Sunday, July 11, 2010

അദ്ഭുതക്കുട്ടി

അദ്ഭുതക്കുട്ടി

Sunday, July 11, 2010
അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന കുട്ടിയായതുകൊണ്ട് അദ്ഭുതക്കുട്ടി എന്നൊരു വിശേഷണം ചാര്‍ത്തിക്കിട്ടിയിരുന്നു. അറുവമ്പള്ളി പുത്തന്‍പുരയില്‍ അബ്ദുല്ലക്കുട്ടി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാതാവുമ്പോള്‍ വളര്‍ത്തി വലുതാക്കിയവര്‍ തന്നെ അദ്ഭുതങ്ങള്‍ കാട്ടുന്ന വിചിത്രമായ കാഴ്ചകള്‍ക്കാണ് പ്രബുദ്ധതകൊണ്ട് പൊറുതിമുട്ടിയ രാഷ്ട്രീയകേരളം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. അബ്ദുല്ലക്കുട്ടി എം.എല്‍.എ പെണ്ണിനോടൊപ്പം പിടിയിലാവണമെന്ന അടക്കാനാവാത്ത ആഗ്രഹം പങ്കുവെച്ച ഒരു ജനതയുടെ ആത്മാവിഷ്‌കാരമായ ചാനലാണ് ആദ്യം അദ്ഭുതം പ്രവര്‍ത്തിച്ചത്. ഉണ്ണിത്താന്റെ മഞ്ചേരി മോഡല്‍ ആവര്‍ത്തിക്കണമെന്ന അദമ്യമായ ആഗ്രഹവുമായി ചുവപ്പന്‍ പാപ്പരാസികള്‍ ശീതീകരിച്ച മുറിയിലെ ചാരുകസേരയിലിരുന്ന് നൂറുപോയിന്റ് ബോള്‍ഡില്‍ സ്‌ക്രോളിങ് ന്യൂസ് ചാനലിലൂടെ കടത്തിവിട്ടപ്പോള്‍ നാട് ഞെട്ടി. അബ്ദുല്ലക്കുട്ടിയും ഞെട്ടി. പി.ടി. ചാക്കോയുടെ പ്രമാദമായ പീച്ചിയാത്രക്കുശേഷം ഇതാ ഒരു പൊന്മുടിയാത്രാ വിവാദം എന്ന് കേരളത്തിന്റെ രാഷ്ട്രീയചരിത്രമറിയാവുന്നവര്‍ ഓര്‍മകള്‍ അയവെട്ടി. ഒരു രാഷ്ട്രീയ ശത്രുവിനെ ഉന്മൂലനം ചെയ്യുന്നതിന് എത്രത്തോളം നാണംകെട്ട പണികള്‍ ആവാം എന്ന് റിസര്‍ച്ചുചെയ്തുകൊണ്ടിരിക്കുന്ന സഖാക്കള്‍ ഒപ്പിച്ച വേലയില്‍ കുടുങ്ങിയത് ഒരു കുടുംബം. ഇനി കേരളത്തിലേക്കില്ലെന്ന് അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മുന്നിലോ പിന്നിലോ എം.എല്‍.എയുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ കാറില്‍ പോവുന്നത് സൂക്ഷിച്ചുവേണം. പിന്നെ പീഡനമായി. കൈരളി ചാനലിലെ വെണ്ടക്ക വാര്‍ത്തയായി. സി.പി.എമ്മിന് ഇഷ്ടമുള്ളവര്‍ മാത്രം റോഡിലൂടെ നടന്നാല്‍ മതി. അല്ലാത്തവരെ പീഡനക്കേസില്‍ പിടിച്ച് അകത്താക്കാന്‍ സദാചാരഗുണ്ടകളെ ചട്ടംകെട്ടിയിട്ടുണ്ട്.

ഒരു ജനത അബ്ദുല്ലക്കുട്ടിക്കെതിരെ ഇങ്ങനെയൊരു ആത്മാവിഷ്‌കാരം നിര്‍വഹിച്ചപ്പോള്‍ സഭയിലെ സഖാക്കള്‍ക്ക് അടങ്ങിയിരിക്കാനായില്ല. പൊതുവെ സദാചാരവിരുദ്ധമായ ഒന്നുംതന്നെ  പൊറുക്കാത്തവരാണ് സഖാക്കള്‍. ഒളിവുജീവിതകാലത്ത് സഖാക്കള്‍ ശരീരത്തിന്റെ വിളികള്‍ക്ക് കാതോര്‍ത്തുകൊണ്ടാണ് വിപ്ലവപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് പറഞ്ഞപ്പോള്‍ പയ്യന്നൂരിലെ ഡിഫിക്കുട്ടികള്‍ സക്കറിയയുടെ കോളറില്‍ കുത്തിപ്പിടിച്ചത് അത്തരം സദാചാരഭ്രംശങ്ങള്‍ പാര്‍ട്ടിയില്‍ നടന്നിട്ടില്ലെന്ന് തെളിയിക്കാനാണ്. മഞ്ചേരിയില്‍ ഊഴമിട്ടും ഉറക്കമിളച്ചും ഒളിഞ്ഞുനോക്കിയും ഉണ്ണിത്താനെ പിടിക്കാന്‍ തക്കം പാര്‍ത്തിരുന്നതും സദാ സദാചാരം കാക്കുന്ന കേരളീയന്റെ ജാഗ്രത്തായ മനസ്സാണല്ലോ. അതിനെ അഭിനന്ദിച്ചേ പറ്റൂ. എവിടെയെങ്കിലും ആണും പെണ്ണും ഒരുമിച്ച് നടക്കുന്നുണ്ടോ, അവര്‍ക്ക് വിവാഹസര്‍ട്ടിഫിക്കറ്റ് ഉണ്ടോ എന്നൊക്കെ നോക്കുന്ന സദാചാര പൊലീസിലെ അംഗങ്ങളാണ് അങ്ങേയറ്റത്തെ പ്രബുദ്ധതകൊണ്ട് പൊറുതിമുട്ടുന്ന ഈ നാട്ടിലെ ഭൂരിഭാഗം പേരും. അന്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കി അപഭ്രംശങ്ങള്‍ കണ്ടെത്തുന്ന അപസര്‍പ്പക മലയാളികളില്‍ ഒരാളായ സാമാജികന്‍ എം. ചന്ദ്രനും കാര്യങ്ങളുടെ ഈ പിഴച്ച പോക്കു കണ്ട് അടങ്ങിയിരിക്കാനായില്ല.

എം. ചന്ദ്രനെപ്പോലെ സദാ സദാചാരം കാക്കാന്‍ പ്രതിജ്ഞാബദ്ധരായ സാമാജികര്‍ ഇന്നാട്ടിലുണ്ടായിട്ടും ഇങ്ങനെയൊക്കെ നടക്കുന്നതിലാണ് അദ്ഭുതം. അബ്ദുല്ലക്കുട്ടി പൊന്മുടിയിലേക്കുപോയതും നാട്ടുകാര്‍ വളഞ്ഞുപിടിച്ചതും പൊലീസില്‍ ഏല്‍പിച്ചതും കൂട്ടത്തില്‍ സ്ത്രീ ഉണ്ടായിരുന്നു എന്നതും സത്യമാണെന്ന് സഭയെ ബോധിപ്പിച്ച മഹാനായ ആ സദാചാര സംരക്ഷകന്റെ തിരുനാമം സഭാരേഖകളില്‍ തങ്കലിപികളില്‍ എഴുതപ്പെടേണ്ടതായിരുന്നു. എന്നാല്‍ കണ്ണില്‍ ചോരയില്ലാത്ത സ്‌പീക്കര്‍ അത് രേഖയില്‍ നിന്ന് നീക്കം ചെയ്തു. അതുകൊണ്ട് കേരള നിയമസഭയുടെ ചാരിത്ര്യശുദ്ധിയുടെ ചരിത്രത്തില്‍ അബ്ദുല്ലക്കുട്ടിയുടെ പേര് പില്‍ക്കാലത്ത് ആരെങ്കിലും ചികഞ്ഞുനോക്കിയാല്‍ കാണാനാവില്ല. അക്ഷന്തവ്യമായ അപരാധമാണ് സ്‌പീക്കര്‍ ചെയ്തത്. ഒരു ചരിത്രനിഷേധം തന്നെ.

പാര്‍ട്ടി വിട്ടുപോയവര്‍ പാര്‍ട്ടി എതിരാളികളേക്കാള്‍ വെറുക്കപ്പെട്ടവരാണ് സി.പി.എമ്മിന്. എം.വി. രാഘവനെ വേട്ടയാടിയതുപോലെ അടുത്ത ഇര ഇനി അബ്ദുല്ലക്കുട്ടിയാണ്. കഴിഞ്ഞ വര്‍ഷം പാമ്പന്‍ കണ്ടി കുന്നിനടുത്തുനിന്ന് കാറിനു നേരെ കല്ലെറിഞ്ഞ് പേടിപ്പിക്കാന്‍ നോക്കി. പിന്‍സീറ്റിലായിരുന്നതുകൊണ്ട് ഒഴിഞ്ഞു മാറിരക്ഷപ്പെട്ടു. കണ്ണിലെ കരടായതിനാല്‍ കണ്ണൂരില്‍ ഇപ്പോള്‍ പ്രോട്ടോകോളിന് പുറത്താണ് സ്ഥാനം. സര്‍ക്കാര്‍ പരിപാടികളില്‍ രണ്ടാംപൗരത്വം. മറ്റു മണ്ഡലങ്ങളില്‍ ഒരു മന്ത്രിയെപ്പോലും കിട്ടാതെ ഉദ്ഘാടനങ്ങളും ശിലാസ്ഥാപനങ്ങളും വൈകുമ്പോള്‍ അബ്ദുല്ലക്കുട്ടിയുടെ മണ്ഡലത്തില്‍ ഡസന്‍കണക്കിന് മന്ത്രിമാര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നു. എം.എല്‍.എയെയും എം.പിയെയും ഒതുക്കാനാണ് ഈ മന്ത്രിപ്പട. മുണ്ടയാട്ട് ശീതീകൃത ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് മന്ത്രി കോടിയേരി ശിലാസ്ഥാപനം നടത്തിയ ചടങ്ങില്‍ അധ്യക്ഷത വഹിക്കാതിരിക്കാന്‍ ആശംസകനാക്കി ഒതുക്കി. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ഒ.കെ. ബിനീഷ് എന്നിവരുടെ പേരുകൊത്തിയ ശിലാഫലകത്തില്‍ മണ്ഡലം എം.എല്‍.എയായ അബ്ദുല്ലക്കുട്ടിയുടെ പേര് ഒഴിവാക്കുകയും ചെയ്തു. ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കിയ പദവിയെ രാഷ്ട്രീയ വൈരത്തോടെ അപമാനിക്കാന്‍ പ്രോട്ടോകോള്‍ അട്ടിമറിക്കുന്ന വിധം.

കണ്ണൂര്‍ ജില്ലയിലെ നാറാത്ത് ടി.പി. മൊയ്തീന്റെയും സൈനബയുടെയും മകനായി 1967 മേയ് എട്ടിന് ജനനം. നാറാത്ത് യു.പി. സ്‌കൂള്‍, കമ്പില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം. കണ്ണൂര്‍ എസ്.എന്‍ കോളജില്‍നിന്ന് മലയാളത്തില്‍ ബിരുദം.തിരുവനന്തപുരം ലോ അക്കാദമിയില്‍നിന്ന് എല്‍.എല്‍.ബി. 1999ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു.

ഇന്ദിരാഗാന്ധി ഇലക്ഷനില്‍ തോറ്റപ്പോള്‍ പൊട്ടിക്കരഞ്ഞ ബാപ്പയുടെ മകനാണ്. അതുകൊണ്ടാണ് കുറേക്കാലം സി.പി.എമ്മിലിരുന്ന് പാപങ്ങള്‍ ചെയ്തശേഷം കോണ്‍ഗ്രസ് പാരമ്പര്യത്തിലേക്ക് മടങ്ങിയെത്തിയത്. പൊതുജീവിതം തുടങ്ങിയത് എസ്.എഫ്.ഐക്കാരനായി. ആദ്യജയം കണ്ണൂര്‍ എസ്.എന്‍ കോളജില്‍നിന്ന് യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറായി. 1996ല്‍ ജില്ലാ പഞ്ചായത്ത് അംഗം. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരിക്കെ 1999ല്‍ കണ്ണൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി. ബാലറ്റ് പെട്ടി തുറന്നാല്‍ അബ്ദുല്ലക്കുട്ടി അദ്ഭുതക്കുട്ടിയാവും എന്ന പ്രവചനം അക്ഷരംപ്രതി ശരിയായി. മുല്ലപ്പള്ളി രാമചന്ദ്രനെ അട്ടിമറിച്ച് ജൈത്രയാത്രക്ക് തുടക്കമിട്ടു. 2004ലും എം.പിയായി. ഉംറയുടെയും നാഡീജ്യോതിഷത്തിന്റെയും ഹര്‍ത്താല്‍ വിരുദ്ധ പ്രസ്താവനയുടെയും മോഡിമോഡല്‍ വികസനത്തിന്റെയും പേരില്‍ വിവാദങ്ങളില്‍ ചെന്നുപെട്ടു. 2009 മാര്‍ച്ചില്‍ സി.പി.എമ്മില്‍നിന്നു പുറത്തായി. എം.പി സ്ഥാനം രാജിവെച്ച് അടുത്ത മാസം കോണ്‍ഗ്രസില്‍ ചേര്‍ന്നു.
എം.പി എന്ന നിലയില്‍ കിട്ടിയ വരുമാനത്തിന്റെ 80 ശതമാനം വരെ കൃത്യമായി പാര്‍ട്ടി തിരിച്ചു വാങ്ങിയിട്ടുണ്ട്. 10 കൊല്ലം കൊണ്ട് 43 ലക്ഷം രൂപ പാര്‍ട്ടിക്ക് സമ്പാദിച്ചുകൊടുത്ത എളിയ പ്രവര്‍ത്തകനാണ്. വീഴ്ത്താന്‍ വഴിനീളെ ചതിക്കുഴികള്‍ കുത്തിവെച്ചിട്ടുണ്ടാവുമെന്ന ഉറപ്പില്‍ കരുതലോടെയാണ് നടപ്പ്.

1 comment:

mannunnu said...

ഈ കുട്ടി അത്ര നിഷ്കളങ്കനായ കുട്ടിയാണെന്ന് തങ്കളോട് ആരാണാവൊ അരുളിയത്...ലതോടുകൂടി ലിതും വായിക്കാന്‍ അപേക്ഷ.. http://akamizhi.blogspot.com/2010/07/blog-post_06.html