Saturday, February 20, 2010

ജനങ്ങള്‍ക്കെതിരെ ഇനിയും പട്ടാളമോ?

ബിഹാറിലെ മാവോയിസ്റ്റ് ആക്രമണം നക്സല്‍ പ്രശ്നത്തിന്റെ ഗൌരവം ഒരിക്കല്‍ കൂടി തെളിച്ചുകാട്ടുന്നു. കേസരി ഗ്രാമത്തില്‍ ഇരച്ചുകയറി വീടുകള്‍ തീയിടുകയും തുരുതുരാ വെടിയുതിര്‍ക്കുകയുമായിരുന്നു മാവോയിസ്റ്റ് സംഘം. 12 പേര്‍ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ സൈനിക ക്യാമ്പുകള്‍ക്കുനേരെ കഴിഞ്ഞയാഴ്ചയാണ് മറ്റൊരു 'നക്സല്‍ ആക്രമണം' ഉണ്ടായത്. സില്‍ദ ക്യാമ്പിനു തീവെക്കുകയും വെടിയുതിര്‍ക്കുകയും ചെയ്തതില്‍ ഏതാനും സൈനികര്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓപറേഷന്‍ ഗ്രീന്‍ഹണ്ടിനോടുള്ള പ്രതികരണമാണിതെന്ന് മാവോയിസ്റ്റ് നേതാവ് കിഷന്‍ജി അന്ന് പറഞ്ഞു. ബിഹാറിലാകട്ടെ ഗ്രാമീണര്‍ ഈയിടെ ചില മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിനുള്ള പകരം വീട്ടലാണത്രെ ഇപ്പോഴത്തെ കൂട്ടക്കൊല. ഒരേ സമയം ഭരണകൂടങ്ങള്‍ക്കും നിരപരാധികളായ സാധാരണക്കാര്‍ക്കുമെതിരായ അക്രമമായി മാവോവാദി പ്രവര്‍ത്തനം രൂപംകൊള്ളുന്നു എന്ന് സൂചിപ്പിക്കുന്നതാണ് അടുത്തകാലത്തെ സംഭവങ്ങള്‍. ഇന്ത്യയിലൊട്ടാകെ 20 സംസ്ഥാനങ്ങളിലായി 220 ജില്ലകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം സജീവമാണ്. ഝാര്‍ഖണ്ഡ്,ബിഹാര്‍, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ എന്നീ സംസ്ഥാനങ്ങളില്‍ നക്സല്‍ പ്രസ്ഥാനത്തിന് നല്ല വേരോട്ടമുണ്ട്. 1996 മുതല്‍ കഴിഞ്ഞ വര്‍ഷം വരെ 6500ലധികം പേര്‍ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ മരണപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. 92,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് നിര്‍ണായക ശക്തിയായ നക്സല്‍ പ്രസ്ഥാനത്തിന് അരലക്ഷം പേരടങ്ങുന്ന സായുധസേനയും ലക്ഷക്കണക്കിന് അനുഭാവികളുമുണ്ടത്രെ. ഇന്ത്യക്ക് ഏറ്റവും കടുത്ത ആഭ്യന്തര ഭീഷണി മാവോയിസ്റ്റുകളാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഇതെല്ലാം കണക്കിലെടുത്താണ്. ഇന്ത്യയുടെ ഭൂപ്രദേശത്തിന്റെ 40 ശതമാനം നക്സല്‍ സ്വാധീനത്തിലാണെന്നത് സര്‍ക്കാറിന് അവഗണിക്കാനാവില്ല.
സമാന്തര ഭരണകൂടമായി ഈ പ്രസ്ഥാനം വളരുമ്പോള്‍ അവര്‍ക്കും ഭരണകൂടത്തിനുമിടയില്‍ പെട്ടുപോയ സാധാരണക്കാര്‍ ദുരിതമനുഭവിക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ ഇരുപക്ഷവും നടത്തുന്നു. പ്രശ്നപരിഹാരത്തില്‍ സൂക്ഷ്മതയും നിയമവിധേയത്വവും പാലിക്കാന്‍ ബാധ്യതപ്പെട്ട ഭരണകൂടങ്ങള്‍ നിര്‍ഭാഗ്യവശാല്‍ മര്‍മം തൊടാതെയുള്ള ചികില്‍സയാണ് നടത്തുന്നത്. രോഗലക്ഷണമായ അക്രമങ്ങളെ അടിച്ചൊതുക്കുക എന്നതാണ് പ്രധാനമായി എടുത്തിരിക്കുന്നത്. പല തീവ്രവാദ പ്രസ്ഥാനങ്ങളെയും പോലെ നക്സലിസവും നീതിനിഷേധത്തോടുള്ള പ്രതികരണമായാണ് തുടങ്ങിയത്. കാരണത്തെ തൊടാതെ പ്രതികരണത്തെ മാത്രം നേരിടുന്നു എന്നതാണ് നമ്മുടെ വീഴ്ച. ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലാണ് മാവോവാദം വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഭരണകൂടങ്ങളുടെ അവഗണനയില്‍ ജീവിതം തന്നെ വഴിമുട്ടിയവരെ തീവ്രവാദത്തില്‍ അണിനിരത്താന്‍ എളുപ്പമാണ്. ഇതിന് മാവോവാദത്തെ പഴിക്കുന്നതിനുമുമ്പ് ഭരണകൂടങ്ങള്‍ സ്വന്തം വീഴ്ചകള്‍ തിരിച്ചറിയുകയും തിരുത്തുകയുമാണ് വേണ്ടത്. ഛത്തിസ്ഗഢിലാകട്ടെ, ഒറീസയിലാകട്ടെ, ബംഗാളിലെ നന്ദിഗ്രാമിലും ലാല്‍ഗഢിലുമാകട്ടെ, ആന്ധ്രയിലെ വിവിധ കേന്ദ്രങ്ങളിലാകട്ടെ ജനങ്ങള്‍ മാവോവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടാനുള്ള കാരണം അവരുടെ ജീവിതം അത്രമേല്‍ ദുരിതമയമായതാണ്. ദേശീയ തലത്തില്‍ 46 ശതമാനം ആദിവാസികളും ദാരിദ്യ്രരേഖക്ക് താഴെയാണെന്ന കണക്കുപ്രകാരം ഈ പ്രശ്നം വളരാനേ സാധ്യതയുള്ളൂ ^മര്‍മം നോക്കി ചികില്‍സിച്ചില്ലെങ്കില്‍. ഭൂമിയും ജീവിതവൃത്തിക്കുള്ള മാര്‍ഗങ്ങളുമാണ് തിരസ്കൃത ജനങ്ങളുടെ മുമ്പാകെയുള്ള വിഷയം. ഇന്ത്യയിലെങ്ങും പ്രത്യേക സാമ്പത്തിക മേഖലകളായും (സെസ്) കൈയേറ്റ ഭൂമികളായും സ്വകാര്യ ഖനി പ്രദേശങ്ങളായും സ്ഥലം വരേണ്യര്‍ക്ക് പതിച്ചുനല്‍കുമ്പോള്‍ ആദിവാസികളും വനവാസികളും കുടിയിറക്കപ്പെടുന്നു, പെരുവഴിയിലേക്ക്. അവരുടെ പ്രശ്നം പരിഹരിച്ചുകൊണ്ടുവേണം തീവ്രവാദത്തെ നേരിടാന്‍.
നിര്‍ഭാഗ്യവശാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കാണുന്ന പരിഹാരം ബലപ്രയോഗമാണ്. സല്‍വാജുദും പോലുള്ള കാടന്‍ രീതികള്‍ വിപരീത ഫലമേ ചെയ്യൂ എന്ന് വ്യക്തമായിക്കഴിഞ്ഞു. നക്സല്‍ വേട്ടക്ക് കേന്ദ്രം ഇപ്പോഴുള്ള 60,000 സുരക്ഷാ സേനക്കു പുറമെ 15,000 അര്‍ധസൈനികരെ കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കുമത്രെ. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ പൊലീസിനെ വിന്യസിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍, നക്സലുകളെ വേട്ടയാടാന്‍ എന്ന പേരില്‍ ആയുധങ്ങള്‍ നല്‍കി കേന്ദ്ര സംസ്ഥാന സൈന്യങ്ങളെ അഴിച്ചുവിടുമ്പോള്‍ അത് കടുത്ത മനുഷ്യാവകാശ ലംഘനത്തിലേക്കുള്ള ചുവടുവെപ്പാകും. ജമ്മു ^കശ്മീരിലെയും വടക്കുകിഴക്കന്‍ മേഖലയിലെയും ജനസമൂഹങ്ങളില്‍ അന്യതാബോധം വളര്‍ന്നത് ഇങ്ങനെയാണ്. അതിന്റെ പ്രത്യാഘാതം ചെറുതല്ല. അത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാതിരിക്കലാണ് നാടിന്റെയും നാട്ടുകാരുടെയും സുരക്ഷക്ക് നല്ലത്. കേന്ദ്ര സേനകളെ നിര്‍ബാധം തുറന്നുവിടുന്ന സ്ഥലങ്ങളില്‍ അവര്‍ തീവ്രവാദികളെക്കാള്‍ സാധാരണ പൌരന്മാരെയാണ് ഉന്നമിട്ടിട്ടുള്ളത് എന്നും ഓര്‍മ വേണം. ഒരു ഭാഗത്ത് തീവ്രവാദികള്‍, മറുഭാഗത്ത് സൈനികര്‍, രണ്ടിനുമിടയില്‍ ദുരന്തങ്ങളേറ്റുവാങ്ങുന്ന പൌരന്മാര്‍ ^ഇതാണ് പൊതുരീതി. നക്സല്‍ തീവ്രവാദത്തെ ^മറ്റു തീവ്രവാദങ്ങളെപ്പോലെ^ നേരിടേണ്ടത് രാഷ്ട്രീയവും സാമൂഹികവുമായിട്ടാണ്; സൈനികമായിട്ടല്ല. അതിര്‍ത്തി കാക്കേണ്ട പട്ടാളത്തെ ജനങ്ങളെ മര്‍ദിച്ചൊതുക്കാന്‍ ഇറക്കുന്നത് അപകടകരമാണ്.

No comments: