Thursday, February 18, 2010

ഇസ്ലാമിക് ബാങ്കിന്റെ പ്രശ്നങ്ങള്‍ പഠിക്കുമ്പോള്‍

ഇസ്ലാമിക് ബാങ്കിങ്ങിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ ലോകമെമ്പാടും വ്യാപകമായിട്ടുണ്ട്. ഇസ്ലാമിക്ബാങ്കിങ് സംവിധാനത്തിന് പിന്നിലെ സാമ്പത്തികവ്യവഹാരത്തെ കേന്ദ്രീകരിച്ചല്ല, ആഗോള സാമ്പത്തികപ്രതിസന്ധിയാണ് അതിനു കാരണമായിത്തീര്‍ന്നിരിക്കുന്നത്. ഉല്‍പാദനപരമല്ലാത്തതും മനുഷ്യാധ്വാനം ഉപയോഗപ്പെടുത്താത്തതും ചൂഷണത്തില്‍ ഊന്നിയതുമായ സാമ്പത്തികവിനിമയത്തെ അംഗീകരിക്കാത്തതു കൊണ്ടുമാത്രമാണ് ഇസ്ലാം പലിശയെ നിരാകരിച്ചത് എന്ന രീതിയില്‍ ഇസ്ലാമിക്ബാങ്കിങ്ങിനെ സംബന്ധിച്ച ചര്‍ച്ചകള്‍ പലപ്പോഴും അതിന്റെ പിന്നിലെ സാമ്പത്തിക യുക്തിയെ വിശദീകരിക്കാന്‍ പര്യാപ്തമല്ല എന്നതുകൂടി തിരിച്ചറിയേണ്ടതുണ്ട്.

അധാര്‍മികത ഒരു മതവും പ്രോത്സാഹിപ്പിക്കുന്നതല്ല. അതുകൊണ്ടുതന്നെ ധാര്‍മികതയിലൂന്നിയാണ് ഇസ്ലാം പലിശരഹിത സാമ്പത്തികക്രയവിക്രയത്തെ പിന്തുടരുന്നത് എന്ന് വാദിക്കാനും കഴിയില്ല. ധാര്‍മികത മാത്രമാണ് പ്രശ്നമെങ്കില്‍ മാനുഷികമൂല്യമുള്ള മുതലാളിത്തം അഥവാ വിപണി എന്നീ നിയോ^ലിബറല്‍ മുദ്രാവാക്യങ്ങളെ ഏറ്റുപിടിച്ചാല്‍ മതിയാകും. എന്നാല്‍, അങ്ങനെയൊരു സംവിധാനം നടപ്പിലില്ലാത്ത ഒരു സാഹചര്യത്തിലാണ്, പണത്തെ അതിന്റെ ഉല്‍പാദന മൂല്യത്തെ അടിസ്ഥാനമാക്കി ക്രയവിക്രയം ചെയ്യണം എന്ന് നിഷ്കര്‍ഷിക്കുന്ന ഇസ്ലാമിക് ബാങ്കിന്റെ പ്രത്യേകത.

പണത്തിന്റെ സ്വതന്ത്രമായ വളര്‍ച്ചയെയും കുമിഞ്ഞു കൂടലിനെയും ഇസ്ലാം അനുവദിക്കാത്തതുകൊണ്ടാണ് പലിശ രഹിത ബാങ്കിങ് അനുവദനീയമാക്കിയത്.  എന്നാല്‍, പണത്തെ മനുഷ്യാധ്വാനം ത്വരിതപ്പെടുത്താനുള്ള ഉപാധി എന്ന നിലയില്‍ ഇസ്ലാം അംഗീകരിക്കുന്നുണ്ടുതാനും. ഇവിടെയാണ് ഇസ്ലാമിക്ബാങ്കിങ് പ്രശ്നങ്ങളെ നേരിടുന്നതും. എല്ലാ മുസ്ലിംരാജ്യങ്ങളിലും ഇസ്ലാമിക്ബാങ്കിങ് പൂര്‍ണരൂപത്തില്‍ നിലനില്‍ക്കുന്നില്ല എന്നതുകൂടി കണക്കിലെടുക്കണം. പലപ്പോഴും പരമ്പരാഗതബാങ്കിങ്ങുമായി സമാന്തരമായിട്ടാണ് ഇസ്ലാമിക്ബാങ്കിങും നിലനില്‍ക്കുന്നത്. സാധാരണബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി ഇസ്ലാമിക്ബാങ്കില്‍ നിന്ന് പണം പലിശക്ക് ലഭിക്കില്ല. പകരം ബാങ്കുകൂടി പങ്കാളിയാകുന്ന കച്ചവടസംരംഭത്തിനാണ് ലഭിക്കുക. അതുകൊണ്ട് ഇസ്ലാമിക് ബാങ്കിനെ നിക്ഷേപകബാങ്ക് എന്ന് വിളിക്കുന്നതാണ് ഉചിതം.

അതിന് ലാഭം ഒഴിവാക്കാനില്ല എന്നതും വിസ്മരിക്കാനാകില്ല. എന്നാല്‍, ഇവിടെ ലാഭവും നഷ്ടവും ഒരുപോലെ പങ്കുവെക്കപ്പെടുന്നിടത്താണ് ധാര്‍മികത അളവുകോലായി മാറുന്നത്. നഷ്ടം സഹിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്തം സംരംഭകര്‍ക്ക് ഉണ്ടാകണമെന്ന് ഇത് അനുശാസിക്കുന്നു. എന്നാല്‍ ലാഭവും നഷ്ടവും ഊഹക്കച്ചവടത്തിലൂടെ ഉറപ്പിക്കാന്‍ ഇസ്ലാമിക ധര്‍മശാസ്ത്രം അനുശാസിക്കുന്നില്ല. അതുകൊണ്ടുതന്നെ നിക്ഷേപങ്ങള്‍ മൂലധനത്തെ സംരക്ഷിക്കുന്നതായിരിക്കണം. അതായത് ലാഭം ഉറപ്പാകുന്ന ഒരു സംവിധാനം ആരുടേയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാനും പാടില്ല.  ലാഭം ഉറപ്പാക്കുന്ന ഇത്തരമൊരു സാമ്പത്തിക സംവിധാനം ഇന്നത്തെ നിയോ^ലിബറല്‍ സംവിധാനത്തില്‍ പ്രായോഗികമായി നടപ്പാക്കുന്നത് ബഹുരാഷ്ട്ര കോര്‍പറേറ്റ് കുത്തകകളാണ്. സര്‍ക്കാര്‍നിക്ഷേപങ്ങള്‍ക്ക് പോലും, അര്‍ഹിക്കാന്‍ കഴിയാത്തത്ര വിശ്വാസം ഇന്ന്  വന്‍കിട കോര്‍പറേറ്റ്സ്ഥാപനങ്ങളുടെ മ്യൂച്വല്‍ഫണ്ടുകള്‍ നേടുന്നുണ്ട്. ഇന്ന് ഇസ്ലാമിക് ബാങ്കിങ്ങിനെ കോര്‍പറേറ്റ്മേഖല സ്വാഗതം ചെയ്യുന്നതിനു പിന്നിലെ സാമ്പത്തികതാല്‍പര്യങ്ങളാണ് പഠിക്കേണ്ടത്.


ഇസ്ലാമിക് ബോണ്ട് വിപണി


ദുബൈ വേള്‍ഡ് എന്ന കമ്പനിയുടെ തകര്‍ച്ചയാണ് ലോകത്ത് ഇസ്ലാമിക്ബോണ്ട് സംബന്ധിച്ച ചര്‍ച്ചകള്‍ കോര്‍പറേറ്റ് ലോകത്ത് വീണ്ടും സജീവമാക്കിയത്. 26 ബില്യന്‍ അമേരിക്കന്‍ഡോളറിന്റെ കടക്കെണിയില്‍പ്പെട്ട കമ്പനിക്ക് 4.05 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ഇസ്ലാമിക്ബോണ്ട് നിക്ഷേപമുണ്ടായിരുന്നു. ലോകത്തെ അതിസമ്പന്നര്‍ക്ക് വേണ്ടി ആഡംബരവീടുകള്‍ നിര്‍മിക്കാന്‍ വേണ്ടിയുണ്ടാക്കിയ ഈ പദ്ധതിയില്‍ ഇസ്ലാം വിലക്കിയ മദ്യം, പന്നി, ചൂതാട്ടം, വിശ്വാസവഞ്ചന ഒന്നുംതന്നെ പ്രത്യക്ഷത്തില്‍ ഇല്ലായിരിക്കും. എന്നാല്‍, സമൂഹത്തിലെ അന്തരങ്ങള്‍ അവ ഇല്ലാതാക്കുന്നില്ല. ഇത്തരം മേഖലകളിലേക്ക് നിക്ഷേപിക്കപ്പെടുന്ന ഇസ്ലാമിക്ബോണ്ടുകള്‍ ധാര്‍മികമൂല്യത്തെയല്ല വിപണനംചെയ്യുന്നത്. 2010 ആകുമ്പോഴേക്കും ഇസ്ലാമിക്ബോണ്ടുകള്‍ 200 ബില്യന്‍ അമേരിക്കന്‍ഡോളറിന്അപ്പുറമാകും എന്നാണ് കണക്കാക്കുന്നത്. 2009 ലെ ബാങ്കേഴ്സ് സര്‍വേ പ്രകാരം ലോകത്തെ 500 ഓളം വരുന്ന ഇസ്ലാമിക ധനകാര്യസ്ഥാപനങ്ങള്‍ വര്‍ഷം 29 ശതമാനം കണ്ട് വളര്‍ച്ച നേരിടുന്നവയാണ്. 2008ല്‍ 639 ബില്യന്‍ അമേരിക്കന്‍ഡോളര്‍ നിക്ഷേപമുണ്ടായിരുന്ന ഈ സ്ഥാപനങ്ങള്‍ 2009ല്‍ 822 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വളര്‍ച്ച നേടി.  ഇതേ കാലയളവില്‍ ലോകത്തെ 100 പരമ്പരാഗത ബാങ്കുകളുടെ ആസ്തി മുമ്പുണ്ടായിരുന്നതില്‍ നിന്ന് കുറയുകയും ചെയ്തു.

ഇസ്ലാമിക്ബോണ്ടുകളുടെ 86 ശതമാനവും കൈകാര്യം ചെയ്യുന്നത് വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളാണ്.  ഇതില്‍തന്നെ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ വികസിതരാജ്യങ്ങളിലെ സ്വകാര്യ കോര്‍പറേറ്റ്സ്ഥാപനങ്ങളാണ് ബോണ്ടുകള്‍ വിനിമയം ചെയ്യുന്നത്.  ലണ്ടനിലെ ഇസ്ലാമിക്ബാങ്കിങ് സ്ഥാപനങ്ങള്‍വഴി വര്‍ഷത്തില്‍  20 ബില്യന്‍ അമേരിക്കന്‍ഡോളറിന്റെ ബോണ്ടുകളാണ് ക്രയവിക്രയം നടത്തുന്നത്. ലണ്ടന്‍വിപണിയില്‍ ഇത് വര്‍ഷം 15 ശതമാനം കണ്ടാണ് വളരുന്നത്. ഗള്‍ഫ്രാജ്യങ്ങളിലെ എണ്ണ സമ്പത്തിനെ ആശ്രയിച്ച് വളരുന്ന ഇസ്ലാമിക്ബോണ്ടുകള്‍ക്ക് ഇന്ന് വന്‍ ആവശ്യമുയര്‍ന്നുകഴിഞ്ഞു. ഇന്ത്യയില്‍ ഐ.സി.ഐ.സി.ഐ ബാങ്ക് ഇത്തരം നിക്ഷേപത്തെ സ്വീകരിക്കുന്നതിന്  പ്രത്യേകസംവിധാനം തന്നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക്ബോണ്ടുകള്‍ സ്വീകരിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ വിനിമയശേഷിയും വിപണിയില്‍ ഉള്ള സ്വാധീനവും നിര്‍ണായകമാണ്.

കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയുടെ കാലത്ത് ഇന്ത്യയില്‍ ഇത്തരം ബാങ്കിങ്ങിന്റെ പ്രായോഗികത പഠിക്കാന്‍ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു.  ഇന്ത്യയില്‍ നിലനില്‍ക്കുന്ന ബാങ്കിങ് നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് ഇസ്ലാമിക് ബാങ്കിങ് പ്രായോഗികമല്ല എന്ന് കമ്മിറ്റി കണ്ടെത്തിയുരുന്നു.  എന്നാല്‍, പിന്നിട്ടുവന്ന രഘുറാം രാജന്‍ കമ്മിറ്റി പലിശരഹിത ചെറുകിട വായ്പകള്‍ വ്യാപിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. രാജ്യത്ത് പരമ്പരാഗത ബാങ്കിങ് മേഖലയെ മറികടക്കുന്ന സംവിധാനങ്ങള്‍ റിസര്‍വ്ബാങ്കിന്റെ പിന്തുണയോടെ നടപ്പാക്കണം എന്നുണ്ടെങ്കില്‍ അതിനുവേണ്ട  നിയമഭേദഗതികള്‍ വേണ്ടിവരും. കേരളസര്‍ക്കാര്‍ ഇതിനെക്കുറിച്ച് പഠിക്കുന്നുമുണ്ട്. എന്നാല്‍, ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയുടെ സ്ഥിതി അതല്ല. അവര്‍ ഇസ്ലാമിക്ബോണ്ടിനെ സ്വാഗതം ചെയ്യുകയാണ്. ഇതിന്റെ പിന്നിലെ കാരണം നേരത്തേ സൂചിപ്പിച്ചതുപോലെ, ഇന്ത്യന്‍വിപണിയില്‍ നേടിയ കുത്തകാധികാരവും കൃഷിമുതല്‍ പ്രതിരോധമേഖലവരെ വളര്‍ന്ന കോര്‍പറേറ്റ്വത്കരണവുമാണ്. ഇസ്ലാം വിപണിയെയോ കച്ചവടത്തെയോ നിഷേധിക്കുന്നതല്ല. അതുകൊണ്ട് തന്നെ അതിന്റെ സാമ്പത്തികക്രമം അസമത്വങ്ങള്‍ സൃഷ്ടിക്കുന്നതാകരുത്.

80 ശതമാനം ആളുകളും 20 രൂപക്കു താഴെവരുമാനത്തില്‍ ജീവിക്കുന്നവരാണ് എന്ന അര്‍ജുന്‍ സെന്‍ ഗുപ്ത കമ്മിറ്റി കണ്ടെത്തിയിരുന്നു. കൂടാതെ 25000 രൂപ കാര്‍ഷികകടമെടുത്ത് അതിന്റെ പലിശ താങ്ങാനാകാതെ ആത്മഹത്യ ചെയ്യേണ്ടിവരുന്ന കര്‍ഷകരുള്ള ഒരു സമൂഹത്തില്‍  പലിശരഹിത ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കണം എന്നതാണ് പ്രധാനപ്പെട്ട പ്രശ്നം.  സ്വകാര്യമേഖലയിലാണ് ഇന്ന് ഇസ്ലാമിക്ബാങ്കിന്റെ കൂടുതല്‍ ഇടപാടുകളും നടക്കുന്നത്. ഇതില്‍തന്നെ ബോണ്ടുകള്‍ ഒഴികെയുള്ള മേഖലയില്‍ ഇസ്ലാമിക്ബാങ്കിങ് സംവിധാനം ചുരുങ്ങിയ തോതില്‍ മാത്രമാണ് നടപ്പാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. അതും ചില സ്വകാര്യസംരംഭങ്ങള്‍ മാത്രം.  ദാരിദ്യ്ര നിര്‍മാര്‍ജനം, സാമൂഹികപശ്ചാത്തല വികസനം എന്നീ മേഖലകളൊന്നും തന്നെ ലാഭം ഉറപ്പുവരുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പലിശരഹിത ബാങ്കിങ് എങ്ങനെ നടപ്പാക്കാം എന്നതാണ് പ്രസക്തമായ വസ്തുത. പലിശരഹിത വായ്പാസംരംഭങ്ങള്‍ വിജയിക്കണമെങ്കില്‍ അംഗങ്ങളുടെ ക്രയശേഷി  പൂര്‍ണമായും  ഉപയോഗിക്കാന്‍ കഴിയുന്നതാവണം. അത്തരം സംരംഭങ്ങള്‍ കാര്‍ഷിക മേഖലയടക്കം ചെറുകിട സംരംഭങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍  നഷ്ടം സൃഷ്ടിക്കുന്നതാകരുത്.  കേരളത്തില്‍ കുടുംബശ്രീയടക്കമുള്ള ഇത്തരം സംരംഭങ്ങള്‍ വേണ്ടത്ര ഫലം ചെയ്തിട്ടില്ല എന്നത് വസ്തുതയാണ്.

മൂലധനം പൂര്‍ണമായും സംരക്ഷിക്കപ്പെടണമെന്ന അടിസ്ഥാനത്തിലാണെങ്കില്‍, ഇന്ത്യയില്‍ ഇസ്ലാമിക്ബാങ്കിങ്ങിന്റെ ഗുണഭോക്താക്കളാകാന്‍ യോഗ്യത, സ്വകാര്യ കോര്‍പറേറ്റ്സ്ഥാപനങ്ങള്‍ക്കാണ്.  എന്നാല്‍, സാമൂഹികനീതി അവഗണിക്കുന്ന സ്ഥാപനങ്ങളാണവ. ഇവിടെ സുബ്രഹ്മണ്യംസ്വാമി ആശങ്കപ്പെടുന്നത് പോലെ, മുസ്ലിംകള്‍ക്കല്ല ഇതിന്റെ ഗുണം സ്വാമികൂടി പങ്കാളിയായ ഇന്ത്യന്‍ കാപിറ്റലിസത്തിനുതന്നെയാണ്.  ഭൂരിപക്ഷം വരുന്ന ദരിദ്ര മുസ്ലിംകള്‍ക്കും ഇന്ന് വായ്പാസൌകര്യം ലഭിക്കുന്നില്ല എന്ന സച്ചാര്‍ കമ്മിറ്റി കണ്ടെത്തല്‍ ഇവിടെ പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്. ഇത് പലിശയോടുള്ള എതിര്‍പ്പ് കാരണം മുസ്ലിംകള്‍ ബാങ്കുകളെ സമീപിക്കാത്തത് കൊണ്ടല്ല, ബാങ്കില്‍ ഈടുവെക്കാനുള്ള ജാമ്യവസ്തുക്കളുടെ അഭാവമാണ് കാരണം.  അതിനാല്‍ പലിശരഹിത ബാങ്ക് സംബന്ധിച്ച കോര്‍പറേറ്റ് ചര്‍ച്ചകളല്ല, അതിന്റെ പിന്നിലെ സാമൂഹികയുക്തിയെ എങ്ങനെ പ്രയോഗത്തില്‍ വരുത്താം എന്നാണ് ആലോചിക്കേണ്ടത്.

എസ്. മുഹമ്മദ് ഇര്‍ഷാദ്

No comments: