Friday, July 16, 2010

ആ ചോരയുടെ വില

ആ ചോരയുടെ  വില

Thursday, July 15, 2010
കെ.പി. രാമനുണ്ണി

2010 ജൂലൈ നാലാം തീയതി ഒരു കറുത്ത ഞായറാഴ്ചയായിരുന്നു. ന്യൂമാന്‍സ് കോളജിലെ തെറ്റ് ചെയ്ത പ്രഫ. ടി.ജെ. ജോസഫ് എന്ന അധ്യാപകന്റെ വലതുകൈപ്പത്തി വെട്ടിമാറ്റിയ ദിവസം. മൂടിക്കെട്ടിയ അന്തരീക്ഷം ഒന്നുകൂടി കനത്തിരുന്നു. നെടുവീര്‍പ്പിന്റെ തുടര്‍ശ്വാസംകൊണ്ടെന്നപോലെ മഴച്ചാറലുകള്‍ മുകളിലോട്ട് വലിഞ്ഞുനിന്നു, നനപ്പിക്കാനല്ല, കറുപ്പിക്കാനാണ് കാര്‍മേഘങ്ങള്‍ ഭൂമിയെ പൊതിയുന്നതെന്ന് തോന്നി. ഉച്ച തിരിഞ്ഞ് മൂന്നു മണിയായതോടെ സൈലന്റ് മോഡില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണില്‍ ചെകുത്താന്മാര്‍ പല്ലിളിച്ച് കാട്ടാന്‍ തുടങ്ങി.
പച്ചയമര്‍ത്തി ഒന്നിനെ മോചിപ്പിച്ചതും 'അറിഞ്ഞില്ലേ സംഭവം? നിങ്ങളെല്ലാം നല്ലോണം താങ്ങിക്കൊടുത്തോളൂ....ഇവന്മാരുടെ കളി കഴിഞ്ഞിട്ട് വേണം ഇവിടെയൊന്ന് ശരിയാക്കാന്‍' എന്നായിരുന്നു അതിന്റെ ആഹ്ലാദം തിരതല്ലുന്ന ഉദീരണം.

രണ്ടാമത്തെ ഫോണ്‍ കോള്‍ കനത്ത ശബ്ദത്തില്‍ നിര്‍ത്തി നിര്‍ത്തി ഉപദേശ രൂപേണയാണ് എത്തിയത്. രാമനുണ്ണി വിഷമിക്കുകയേ ചെയ്യരുതെന്ന് ആദ്യമേ അതെന്നെ ആശ്വസിപ്പിച്ചു. 'താങ്കള്‍ നല്ല ഉദ്ദേശ്യത്തോടെയാണ് മുസ്‌ലിംകളെ സപ്പോര്‍ട്ട് ചെയ്യുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, നിഷ്‌കളങ്കനായ പഴയ പൊന്നാനി മുസ്‌ലിമല്ല ഇന്നത്തെ മുസ്‌ലിം. അതിനാല്‍ ഇനിയെങ്കിലും സൂക്ഷിക്കണം. ഖയ്യൂമിന്റെ വീട്ടുകാരോടുള്ള സ്‌നേഹം വെച്ച് ഇവന്മാരുടെ കൂടെ നിന്നാല്‍ താങ്കളും നാറിപ്പോകും'.
പറഞ്ഞു പറഞ്ഞ് അവസാനമെത്തിയപ്പോഴേക്കും ഉപദേശ സ്വരത്തില്‍ ഭീഷണഭാവം കലരാന്‍ തുടങ്ങി.
മൂന്നാമതും ഫോണില്‍ തുള്ളിയിരുന്ന ചെകുത്താനെ വചനമാക്കിയപ്പോള്‍ അവന്‍ മഹാകാരുണ്യവാനായി അനുഭവപ്പെട്ടു. ജോസഫിന്റെ കൈ വെട്ടിയതുകൊണ്ട് മുസ്‌ലിംകള്‍ക്ക് വരാന്‍ പോകുന്ന അനര്‍ഥങ്ങളെ ഓര്‍ത്തുള്ള പരിദേവനങ്ങളായിരുന്നു സംസാരത്തുടക്കം.

'അല്ലെങ്കിലേ, മുസ്‌ലിംകളെ ഭീകരവാദികളായി കാണുന്ന പ്രവണത കേരളത്തിലടക്കം തുടങ്ങിയിട്ടുണ്ട്. കശ്മീരിലെ ചാവേറുകള്‍, തടിയന്റവിട നസീര്‍, ലൗജിഹാദ് തുടങ്ങി മേലേക്ക് മേലേയല്ലേ ഓരോന്ന് അവരുടെ തലയില്‍ വന്നു വീഴുന്നത് എന്നെല്ലാം ആ സൗഹൃദസ്വരം വിഷമിച്ചുകൊണ്ടിരുന്നു.
പെട്ടെന്ന് ട്രാക്ക് മാറി  ഇങ്ങനെ തുടര്‍ന്നു. 'എന്നാലേയ്, ജോസഫിന്റെ കൈവെട്ടല്‍ സാധാരണ കേസല്ല, മറുവശത്ത് അച്ചായന്മാരാണെന്ന് ഓര്‍മ വേണം. അവര്‍ പെട്ടെന്നൊന്നും ചെയ്തില്ലെങ്കിലും മെല്ലെ പിടിക്കും. പിടിച്ച് വളക്കും, വളച്ച് ഞെരുക്കും, ഞെരുക്കി ശ്വാസം മുട്ടിക്കും, ശ്വാസം മുട്ടിച്ച് ശ്വാസം മുട്ടിച്ച്.....
സകല ആക്‌സിഡന്റ് സ്‌പോട്ടുകളിലും ഓടിയെത്തി ശവശരീരങ്ങള്‍ ആര്‍ത്തിപിടിച്ച് നോക്കുന്ന മനോരോഗികളുടെ കിതപ്പ് മറുതലക്കല്‍ കേട്ടപ്പോള്‍ ഞാന്‍ ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു.
ഈ എളിയവന്‍ എഴുത്തുകൊണ്ട് മുതല്‍ എഴുത്തമ്മയായ കമലാ സുറയ്യ സ്വന്തം ഖബറടക്കം കൊണ്ടു വരെ കേരളത്തില്‍ ഊട്ടിയുറപ്പിക്കാന്‍ പാടുപെട്ടിരുന്ന മതമൈത്രി ഇങ്ങനെ തകരാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുകയാണല്ലോയെന്ന് ഓര്‍ത്തതും കഠിനമായ ദുരന്തബോധമനുഭവപ്പെട്ടു. ഹതാശയുടെ പടുകുഴിയില്‍വെച്ച് സാധാരണ സംഭവിക്കാറുള്ളത് പോലെ എന്തിനായിട്ടാണെടാ ഇത് എന്ന സര്‍വകാരകനോടുള്ള കലി എന്നില്‍ കത്തിപ്പടര്‍ന്നു.

'ഇങ്ങനെ നശിപ്പിക്കാനാണെങ്കില്‍ എന്തിനാണ് നീ', തന്തയും തള്ളയുമുള്ളവര്‍ക്കല്ലേ മറ്റുള്ളവരുടെ വേദന മനസ്സിലാകൂ' തുടങ്ങിയ ശകാരങ്ങള്‍ ആദ്യത്തെ ക്ഷോഭത്തിന് ശേഷവും കരുതിക്കൂട്ടി ഞാന്‍ ഉച്ചരിക്കാന്‍ തുടങ്ങി. കാരണം, സ്മരണയുണര്‍ത്തുന്നതിനാല്‍, സ്‌നേഹത്തോടെയുള്ള സ്തുതി പോലെ തന്നെ ശത്രുതയോടെയുള്ള ചീത്തപറച്ചിലും അവന്റെ അനുഗ്രഹം നേടിത്തരുമെന്നാണ് ദൈവജ്ഞര്‍ പറഞ്ഞിട്ടുള്ളത്. ഇക്കാലത്ത് ശകാരത്തിനായിരിക്കുമല്ലോ സ്തുതിയേക്കാള്‍ പവറും വോള്‍ട്ടേജും കൂടുക.
അവനോട് ക്ഷോഭിച്ചും കയര്‍ത്തും രാത്രി മുഴുവന്‍ തള്ളി നീക്കിയതും കൂരാക്കൂരിരുട്ടിലെ മിന്നല്‍പ്പിണര്‍പോലെ, മണലാരണ്യത്തിലെ ജീവന്‍മുകുളങ്ങള്‍ പോലെ ഒരു ഫോണ്‍കോള്‍-കൈ അറുത്തു മാറ്റപ്പെട്ട ജോസഫിന് ആവശ്യമായ 17 ബോട്ടില്‍ രക്തത്തില്‍ 12 ബോട്ടിലും നല്‍കിയിരിക്കുന്നത് സോളിഡാരിറ്റി പ്രവര്‍ത്തകരായ എട്ട് മുസ്‌ലിം ചെറുപ്പക്കാരാണ് എന്നതായിരുന്നു വിവരം.
ദൈവമേ, നിന്നെ പ്രീതിപ്പെടുത്താന്‍ സ്തുതിയേക്കാള്‍ നല്ലത് ശകാരം തന്നെ.
പ്രവാചക നിന്ദ നടത്തിയതിന്റെ പേരില്‍ ആക്രമിക്കപ്പെട്ട ജോസഫിന് അമീര്‍ഫൈസലും നസീറും ഷബീറും അബ്ദുള്‍ ഹക്കീമും സാബിറും അബ്ദുള്‍ സലാമും ഷഫീക്ക് അഹമ്മദും നൗഷാദും ജീവരക്തം നല്‍കിയതില്‍ ബ്ലഡ് ഗ്രൂപ്പിന്റെയോ സന്നദ്ധ സംഘടനാ പ്രവര്‍ത്തനത്തിന്റെയോ പ്രശ്‌നം മാത്രമല്ല അടങ്ങിയിട്ടുള്ളതെന്ന് പെട്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ദൈവശാസ്ത്രപരവും ദാര്‍ശനികവുമായ പല നിലപാടുകളും ആ ജീവദാനം മുന്നോട്ടുവെക്കുന്നുണ്ട്.

ആദ്യമായി, ജോസഫിന്റെ കൈവെട്ടലിലൂടെ ചില ഹീനന്മാര്‍ നടത്തിയത് പ്രവാചകനിന്ദയാണെന്നും അത് സ്വന്തം രക്തം കൊണ്ട് കഴുകിക്കളയേണ്ടതാണെന്നും മേല്‍പറഞ്ഞ ചെറുപ്പക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കാരണം, തന്റെ ശരീരത്തിലേക്ക് മാലിന്യങ്ങള്‍ നിക്ഷേപിച്ച ജൂതസ്ത്രീയെപ്പോലും സ്‌നേഹിക്കുകയും തന്നെ നിരന്തരം ദ്രോഹിച്ച ശത്രുക്കള്‍ക്ക് പോലും മാപ്പ് നല്‍കുകയും ചെയ്യുന്നതായിരുന്നു മുഹമ്മദ് നബിയുടെ തത്ത്വദര്‍ശനം. അങ്ങനെയുള്ളൊരു മഹാത്മാവിന്റെ പേരും പറഞ്ഞ് നിയമം കൈയിലെടുക്കുകയും ഹിംസ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ തത്ത്വദര്‍ശനങ്ങളോടുള്ള അവഹേളനവും അതുവഴി പ്രവാചകനെത്തന്നെ അപമാനിക്കലുമാകുന്നു.
രണ്ടാമതായി, ആ മുസ്‌ലിം ചെറുപ്പക്കാര്‍ തങ്ങളുടെ ചോര കൊണ്ട് ചെയ്തത് ഇസ്‌ലാമികതയെ ഉയര്‍ത്തിപ്പിടിക്കലും സാമുദായികതയെ കൂസാതിരിക്കലുമാണ്. നീതിയിലും ധര്‍മത്തിലും അനശ്വരമായ മൂല്യങ്ങളിലും അധിഷ്ഠിതമാണ് ഇസ്‌ലാമികത. സാമുദായികതയിലാകട്ടെ കൂടെയുള്ളവരോടുള്ള നിക്ഷിപ്ത താല്‍പര്യങ്ങളും അതുണ്ടാക്കുന്ന പക്ഷപാതങ്ങളും ഇടകലരുന്നു. മാര്‍ക്‌സിസ്റ്റുകാര്‍ നടത്തുന്ന ഗുണ്ടായിസത്തെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ന്യായീകരിക്കാറില്ലേ, കോണ്‍ഗ്രസുകാര്‍ നടത്തുന്ന ഗുണ്ടായിസത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ന്യായീകരിക്കാറില്ലേ. അതിനാല്‍ ജോസഫിന്റെ കൈവെട്ടിയ മുസ്‌ലിംകളെ മുസ്‌ലിം സമുദായത്തിനും ന്യായീകരിക്കാന്‍ പാടില്ലേ തുടങ്ങിയ വാദഗതികള്‍ കക്ഷിരാഷ്ട്രീയത്തിന് സമാന്തരമായ സാമുദായികതയില്‍നിന്നാണ് ഉടലെടുക്കുന്നത്. ഇസ്‌ലാമികതയുമായോ ശരിയായ മതബോധവുമായോ ഇതിന് ഒരു ബന്ധവുമില്ല. ഞങ്ങടെ പെട്രോമാക്‌സ് ഞങ്ങള് കട്ടാല്‍ നിങ്ങക്കെന്താ മാര്‍ക്‌സിസ്‌റ്റേ/ഞങ്ങടെ പെട്രോമാക്‌സ് ഞങ്ങള് കട്ടാല്‍ നിങ്ങക്കെന്താ കോണ്‍ഗ്രസേ എന്ന രീതിയില്‍ സകല സത്യധര്‍മ നിയമങ്ങളെയും കൊഞ്ഞനംകുത്തുന്ന സമീപനങ്ങളിലേക്കും കക്ഷി രാഷ്ട്രീയവും അതുപോലുള്ള സാമുദായികതയും വഴുതിവീഴുന്നതായിരിക്കും. മറുവശത്ത്, ശത്രുസമൂഹത്തിലുള്ളവരോടായാലും അനീതി പ്രവര്‍ത്തിക്കരുതെന്ന വേദഗ്രന്ഥത്തിന്റെ പ്രബോധനമാണ് ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നത്. മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമാണോ വേണ്ടത്, അതോ കക്ഷിരാഷ്ട്രീയ സമാനം ജീര്‍ണമായ സാമുദായികതയാണോ വേണ്ടത് എന്ന നിര്‍ണായക ചോദ്യത്തിനുള്ള മറുപടിയായാണ് ശത്രുസമൂഹമാക്കപ്പെട്ട ജോസഫിന്റെ രക്തവുമായി എട്ട് മുസ്‌ലിം സഹോദരരുടെ രക്തം ഇന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്. (അതിനവര്‍ക്ക് പച്ചത്തെറികളും പരിഹാസവാക്കുകളും കേള്‍ക്കേണ്ടി വന്നെങ്കിലും).

പവിത്രമായ ആ ചോരക്ക് വിലയിടിയാതിരിക്കണമെങ്കില്‍ മുസ്‌ലിംകളായ വിശ്വാസികളും മറ്റ് മതസ്ഥരായ വിശ്വാസികളും ആദര്‍ശാത്മകമായ ചില നിലപാടുകള്‍ നിര്‍ബന്ധമായും അനുവര്‍ത്തിക്കേണ്ടതുണ്ട്. എന്ത് വില കൊടുത്തും ഇസ്‌ലാമിന്റെ ആദര്‍ശ സംഹിതകളെ വിശാലമായി ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് വിശ്വാസികളായ മുസ്‌ലിംകള്‍ സംശയലേശമന്യേ ചെയ്യേണ്ടത്. അങ്ങനെ വരുമ്പോള്‍ ഇസ്‌ലാമിന്റെ പേരു പറഞ്ഞ് അനിസ്‌ലാമികമായ കാര്യങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നവരെ അവര്‍ കര്‍ശനമായി നേരിടേണ്ടിവരും. ഇസ്‌ലാമിനെ 'രക്ഷപ്പെടുത്താനായി' ബോംബും സ്‌ഫോടകവസ്തുക്കളും സൂക്ഷിക്കുന്നവരെ സര്‍ക്കാര്‍ ഏജന്‍സികളെപ്പോലും കാത്തുനില്‍ക്കാതെ കണ്ടുപിടിച്ച് നിയമത്തിന് മുന്നില്‍കൊണ്ടുവരുക, ഇസ്‌ലാമിക ദര്‍ശനങ്ങള്‍ വളച്ചൊടിച്ച് വര്‍ഗീയത വളര്‍ത്തുന്നവരെ പരസ്യമായി വിചാരണ ചെയ്യുക, ഇസ്‌ലാമിനെ കരുവാക്കി സമൂഹത്തില്‍ സൃഷ്ടിക്കപ്പെടുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ജീവന്‍ കൊണ്ടും രക്തം കൊണ്ടും പരിഹാരമുണ്ടാക്കുക, ഹിന്ദു വര്‍ഗീയവാദികളുടെ ഹീനകൃത്യങ്ങള്‍ക്ക് സ്വയം പ്രായശ്ചിത്തം ചെയ്തിരുന്ന മഹാത്മാഗാന്ധിയുടെ പാത പിന്തുടരുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളായ മുസ്‌ലിംകള്‍ ആസൂത്രണം ചെയ്യേണ്ട സമയമായിരിക്കുന്നു.

എന്നാല്‍, യഥാര്‍ഥ ഇസ്‌ലാംമത വിശ്വാസികളെപ്പോലും ഇത്തരമൊരു ദൗത്യം ഏറ്റെടുക്കുന്നതില്‍ ഇടപതറിക്കുന്ന ചില മാനസിക ഘടകങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നുണ്ട്. പല തരത്തിലും മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സമകാലിക അവസ്ഥയില്‍ വഴിപിഴച്ച മുസ്‌ലിമിനോട് പോലും അവര്‍ക്ക് തോന്നുന്ന ഏകത്വബോധമാണത്. അതായത് അരക്ഷിതത്വബോധം സൃഷ്ടിക്കുന്ന ഒരുതരം ഗോത്രപ്പിടിത്തം. ഈ പ്രശ്‌നത്തെ മറികടക്കാന്‍ സുതാര്യവും ധീരവുമായ വിവേക ചിന്ത കൊണ്ടു മാത്രമേ സാധിക്കുകയുള്ളൂ.
ഒരു കാര്യം ചോദിക്കട്ടെ-കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്തിലായാലും ട്രേഡ് യൂനിയന്‍ മോഡലിലുള്ള പരസ്‌പര ഐക്യദാര്‍ഢ്യം കൊണ്ട് മുസ്‌ലിംകള്‍ക്ക് രക്ഷ കിട്ടുമോ? തീര്‍ത്തും സംശയമാണ്. ഉദാഹരണമായി ആലോചിക്കുകയാണെങ്കില്‍ സാമുദായിക ഒരുമ എന്ന ഒറ്റ അച്ചുതണ്ടിനെ ആശ്രയിച്ച് രാഷ്ട്രനിര്‍മാണം നടത്തിയ പാകിസ്താന്റെ ദയനീയമായ അവസ്ഥ നമ്മുടെ കണ്‍മുന്നിലുണ്ടല്ലോ. എന്നാല്‍, സൂര്യന്‍ കിഴക്ക് ഉദിക്കുകയാണെങ്കില്‍, പ്രപഞ്ചഗോളങ്ങള്‍ ചലനക്രമം പാലിക്കുകയാണെങ്കില്‍ ഇസ്‌ലാമിക ദര്‍ശനവുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുസ്‌ലിംകള്‍ക്ക് രക്ഷകിട്ടുമെന്ന് മാത്രമല്ല, അവര്‍ അജയ്യരായിത്തീരുകയും ചെയ്യും. ഭൗതികമായ യുക്തികളെ വെടിഞ്ഞ് ദൈവികമായ ആദര്‍ശങ്ങളെ ശരണം പ്രാപിക്കാന്‍ വിശ്വാസികള്‍ മുന്നോട്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മറ്റു മതവിശ്വാസികള്‍ എടുക്കുന്ന നിലപാടുകളും മുസ്‌ലിംകളുടെ തത്ത്വാധിഷ്ഠിത നീക്കങ്ങള്‍ക്ക് അനുരൂപമായിരിക്കല്‍ ഈ അവസരത്തില്‍ പ്രധാനമാണ്. മതവിരുദ്ധമായ മതഭ്രാന്തിനാല്‍ ചില ക്രിമിനലുകള്‍ നടത്തുന്ന കുറ്റകൃത്യങ്ങളെ ഇസ്‌ലാമിന്റെ അക്കൗണ്ടില്‍ വരവ് വെക്കുക എന്നത് യഥാര്‍ഥ മത വിശ്വാസിക്ക് സംഭവിക്കുന്ന ഭീമാബദ്ധവും കൊടുംപാപവുമാണ്. അത്തരം വീഴ്ചകളുടെ നിദര്‍ശനങ്ങളാണ് നാലാം തീയതി ഞായറാഴ്ച എനിക്ക് വന്ന ഫോണ്‍ കോളുകളില്‍ കയ്ച്ചുനിന്നത്.
ഒരു മതദര്‍ശനം കര്‍ശനമായി വിലക്കുന്ന കാര്യങ്ങള്‍ അതിന്റെ പേര് പറഞ്ഞ് ചെയ്യുന്നതാണല്ലോ ആ മതദര്‍ശനത്തിന് നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളി. അങ്ങനെ നോക്കുകയാണെങ്കില്‍ ജോസഫിന്റെ കൈവെട്ടല്‍ കൊണ്ടും അങ്ങിങ്ങ് ബോംബ് വെക്കല്‍ കൊണ്ടും ഭീകര സീഡികളുടെ സൂക്ഷിപ്പുകൊണ്ടും ശരിക്കും ആക്രമിക്കപ്പെടുന്നത് ഇസ്‌ലാമും യഥാര്‍ഥ മുസ്‌ലിമുമായതിനാല്‍ അവരോട് സ്‌നേഹപരിഗണനകള്‍ കാണിക്കുകയാണ് അത്തരം സന്ദര്‍ഭങ്ങളില്‍ മറ്റ് മതവിശ്വാസികളുടെ ഉത്തരവാദിത്തം. അതിനുപകരം, ഇസ്‌ലാമിനോടും മുസ്‌ലിംകളോടും അവര്‍ വിദ്വേഷം പുലര്‍ത്തുന്നത് ദൈവ വിരോധം മാത്രമല്ല വിരോധാഭാസം കൂടിയാണെന്ന് പറയേണ്ടിവരും.
ഏതായാലും, ദൈവസൃഷ്ടിയുടെ ഏകത്വന്യായത്തെ പ്രഘോഷിച്ചുകൊണ്ട് ജോസഫിന്റെ ഹൃദയത്തിലൂടെ, കരളിലൂടെ, മസ്തിഷ്‌കത്തിലൂടെ എട്ട് മുസ്‌ലിം സഹോദരരുടെ രക്തം ഒഴുകിക്കൊണ്ടിരിക്കയാണ്. ആ ചോരയുടെ വിലയിടിയാതെ സൂക്ഷിക്കുക എന്നത് ഏതൊരു മതവിശ്വാസിയുടേയും കര്‍ത്തവ്യമാണ്. എന്തെന്നാല്‍, അത് വിശ്വാസത്തിന്റെ വില തന്നെയാണ്.