവരണംചെയ്യണമെന്ന് ശിപാര്‍ശ ചെയ്ത രങ്കനാഥ് കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുകയാണ് അതിലൊന്ന്. ബംഗാളില്‍ അത് നടപ്പാക്കുമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും പ്രായോഗിക നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ജാതി-മത സമവാക്യങ്ങള്‍ക്കതീതമായി 24 കാരറ്റ് മതേതരത്വത്തിന്റെ കുത്തകതന്നെ അവകാശപ്പെടുന്ന സി.പി.എമ്മില്‍ സവര്‍ണ ജാതിശക്തികള്‍ പിടിമുറുക്കിയതാണ് ന്യൂനപക്ഷ പിന്നാക്ക സമൂഹങ്ങളുടെ ഉന്നമന നടപടികള്‍ക്ക് മുന്നിലെ യഥാര്‍ഥ തടസ്സമെന്ന് തുറന്നുപറയാന്‍ വയ്യല്ലോ. സൈഫുദ്ദീന്‍ ചൗധരിയെപ്പോലെ പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന അപൂര്‍വം ന്യൂനപക്ഷ സമുദായക്കാരെപ്പോലും തഴയാന്‍ മാത്രം ശക്തമാണ് പാര്‍ട്ടിക്കുള്ളിലെ പരോക്ഷ സവര്‍ണ സ്വാധീനം. സ്വാതന്ത്ര്യത്തിനുമുമ്പും പിമ്പും മതേതര പാതയില്‍ കോണ്‍ഗ്രസിനോടൊപ്പംനിന്ന ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് എന്ന മതസംഘടനയാണ് ബംഗാളിലെ ഏറ്റവും മുസ്‌ലിം പിന്തുണയുള്ള കൂട്ടായ്മ. ഈ സംഘടന പരമ്പരാഗത കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച്, സി.പി.എമ്മിനെതിരെ മമതാ ബാനര്‍ജിയുടെ തൃണമൂലിനോടൊപ്പം അണിനിരന്നതും ഇതര മുസ്‌ലിം സംഘടനകള്‍കൂടി അവരോടൊപ്പം ചേര്‍ന്നതുമാണ് പുതിയ സംഭവവികാസം. ഇത് കണക്കിലെടുത്ത് ബംഗാളിലും മതസംഘടനകളുടെ രാഷ്ട്രീയ ഇടപെടലിനെതിരെ സി.പി.എം പോരാട്ടത്തിനിറങ്ങേണ്ടതാണ്. പക്ഷേ, നഷ്ടക്കച്ചവടമാകുമെന്നോര്‍ത്ത് തല്‍ക്കാലം ബംഗാളില്‍ ആ തന്ത്രം പയറ്റുന്നില്ല.

കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടുന്നു എന്ന സി.പി.എമ്മിന്റെ പരിഭ്രാന്തി പൊതുസമൂഹം പങ്കിടുന്നില്ല. ജാതി-സമുദായ സംഘടനകള്‍ പണ്ടേ കേരളത്തില്‍ സജീവമാണ്. മുസ്‌ലിംലീഗ്, കേരള കോണ്‍ഗ്രസ്, എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി പോലുള്ള രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ സംഘടനകളും ക്രൈസ്തവ സഭകളും ഒളിഞ്ഞും തെളിഞ്ഞും സംസ്ഥാന രാഷ്ട്രീയത്തെയും ഭരണത്തെയും സ്വാധീനിക്കാന്‍ ശ്രമിക്കാത്ത ഒരു കാലവും കഴിഞ്ഞുപോയിട്ടില്ല. വോട്ട് ബാങ്ക് മുന്‍നിര്‍ത്തി ഇടത്-വലത് രാഷ്ട്രീയ പാര്‍ട്ടികള്‍ തരംപോലെ ഈ സംഘടനകളെയൊക്കെ ഇണക്കുകയും പിണക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍തന്നെ മുരത്ത ജാതിസംഘടനയായ എന്‍.എസ്.എസിന്റെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി പുരോഗമനപരമെന്ന് അവകാശപ്പെട്ട ദേവസ്വം ബില്‍ ഇടതുസര്‍ക്കാര്‍ പിന്‍വലിച്ചു.  അതിന്റെ സൂത്രധാരനായ മന്ത്രിയെ ദേവസ്വം വകുപ്പിന്റെ ചുമതലയില്‍നിന്നൊഴിവാക്കി. എസ്.എന്‍.ഡി.പിയെ വശത്താക്കാനുള്ള സര്‍വശ്രമങ്ങളും തുടരുന്നു. മുസ്‌ലിം  സ്ത്രീകളുടെ സാമൂഹിക ഇടപെടലുകളും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവര്‍ മല്‍സരിക്കുന്നതും തീര്‍ത്തും ഹറാമാണെന്ന് മതവിധി പുറപ്പെടുവിച്ച അറുപിന്തിരിപ്പന്മാരെയാണ് സി.പി.എം കൂട്ടുപിടിച്ചിരിക്കുന്നത്.

മറുവശത്ത് പാര്‍ട്ടി പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നതോ? പൊതുജീവിതത്തെ ആമൂലാഗ്രം അര്‍ബുദം കണക്കെ ഗ്രസിച്ചുകഴിഞ്ഞ അഴിമതിക്കെതിരെ നിലയുറപ്പിച്ചവരെ, സര്‍വനാശ ഹേതുവായ മദ്യത്തിന്റെ വ്യാപനത്തെ ശക്തിയുക്തം എതിര്‍ക്കുന്നവരെ, പീഡിത പ്രാന്തവത്കൃത ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങളെ ആവേശപൂര്‍വം പിന്താങ്ങുന്നവരെ, വികസനത്തിന്റെ പേരില്‍ നിര്‍ദാക്ഷിണ്യം കുടിയൊഴിപ്പിക്കപ്പെടുന്ന എല്ലാ വിഭാഗത്തിലുംപെട്ട ഇരകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരെ, വിഷവാതകവര്‍ഷത്തിന്റെ കെടുതികളനുഭവിച്ച് ജീവിതം തന്നെ ചോദ്യചിഹ്നമായവരുടെ കണ്ണീരൊപ്പുന്നവരെ, സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരെ ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പക്ഷത്ത് ജനങ്ങളെ അണിനിരത്താന്‍ യത്‌നിക്കുന്നവരെ, പാരിസ്ഥിതിക സന്തുലനം തകര്‍ക്കുന്ന കുത്തക മുതലാളിമാര്‍ക്കെതിരെ സമരരംഗത്തുള്ളവരെ -ഇവരൊക്കെയാണ് സി.പി.എമ്മിന്റെ പുത്തന്‍ ശത്രുക്കള്‍; അവരാണ് തീവ്രവാദികള്‍, വര്‍ഗീയവാദികള്‍. രാജ്യത്തേറ്റവും വലിയ ഇടതുപക്ഷ പ്രസ്ഥാനത്തിന് പാര്‍ലമെന്ററി വ്യാമോഹത്തിന്റെയും മുതലാളിത്ത ജീര്‍ണതയുടെയുംപേരില്‍ സംഭവിച്ച ഈ ആഴമേറിയ അപചയത്തെ ചിന്താശക്തി മരവിച്ചിട്ടില്ലാത്ത ഇടതുപക്ഷ പ്രവര്‍ത്തകര്‍ വിചാരണ ചെയ്യേണ്ട അവസാനത്തെ അവസരമാണ് കടന്നുപോകുന്നത്.

No comments: