Friday, June 11, 2010

ചുവന്ന സാരിയും കത്രീനയുടെ വേഷവും

ചുവന്ന സാരിയും കത്രീനയുടെ വേഷവും

സെബാസ്റ്റിയന്‍ പോള്‍
Thursday, June 10, 2010
പുസ്തകം വായിക്കാനുള്ളതാണ്; നിരോധിക്കാനുള്ളതല്ല. നിരോധനവും നിരോധിക്കണമെന്ന മുറവിളിയും പുസ്തകത്തിന്റെ പ്രചാരം വര്‍ധിപ്പിക്കും. ജാവിയര്‍ മോറോ എന്ന സ്‌പാനിഷ് എഴുത്തുകാരനുവേണ്ടി അത്തരം ഒരു ദൗത്യമാണ് അഭിഷേക് മനു സിങ്‌വി ഏറ്റെടുത്തിരിക്കുന്നത്. മോറോയുടെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഡിസംബറില്‍ വില്‍പനക്കെത്തുമ്പോഴേക്ക് പുസ്തകശാലകളില്‍ തിരക്കുണ്ടാകുന്നതിന് സിങ്‌വിയുടെ ദിനേനയുള്ള വര്‍ത്തമാനം സഹായകമാകും.  ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ അനിവാര്യത അറിയാത്തയാളല്ല അഭിഭാഷകനായ സിങ്‌വി. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്താവെന്ന നിലയില്‍ അദ്ദേഹം അടിയന്തരാവസ്ഥക്കാലത്തെ 'കിസ്സ കുര്‍സി കാ' നിരോധത്തിന്റെ ഹാങ്ഓവറില്‍നിന്ന് മുക്തനായിട്ടില്ല. അല്ലെങ്കില്‍ ആ പാരമ്പര്യത്തിലാണ് അദ്ദേഹം നിലപാടുകള്‍ ക്രമീകരിക്കുന്നത്. സഞ്ജയ്ഗാന്ധിയെ പരിഹസിക്കുന്നു എന്ന കാരണം പറഞ്ഞാണ് അന്ന് ആ സിനിമയുടെ പ്രദര്‍ശനം തടഞ്ഞത്. അതുകൊണ്ട് സഞ്ജയ്ഗാന്ധിയുടെ ഇമേജ് വര്‍ധിക്കുകയോ അദ്ദേഹത്തിനെതിരെയുണ്ടായ ആക്ഷേപങ്ങള്‍ കുറയുകയോ ചെയ്തില്ല. നിരോധമല്ല, അവഗണനയാണ് ഇത്തരം അവസ്ഥകളില്‍ ഏറെ പ്രയോജനം ചെയ്യുന്നത്.

ജാവിയര്‍ മോറോയുടെ 'ചുവന്ന സാരി'യും പ്രകാശ് ഝായുടെ 'രാജനീതി'യുമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ക്രോധത്തിന് വിഷയമായിരിക്കുന്നത്. സോണിയഗാന്ധിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള നോവലാണ് എല്‍ സാരി റോജോ (ചുവന്ന സാരി). 'രാജനീതി'യില്‍ കത്രീന കൈഫ് അവതരിപ്പിക്കുന്ന രാഷ്ട്രീയനേതാവിന് സോണിയ ഗാന്ധിയുമായി അസാമാന്യമായ സാമ്യമുണ്ടെന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു. സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രത്തിന് കോണ്‍ഗ്രസുകാരുടെ സര്‍ട്ടിഫിക്കേഷന്‍ വേണമെന്ന നിലപാട് ബാല്‍ താക്കറേയുടെ രാജനീതിയാല്‍ മാത്രമാണ് സാധൂകരിക്കപ്പെടുന്നത്. അഭിഷേകിന്റെ അപകീര്‍ത്തികരമായ ആക്രോശങ്ങള്‍ക്കെതിരെ മോറോ കോടതിയെ സമീപിക്കുന്നുണ്ട്. കോടതിയുടെ നിരീക്ഷണം പ്രശ്‌നത്തിനു പരിഹാരമായേക്കും. ഷാറൂഖ് ഖാനെതിരെ താക്കറേമാര്‍ പരാജയപ്പെട്ടിടത്ത് കത്രീന കൈഫിനെതിരെ പൊരുതി ജയിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കാവില്ല. എങ്കിലും കോണ്‍ഗ്രസിന്റെ മറച്ചുവെക്കപ്പെട്ട ഏകാധിപത്യവാസനക്കും പാദസേവാപ്രവണതക്കും ഈ രണ്ട് കാര്യങ്ങളും ഏറ്റവും പുതിയ തെളിവായി.

വിശുദ്ധപശുക്കളുടെ തൊഴുത്താണോ നെഹ്‌റുകുടുംബമെന്ന് ശശി തരൂരിന്റെ പ്രയോഗം കടമെടുത്ത് ചോദിക്കേണ്ടി വരും. ജവഹര്‍ലാലിന്റെ ജീവിതത്തെ ആസ്‌പദമാക്കി നിര്‍മിക്കാനുദേശിച്ച ചിത്രം കോണ്‍ഗ്രസ് സമ്മര്‍ദത്താല്‍ അട്ടിമറിക്കപ്പെട്ടു. എഡ്വിന മൗണ്ട്ബാറ്റനുമായുള്ള നെഹ്‌റുവിന്റെ ഏറെ എഴുതപ്പെട്ട പ്രണയം തിരക്കഥയില്‍ ഉണ്ടെന്നതായിരുന്നു കാരണം. മര്‍ലിന്‍ മണ്‍റോയുമായി കെന്നഡിയെ ബന്ധപ്പെടുത്തുന്ന കഥകള്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെയോ കെന്നഡി കുടുംബത്തെയോ അസ്വസ്ഥമാക്കിയിട്ടില്ല. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ സംരക്ഷകനായിരുന്നു ചരിത്രകാരനായ നെഹ്‌റു. ചരിത്രത്തോടും കലയോടും കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്ന അനാശാസ്യമായ അനാദരവ് അദ്ദേഹം പൊറുക്കുമെന്ന് തോന്നുന്നില്ല.
ജനാധിപത്യവാദിയായ നെഹ്‌റുവിന്റെ കാലത്തും പുസ്തകനിരോധമുണ്ടായിട്ടുണ്ട്. വ്‌ളാദിമിര്‍ നബക്കോവിന്റെ 'ലോലിത'യാണ് സ്വതന്ത്രഭാരതത്തില്‍ നിരോധിക്കപ്പെട്ട ആദ്യപുസ്തകം. ഫ്രാങ്ക് മൊറെയ്‌സും ആര്‍.കെ കരഞ്ചിയയും ഉള്‍പ്പെടെ നാല് പ്രമുഖ പത്രാധിപന്മാര്‍ സംയുക്തമായി ആവശ്യപ്പെട്ടിട്ടും നിരോധം നീക്കിയില്ല. ഉപരാഷ്ട്രപതിയായിരുന്ന ഡോക്ടര്‍ രാധാകൃഷ്ണന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് നിരോധം പിന്‍വലിക്കാന്‍ പുസ്തകപ്രേമിയായ നെഹ്‌റു തയാറായത്. ഡി.എച്ച് ലോറന്‍സിന്റെ 'ലേഡി ചാറ്റര്‍ലിയുടെ കാമുകന്‍' ഇംഗ്ലണ്ടിലും അമേരിക്കയിലുമെന്നപോലെ ഇന്ത്യയിലും നിരോധിക്കപ്പെട്ട കൃതിയാണ്. അവിടങ്ങളിലെ നിരോധം കോടതി റദ്ദാക്കിയശേഷവും ഇരുപതു വര്‍ഷത്തോളം ഇന്ത്യയില്‍ നിരോധം തുടര്‍ന്നു. പ്രസാധകര്‍ അറസ്റ്റിനും പ്രോസിക്യൂഷനും വിധേയരായി. അശ്ലീലമെന്ന ആക്ഷേപത്തിന്മേലാണ് 'ലോലിത'യും 'ലേഡി ചാറ്റര്‍ലിയുടെ കാമുകനും' നിരോധിക്കപ്പെട്ടത്.

ആധുനികകാലത്ത് പുസ്തകങ്ങള്‍ അനായാസം നിരോധിക്കാനാവില്ല. പല വഴികളിലൂടെയും പുസ്തകങ്ങള്‍ നിരോധിതദേശത്ത് എത്തിച്ചേരും. പീറ്റര്‍ റൈറ്റ് എന്ന മിലിട്ടറി ഇന്റലിജന്‍സ് ഓഫീസറുടെ ആത്മകഥയായ 'സ്‌പൈ കാച്ചര്‍' നിരോധിക്കാന്‍ ശ്രമിച്ച മാര്‍ഗരറ്റ് താച്ചര്‍ പരാജയപ്പെട്ടു. അമേരിക്കയിലും ആസ്‌ട്രേലിയയിലും യൂറോപ്യന്‍രാജ്യങ്ങളിലും പുസ്തകവില്‍പന വര്‍ധിപ്പിക്കാന്‍ മാത്രമാണ് ബ്രിട്ടനിലെ നിരോധം സഹായകമായത്. സര്‍വീസില്‍നിന്ന് നിരാശയോടെ പിരിഞ്ഞ റൈറ്റ് ഗ്രന്ഥകാരനെന്ന നിലയില്‍ സമ്പന്നനായി. കടലാസിനു പകരം ഇ-പുസ്തകങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന കാലമായതിനാല്‍ നിരോധം സമ്പൂര്‍ണമോ ഫലപ്രദമോ ആവില്ല. നിരോധിക്കപ്പെട്ട പുസ്തകത്തിലെ പ്രസക്തഭാഗങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍നിന്ന് പത്രങ്ങളെ തടയാനും കഴിയില്ല.
സല്‍മാന്‍ റുഷ്ദി മുതല്‍ ജസ്‌വന്ത് സിങ് വരെ ഇന്ത്യയില്‍ പുസ്തകനിരോധത്തിന്റെ ഇരകള്‍ നിരവധിയാണ്. ഓരോന്നിനും ഓരോ കാരണം എന്നു മാത്രം. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് ഭരണഘടന നിര്‍ദേശിക്കുന്ന പരിമിതി ഉള്ളതിനാല്‍ ചില അവസ്ഥകളില്‍ നിരോധത്തിന് ന്യായീകരണമുണ്ടാകും. ഗോപാല്‍ ഗോദ്‌സെ എഴുതിയ 'ഗാന്ധിയുടെ കൊലപാതകവും ഞാനും' എന്ന പുസ്തകം മഹാരാഷ്ട്രയില്‍ നിരോധിച്ചപ്പോള്‍ ബോംബെ ഹൈകോടതി ആ ഉത്തരവ് റദ്ദാക്കി. ഒരു സംസ്ഥാനത്ത് മാത്രമായുള്ള നിരോധം കൊണ്ട് എന്തു ഫലം എന്നാണ് കോടതി ചോദിച്ചത്. ശിവജിയെക്കുറിച്ച് ജയിംസ് ലെയ്ന്‍ എഴുതിയ പുസ്തകം നിരോധിച്ചപ്പോഴും കോടതി ഈ നിലപാട് സ്വീകരിച്ചു. തസ്‌ലീമ നസ്‌റീന്റെ 'ദ്വിഖണ്ഡിത' നിരോധിച്ചതിനെ കൊല്‍ക്കത്ത ഹൈകോടതി അനുകൂലിച്ചില്ല. ജിന്നയെക്കുറിച്ച ജസ്‌വന്ത് സിങ്ങിന്റെ പുസ്തകം ഗുജറാത്തില്‍ നിരോധിച്ചപ്പോള്‍ ഗുജറാത്ത് ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന കെ എസ് രാധാകൃഷ്ണന്‍ സ്വീകരിച്ച നിലപാടും നിരോധത്തിന് അനുകൂലമായിരുന്നില്ല. പുസ്തകം വായിക്കാതെയും ഉള്ളടക്കം മനസ്സിലാക്കാതെയുമാണ് നിരോധ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധനായ ഡൊമിനിക് ലാപിയറുടെ ബന്ധുവാണ് ജാവിയര്‍ മോറോ. ഭോപാല്‍ ദുരന്തത്തെക്കുറിച്ച് ലാപിയറും മോറോയും ചേര്‍ന്നെഴുതിയ പുസ്തകമാണ് 'അര്‍ധരാത്രി കഴിഞ്ഞ് അഞ്ചു മിനിറ്റ്'. കല്‍പനയും യാഥാര്‍ഥ്യവും ഇടകലര്‍ത്തിയും ചരിത്രത്തോട് നീതി പുലര്‍ത്തിക്കൊണ്ടുമുള്ള രചനാരീതിയാണ് കോളിന്‍സിന്റെയും ലാപിയറുടെയും പാരമ്പര്യത്തിലൂന്നി മോറോയും സ്വീകരിച്ചിരിക്കുന്നത്. സോണിയഗാന്ധിയുടെ ആധികാരികമായ ജീവചരിത്രമാണ് ചുവന്ന സാരിയെന്ന് മോറോ അവകാശപ്പെടാത്തിടത്തോളം സിങ്‌വിയുടെ കോപത്തിനു ന്യായീകരണമില്ല. ജീവിച്ചിരിക്കുന്ന വ്യക്തിയെ കഥാപാത്രമാക്കുമ്പോഴും സാങ്കല്‍പികമായ സന്ദര്‍ഭങ്ങള്‍ക്കും സംഭാഷണത്തിനും നോവലില്‍ ഇടമുണ്ട്. അപകീര്‍ത്തി ഉണ്ടായാല്‍ അതിന് വേറെ പ്രതിവിധിയുണ്ട്. 'രാജനീതി'യില്‍ കത്രീന കൈഫിന്റെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ സോണിയഗാന്ധിയെ ഓര്‍ത്തുപോയ കോണ്‍ഗ്രസുകാരുടെ നീതിബോധം മാത്രമല്ല സൗന്ദര്യബോധവും സംശയാസ്‌പദമാണ്. പുസ്തകം വായിക്കാതെയും സിനിമ കാണാതെയുമുള്ള ഈ കോലാഹലം അനുഭവങ്ങളുടെ സഞ്ചിതനിക്ഷേപമുള്ള പാര്‍ട്ടിക്ക് ഭൂഷണമല്ല.

No comments: