Friday, June 11, 2010

ആ 'തീവ്രവാദികള്‍' പൊയ്‌നാച്ചിയിലുണ്ട്; കളിക്കാനും പഠിക്കാനും കഴിയാതെ

ആ 'തീവ്രവാദികള്‍' പൊയ്‌നാച്ചിയിലുണ്ട്; കളിക്കാനും പഠിക്കാനും കഴിയാതെ

Thursday, June 10, 2010
തിരുവനന്തപുരം: കാസര്‍കോഡ് പൊയ്‌നാച്ചിയിലെ പ്രത്യേകിച്ച് വീട്ടുപേരൊന്നും പറയാനില്ലാത്ത വീട്ടില്‍ കൊച്ചുമോളുടെ മക്കള്‍ രാജിക്കും രാഹുലിനും വലിയൊരു ആഗ്രഹമുണ്ട്;  ഒരു സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കണം. തങ്ങളെ കളിയാക്കാത്ത, ഉപദ്രവിക്കാത്ത സ്‌കൂള്‍ വേണം.

കഴിഞ്ഞ വര്‍ഷം ഓണക്കാലം വരെ  വര്‍ക്കല പാപനാശം റോഡിലെ ഗവ. എല്‍.പി സ്‌കൂളില്‍ നാലിലും ഒന്നിലുമായി ഇവര്‍ പഠിച്ചിരുന്നു.  വര്‍ക്കല തൊടുവെ കോളനി ആറ്റുപുറമ്പോക്കില്‍ കൊച്ചുമോള്‍-ബാബു ദമ്പതികളുടെ മക്കള്‍ എന്നൊരു വിലാസം അന്നുണ്ടായിരുന്നു. മറ്റുള്ളവരുടെ ചീത്തവിളിയും കളിയാക്കലും അപമാനിക്കലുമൊക്കെ ദിനചര്യയുടെ ഭാഗമായിരുന്നിട്ടും അവര്‍ക്ക്  സ്‌കൂളില്‍ പോകാന്‍ ഇഷ്ടമായിരുന്നു.  പണ്ടേ ദലിതര്‍, പോരെങ്കില്‍ തൊടുവെയിലും എന്ന അവസ്ഥയില്‍ പൊതുസമൂഹം നല്‍കിയ ആട്ടും തുപ്പും കുറേയേറെ സഹിച്ചു. പക്ഷേ, 2009 സെപ്റ്റംബര്‍ 23 ന് എല്ലാം തകിടംമറിഞ്ഞു. അന്നാണ് വര്‍ക്കല കൊലപാതകം നടന്നത്.
ഗുണ്ടകളും പൊലീസും കോളനി കയറി നിരങ്ങി. പൊലീസ് വേട്ട ഭയന്ന് ബാബു നാടുവിട്ടു. രാജിയും രാഹുലുമടക്കം മൂന്നു മക്കളും പ്രായമായ അമ്മയും വിശപ്പിന് ആശ്രയിക്കുന്നതിനാല്‍ കുഞ്ഞുമോള്‍ക്ക് അതിന് സാധിച്ചില്ല. രണ്ട് ദിവസം മാറിനിന്നിട്ട് വിശപ്പ് സഹിക്കാതെ അവര്‍ തിരിച്ചുവന്നു. പക്ഷേ, സ്‌കൂളിലെത്തിയ രാജിക്കും രാഹുലിനും ക്ലാസില്‍ കയറാനായില്ല. തീവ്രവാദികളെ ഇവിടെ പഠിപ്പിക്കില്ലെന്നായിരുന്നു ചില അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും നിലപാട്.

ബോംബുണ്ടോയെന്ന് നോക്കാന്‍ ഈ പിഞ്ചുകുട്ടികളുടെ ബാഗും ചോറ്റുപാത്രങ്ങളും തുറന്നുനോക്കുന്നതു പതിവായിരുന്നു. പല ദിവസങ്ങളിലും കറിയില്ലാതെ വെറും ചോറുമാത്രമാണ് ഇവയിലുണ്ടായിരുന്നത്. എന്നിട്ടും ഇവരുടെ ദയനീയസ്ഥിതി മനസ്സിലാക്കാന്‍ അവിടെ ആര്‍ക്കും കഴിഞ്ഞില്ല. സഹികെട്ട കൊച്ചുമോള്‍ കുട്ടികളുടെ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. മധ്യവേനലവധിക്ക് വന്നാല്‍ നോക്കാമെന്നായിരുന്നു അധ്യാപകരുടെ മറുപടി. പക്ഷേ, കോളനിയിലെ വീട് ആക്രമിക്കപ്പെട്ടതിനെതുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കായില്ല. കോളനി സന്ദര്‍ശിക്കാനെത്തിയ സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മനുഷ്യാവകാശ കമീഷന്   പരാതി എഴുതിനല്‍കിയ ശേഷം കുഞ്ഞുമോള്‍ നാടുവിട്ടു. ജോലി തേടി നടക്കുന്നതിനിടെ കാസര്‍കോടെത്തി. ഇപ്പോള്‍ ഒരു കെട്ടിട നിര്‍മാണ സ്ഥലത്ത് പണിയെടുക്കുന്നു. പത്ത് കിലോയിലേറെ ഭാരമുള്ള ഒരു വെട്ടുകല്ല് മൂന്നാം നിലയില്‍ കയറ്റിക്കൊടുത്താല്‍ രണ്ട് രൂപ കിട്ടും. രാവിലെ 7.30 മുതല്‍ വൈകുന്നേരം 5.30 വരെ നിര്‍ത്താതെ ജോലിചെയ്താല്‍ 100 കല്ല് കയറ്റാം. അപ്പോള്‍ 200 രൂപ കിട്ടും. അഞ്ചംഗകുടുംബത്തിന് വാടകവീട്ടില്‍ കഷ്ടിച്ച് കഴിഞ്ഞുകൂടാം.  
കൊച്ചുമോള്‍ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. മനുഷ്യാവകാശ കമീഷന്‍ എപ്പോഴെങ്കിലും കുട്ടികളുടെ ടി.സി വാങ്ങിത്തരുമെന്ന്. സ്‌കൂളില്‍ പോകുന്ന ദിവസവും കാത്ത് അമ്മൂമ്മക്കൊപ്പം വാടകവീട്ടില്‍ അടച്ചിരിക്കുകയാണ് ഇപ്പോള്‍ കുട്ടികള്‍.

ടി.ജുവിന്‍

No comments: