Friday, February 19, 2010

മഞ്ഞലോഹ ഭ്രാന്ത്

ലോകത്തേറ്റവും സ്വര്‍ണം ഉപയോഗിക്കുന്ന രാജ്യം എന്ന ബഹുമതി മഞ്ഞലോഹത്തിന്റെ റെക്കോഡ് വിലക്കയറ്റത്തിന്റെ നാളിലും ഇന്ത്യ നിലനിറുത്തി. 2009ല്‍ 405.8 ടണ്‍ സ്വര്‍ണമാണ് ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിഞ്ഞത്. പോയവര്‍ഷത്തെ അപേക്ഷിച്ച് ഇത് 19 ശതമാനം കുറവാണെങ്കിലും 2009ന്റെ ആദ്യപാദത്തിലായിരുന്നു വില്‍പന കുറഞ്ഞത്. നാലാം പാദത്തില്‍ ഗണ്യമായി മെച്ചപ്പെട്ടു. മുന്‍വര്‍ഷം ഇതേ കാലയളവില്‍ വില്‍പനയായതിനെക്കാള്‍ 13 ശതമാനം കൂടുതല്‍. വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലിന്റെ അവലോകന റിപ്പോര്‍ട്ടില്‍നിന്നാണ് ഈ കണക്ക്.

മുപ്പത് കോടിയോളം ജനങ്ങള്‍ ദാരിദ്യ്രരേഖക്കു താഴെ കഴിയുന്ന ഒരു രാജ്യത്താണ്, സ്വര്‍ണത്തിന്റെ സര്‍വകാല റെക്കോഡ് വിലക്കയറ്റത്തിനിടയിലും ഈ വന്‍ ഡിമാന്‍ഡ് എന്നോര്‍ക്കണം. ആഭരണഭ്രമം തന്നെയാണ് സ്വര്‍ണവിപണിയെ മാന്ദ്യം ബാധിക്കാതെ നിലനില്‍ക്കുന്നതെന്ന് വ്യക്തം. കഴിഞ്ഞ ദിവസം 12,480 രൂപയാണ് എട്ട് ഗ്രാം സ്വര്‍ണത്തിന്റെ വില. എന്നിട്ടും വിവാഹക്കമ്പോളത്തില്‍ സ്ത്രീധനമായി നല്‍കേണ്ട ആഭരണത്തിന്റെ തൂക്കം മില്ലിഗ്രാം കുറയുന്നില്ല. സ്ത്രീധനം കൊടുക്കുന്നവനും വാങ്ങുന്നവനും നിയമദൃഷ്ട്യാ കുറ്റവാളികളാണ്. പിടികൂടിയാല്‍ കഠിനമായ ശിക്ഷയും ലഭിക്കും. പക്ഷേ, പുരുഷനെതിരെ കോടതിയിലെത്തുന്ന ഏതാണ്ടെല്ലാ വിവാഹമോചനക്കേസുകളിലും സ്ത്രീധനമായി വാങ്ങിയ സ്വര്‍ണം തിരിച്ചുകൊടുത്തില്ല, കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടു എന്നൊക്കെയാണ് സ്ത്രീയുടെ ഭാഗത്തുനിന്നുള്ള പരാതി. കൊടുക്കാന്‍ പാടില്ലാത്തത് കൊടുത്തു എന്നതിന്റെ പേരില്‍ വാദി പ്രതിയായ അനുഭവം ഒരു കോടതിയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സമ്പന്നരുടെ വിവാഹങ്ങളില്‍ വധു മിക്കവാറും ഒരു മൊബൈല്‍ ജ്വല്ലറിയാണ്. തന്മൂലം പാവങ്ങളും അവസരത്തിനൊത്തുയരാന്‍ നിര്‍ബന്ധിതരായിത്തീരുന്നു. സന്നദ്ധസംഘടനകളോ പള്ളി ഭരണസമിതികളോ അവരുടെ രക്ഷക്കെത്തും. നിര്‍ധന യുവതികള്‍ക്ക് സ്വര്‍ണസഹായം അംഗീകൃത ചാരിറ്റി പ്രവര്‍ത്തനമായി മാറിയിട്ടുണ്ട്. നമ്മുടെ ഈ മഞ്ഞലോഹഭ്രാന്ത് ഏതു പ്രതികൂല സാഹചര്യത്തിലും മൂര്‍ച്ഛിക്കുകയേ ഉള്ളൂ എന്നാണോ ധരിക്കേണ്ടത്!

No comments: