Sunday, July 11, 2010

കശ്മീരില്‍ എന്താണ് നടക്കുന്നത്?

കശ്മീരില്‍ എന്താണ് നടക്കുന്നത്?

Saturday, July 10, 2010
കശ്മീരില്‍ ബി.ബി.സി ഉര്‍ദു സര്‍വീസിലെ ലേഖകന്‍ റിയാസ് മസ്‌റൂറിനെപ്പോലും പൊലീസ് തല്ലിച്ചതച്ച സംഭവം സൂചിപ്പിക്കുന്നത് അവിടത്തെ സ്ഥിതിഗതികളില്‍ പറയത്തക്ക പുരോഗതിയൊന്നും ഇല്ലെന്നാണ്. സംസ്ഥാനത്ത് കാര്യങ്ങള്‍ കൈവിട്ടതോടെ സൈന്യം തെരുവിലിറങ്ങേണ്ടി വന്നിരിക്കുന്നു. തുടര്‍ച്ചയായ കര്‍ഫ്യു ദൈനംദിന ജീവിതത്തെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ചെറുപ്പക്കാര്‍ പുറത്തിറങ്ങരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ചിദംബരം ആവശ്യപ്പെട്ടിരിക്കുന്നു. ക്രമസമാധാനം ഉറപ്പുവരുത്താന്‍ കൂടുതല്‍ സുരക്ഷാസേനയെ അയക്കാന്‍ സന്നദ്ധമാണെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അനേകമാളുകളെ അറസ്റ്റ് ചെയ്തിരിക്കുന്നു.  നേരത്തെ തന്നെ സംസ്ഥാനത്ത് ക്രമസമാധാനം സി.ആര്‍.പി.എഫിന്റെ  ചുമതലയിലാണുള്ളത്. ഇപ്പോള്‍ പട്ടാളത്തെയും ഇറക്കി. കൂടുതല്‍ സൈന്യത്തെവിട്ട് കൂടുതല്‍ ബലപ്രയോഗവും കൂടുതല്‍ സ്വാതന്ത്ര്യ നിഷേധവും കൊണ്ട് പരിഹരിക്കാവുന്നതല്ല കശ്മീരിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് സംസ്ഥാന സന്ദര്‍ശനവേളയില്‍ മനസ്സിലായിക്കാണണം. അതേസമയം എങ്ങനെയും ക്രമസമാധാനം വീണ്ടെടുത്തശേഷം  ചര്‍ച്ചകളിലേക്കും മറ്റും നീങ്ങിയാല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഏതായാലും സംസ്ഥാന മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ കഴിവുകേട് ജനങ്ങള്‍ക്ക് മാത്രമല്ല കേന്ദ്രത്തിനും ബോധ്യപ്പെട്ടിരിക്കുന്നു. എങ്കില്‍പോലും കേന്ദ്രത്തില്‍ നിന്ന് നീതിലഭിക്കുമെന്ന് വിശ്വാസം പുലര്‍ത്തിയവര്‍വരെ ഇന്ന് നിരാശയിലാണ്. സയ്യിദ് അലിഷാ ഗീലാനിയുടെ നേതൃത്വത്തിലുള്ള ഹുര്‍റിയത്ത് തീവ്രവാദി വിഭാഗത്തിന് പുറമെ മിര്‍വാഇസ് നയിക്കുന്ന മിതവാദി വിഭാഗവും  ഇപ്പോള്‍ പ്രക്ഷോഭരംഗത്തുണ്ട്.  സമാധാന ജീവിതം കാംക്ഷിക്കുന്ന ജനങ്ങളെ പ്രകോപിതരാക്കാനും ശത്രുപക്ഷത്ത് നിര്‍ത്താനും ബോധപൂര്‍വമായ ഏതോ ഗൂഢശ്രമങ്ങളുണ്ടായോ എന്ന് സര്‍ക്കാര്‍ ആത്മപരിശോധന നടത്തുന്നത് നന്നായിരിക്കും.

കഴിഞ്ഞ വര്‍ഷം ഷോപ്പിയാനില്‍ രണ്ടു വനിതകള്‍ സൈനികരാല്‍ ബലാല്‍സംഗത്തിനിരയായി വധിക്കപ്പെട്ട സംഭവത്തില്‍, ഒരു കൊല്ലം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ലെന്ന പരാതി വ്യാപകമാണ്. ഇക്കൊല്ലം പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാസേന നടത്തിയ  വെടിവെപ്പില്‍ കുറേ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടത് സ്ഥിതി വഷളാക്കി. ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെട്ടുവെന്ന് തോന്നുന്ന ഓരോ ഘട്ടത്തിലും അതിനെ അട്ടിമറിക്കുന്ന സംഭവങ്ങള്‍ എങ്ങനെ ഉണ്ടാകുന്നുവെന്ന അന്വേഷണവും പ്രയോജനം ചെയ്യും.  ജനാധിപത്യപരമായി തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ അങ്ങനെതന്നെ തീര്‍ക്കുക എന്നതാണ് കശ്മീരിന്റെ കാര്യത്തിലും യുക്തമാവുക. സംസ്ഥാന സര്‍ക്കാറിന്റെ പിടിപ്പുകേട് മാത്രമല്ല, കേന്ദ്രത്തിന്റെ അലംഭാവവും അവിടത്തെ പ്രതിസന്ധി ഗുരുതരമാക്കി. സൈന്യത്തിന്റെ പ്രത്യേകാവകാശം നീക്കം ചെയ്യുമെന്ന വാഗ്ദാനം നടപ്പാക്കാന്‍ ക്രിയാത്മക നീക്കമുണ്ടായില്ല. സൈനികരുടെ ഭാഗത്തുനിന്ന്  ഉണ്ടായ അതിക്രമങ്ങള്‍ക്ക് തക്കതായ ശിക്ഷയോ ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള പരിഹാരങ്ങളോ ഉണ്ടായില്ല. കാര്യമായ കുഴപ്പങ്ങള്‍ ഇല്ലാതിരുന്ന ഘട്ടത്തിലെങ്കിലും ദീര്‍ഘകാല പരിഹാരമാര്‍ഗങ്ങളെപ്പറ്റി കശ്മീരിലെ നേതാക്കളും ഗ്രൂപ്പുകളുമായി ചര്‍ച്ച നടത്തുന്നത് സഹായകമായേനെ. അതും നടന്നില്ല. പ്രശ്‌നങ്ങള്‍ നിയന്ത്രണം വിടുമ്പോഴുള്ള താല്‍കാലിക നടപടികളില്‍  മാത്രമായി നമ്മുടെ കശ്മീര്‍ നയം ചുരുങ്ങുന്നു. ഇപ്പോഴാകട്ടെ പൗരാവകാശങ്ങള്‍ മാത്രമല്ല, മാധ്യമങ്ങളുടെ അറിയാനും അറിയിക്കാനുമുള്ള അവകാശം വരെ അടിച്ചമര്‍ത്തപ്പെടുകയാണ്. ഇന്ത്യയുടെ ഭാഗമായ  കശ്മീരില്‍ പ്രത്യേക നിയമങ്ങളും നിയന്ത്രണങ്ങളും എന്തിനെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.

സൈനിക അതിക്രമങ്ങള്‍ക്കെതിരെ അവിടെ നടന്നത് സമാധാനപരമായ പ്രതിഷേധങ്ങളായിരുന്നു. പ്രതിഷേധം നടത്തിയവരാകട്ടെ പാകിസ്താന്‍കാരോ പാക് പക്ഷക്കാരോ അല്ല; ഇന്ത്യന്‍ പൗരന്മാരും. മൂന്നാഴ്ചക്കുള്ളില്‍ സ്‌കൂള്‍ കുട്ടികളടക്കം പതിനഞ്ചുപേര്‍ കൊല്ലപ്പെട്ടു. പാക് അക്രമികളെയും നുഴഞ്ഞുകയറ്റക്കാരെയും ചെറുത്തുനിന്നവരാണ് ഭൂരിപക്ഷം കശ്മീരികളും. ഏറ്റവുമൊടുവില്‍ കുട്ടികളുടെ കല്ലേറാണ് കൊടും അക്രമമായി വ്യാഖ്യാനിച്ച് വെടിവെപ്പ് നടത്താന്‍ ഒഴികഴിവാക്കിയത് എന്ന വാര്‍ത്ത അന്വേഷിക്കാന്‍ ചെന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കര്‍ഫ്യു പാസുകളെല്ലാം പിന്‍വലിച്ചെന്ന മറുപടിയാണ് കിട്ടിയത്. സാധാരണ പ്രതിഷേധങ്ങളെപോലും നേരിടാന്‍ വേണ്ട ജനാധിപത്യബോധമുള്ളവരല്ല കശ്മീരില്‍ ക്രമസമാധാനപാലനം നടത്തുന്ന സി.ആര്‍.പി.എഫ് എന്ന് മുന്‍ ഐ.ജി റാംമോഹന്‍ വരെ ഈയിടെ ഒരഭിമുഖത്തില്‍ നിരീക്ഷിച്ചു. കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് എന്തൊക്കെയോ ഒളിക്കാനുണ്ടെന്ന ധാരണ ശക്തിപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ മാധ്യമവിലക്ക്.

ദക്ഷിണേന്ത്യന്‍ മീഡിയ കമീഷന്‍ ചെയര്‍മാന്‍ കെ.കെ. കട്യാല്‍  ജമ്മു- കശ്മീരിലെ മാധ്യമ നിയന്ത്രണത്തെ അപലപിച്ചിരിക്കുന്നു. കശ്മീര്‍ പ്രസ് ഗില്‍ഡും അതിനെ വിമര്‍ശിക്കുന്നു. കൃത്യമായ വിവരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമായ സന്ദര്‍ഭത്തില്‍ വിവരവിനിമയത്തിന് വിലക്കേര്‍പ്പെടുത്തിയത് അധിക്ഷേപാര്‍ഹമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനും അസ്വസ്ഥത പടര്‍ത്താനുമാണ് ഇത്തരം നിയന്ത്രണങ്ങള്‍ ഉപകരിക്കുക. ഏറെ പ്രതിഷേധമുയര്‍ന്നപ്പോള്‍ ഏതാനും കര്‍ഫ്യു പാസുകള്‍ നല്‍കാന്‍ അധികൃതര്‍ തയാറായെങ്കിലും സൈനികര്‍  ആ പാസുകള്‍ക്ക് വിലകല്‍പ്പിക്കുന്നില്ലത്രെ.

ഇപ്പോള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെപ്പോലും കൈയേറ്റം ചെയ്തു. കശ്മീരിന്റെ ഇപ്പോഴത്തെ പ്രശ്‌നം വിശ്വാസ ചോര്‍ച്ചയാണ്. സ്വന്തം ജനങ്ങളെ വിശ്വസിക്കാത്ത, അവരുടെ വിശ്വാസം ആര്‍ജിക്കാനാവാത്ത സംസ്ഥാന സര്‍ക്കാര്‍;  രാഷ്ട്രീയ ലാഭചേതങ്ങള്‍ കണക്കുകൂട്ടി, ജനവിശ്വാസം ഒട്ടുമില്ലാത്ത സംസ്ഥാന സര്‍ക്കാറിനെ താങ്ങിനിര്‍ത്താന്‍ വിധിക്കപ്പെട്ട കേന്ദ്രം; സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ട മാധ്യമങ്ങളെ ഒട്ടും വിശ്വാസമില്ലാത്ത അധികൃതര്‍; ജനാധിപത്യ സമൂഹത്തിലെ മര്യാദകളറിയാതെ, വെടിവെച്ചും ബലം പ്രയോഗിച്ചും മാത്രം ശീലമുള്ള സൈനിക- അര്‍ധസൈനികര്‍ക്ക് മാധ്യമങ്ങളടക്കമുള്ള ജനാധിപത്യ സംവിധാനങ്ങളോടുള്ള അവിശ്വാസം -ഇതെല്ലാം ചേര്‍ന്ന് ജനങ്ങളെ ഞെരിക്കുന്നു. ഒരു ഭാഗത്ത് ബലപ്രയോഗം ശക്തിപ്പെടുത്തുകയും മറുഭാഗത്ത് സത്യമറിയാനുള്ള മാര്‍ഗങ്ങള്‍വരെ അടയ്ക്കുകയും ചെയ്താല്‍ ഭയാനകമായ അവസ്ഥയാണുണ്ടാവുക.  കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാനും രാജ്യതന്ത്രജ്ഞതയോടെ നയപരിപാടികള്‍ സ്വീകരിക്കാനും കേന്ദ്രം ഇനിയെങ്കിലും സജ്ജമാകേണ്ടിയിരിക്കുന്നു. സൈനിക ഭരണവും ജനാധിപത്യവും ഒരുമിച്ച് പോകില്ലല്ലോ.

No comments: