Monday, June 14, 2010

ജനാധിപത്യത്തെ സി.പി.എം ഭയക്കുന്നുവോ?

ജനാധിപത്യത്തെ സി.പി.എം ഭയക്കുന്നുവോ?

Monday, June 14, 2010
വിയോജിക്കുന്നവരെ അടിച്ചൊതുക്കലാണ് ജനാധിപത്യമെന്ന് സി.പി.എം കരുതുന്നുണ്ടോ? അടുത്ത കാലത്തായി ആ പാര്‍ട്ടി ഈ ഫാഷിസ്റ്റ് രീതിയിലേക്ക് നീങ്ങിത്തുടങ്ങിയതിന്റെ ലക്ഷണങ്ങള്‍ കാണുന്നു. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് കക്കോടിയില്‍ ഞായറാഴ്ച അരങ്ങേറിയ താണ്ഡവം. ജനകീയ വികസന മുന്നണി പ്രഖ്യാപന സമ്മേളനം കൈയേറി അതില്‍ പങ്കെടുത്തവരെ മര്‍ദിച്ചു. സ്ത്രീകളും കുട്ടികളും വൃദ്ധന്മാരുമടങ്ങുന്ന യോഗത്തില്‍ നേരത്തെ സ്ഥലംപിടിച്ച അമ്പതിലേറെ വരുന്ന സി.പി.എം സംഘം മൈക്കും കസേരയും മുന്‍കൂട്ടി കരുതിവെച്ച സൈക്കിള്‍ ചെയിനും ഇടിക്കട്ടയുമെല്ലാമായി ആക്രമണം അഴിച്ചുവിട്ടു. സ്ത്രീകളും പൊലീസുകാരുമടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റു. യോഗസ്ഥലത്തിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ജനകീയ വികസന മുന്നണി പ്രവര്‍ത്തകരുടെ പത്തിലേറെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. യോഗസ്ഥലത്തുനിന്ന് പുറത്തേക്കുള്ള വഴി മുടക്കിനിന്ന അക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇത് കരുതിക്കൂട്ടിയുള്ള അക്രമമാണെന്ന് വ്യക്തം. യോഗം നടന്നുകൊണ്ടിരിക്കെ ഒരാള്‍ ചോദ്യവുമായി എഴുന്നേല്‍ക്കുകയും ചോദ്യോത്തരം പരിപാടിയിലില്ലെന്ന് അധ്യക്ഷന്‍ അറിയിച്ചതോടെ ഒതുങ്ങിനിന്ന അക്രമിസംഘം തേര്‍വാഴ്ച തുടങ്ങുകയുമായിരുന്നു. പതിനഞ്ച് മിനിറ്റ് അക്രമം തുടര്‍ന്നു. സ്ഥലത്തുണ്ടായിരുന്ന പ്രാദേശിക ചാനല്‍ പ്രവര്‍ത്തകനും അക്രമികളെ മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ ശ്രമിച്ചവര്‍ക്കും മഫ്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാര്‍ക്കും മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ജനകീയ വികസന മുന്നണി പ്രവര്‍ത്തകരുടെ കുറേ വാച്ചും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യപ്പെട്ടു.

അക്രമം നടത്തിയത് സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളടങ്ങുന്ന സംഘമാണെന്ന് ജനകീയ വികസന മുന്നണി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതേസമയം സി.പി.എമ്മിന് സംഭവവുമായി ബന്ധമില്ലെന്നാണ് ആ പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറി പറയുന്നത്. സ്വന്തം അനുയായികളാണ് അക്രമം നടത്തിയതെന്ന് പരോക്ഷമായി സമ്മതിക്കുന്ന വിശദീകരണമാണ് അവര്‍ നല്‍കുന്നത്. നിലവിലെ പഞ്ചായത്ത് ഭരണത്തിലെ അഴിമതികളെപ്പറ്റി പ്രസംഗത്തില്‍ പറഞ്ഞപ്പോഴാണത്രെ ചോദ്യം ചെയ്യാന്‍ എഴുന്നേറ്റത്. പ്രകോപനപരമായ ഒന്നും തന്നെ യോഗത്തില്‍ ആരും പ്രസംഗിച്ചിട്ടില്ലെന്ന് യോഗം സംഘടിപ്പിച്ചവര്‍ ഊന്നിപ്പറയുന്നു. ഇനി, സി.പി.എം പറയുമ്പോലെയാണെന്നുവെച്ചാലും നിലവിലെ ഭരണത്തിന്റെ പാളിച്ചകളും വീഴ്ചകളും പറയുന്നത് അക്രമത്തിന് ന്യായീകരണമായി പറയുന്നത് എന്ത് ജനാധിപത്യ ബോധമാണ്? സി.പി.എം ഇത്തരമൊരു അക്രമം ആസൂത്രണം ചെയ്തിട്ടില്ലെന്ന നേതാക്കളുടെ അവകാശവാദം ശരിയാണെങ്കില്‍ ഫാഷിസ്റ്റ് രീതി പുറത്തെടുത്ത അണികള്‍ക്കെതിരെ പാര്‍ട്ടി എന്ത് നടപടിയെടുക്കുന്നുവെന്ന് കാണേണ്ടതുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കൈയൂക്കുകൊണ്ട് ഭീതി സൃഷ്ടിച്ച് ജനഹിതം അട്ടിമറിക്കാന്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍, അണികള്‍ക്ക് അല്‍പം ജനാധിപത്യ പാഠങ്ങള്‍ നേതൃത്വം പഠിപ്പിച്ചുകൊടുക്കണം. കിനാലൂരിലെ ഭൂമാഫിയക്കെതിരെ പ്രസംഗിച്ചതിനാണ് കുറച്ചുനാള്‍ മുമ്പ് സി.ആര്‍. നീലകണ്ഠനെ കൈയേറ്റം ചെയ്ത് പരിക്കേല്‍പിച്ചത്. അതിനു മുമ്പും കൈയേറ്റ രാഷ്ട്രീയം സി.പി.എമ്മിന് പരിചിതമാണ്.

ഇത്തരം ചെയ്തികള്‍ ഏറ്റവുമധികം പരിക്കേല്‍പിക്കുന്നത് ജനാധിപത്യത്തെയാണ്. സി.പി.എമ്മിന്റെ സ്റ്റാലിനിസ്റ്റ് രീതിയും മുതലാളിത്ത മനോഭാവവും ഒന്നിച്ചപ്പോഴാണ് പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിലും സിംഗൂരിലും അവര്‍ നരവേട്ട നടത്തിയത്. കേരളത്തിലും അത് പരീക്ഷിക്കാനുള്ള ശ്രമമാണെങ്കില്‍ അതിന് ഇവിടത്തെ ജനാധിപത്യ വിശ്വാസികള്‍ തന്നെ മറുപടി നല്‍കും. ബംഗാളില്‍ സി.പി.എമ്മിനെ ഒന്നുമല്ലാതാക്കിയത് അവരുടെ കടുംകൈകളാണ്. സ്റ്റാലിനിസ്റ്റ് ഫാഷിസത്തെ ജനാധിപത്യംകൊണ്ട് മറികടക്കാനാവുമെന്ന് അവിടത്തെ ജനങ്ങള്‍ ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ തെളിയിച്ചു. കേരളത്തിലെ ജനതയും ജനാധിപത്യ വിരുദ്ധതയെ വെച്ചുപൊറുപ്പിക്കില്ലെന്ന് കരുതുക. ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ജനകീയ പ്രതിരോധങ്ങളെയും ബദല്‍ വികസന മാതൃകകളെയും കീഴാള രാഷ്ട്രീയത്തെയും തളര്‍ത്താന്‍ രണ്ടു രീതികളാണ് സി.പി.എം അനുവര്‍ത്തിച്ചു തുടങ്ങിയിട്ടുള്ളതെന്ന് തോന്നുന്നു. ഒന്ന്, രാഷ്ട്രീയം ജനകീയപക്ഷത്തേക്ക് മാറണമെന്ന് കലശലായി ആഗ്രഹിക്കുന്ന പാവപ്പെട്ടവരും സാധാരണക്കാരുമായ സ്ത്രീ പുരുഷന്മാരെ ഭയപ്പെടുത്തി വീടുകളില്‍ ഒതുക്കിനിര്‍ത്തുക. അടിയന്തരാവസ്ഥകൊണ്ട് അധികാരം നിലനിര്‍ത്താമെന്ന ഇന്ദിരാഗാന്ധിയുടെ വ്യാമോഹം പോലെ ഈ ഉദ്ദേശ്യവും തകരാനുള്ളതാണ്.

രണ്ട്, വിയോജിപ്പുകള്‍ പ്രകടിപ്പിക്കാനും പ്രതിഷേധം രേഖപ്പെടുത്താനും ബദല്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കാനുള്ള ജനാധിപത്യ ഇടത്തെ ബലപ്രയോഗം വഴി ഇല്ലാതാക്കുക.ധാര്‍ഷ്ട്യം നിറഞ്ഞ ഈ നിലപാട് പരാജയപ്പെടേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. സി.പി.എമ്മിനെ പ്രശംസിച്ചു മാത്രമേ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താവൂ എന്ന് വരുന്നത് കേരളത്തിനും ജനാധിപത്യത്തിനും അപമാനമാണ്.

No comments: