Saturday, February 6, 2010

കള്ളങ്ങളില്‍ കെട്ടിപ്പൊക്കിയ അധിനിവേശം

2003ലെ ഇറാഖ് അധിനിവേശം മുച്ചൂടും കള്ളങ്ങളില്‍ കെട്ടിപ്പൊക്കിയ നഗ്നമായ അമേരിക്കന്‍^ബ്രിട്ടീഷ് ആക്രമണമായിരുവെന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും സംശയമുണ്ടായിരുന്നെങ്കില്‍ അതുകൂടി ദൂരീകരിക്കാന്‍ പര്യാപ്തമാണ് ജോണ്‍ ചില്‍കോട്ട് കമീഷന്റെ തെളിവെടുപ്പിനെ തുടര്‍ന്ന് പുറത്തുവരുന്ന സത്യങ്ങള്‍. യുദ്ധത്തില്‍ ബ്രിട്ടനെ ഇറക്കിയ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറുടെ പിന്‍ഗാമി ഗോര്‍ഡന്‍ ബ്രൌണാണ്, ഇറാഖ് അധിനിവേശത്തിന്റെ നിയമസാധുതയെയും അതില്‍ സംഭവിച്ച പാളിച്ചകളെയും കുറിച്ചന്വേഷിക്കാന്‍ മുതിര്‍ന്ന റിട്ട. ഉദ്യോഗസ്ഥനായ ജോണ്‍ ചില്‍കോട്ട് അധ്യക്ഷനായി അഞ്ചംഗ സമിതിയെ നിയോഗിച്ചത്. സദ്ദാം ഹുസൈന്റെ ഇറാഖ് മാരക രാസായുധങ്ങള്‍ സംഭരിച്ചുവെച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് ഉസാമ ബിന്‍ലാദിന്റെ അല്‍ഖാഇദയുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ജോര്‍ജ് ഡബ്ല്യു. ബുഷും ടോണി ബ്ലെയറും ഐക്യരാഷ്ട്രസഭയെ തെറ്റിദ്ധരിപ്പിച്ചാണ് ആദ്യം ഇറാഖിനെതിരെ കടുത്ത ഉപരോധമേര്‍പ്പെടുത്തിയതും പിന്നീട് സൈനികാക്രമണം നടത്തിയതും. ഇറാഖില്‍ പോയി പലതവണ അരിച്ചുപെറുക്കിയ യു.എന്‍ അന്വേഷണസംഘം രാസായുധങ്ങളുടെ കണികപോലും കണ്ടെത്തിയില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടും ഫലമുണ്ടായില്ല.

അധിനിവേശം പൂര്‍ണമായിക്കഴിഞ്ഞപ്പോള്‍ അമേരിക്കയില്‍നിന്നും ബ്രിട്ടനില്‍നിന്നും ഒരുപോലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഔദ്യോഗികമായി നിയോഗിച്ച കമീഷന്റെ മുമ്പാകെ തെളിവ് നല്‍കിയ മുന്‍ കാബിനറ്റ് മന്ത്രി ക്ലേര്‍ ഷോദ് ഇറാഖ് യുദ്ധത്തിന് നിയമസാധുതയുണ്ടെന്ന് വിവരം നല്‍കി അറ്റോര്‍ണി ജനറല്‍ ലോഡ്ഗോള്‍ഡ് സ്മിത്ത് കാബിനറ്റിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് തുറന്നടിച്ചിരിക്കുന്നു. 'യുദ്ധം ആവശ്യമെന്ന് ബ്ലെയറും കൂട്ടരും കരുതി. പിന്നീട് രണ്ടുംകല്‍പിച്ചുള്ള നടപടികളായിരുന്നു' എന്നാണവര്‍ കമീഷന്റെ മുമ്പാകെ പറഞ്ഞത്. യുദ്ധത്തിലേക്ക് രാജ്യത്തെ വലിച്ചിഴക്കാനായി ടോണി ബ്ലെയര്‍ മന്ത്രിസഭയോടും പാര്‍ട്ടിയോടും പാര്‍ലമെന്റിനോടും കള്ളംപറയുകയായിരുന്നുവെന്ന് യുദ്ധത്തിന് രണ്ടു മാസത്തിനുശേഷം മന്ത്രിസഭയില്‍നിന്ന് രാജിവെച്ച ക്ലേര്‍ 2009 നവംബറില്‍ തന്റെ വെബ്സൈറ്റില്‍ എഴുതിയിരുന്നു.

ചില്‍കോട്ട് കമീഷന്റെ അന്വേഷണം 'ദ ഗാര്‍ഡിയന്‍' പത്രത്തില്‍ ദെബോറാ ഓര്‍ എഴുതിയപോലെ പണവും സമയവും ഊര്‍ജവും നഷ്ടപ്പെടുത്തുന്ന വെറും അഭ്യാസമായി കലാശിക്കാം. കാരണം, സംഭവങ്ങളെക്കുറിച്ച് അവ നടന്നപ്പോള്‍തന്നെ പുറത്തുവന്ന വിശകലനങ്ങളെ സ്ഥിരീകരിക്കുക മാത്രമേ അന്വേഷണ റിപ്പോര്‍ട്ടിന് ചെയ്യാനുള്ളൂ. പക്ഷേ, ലോകത്തെ വീണ്ടും വീണ്ടും വഞ്ചിക്കാനും തെറ്റിദ്ധരിപ്പിക്കാനും അമേരിക്കക്കും ആ ശക്തിയോട് ഒപ്പം നില്‍ക്കുന്നവര്‍ക്കും കഴിയുന്നുവെന്നതാണ് അത്യന്തം നിര്‍ഭാഗ്യകരം. സെപ്റ്റംബര്‍ 11ലെ ആക്രമണം നടന്ന ഉടനെ അമേരിക്ക പ്രഖ്യാപിച്ചതാണ് അഫ്ഗാനിസ്താന്‍, ഇറാഖ്, ഇറാന്‍, സിറിയ എന്നിവയടങ്ങുന്ന തിന്മയുടെ അച്ചുതണ്ടിനെ തകര്‍ത്തെ അടങ്ങൂ എന്ന്. അഫ്ഗാനിസ്താനില്‍ അന്ന് ആരംഭിച്ച താണ്ഡവം അനന്തമായി തുടരുന്നു.

എല്ലാ കണക്കുകൂട്ടലുകളും പിഴക്കുകയും നൂതന സാങ്കേതികവിദ്യയിലുടെ വികസിപ്പിച്ചെടുത്ത സര്‍വവിധ നശീകരണായുധങ്ങളും പ്രയോഗിച്ച് പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനു ചുക്കാന്‍പിടിച്ച ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ നോമിനിയെ പ്രസിഡന്റ്  തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ജനതതന്നെ മൂലക്കിരുത്തുകയും ചെയ്തു. എന്നിട്ടും മാറ്റത്തിന്റെ കാഹളം മുഴക്കി സ്ഥാനമേറ്റ ബറാക് ഒബാമക്ക് മാറിച്ചിന്തിക്കാന്‍ കഴിയുന്നില്ല. ഇറാഖില്‍നിന്ന് തലയൂരാനും തിന്മയുടെ യഥാര്‍ഥ അച്ചുതണ്ടിന് സാധിക്കുന്നില്ല. അതോടൊപ്പം ഇനി ഇറാന്റെ നേരെ തിരിയാനാണ് സകല സന്നാഹങ്ങളും ഒരുക്കുന്നത്. ഇറാന്‍ ആണവായുധം വികസിപ്പിച്ചെടുക്കുകയാണെന്ന ആരോപണത്തെ അന്താരാഷ്ട്ര ആണവോര്‍ജ കമീഷന്‍തന്നെ സൂക്ഷ്മാന്വേഷണത്തിനു ശേഷം നിരാകരിച്ചതാണ്. അതു കണ്ടില്ലെന്നു നടിച്ച് ഇറാനെതിരെ ഐക്യരാഷ്ട്രസഭ മുഖേന ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്ക ഇപ്പോള്‍ ഒരുവശത്ത് ഉപരോധം ശക്തിപ്പെടുത്താന്‍ സര്‍വശ്രമവും നടത്തുന്നതോടൊപ്പം മറുവശത്ത് ഇറാന്റെ ഭീഷണിയെ നേരിടാനെന്ന പേരില്‍ ഗള്‍ഫ് നാടുകളിലെ സൈനിക താവളങ്ങളെ യുദ്ധസന്നദ്ധമാക്കുകയാണ്. ഇറാനാണ് മേഖലയിലെ മുഖ്യശത്രുവെന്ന് നിരന്തരമായ പ്രചാരണം നടത്തി ഗള്‍ഫ് നാടുകളെ ചകിതരാക്കി അനേകം ശതകോടികളുടെ ആയുധങ്ങള്‍ ഗള്‍ഫിലെത്തിക്കുന്നത് മൂന്നാമത്തെ ഇരയായ ഇറാനെ കയറിയടിക്കാനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മിസൈല്‍ പ്രതിരോധം എന്ന പേരിലാണ് ഈ യുദ്ധസന്നാഹങ്ങളെന്ന് 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത് മനസ്സിലാക്കിയ ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയം വിദേശ രാജ്യങ്ങളിലേക്ക് അയച്ച് പകരം അവിടെനിന്നുള്ള ആണവ ഇന്ധനം ആരോഗ്യാവശ്യങ്ങള്‍ക്ക് സ്വീകരിക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്ന് ഒടുവില്‍ ബന്ധപ്പെട്ടവരെ അറിയിച്ചുകഴിഞ്ഞു. അതാകട്ടെ, അമേരിക്കതന്നെ മുന്നോട്ടുവെച്ച നിര്‍ദേശമായിരുന്നുതാനും. പക്ഷേ, പ്രസിഡന്റ് നെജാദിന്റെ ഈ ഓഫറിനുനേരെ അമേരിക്കയുടെ പ്രതികരണം തണുത്തതാണെന്നാണ് വാര്‍ത്ത. നെജാദിന്റെ നിര്‍ദേശത്തില്‍ പുതുമയുള്ള വല്ലതും ഉണ്ടെങ്കില്‍ അമേരിക്ക പരിഗണിക്കാന്‍ തയാറാണെന്നാണ് വൈറ്റ് ഹൌസ് വക്താവ് പ്രതികരിച്ചിരിക്കുന്നത്. അമേരിക്കക്ക് പുതുമയുണ്ടാവണമെങ്കില്‍ ഇറാനിലെ നിലവിലുള്ള സര്‍ക്കാര്‍ മാറി അമേരിക്കന്‍ പാവസര്‍ക്കാര്‍ തെഹ്റാനില്‍ ഭരണമേല്‍ക്കുകയെങ്കിലും വേണം. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നെജാദിനെതിരെ പ്രതിപക്ഷത്തിന്റെ പ്രക്ഷോഭം ഇളക്കിവിട്ടതിനു പിന്നില്‍ ബ്രിട്ടനാണെന്ന് ഇറാന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നതാണ്. ചുരുക്കത്തില്‍ മധ്യേഷ്യ^പശ്ചിമേഷ്യ മേഖലക്കുവേണ്ടി അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് തയാറാക്കിയ തിരക്കഥ എന്തു തിരിച്ചടികളുണ്ടായാലും പൂര്‍ണമായി നടപ്പാക്കിയേ അടങ്ങൂ എന്ന പിടിവാശിയിലാണവര്‍. ഈ ധാര്‍ഷ്ട്യത്തോട് അനുകൂലമായി പ്രതികരിക്കാനല്ലാതെ ചെറുത്തുനില്‍ക്കാന്‍ മറ്റു രാഷ്ട്രങ്ങള്‍ക്കാവുന്നില്ല എന്നതാണ് ലോകത്തിന്റെ ദുര്യോഗം.

2 comments:

Unknown said...

സുധീറേ,
അധിനിവേശങ്ങള്‍ എന്നും ചരിത്രത്തില്‍ കറുത്ത പാടുകളാണ്‌.
മാറ്റത്തിന്‌ വേണ്ടിയെന്ന് പറഞ്ഞ് യാതൊന്നും നേടാനാവാതെ പരാജയമടയുന്നതും അതു തന്നെയല്ലേ ഇറാഖില്‍ സംഭവിച്ച്തും

Sudheer K. Mohammed said...

ശരിയാ .....