ഈ മാസം 25ന് നടക്കേണ്ട ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയുടെ ഗതി എന്താവുമെന്ന് ഏറക്കുറെ ഉറപ്പായിരിക്കുന്നു. മുഖ്യ ചര്‍ച്ച ഭീകരാക്രമണങ്ങള്‍ കേന്ദ്രീകരിച്ചാവണമെന്ന് ഇന്ത്യ ശഠിക്കുമ്പോള്‍ കശ്മീര്‍ പ്രശ്നവും സിന്ധു നദീജല തര്‍ക്കവും ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളെയും സ്പര്‍ശിക്കുന്ന സമഗ്ര ചര്‍ച്ചയാണ് വേണ്ടതെന്ന് പാകിസ്താനും വാദിക്കുന്നു. ഈ പിരിമുറുക്കത്തോടെ സെക്രട്ടറിമാര്‍ സമ്മേളിച്ചാല്‍, കൂടുതല്‍ ചര്‍ച്ച വേണമെന്ന തീരുമാനത്തോടെ പിരിയുന്നതില്‍ കവിഞ്ഞ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. പുണെ സ്ഫോടനമാണ് ഇന്ത്യയുടെ മനസ്സ് മാറ്റിയതെന്ന് കരുതുന്നത് പൂര്‍ണമായി ശരിയാവണം എന്നില്ല; പുണെയില്‍ ഭീകരാക്രമണം നടത്തിയവരുടെ ഉദ്ദേശ്യം അതുതന്നെയാവാമെങ്കിലും. മുംബൈ സ്ഫോടനത്തെ തുടര്‍ന്ന് ഇന്ത്യ^പാക് ചര്‍ച്ചകള്‍ നിറുത്തിവെച്ചപ്പോള്‍ തന്നെ, ഇന്ത്യക്കെതിരായ ഭീകരാക്രമണങ്ങള്‍ക്ക് ആസ്ഥാനമാവാന്‍ സ്വന്തം ഭൂമി അനുവദിക്കുകയില്ലെന്ന് പാകിസ്താന്‍ ഉറപ്പുവരുത്താതെ സംഭാഷണങ്ങള്‍ പുനരാരംഭിക്കുന്നതില്‍ അര്‍ഥമില്ലെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നതാണ്. പാകിസ്താന്‍ തങ്ങളുടെ ഭീകരവിരുദ്ധ നിലപാട് ആത്മാര്‍ഥമാണെന്ന് തെളിയിക്കാന്‍ മുംബൈ സ്ഫോടനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ആരോപിക്കപ്പെട്ട ഏതാനും പ്രതികളെ പിടികൂടി കേസെടുക്കുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തീവ്രവാദവും ഭീകരതയും രണ്ടു രാജ്യങ്ങളും ഒരുപോലെ നേരിടുന്ന ഭീഷണിയാണെന്നും പരസ്പര സഹകരണത്തോടെ അതിനെ നേരിടുകയല്ലാതെ പോംവഴിയില്ലെന്നുമാണ് പാകിസ്താന്റെ നിലപാട്. മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ നിരോധിത ലശ്കറെ ത്വയ്യിബയുടെ പുതിയ മുഖമായ ജമാഅതുദ്ദഅ്വയുടെ മേധാവി ഹാഫിസ് മുഹമ്മദ് സഈദാണെന്ന് ഇന്ത്യ ആരോപിക്കുമ്പോള്‍ മതിയായ തെളിവുകളില്ലെന്ന് പറഞ്ഞ് അയാളെ പ്രതിചേര്‍ക്കാന്‍ വിസമ്മ തിക്കുകയാണ് പാകിസ്താന്‍.
നിലപാടുകളിലെ ഈ വൈരുധ്യം അവസാനിപ്പിക്കാതെ ചര്‍ച്ചകള്‍കൊണ്ട് പ്രയോജനമില്ലെന്ന് വ്യക്തം. പക്ഷേ, ഇരുപക്ഷവും ഒരുപോലെ വിധേയത്വം പുലര്‍ത്തുന്ന അമേരിക്കയുടെ സമ്മര്‍ദം മുറുകുമ്പോള്‍ രണ്ടു രാജ്യങ്ങളും വീണ്ടും ചര്‍ച്ചയുടെ മേശക്കരികെ എത്തുന്നു. ഇത്തവണയും പതിവ് നടപടി ആവര്‍ത്തിക്കുമെന്ന് വിശ്വസിക്കാനാണ് ന്യായം. ദുരുദ്ദേശ്യപൂര്‍വമാണെങ്കിലും ബി.ജെ.പി പറയുമ്പോലെ അമേരിക്കയുടെ നിര്‍ബന്ധമാണ് ഇന്ത്യ^പാക് സംഭാഷണങ്ങള്‍ക്കു പിന്നിലെന്ന് തോന്നിപ്പിക്കുന്നതാണ് ഉത്തരവാദപ്പെട്ടവരുടെ പ്രസ്താവനകള്‍. സമഗ്ര ചര്‍ച്ച എപ്പോള്‍ പുനരാരംഭിക്കുമെന്ന് പറയാനാവില്ലെന്ന് പറയുന്ന വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ തീവ്രവാദ അജണ്ടക്കപ്പുറം പ്രഖ്യാപിത ചര്‍ച്ചക്ക് ഇന്ത്യക്ക് താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയത് ഫെബ്രുവരി 25ലെ ചര്‍ച്ചകളെ ഇന്ത്യ എങ്ങനെ സമീപിക്കാന്‍ പോവുന്നു എന്ന് തെളിയിക്കുന്നതാണ്. പാകിസ്താനാവട്ടെ, സമഗ്ര ചര്‍ച്ചയുടെ ആവശ്യകത തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഉപഭൂഖണ്ഡത്തിലെ സമാധാനം അവരുടെ താല്‍പര്യമോ അജണ്ടയോ അല്ല. അഫ്ഗാനിസ്താനിലെയും പാക്^അഫ്ഗാന്‍ അതിര്‍ത്തിയിലെയും താലിബാന്‍ വേട്ട തങ്ങളുദ്ദേശിക്കുന്ന ഫലപ്രാപ്തിയിലെത്തുന്നതുവരെ ഇന്ത്യ^പാക് അതിര്‍ത്തിയില്‍ ഒരേറ്റുമുട്ടല്‍ അമേരിക്ക ആഗ്രഹിക്കുന്നില്ല. വീണ്ടും രണ്ടു രാജ്യങ്ങളും ഒരു യുദ്ധത്തിലേക്ക് നീങ്ങിയാല്‍ പാകിസ്താന്‍ സൈന്യത്തിന്റെ ശ്രദ്ധ താലിബാന്‍ വിരുദ്ധ ഓപറേഷനില്‍നിന്ന് വ്യതിചലിക്കും. അന്നേരം പാകിസ്താന്‍ പട്ടാളത്തെ ഉപയോഗിച്ച് താലിബാനെ വേട്ടയാടുന്ന അമേരിക്കന്‍ തന്ത്രം പാളും. അതിനാല്‍, ഇന്ത്യയും പാകിസ്താനും തല്‍ക്കാലം ചര്‍ച്ചാ നാടകം തുടരണമെന്നേ അമേരിക്കക്കുള്ളൂ. ഇക്കാര്യം ഇന്ത്യക്കും പാകിസ്താനും അറിയാത്തതല്ല. 'മുതലാളി' പറഞ്ഞാല്‍ മറുത്തുപറയുന്നത് അപകടമാണെന്നറിയാവുന്നതുകൊണ്ട് വഴങ്ങുന്നു. ആത്മാര്‍ഥതയില്ലാത്ത ഇത്തരം ചര്‍ച്ചാ പ്രഹസനങ്ങള്‍കൊണ്ട് ഒരു പ്രശ്നവും പരിഹരിക്കപ്പെടുകയില്ല; അയല്‍പക്കബന്ധങ്ങള്‍ സാധാരണനിലയില്‍ ആവുകയില്ല; ആയുധമല്‍സരം രണ്ടു നാടുകളെയും മുടിക്കും. അപ്പോഴും ലാഭം അമേരിക്കയിലെയും ഇസ്രായേലിലെയും ആയുധക്കച്ചവടക്കാര്‍ക്കുതന്നെ.
ചര്‍ച്ചകള്‍ ലക്ഷ്യം കാണണമെങ്കില്‍ പരസ്പരവിശ്വാസവും ഗുണകാംക്ഷയും സൌമനസ്യവും വേണം. വെറുപ്പിന്റെയും ശത്രുതയുടെയും തത്ത്വശാസ്ത്രം തലയിലേറ്റി നടക്കുന്നവര്‍ക്ക് ചരിത്രം ബാക്കിവെച്ച മുറിവുകള്‍ ഉണക്കാനല്ല, വീണ്ടും വീണ്ടും പഴുപ്പിക്കാനാവും വ്യഗ്രത. സമാധാനത്തെക്കുറിച്ചും സൌഹൃദത്തെക്കുറിച്ചും സംസാരിക്കുന്നവര്‍ അവരുടെ കണ്ണില്‍ രാജ്യദ്രോഹികളാണ്. യുദ്ധത്തിന്റെ ഭാഷയും ആക്രോശവുമാണ് അവരുടെ ദൃഷ്ടിയില്‍ രാജ്യസ്നേഹം. അതിര്‍ത്തിക്കിരുവശത്തുമുള്ള യുദ്ധക്കൊതിയരുടെയും അവരെ പ്രോത്സാഹിപ്പിക്കുന്ന സാമ്രാജ്യത്വത്തിന്റെയും മുന്നില്‍ ഭരണാധികാരികള്‍ നിസ്സഹായരാവുന്നിടത്തോളം കാലം സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പിടഞ്ഞുചാവുകയേ ചെയ്യൂ.
Friday, February 19, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment