Friday, February 19, 2010

ഭൂരഹിത ആദിവാസികള്‍: വയനാടും ഇടുക്കിയും

വയനാട്  ജില്ലയില്‍ ആദിവാസി ജനസംഖ്യ 17 ശതമാനമാണ്. എന്നാല്‍ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമുള്ള ജൈനര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭൂമിയുടെ സിംഹഭാഗവും സ്വന്തമാക്കുകയും ആദിവാസികള്‍ ഭൂരഹിതരായി തുടരുകയും ചെയ്യുന്നതാണ് വര്‍ത്തമാന ചിത്രം. വയനാട്ടിലെ ജനസംഖ്യയില്‍ 90 ശതമാനത്തിലേറെയും ആദിവാസികളായിരുന്നു. ആദിവാസ മേഖല ബ്രിട്ടീഷുകാര്‍ സ്വന്തമാക്കി. അവിടെ പ്ലാന്റേഷനുകള്‍ ആരംഭിച്ചു. ഈ തോട്ടങ്ങളില്‍ വേണ്ടത്ര തൊഴിലാളികളെ ലഭിച്ചില്ല. അതിനാല്‍ മറ്റ് പ്രദേശങ്ങളില്‍നിന്ന് തൊഴിലാളികളെ കൊണ്ടുവന്നു. ഇതാണ് കുടിയേറ്റം ശക്തിപ്പെടുത്തിയത്. കുടിയേറിയവര്‍ ആദിവാസി ഭൂമിയും വനഭൂമിയും കൈയേറി. വയനാട്ടിലേക്കുള്ള രണ്ടാമത്തെ കുടിയേറ്റം ആരംഭിക്കുന്നത് രണ്ടാം ലോക യുദ്ധ ഭടന്മാരെ പുനരധിവസിപ്പിക്കാനുള്ള വയനാട് കോളനൈസേഷന്‍ സ്കീമിന്റെ കാലത്താണ്. ഇതിന് വേണ്ടി തെക്കേ വയനാട്, സുല്‍ത്താന്‍ ബത്തേരി, അമ്പലവയല്‍, നെന്മേനി എന്നീ വില്ലേജുകളിലായി 33,802 ഏക്കര്‍ ആദിവാസി  ഭൂമിയാണ് കൈയേറിയത്. ഇതോടൊപ്പം മധ്യ^തെക്കന്‍ കേരളത്തില്‍ നിന്നുള്ള വന്‍ കുടിയേറ്റം വയനാട്ടിലേക്കുണ്ടായി.

'50 കള്‍ മുതല്‍ '70 കള്‍ വരെ ജനസംഖ്യാ നിരക്കുവര്‍ധന ഏറ്റവും കൂടുതല്‍ വയനാട്ടിലായിരുന്നു. വടക്കേ വയനാട്, തെക്കേ വയനാട് താലൂക്കുകളില്‍ 417.9 ശതമാനവും 333.5 ശതമാനവും നിരക്ക് വര്‍ധനയാണ് '71 വരെയുള്ള കാലഘട്ടത്തില്‍ ഉണ്ടായത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ 187.3 മുതല്‍ 177.6 ശതമാനം വര്‍ധന മാത്രമാണുണ്ടായിരുന്നത്. ഇത് കാണിക്കുന്നത് ആദിവാസി ഭൂമിയിലേക്ക് സംഘടിതമായ കുടിയേറ്റവും കൈയേറ്റവും നടന്നു എന്നാണ്. 112543 ആണ് വയനാട്ടിലെ ആദിവാസി ജനസംഖ്യ. വയനാട് ജില്ലയിലെ ജനസംഖ്യയുടെ 17.34 ശതമാനമാണിത്. സംസ്ഥാനത്തെ ആദിവാസി ജനസംഖ്യയുടെ 35.82 ശതമാനവും വയനാട്ടിലാണ് ജീവിക്കുന്നത്.

നൂറ്റാണ്ടുകളായി ആദിവാസികള്‍ അധിവസിച്ചിരുന്ന ഭൂമിയില്‍ മാറിവന്ന ഭരണകൂടങ്ങളൊന്നും ആദിവാസിക്ക് ഭൂരേഖ നല്‍കിയില്ല. കോടതി കേസുകളില്‍ ആദിവാസികളുടെ ഭൂമി സ്വന്തമാക്കിയവര്‍ക്ക് ഭൂ ഉടമസ്ഥതാ രേഖ ഹാജരാക്കാനും ആദിവാസിക്ക് ഭൂ ഉടമസ്ഥതാ രേഖ ഹാജരാക്കാന്‍ കഴിയാതിരുന്നതിനും കാരണം ഇതാണ്. ആദിവാസി ഭൂമി കൈയേറി സ്വന്തമാക്കിയവര്‍ കൈയേറ്റത്തിന് ശേഷം ഭൂ ഉടമസ്ഥതാ രേഖ സംഘടിപ്പിച്ചിരുന്നു. തലമുറകളായി ലഭിച്ച ഭൂമിയാണെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. കേരളത്തിലെ എല്ലാ ജന്മിമാര്‍ക്കും ഭൂമി പാരമ്പര്യമായി ലഭിച്ചതായിരുന്നു. ജനാധിപത്യവിരുദ്ധമായ ഈ പാരമ്പര്യ സ്വത്ത് ഉടമസ്ഥതയും ചൂഷണവും അവസാനിപ്പിക്കുകയും ഭൂമിക്ക് പരിധി ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ഇല്ലാതായത്. ഇത് മറച്ചുവെച്ചുകൊണ്ടാണ് പാരമ്പര്യമായി കിട്ടിയതാണെങ്കില്‍ അത് കൈയേറ്റ ഭൂമിയല്ലെന്ന് ഇവര്‍ വാദിക്കുന്നത്. വില്യം ലോഗന്റെ 'മലബാര്‍ മാന്വല്‍' എന്ന പുസ്തകം മുതല്‍ ഒ.കെ. ജോണിയുടെ വയനാടിന്റെ ചരിത്രം വരെ തെളിയിക്കുന്നത് വയനാട് ആദിവാസികളുടെ മാത്രം ഭൂമിയായിരുന്നു എന്നാണ്. 

കര്‍ണാടകയില്‍ നിന്ന് കുടിയേറിയ ജൈനന്മാരും അതിന് മുമ്പ് ബ്രിട്ടീഷ് പ്ലാന്റര്‍മാരും പിന്നീട് തെക്കന്‍ തിരുവിതാംകൂറില്‍ നിന്നുള്ള കൈയേറ്റക്കാരും ഈ ആദിവാസി ഭൂമിക്ക് ഉടമസ്ഥതാ രേഖ ചമച്ച് സ്വന്തമാക്കിയെന്നാണ്. ഈ ചരിത്രം മറച്ചുവെച്ചാണ് ആദിവാസി ഭൂമി പാരമ്പര്യമായി തങ്ങള്‍ക്ക് കിട്ടിയതാണെന്ന് കൈയേറ്റക്കാര്‍ വാദിക്കുന്നത്. നിയമവിരുദ്ധമായി ആദിവാസി ഭൂമി കൈവശം വെക്കുന്നത് നിയമവാഴ്ചയും ഭൂരഹിത ആദിവാസികള്‍ അവരുടെ പരമ്പരാഗത ഭൂമിയില്‍ കുടില്‍ കെട്ടിയാല്‍ അത് നിയമലംഘനമാണെന്നും ഈ സോഷ്യലിസ്റ്റുകളുടെ വാദം. ഇതുതന്നെയാണ് ഇടുക്കി ജില്ലയിലും നടന്നത്. വയനാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്നത് ഇടുക്കിയിലാണ്. യൂറോപ്യന്‍ പ്ലാന്റര്‍മാരും കുടിയേറ്റക്കാരും സര്‍ക്കാറുമാണ് ഇവിടെ ആദിവാസി ഭൂമി കൈയേറിയത്. പൂഞ്ഞാര്‍ രാജാവ് മൂന്നാര്‍ ഉള്‍പ്പെടുന്ന കണ്ണന്‍ ദേവന്‍ മലകള്‍ ജോണ്‍ ഡാനിയേല്‍ മണ്‍റോക്ക് തോട്ടം കൃഷിക്ക് പാട്ടത്തിന് കൊടുക്കുമ്പോള്‍ ആ ഭൂമി മുതുവാന്‍ ആദിവാസികള്‍ ഉപയോഗിച്ച് കൊണ്ടിരിക്കുകയായിരുന്നു. ആദിവാസികളുടെ അനുവാദം വാങ്ങിയായിരുന്നില്ല അവരുടെ ഭൂമി രാജാവ് മണ്‍റോ സായിപ്പിന് നല്‍കിയത്. പിന്നീട് ഈ ആദിവാസികള്‍ക്കും ദലിതര്‍ക്കും ഭൂരഹിത കര്‍ഷക തൊഴിലാളികള്‍ക്കും ഭൂമി നല്‍കുന്നതിന് വേണ്ടിയാണ് 70,000 ഏക്കര്‍ ഭൂമി ടാറ്റയില്‍നിന്നും ഏറ്റെടുത്തത്. സുപ്രീംകോടതി അംഗീകരിച്ച ആ നിയമം നടപ്പാക്കാത്തതാണ് ഇന്നും ഇടുക്കി ജില്ലയിലെ ആദിവാസികളും ദലിതരും ഭൂരഹിതരായി തുടരാന്‍ കാരണം.

ഭൂമിയില്ലാത്ത ദലിതരാണ് ചെങ്ങറയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയില്‍ കുടില്‍കെട്ടിയത്. ഇവരെ ഇറക്കിവിടാന്‍ പറഞ്ഞത് കോടതിയായിരുന്നു. സര്‍ക്കാറില്‍നിന്ന് പാട്ടത്തിനെടുത്ത ഭൂമി പാട്ടക്കാലാവധി കഴിഞ്ഞശേഷം ഹാരിസണ്‍ മലയാളം തിരിച്ച് കൊടുക്കാത്തതിനെക്കുറിച്ചോ സര്‍ക്കാര്‍ ഭൂമി മുറിച്ച് വില്‍ക്കുന്നതിനേക്കുറിച്ചോ കോടതി ഒന്നും പറഞ്ഞില്ല. കേരളത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശപ്പെട്ട ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് മുറിച്ച് വിറ്റ് പണമുണ്ടാക്കുന്ന ഹാരിസണ്‍ നടത്തുന്ന നിയമലംഘനം കാണാതെപോയ കോടതി ദലിതുകളെ ഭൂമിയില്‍ നിന്ന് ഇറക്കിവിടാന്‍ ഉത്തരവിട്ടു. '71 ല്‍ നിയമസഭ പാസാക്കിയ ഒരു നിയമത്തിലൂടെ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ മൂന്നാറില്‍ സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ 70,000 ഏക്കര്‍ ഭൂമി ടാറ്റ മുറിച്ച് വിറ്റതിനെതിരെ നടപടിയെടുക്കാനുള്ള ജസ്റ്റിസ് ബാലസുബ്രഹ്മണ്യത്തിന്റെ ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ല. പാവങ്ങള്‍ക്ക് നല്‍കാനുള്ള ഭൂമിയാണ് അവിടെ ടാറ്റ മുറിച്ച് വില്‍ക്കുന്നത്. യഥാര്‍ഥ നിയമലംഘനങ്ങളും നിയമവാഴ്ചക്ക് നേരെയുള്ള വെല്ലുവിളികളും കണ്ടില്ലെന്ന് നടിക്കുകയും നിയമം നടപ്പാക്കാത്തത് മൂലം ഭൂരഹിതരായി തുടരുന്നവര്‍ നിയമവാഴ്ചയില്‍ വിശ്വാസം നഷ്ടപ്പെട്ട് അവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയില്‍ പ്രവേശിക്കുമ്പോള്‍ നിയമം സടകുടഞ്ഞ് എഴുന്നേല്‍ക്കുന്നതും ജനങ്ങള്‍ തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുകയാണ്. 

സ്വകാര്യ വനദേശസാത്കരണ നിയമം അനുസരിച്ച് ആദിവാസികള്‍ക്കും ഭൂപരിഷ്കരണ നിയമത്തിലൂടെ ദലിതുകള്‍ക്കും ലഭിക്കേണ്ടിയിരുന്ന വനഭൂമി അവര്‍ക്ക് ലഭിച്ചില്ല. ഈ രണ്ട് നിയമത്തിലും കോടതികള്‍ വഴി സമ്പന്നര്‍ നേടിയ വിജയമാണ് ഈ രണ്ട് വിഭാഗങ്ങളുടെയും ഭൂരാഹിത്യം തുടരുന്നതിന്റെ പ്രധാനകാരണം. അത് തിരിച്ചറിയാതെ ആദിവാസി എന്തുകൊണ്ട് ഭൂരഹിതനായി തുടരുന്നുവെന്ന് കോടതി അദ്ഭുതപ്പെടുന്നതാണ് കൌതുകകരം. ഭൂപരിഷ്കരണ നിയമം ശരിയായ അര്‍ഥത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് പകരം അതിനെ ദുര്‍ബലപ്പെടുത്തുന്ന നടപടികളാണ് സര്‍ക്കാറിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂനിയനുകളുടെയും നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുന്നത്.
പശ്ചിമഘട്ട മലനിരകളിലെ തോട്ടം മേഖലയില്‍ ഭൂബന്ധങ്ങളെ ജനാധിപത്യവത്കരിക്കാന്‍ സര്‍ക്കാറും രാഷ്ട്രീയ പാര്‍ട്ടികളും ഇടപെടാന്‍ ഇനി വൈകിക്കൂടാ. പല കാരണങ്ങളാല്‍ ഭൂപരിഷ്കരണ നിയമത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട തോട്ടം മേഖലയില്‍ ഇന്ന് നടക്കുന്നത് നിയമലംഘനങ്ങള്‍ മാത്രമാണ്. തോട്ടം ഭൂമി ഉടമകള്‍ തന്നെ മുറിച്ച് വില്‍ക്കുന്നു. തോട്ടം ഇതര ആവശ്യങ്ങള്‍ക്കാണ് വില്‍പന നടത്തുന്നത്. തോട്ടങ്ങളില്‍ നിന്ന് സര്‍ക്കാറില്‍ നിക്ഷിപ്തമാക്കിയ ഭൂമിയും ഇങ്ങനെ വില്‍പന നടത്തുന്നു. റിസോര്‍ട്ടുകള്‍ക്കും ടൂറിസം പദ്ധതികള്‍ക്കുമാണ് തോട്ടം മേഖല മുറിച്ച് വില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ വയനാട്ടിലാണെങ്കിലും ഇടുക്കിയിലാണെങ്കിലും തോട്ടം ഭൂമിയുടെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. തോട്ടം തോട്ടമായി നിലനിര്‍ത്തുന്നതിന് പകരം മറ്റ് ആവശ്യങ്ങള്‍ക്ക് മുറിച്ച് വില്‍ക്കുന്നത് തടയേണ്ടതുണ്ട്. തോട്ടത്തിന്റെ മറവില്‍ സ്വകാര്യ വ്യക്തികള്‍ ആദിവാസികള്‍ക്കും ദലിതര്‍ക്കും അര്‍ഹതപ്പെട്ട ഭൂമി സ്വന്തമാക്കുന്നത് തടയേണ്ടതുണ്ട്. ട്രേഡ് യൂനിയനുകളെയും വിലക്കെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കളെയും ഉപയോഗിച്ച് ആദിവാസികളുടെയും ദലിതരുടെയും ഭൂമി അന്യാധീനപ്പെടുത്താന്‍ ഇനിയൊരു കൈയേറ്റക്കാരനെയും അനുവദിച്ചുകൂടാ.

No comments: