Thursday, February 18, 2010

നേതാജിയില്‍നിന്ന് 'നരേന്ദ്രഭായി'യിലേക്കുള്ള ദൂരം

ഗുജറാത്തിന്റെ വ്യവസായ അംബാസഡറാവാന്‍ സമ്മതംമൂളിയ അമിതാഭ്ബച്ചന് നരേന്ദ്രമോഡിയുടെ രാഷ്ട്രീയത്തോട് യഥാര്‍ഥത്തില്‍ പ്രണയമുണ്ടോ? ഇല്ലെന്നാണ് ബച്ചന്‍തന്നെ വ്യക്തമാക്കിയത്. എങ്കിലും 'ബിഗ് ബി' എന്ന വാക്കിന്റെ അര്‍ഥം തീവെട്ടിക്കച്ചവടമാണെന്ന് ആരോ തിരുത്തിയിരിക്കുന്നു. ബച്ചനും മോഡിക്കുമിടയില്‍ പാലം ഒന്നേയുള്ളൂ. 'നരേന്ദ്ര ഭായി'യെ അവഗണിച്ച് ഇന്ത്യക്ക് അധികദൂരം മുന്നോട്ടു പോവാനാവില്ലെന്ന് ഇക്കഴിഞ്ഞ ദിവസം ബ്ലോഗിലെഴുതി വെച്ച സാക്ഷാല്‍ അമര്‍സിങ്! മോഡിയിലെ മുഖ്യമന്ത്രിയെയും ആര്‍.എസ്.എസുകാരനെയും വേര്‍തിരിച്ചു നിറുത്തുന്ന സൈദ്ധാന്തിക ചപ്പടാച്ചിയും ഇതോടൊപ്പം അമര്‍സിങ് എഴുതിയിട്ടുണ്ട്. ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ അവതരണവേളയില്‍ പാര്‍ലമെന്റില്‍ 'യാ അലി' നാടകം കളിച്ച, താന്‍ മുലായത്തിന്റെ ഹനുമാനാണെന്ന് ഇക്കഴിഞ്ഞ നവംബറില്‍ പോലും വീമ്പിളക്കിയ അമര്‍സിങ് തന്നെയാണ് ഇതും. കച്ചവടത്തെ ഗുജറാത്തിലേക്ക് ചേര്‍ത്തു വായിക്കുന്ന ആധുനികോത്തര അവസരവാദം മാത്രമല്ല ഇത്. ബി.ജെ.പിയിലേക്കുള്ള വഴി പോലും നരേന്ദ്രമോഡിയിലൂടെ വെട്ടിത്തെളിക്കേണ്ട ദയനീയത കൂടി ഈ ദൂതിന്റെ എഴുതാപ്പുറമാണ്. മുഖ്യധാരാ രാഷ്ട്രീയക്കാര്‍ അമര്‍സിങിനെ പൂര്‍ണമായും കൈവെടിയുന്ന സാഹചര്യത്തില്‍ ഗുജറാത്തിന്റെ പുകക്കുഴലുകളുടെ മാഹാത്മ്യം കണ്ടെത്താന്‍ ഉറ്റ ചങ്ങാതിയെ ദുരുപയോഗം ചെയ്യുകയല്ലാതെ അമര്‍സിങ്ങിന് പിന്നെന്തു വഴി? പണത്തിനും അധികാരത്തിനും മുമ്പില്‍ മാര്‍ഗങ്ങളേതായാലും തെറ്റില്ലെന്ന് അടിവരയിട്ട് അമര്‍സിങ് 'ഭായി'യാവുകയാണ്. നരേന്ദ്രയുടെ പിറക്കാത്ത സഹോദരന്‍.
വര്‍ഷങ്ങളായി മുലായം മടിച്ചു നിന്നിടത്ത് ഇടപെട്ട രാംഗോപാല്‍ യാദവ് സമാജ്വാദിയുടെ ചരിത്രത്തോടാണ് നീതി ചെയ്തതെന്ന് ഇപ്പോള്‍ വ്യക്തമാവുന്നു. പണമുണ്ടാകില്ലെങ്കിലും ഇനി പാര്‍ട്ടിയെങ്കിലും ബാക്കിയുണ്ടാകും. അമര്‍സിങ്ങിനെ ചെവിക്കു തൂക്കി വെളിയിലെറിയാന്‍ ദീര്‍ഘകാലമായി കൊതിച്ചുനടന്ന ഇദ്ദേഹം അത് സാധിച്ചെടുക്കുമ്പോഴേക്കും കാര്യങ്ങള്‍ എത്രയോ വൈകിപ്പോയിരുന്നുവെന്നു മാത്രം. 2007ലെ നിയമസഭാതെരഞ്ഞെടുപ്പാവണം ഇന്നത്തെ ഈ ഉള്‍പ്പോരുകളുടെയെല്ലാം മാതാവ്. അന്ന് സൈഫായി മേളക്കിടയില്‍  രാംഗോപാല്‍ യാദവിനെ വസതിയില്‍ ചെന്നു കാണുമ്പോള്‍ യു.പിയില്‍ സമാജ്വാദി പാര്‍ട്ടിയുടെ ആകാശം പുറമേക്കെങ്കിലും തെളിഞ്ഞതായിരുന്നു. പക്ഷേ, അക്കൊല്ലത്തെ മേളയിലെ വ്യവസായികളുടെ പങ്കാളിത്തം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ദുര്‍ബലമായിരുന്നുവെന്ന് മറച്ചുവെക്കാന്‍ രാംഗോപാല്‍ പാടുപെടുന്നുണ്ടായിരുന്നു. രാംഗോപാലും അഖിലേഷ് യാദവും അമര്‍സിങ്ങിനെതിരാണെന്ന ഗോസിപ്പുകഥകള്‍ അങ്ങാടിയില്‍ പ്രചരിക്കാന്‍ തുടങ്ങിയ കാലമാണത്. അമര്‍സിങ്ങിന്റെ അതൃപ്തിയുടെ അടയാളമായിരുന്നു ശുഷ്കിച്ച മേള. 'ബുഡ്ഡ'യെക്കുറിച്ച് 'ജയപ്രദ' ടെലിഫോണിലൂടെ പറഞ്ഞ അശ്ലീലങ്ങള്‍ കഷ്ടിച്ച് ഏതാനും മാസങ്ങള്‍ക്കു മുമ്പെയായിരുന്നു സീഡിയുടെ രൂപത്തില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പാര്‍ട്ടിക്കകത്ത് അമര്‍സിംഗിനെ ലക്ഷ്യമിട്ട് ആരംഭിച്ച വിമതനീക്കങ്ങള്‍ ഈ സീഡിയുടെ രംഗപ്രവേശത്തോടെയാണ് ഇല്ലാതാവുന്നതും. സീഡി പുറത്തുവിട്ട കരങ്ങള്‍ ആരുടേതെന്നറിഞ്ഞിട്ടും പ്രതിരോധിക്കാനാവാത്ത വിധം നിസ്സഹായനും നിശãബ്ദനുമായി മുലായം നോക്കിനിന്നു. പക്ഷേ, റാംഗോപാല്‍ യാദവ് പിന്നെയും പാര്‍ട്ടിക്കകത്ത് അമര്‍സിങ്ങിനെതിരെ ബഹളം വെച്ചു. ജ്ഞാനേശ്വര്‍ മിശ്രയും അഅ്സംഖാനുമായിരുന്നു കൂട്ടിന്.
2009ലെ പൊതു തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരേക്കാളേറെ അമര്‍സിങ്ങിന്റെ കുതികാല്‍വെട്ടിനെ ഭയപ്പെട്ട രാംഗോപാല്‍ രാജ്യസഭയുടെ കുറുക്കുവഴി തേടിയാണ് പാര്‍ലമെന്റിലെത്തിയത്. രാം ഗോപാല്‍ യാദവ് മാത്രമല്ല, അഖിലേഷും അമര്‍സിങ്ങിന്റെ ഹിറ്റ്ലിസ്റ്റില്‍ ഉണ്ടായിരുന്നു. നേരത്തേ ഭര്‍ത്താവ് വിജയിച്ച ഫിറോസാബാദിലെ ഉപതെരഞ്ഞെടുപ്പില്‍ അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ രാജ് ബബ്ബറിനോട് തോറ്റുതൊപ്പിയിട്ടത് ചേര്‍ത്തുവായിക്കുക. അതിന് വ്യാഖ്യാനങ്ങള്‍ പലതുണ്ടായി. അഖിലേഷിനെ അഅ്സംഖാന്‍ പാഠം പഠിപ്പിച്ചതാണെന്നും അതല്ല, അമര്‍സിങ് പാരവെച്ചതാണെന്നും രണ്ട് വിശദീകരണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ആ പരാജയത്തില്‍ അമര്‍സിങ്ങിന് നല്ലതുപോലെ പങ്കുണ്ടായിരുന്നു. റാംപൂരില്‍ കോടികളൊഴുക്കി ജയപ്രദയെ ജയിപ്പിക്കാന്‍ നടന്ന അമര്‍ ഫിറോസാബാദ് ഉപതെരഞ്ഞെടുപ്പ് കാലത്ത് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. മുലായം കുടുംബത്തില്‍ ശിവ്പാല്‍സിങ് യാദവ് മാത്രമായിരുന്നു അമര്‍സിങ്ങിനെ മനസ്സുകൊണ്ട് പ്രണയിക്കാനുണ്ടായിരുന്നത്. ആണവകരാറിന്റെ മുഖ്യ കൂട്ടിക്കൊടുപ്പുകാരിലൊരാളും ഗുണഭോക്താവും ശിവ്പാല്‍ യാദവായിരുന്നു. പക്ഷേ, ഫിറോസാബാദിലെ കളി അമറിന് കൈവിട്ടതോടെ നേതാക്കളെ നിശãബ്ദരാക്കിയും 'നേതാജി'യെ ബ്ലാക്ക്മെയില്‍ ചെയ്തും സമാജ്വാദിയില്‍ 14 വര്‍ഷം നീണ്ട ഒരു യുഗത്തിന് അനിവാര്യമായ അന്ത്യമാവുകയായി. ആ തരിപ്പിലാണ് സമാജ്വാദി ഇപ്പോഴുമുള്ളത്. 'കീരിക്കാടന്‍ ചത്തു' എന്നത് സത്യമാണ്. പക്ഷേ, അത് കൂവിയാര്‍ക്കാന്‍ ഇപ്പോഴുമില്ല അവര്‍ക്ക് ധൈര്യം.
ജന്മം കൊണ്ട് ബംഗാളിയും ജാതി കൊണ്ട് ഠാക്കൂറുമായ അമര്‍സിങ് സമാജ്വാദിക്ക് എന്തായിരുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം പലപ്പോഴും തത്ത്വശാസ്ത്രപരമായാണ് മാറുന്നത്. ചമ്പല്‍താഴ്വരയോട് ചേര്‍ന്നുകിടക്കുന്ന, കൊള്ളയും കൊലയും ജനിതകവാസനകളായ ഒരു പ്രദേശത്താണ് യാദവര്‍ക്ക് സാമ്പത്തികബലവും രാഷ്ട്രീയബലവും നല്‍കുന്ന വിചിത്രമായ സോഷ്യലിസത്തോട് അമര്‍സിങ് രാജിയാവുന്നത്. പക്ഷേ, കാലക്രമേണ സംഭവിച്ചത് മറ്റൊന്നാണ്. മുലായത്തിന്റെ ഉള്ളിലെവിടെയോ ഉണ്ടായിരുന്ന സോഷ്യലിസ്റ്റിനെ ഇംപീരിയലിസ്റ്റാക്കി മാറ്റാനും സോഷ്യലിസ്റ്റ് നേതാക്കളില്‍ പൊതുവെ ഉണ്ടായിരുന്ന ലൈംഗിക ആക്രാന്തങ്ങളെ (ചന്ദ്രശേഖറില്‍ നിന്നു തന്നെയാവണം തുടക്കം) ബോളിവുഡിലേക്ക് കൂട്ടിക്കൊടുത്തതുമാണ് അമര്‍സിങ്ങിന്റെ 'ചരിത്രദൌത്യ'മായി പാര്‍ട്ടിയില്‍ ബാക്കിയാവുന്നത്. ഈ കെണിയില്‍ ഓരോ നേതാവും താരവും വീഴുമ്പോഴായിരുന്നു മുലായത്തിന്റെ ജന്മഗ്രാമമായ സൈഫായിയിലെ മേള കൊഴുത്തുവന്നത്. അതിനുള്ള മറയായിരുന്നു അമര്‍സിങ്ങിന് രാഷ്ട്രീയം. കോര്‍പറേറ്റ് ബോര്‍ഡ് റൂമുകളില്‍ നിന്നുള്ള ഘടാഘടിയന്‍മാര്‍ ഉത്തരേന്ത്യയിലെ ഒരു ഓണംകേറാമൂലയായ സൈഫായിയിലേക്ക് ഒഴുകിയെത്തിയതും ഇവിടത്തെ മേള ഫിക്കിയുടെ വാര്‍ഷിക ജനറല്‍ ബോഡിയോളം വിശാലമായതും പാര്‍ട്ടിക്കു മുമ്പാകെ പണസഞ്ചി കുലുക്കി നടന്ന അമര്‍സിങ്ങിന്റെ മാത്രം മിടുക്കു കൊണ്ടായിരുന്നു. അമര്‍സിങ്ങുമായുള്ള ബന്ധത്തെ കുറിച്ച ചോദ്യത്തിന് 'ഖര്‍ച്ച, ചര്‍ച്ച, പ്രചാര്‍' എന്ന മുലായത്തിന്റെ വിഖ്യാതമായ മറുപടി ഓര്‍ക്കുക. അമിതാഭ് ബച്ചനും മുകേഷ് അംബാനിയും ലളിത് മോഡിയും എല്ലാറ്റിനുമുപരി ബോളിവുഡ് താരങ്ങളും പിന്തുണച്ചത് സമാജ്വാദി പാര്‍ട്ടിയെ അല്ല, അമര്‍സിങ് എന്ന വ്യക്തിയെ ആയിരുന്നുവെന്ന നാണക്കേട് മുലായം മുഖ്യമന്ത്രിക്കസേരയില്‍ പോലും പേറി നടന്നു. ജയാബച്ചനെ പാര്‍ലമെന്റ് അംഗമാക്കിയിട്ടു പോലും സമാജ്വാദി പാര്‍ട്ടിക്ക് വേണ്ടി ബച്ചന്‍ ഒരിക്കല്‍ പോലും വോട്ടു ചോദിച്ചിട്ടില്ല എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. 'അമര്‍സിങ് പറഞ്ഞതു കൊണ്ടു വന്നു' എന്ന വിശദീകരണവും സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള വോട്ടപേക്ഷയും. ഇതായിരുന്നു ബച്ചന്റെ രീതി.
ഒരു സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ അമര്‍സിങ് വഴിനടത്തിയ രീതിയില്‍ കള്ളും പെണ്ണും കച്ചവടവും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് വിലയിരുത്തുന്നത് ചരിത്രത്തോടുള്ള പൂര്‍ണമായ നീതിയാവില്ല. കച്ചവടമാണ് രാഷ്ട്രീയമെന്ന തത്ത്വം പാര്‍ട്ടിയില്‍ അരക്കിട്ടുറപ്പിച്ച ശേഷം അമര്‍സിങ് എന്തു ചെയ്തു എന്നതാണ് സുപ്രധാന ചോദ്യം. യു.പി^മുംബൈ കേന്ദ്രീകൃത 'ഖരേലു' വ്യവസായം ബില്‍ ക്ലിന്റനിലേക്കും ജോര്‍ജ് ബുഷിലേക്കും നീണ്ടപ്പോള്‍ മുസ്ലിം വിരുദ്ധത അനിവാര്യമായ ഒരു ആഗോള രാഷ്ട്രീയ സൂത്രവാക്യമാണെന്ന് എളുപ്പത്തില്‍ അംഗീകരിച്ച നേതാവായിരുന്നു അമര്‍. പാര്‍ട്ടിക്കകത്ത് 'കാപിറ്റലിസ'വും 'കമ്യൂണലിസ'വും കൊണ്ടുവന്ന് സംഘടനയുടെ സോഷ്യലിസ്റ്റ് സങ്കല്‍പങ്ങളെ തുരങ്കം വെച്ചത് അമര്‍സിങ്ങാണെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മോഹന്‍സിംഗ് ചൌധരി ഇപ്പോള്‍ കുറ്റപ്പെടുത്തുന്നുണ്ട്. സമാജ്വാദിയില്‍ അമര്‍സിങ് വര്‍ഗീയത വളര്‍ത്തിയെന്ന് ഇതാദ്യമായാണ് സംഘടനക്കകത്തിരുന്ന് ആരെങ്കിലും പരസ്യമായി ഏറ്റുപറഞ്ഞത്. ജ്ഞാനേശ്വര്‍ മിശ്ര അകത്ത് ഇത് പറയാറുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ മരണ ശേഷം കേള്‍ക്കാനുണ്ട്. അഅ്സംഖാനും സലീം ശര്‍വാനിയും ശഫീഖുറഹ്മാന്‍ ബര്‍ഖും പാര്‍ട്ടിവിടാനുണ്ടായ കാരണംതന്നെ അമര്‍സിങ്ങിന്റെ ഈ വര്‍ഗീയതയായിരിക്കെ അമര്‍സിങ് പടിയിറങ്ങിയതിനു ശേഷം നടക്കുന്ന ഈ കുമ്പസാരത്തിന് അര്‍ഥമില്ലാതാവുകയാണ്.
അമര്‍സിങ്ങും ജയപ്രദയും പാര്‍ട്ടിയില്‍ നിന്നും പുറത്തായാല്‍ തിരിച്ചുവരുമെന്ന് പറഞ്ഞുനടന്ന അഅ്സംഖാന്‍ സമാജ്വാദിയിലേക്ക് മടങ്ങുന്നതിന്റെ ഒരു സൂചനയും ഇന്നോളമില്ല. 'ശിവ്പാല്‍സിങ് യാദവ് ഇരിക്കുന്ന കസേരയിലിരുന്ന് നാളെ അഖിലേഷ് യാദവിനെ യു.പി മുഖ്യമന്ത്രിയാക്കാനുള്ള സൂത്രധാരന്റെ പണിക്ക് തന്നെ കിട്ടില്ല' എന്ന് അഅ്സംഖാന്‍ വ്യക്തമാക്കിയതായാണ് റാംപൂരില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. അഅ്സംഖാന്‍ കോണ്‍ഗ്രസിലേക്കുള്ള വിളിയും കാത്താണ് നാളുകളെണ്ണുന്നത്. അവിടെയും അമര്‍സിങ് തന്നെയാണ് പ്രധാനഘടകമായി മാറുന്നത്. കോണ്‍ഗ്രസില്‍ ചേക്കേറിയാല്‍ കൊള്ളാമെന്ന മോഹം അമര്‍സിങ്ങിനുമുണ്ട്. പക്ഷേ, കോണ്‍ഗ്രസ് ഇതേവരെ മുന്‍കൈയെടുത്തിട്ടില്ല. താല്‍പര്യമുണ്ടെങ്കില്‍ അമര്‍സിങ് കോണ്‍ഗ്രസ് അധ്യക്ഷക്ക് അപേക്ഷ നല്‍കട്ടെയെന്ന ദിഗ്വിജയ്സിങ്ങിന്റെ മറുപടി പക്ഷേ, അഅ്സംഖാനാണ് ആശക്ക് വക നല്‍കുന്നത്. പാര്‍ട്ടിക്ക് അഅ്സംഖാനോടാണ് താല്‍പര്യമെന്ന് ഇതിനെ വ്യാഖ്യാനിക്കുന്നവരുണ്ട്. ഠാക്കൂര്‍ നേതാക്കള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത യു.പിയില്‍ അമര്‍സിങ് കോണ്‍ഗ്രസിന് ഒന്നുമല്ല. പക്ഷേ, അഅ്സംഖാന്‍ കുറെക്കൂടി മികച്ച പ്രതീക്ഷയാണ്. എടുത്തുപറയാവുന്ന നേതാക്കളില്ലാത്ത യു.പിയില്‍ കോണ്‍ഗ്രസില്‍ ചേക്കേറുന്നത് അഅ്സംഖാനും സാധ്യതകളുടെ വലിയൊരു ലോകമാണ് തുറന്നുവെക്കുന്നത്. ശിവ്പാല്‍ യാദവിനെ പോലെ വെറുമൊരു പ്രതിപക്ഷനേതാവാകാന്‍ താനില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകളിലടങ്ങിയ പ്രതീക്ഷ വിരല്‍ ചൂണ്ടുന്നത് ഏതു കസേരയുടെ നേരെയാണെന്ന് ആരും പറഞ്ഞു തരേണ്ടതില്ലല്ലോ.   
1990ല്‍ മുലായവും ജ്ഞാനേശ്വര്‍ മിശ്രയും അഅ്സംഖാനും നടത്തിയ യാത്രകളുടെ പുനരാവിഷ്കാരമാണ് ഇന്ന് സമാജ്വാദി പാര്‍ട്ടി സ്വപ്നം കാണുന്നത്. യാദവ മുസ്ലിം കൂട്ടായ്മയിലേക്കും സോഷ്യലിസ്റ്റ് അടിസ്ഥാനങ്ങളിലേക്കുമുള്ള മടക്കം. ജ്ഞാനേശ്വര്‍ മിശ്ര ജീവിച്ചിരുന്നെങ്കില്‍ പോലും അദ്ദേഹം ഈ രണ്ടാമങ്കത്തിന് ഇറങ്ങുമായിരുന്നില്ല. അഅ്സംഖാനാകട്ടെ, മുലായവുമായി വ്യക്തിബന്ധങ്ങള്‍ പോലും ഉപേക്ഷിച്ച മട്ടാണ്. മോഹന്‍സിങ് മാത്രമാണ് ഗ്രാമഗ്രാമാന്തരങ്ങളില്‍ ഓടിനടന്ന് പാര്‍ട്ടി പടുക്കാന്‍ കൂട്ടിനുള്ളത്. ആഗ്രയില്‍ ഈ വരുന്ന മാര്‍ച്ച് മാസം സമാജ്വാദിയുടെ മഹാറാലി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. രാംഗോപാല്‍ സിങ്ങും ശിവ്പാല്‍സിങ് യാദവും അഖിലേഷ് യാദവും മാത്രമടങ്ങുന്ന ഒരു കുടുംബമുന്നണി മാത്രമാണ് നേതാജിയോടൊപ്പം യാദവരെ ആവേശം കൊള്ളിക്കാനുണ്ടാവുക. സമാജ്വാദി തളര്‍ന്നപ്പോഴൊക്കെയും ഈ മഹാറാലി മുലായത്തെ കൈപ്പിടിച്ച് ഉയര്‍ത്താറുണ്ടായിരുന്നു. 2003ലെ ആഗ്രാ റാലി ഉദാഹരണം. വേറിട്ടുപോയവരില്‍ എത്രപേര്‍ മുലായത്തോടൊപ്പം മടങ്ങിയെത്തുമെന്ന് ഈ റാലിക്കുശേഷമാണ് വ്യക്തമാകുക.  റശീദ് മസ്ഊദ് എന്ന പഴയ ജനതാപാര്‍ട്ടി സിംഹം സമാജ്വാദിയില്‍ വൈസ് പ്രസിഡന്റായി അവതരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഏറിയാല്‍ ആയിരങ്ങളെയാണ് ഒപ്പം നിറുത്താനാവുക. ബംഗ്ലാവും കാറും ഫേഷ്യലുമായി 'സുന്ദരക്കുട്ടപ്പ'നായി നടക്കുന്ന അഖിലേഷിന് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കണമെന്നുണ്ടെങ്കില്‍ ഒറ്റ വഴിയേ ഉള്ളൂ. അച്ഛന്റെ പഴയ സോഷ്യലിസ്റ്റ് സൈക്കിള്‍ ആഞ്ഞു ചവിട്ടുക. ജനങ്ങളിലേക്കിറങ്ങാത്ത നേതാവെന്ന പ്രതിച്ഛായ അഖിലേഷ് മാറ്റുകയല്ലാതെ സമാജ്വാദി പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇനി രക്ഷയില്ല.

No comments: