Friday, February 12, 2010

അഫ്ഗാന്‍ നയം

ഫെബ്രുവരി ഏഴാം തീയതി മ്യൂണിക്കില്‍ നടന്ന നാറ്റോ സുരക്ഷാസമ്മേളനത്തില്‍ ബ്രിട്ടീഷ് പ്രതിരോധസെക്രട്ടറി ബോബ് ഐന്‍സ്വര്‍ത്ത്, താലിബാനുമായി സംഭാഷണങ്ങള്‍ തുടങ്ങാന്‍ 'വിജയം വരെ കാത്തിരിക്കരുതെ'ന്നും താലിബാന്റെ 'നിരുപാധിക കീഴടങ്ങല്‍' ആവശ്യപ്പെടരുതെന്നും പ്രസ്താവിച്ചു. നാറ്റോക്കുള്ളില്‍ അഫ്ഗാന്‍പ്രശ്നത്തിലുള്ള അഭിപ്രായഭിന്നതകളെപ്പറ്റി സൂചന നല്‍കുന്നതായിരുന്നു ഈ പ്രസ്താവന.

ജനുവരി അവസാനം ലണ്ടനില്‍ നടന്ന അഫ്ഗാനിസ്താന്‍സമ്മേളനത്തിലാണ് താലിബാനുമായി സംഭാഷണങ്ങള്‍ നടത്തണമെന്നും 'അനുരഞ്ജന'ത്തിനും' 'പുനരുദ്ധാര'ണത്തിനുമായിരിക്കണം ഊന്നല്‍ നല്‍കേണ്ടതെന്നും തീരുമാനമെടുത്തത്. അഞ്ചുവര്‍ഷത്തേക്കുള്ള 'റോഡ്മാപി'ന് ലണ്ടന്‍സമ്മേളനം രൂപം നല്‍കി. ഇതിലെ പ്രധാനലക്ഷ്യങ്ങള്‍ ഇവയാണ്: താലിബാനെ അഫ്ഗാനിസ്താന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് അനുരഞ്ജനവും പുനരുദ്ഗ്രഥനവും സാധ്യമാക്കുക; ഇനിയുമുള്ള യുദ്ധം കൂടിയാലോചനക്ക് താലിബാനെ പ്രേരിപ്പിക്കാനോ താലിബാന്റെ മേല്‍ സമ്മര്‍ദം ചെലുത്താനോ ആയിരിക്കണം; 'അഫ്ഗാന്‍ വത്കരണ'  പ്രക്രിയ ദ്രുതഗതിയിലാക്കി 2011 ജൂലൈ മാസത്തില്‍ അമേരിക്കന്‍ സേനാപിന്മാറ്റം തുടങ്ങാനുള്ള സാഹചര്യം സൃഷ്ടിക്കുക; അഫ്ഗാന്റെ അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് അവ തമ്മില്‍ സഹകരണം വളര്‍ത്തി സമാധാനം ഉറപ്പാക്കുക.

പക്ഷേ, ഈ ലക്ഷ്യങ്ങളിലെത്തുന്നതിനുള്ള പടികളെപ്പറ്റി അമേരിക്കക്കും നാറ്റോക്കും വ്യക്തതയില്ലെന്നാണ് ബ്രിട്ടീഷ് പ്രതിരോധസെക്രട്ടറിയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. 'സംഭാഷണങ്ങളോടൊപ്പം സുരക്ഷാവിജയവും ഉണ്ടാകണം. സൈനിക നടപടിക്ക് ബദലാകില്ല സംഭാഷണങ്ങള്‍. പുരോഗതിക്ക് സൈനികവിജയം ആവശ്യമാണ്'^ഇതായിരുന്നു മ്യൂണിക്കില്‍ അമേരിക്കയെടുത്ത നിലപാട്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇതിനോട് വിയോജിച്ചു. 'പുനരുദ്ഗ്രഥനമെന്നത് വിജയത്തിനുശേഷം ഉണ്ടാക്കാവുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇതൊരു സമ്പൂര്‍ണ യുദ്ധം (total war) അല്ല. അഫ്ഗാനിസ്താനില്‍ നാം പ്രതീക്ഷിക്കുന്നത് നിരുപാധിക കീഴടങ്ങലല്ല. സ്ഥിരതയും സമാധാനവുമാണ് നാം ആഗ്രഹിക്കുന്നത്.

ബ്രിട്ടീഷ് പ്രതിരോധസെക്രട്ടറിയുടെ പ്രസ്താവന ശ്രദ്ധേയമാണ്: 'ഇതൊരു സമ്പൂര്‍ണ യുദ്ധമല്ല'. യുദ്ധത്തിന്റെ സ്വഭാവത്തെപ്പറ്റിയാണ് ഐന്‍സ്വര്‍ത്ത് പറഞ്ഞത്. സമ്പൂര്‍ണയുദ്ധമല്ലെങ്കില്‍ ഭാഗികയുദ്ധമാകാം. യുദ്ധമെന്നത് അന്താരാഷ്ട്ര നിയമമനുസരിച്ച് രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ളതാണ് (inter state). അതുകൊണ്ട് അഫ്ഗാനില്‍ നടക്കുന്നത് യുദ്ധമല്ലെന്ന് പറയേണ്ടിവരും. 2001ല്‍ അമേരിക്ക അഫ്ഗാനിസ്താനെ ആക്രമിച്ചു; അവിടത്തെ ഭരണകൂടത്തെ പുറത്താക്കി; അധിനിവേശം നടത്തി; ഒരു പാവഭരണകൂടത്തെ പ്രതിഷ്ഠിച്ചു. അതോടെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവസാനിച്ചു.
ഇന്നവിടെ നടക്കുന്നത് അഫ്ഗാന്‍ ഭരണകൂടവും ജനങ്ങളിലൊരു വിഭാഗവും തമ്മിലുള്ള യുദ്ധമാണ്^ആഭ്യന്തര യുദ്ധം; രാഷ്ട്രത്തിനുള്ളിലെ യുദ്ധം (intra state war). ഇതില്‍ അഫ്ഗാന്‍ ഭരണകൂടത്തെ നിയന്ത്രിച്ച് അവിടത്തെ ആഭ്യന്തരയുദ്ധത്തില്‍ പങ്കെടുക്കുകയാണ് അമേരിക്കയും നാറ്റോയും. അമേരിക്ക നേതൃത്വം നല്‍കുന്ന 'ഭീകരതാവിരുദ്ധ യുദ്ധം' (war on terror) ഉണ്ടാക്കിയ സുപ്രധാനവ്യതിയാനങ്ങളിലൊന്നാണിത്. അന്താരാഷ്ട്രയുദ്ധങ്ങളെ ആഭ്യന്തരയുദ്ധങ്ങളായി പരിവര്‍ത്തനം ചെയ്യുക^ഇതാണ് അഫ്ഗാനിലും ഇറാഖിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അനുരഞ്ജനത്തിന്റെ പാതയിലൂടെയല്ലാതെ അഫ്ഗാനിസ്താനില്‍ സമാധാനം സ്ഥാപിക്കാന്‍ കഴിയില്ലെന്ന അന്താരാഷ്ട്രസമൂഹത്തിന്റെ കണ്ടുപിടിത്തത്തിന്റെ പിന്നില്‍ ഇതൊരു ആഭ്യന്തരയുദ്ധമാണെന്ന തിരിച്ചറിവ് ഉണ്ടായിരുന്നിരിക്കണം. അന്താരാഷ്ട്രസമൂഹമെന്നൊക്കെ പറയുമ്പോള്‍ അമേരിക്കയും നാറ്റോയുമെന്ന് ധരിച്ചാല്‍ മതി. താലിബാന്റെ മേല്‍ സൈനികവിജയം സാധ്യമാകില്ലെന്ന് അമേരിക്കക്കും നാറ്റോക്കും മനസ്സിലായിട്ട് കുറെ നാളുകളായി. മാത്രവുമല്ല, അഫ്ഗാനിസ്താനില്‍ ഒരു ദീര്‍ഘകാലയുദ്ധം നടത്താന്‍ അമേരിക്കക്ക് സാമ്പത്തികമായോ, രാഷ്ട്രീയമായോ കഴിയില്ല. അഫ്ഗാന്‍യുദ്ധം ആവശ്യമുള്ളതാണെന്നും 'നീതിപൂര്‍വമാണെ'ന്നുമൊക്കെ ഒബാമ പറഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജനസമ്മതിയില്‍ ഗണ്യമായ കുറവുണ്ടായതിനു കാരണം ഈ യുദ്ധംതന്നെയാണ്.

താലിബാനുമായുള്ള സംഭാഷണങ്ങള്‍ക്ക് കളമൊരുക്കാന്‍ കഴിവുള്ള രണ്ട് രാഷ്ട്രങ്ങളുണ്ട്. ഒന്ന്^സൌദി അറേബ്യ, രണ്ട്^പാകിസ്താന്‍. ഈ രണ്ട് രാഷ്ട്രങ്ങളും (യു.എ.ഇയും) അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിച്ചിരുന്നു. പാകിസ്താന്റെ തന്ത്രപരമായ പ്രാധാന്യവും അഫ്ഗാനിസ്താനിലെ യുദ്ധവുമായുള്ള ബന്ധവും താലിബാന്റെ മേല്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്വാധീനവുമെല്ലാം പ്രശ്ന പരിഹാരത്തില്‍ പാകിസ്താന്റെ പങ്ക് നിര്‍ണായകമാക്കുന്നു. അഫ്ഗാന്‍വിഷയത്തില്‍ ആദ്യം മുതല്‍ തന്നെ പാകിസ്താന്‍ എടുത്ത നിലപാടിനെ ശരിവെക്കുന്നതാണ് താലിബാനുമായി അനുരഞ്ജനത്തിനുള്ള ലണ്ടന്‍പരിപാടി. പാക് പങ്കിനെപ്പറ്റി അഫ്ഗാന്‍ പ്രസിഡന്റ് ഖര്‍സായിക്ക് ചില സംശയങ്ങള്‍ ഉണ്ടായിരിക്കാമെങ്കിലും അമേരിക്ക പ്രമുഖസ്ഥാനം നല്‍കുന്നത് പാകിസ്താനാണെന്ന് വ്യക്തം.
അനുരഞ്ജനപ്രക്രിയയില്‍ നിര്‍ണായക പങ്കുവഹിക്കണമെങ്കില്‍ പാകിസ്താന്‍ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ അമേരിക്ക അംഗീകരിക്കേണ്ടിവരും. പാകിസ്താന്‍ എന്നുപറയുന്നതിനേക്കാള്‍ കൂടുതല്‍ ശരി പാകിസ്താന്‍ സൈന്യമെന്ന് പറയുന്നതായിരിക്കും. പാകിസ്താനിലെ സൈനികനേതാക്കളും യു.എസ് സൈനികനേതാക്കളും തമ്മില്‍ നേരിട്ടും ബന്ധം പുലര്‍ത്തുന്നു. താലിബാനെയും അല്‍ഖാഇദയെയും സംബന്ധിച്ച കാര്യങ്ങളില്‍ പാകിസ്താനിലെ സൈനികനേതൃത്വവുമായി നേരിട്ട് ഇടപെടുന്നതിലാണ് വൈറ്റ്ഹൌസിന് താല്‍പര്യമെന്ന്, അമേരിക്കന്‍ സ്റ്റേറ്റ്സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പാകിസ്താന്‍ സന്ദര്‍ശിച്ചപ്പോള്‍ വ്യക്തമാക്കുകയുണ്ടായി.

പാക്സൈന്യം മുന്നോട്ടുവെക്കുന്ന വ്യവസ്ഥകള്‍ ദീര്‍ഘകാലമായുള്ള 'തന്ത്രപര ആഴം' (strategic depth) എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എന്ന് അനുമാനിക്കാം. ഭൂമിശാസ്ത്രപരമായ പരിമിതികളുള്ളതിനാല്‍ പാകിസ്താന് സ്വാധീനമുള്ള ഒരു ഭരണകൂടം അഫ്ഗാനിലുണ്ടായിരിക്കണം. ഇത് 'തന്ത്രപരമായ ആഴ'ത്തിന് അനുപേക്ഷ്യമാണ്. ഇതിന്റെ പ്രധാനവിവക്ഷകളിലൊന്ന് ഇന്ത്യക്ക് അഫ്ഗാനിസ്താനില്‍ രാഷ്ട്രീയ സ്വാധീനം ഉണ്ടായിരിക്കരുതെന്നാണ്. അഫ്ഗാനിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നീ കാര്യങ്ങളില്‍ ഇന്ത്യക്ക് പങ്ക് നല്‍കരുത്. അഫ്ഗാനില്‍ പാകിസ്താന്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള ഭീഷണി^പാകിസ്താനുള്ള ഏറ്റവും വലിയ ഭീഷണി ഇന്ത്യയില്‍ നിന്നാണെന്ന് അടുത്തിടെയും പാകിസ്താന്‍ പ്രസ്താവിച്ചു^അവസാനിപ്പിക്കണം. ഇതിനായി ഇന്ത്യയുമായുള്ള പ്രശ്നങ്ങള്‍ പാകിസ്താന്റെ 'ന്യായാനുസൃത താല്‍പര്യങ്ങള്‍' അനുസരിച്ച് പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്‍കൈയെടുക്കണം^ഇതൊക്കെയായിരിക്കും വ്യവസ്ഥകള്‍.

അഫ്ഗാന്‍യുദ്ധം അവസാനിപ്പിക്കുന്നതില്‍ കേന്ദ്രപങ്ക് തങ്ങള്‍ക്കായിരിക്കണമെന്ന് പാകിസ്താന്‍ ആവശ്യപ്പെട്ടുവെന്ന് ഫെബ്രുവരി 10ാം തീയതിയിലെ 'ന്യൂയോര്‍ക്ക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു. മധ്യസ്ഥത വഹിക്കുന്നതിനുതയാറാണെന്ന് പാകിസ്താന്‍ സൈനികമേധാവി ജനറല്‍ അശ്ഫാഖ് പര്‍വേസ് കയാനി കഴിഞ്ഞ മാസം അവസാനം നാറ്റോ ആസ്ഥാനത്ത് ഉന്നത അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥന്മാരെ അറിയിച്ചു. കൂടുതല്‍ സൈന്യങ്ങളെ അഫ്ഗാനിസ്താനിലേക്ക് അയക്കുമ്പോഴും എത്രയുംവേഗം പാകിസ്താനില്‍നിന്നു പിന്മാറാനാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് പാകിസ്താന്‍ വിലയിരുത്തി. തീരെ പ്രാധാന്യം നല്‍കിയല്ല അഫ്ഗാന്‍യുദ്ധത്തെപ്പറ്റി സ്റ്റേറ്റ് ഓഫ് ദ യൂനിയന്‍   പ്രസംഗത്തില്‍ പ്രസിഡന്റ് ഒബാമ പരാമര്‍ശിച്ചതെന്നത് ഇതിനു തെളിവായി.
പാക്^ഇന്ത്യാ ബന്ധങ്ങള്‍ അഫ്ഗാന്‍പ്രശ്നത്തിലെ മധ്യസ്ഥതയില്‍ ഒരു വ്യവസ്ഥയായിരിക്കുമെന്നതിന്റെ സൂചനയാണ് അടുത്തു നടക്കാന്‍ പോകുന്ന ഇന്ത്യ^പാക് വിദേശകാര്യ സെക്രട്ടറിതല സംഭാഷണങ്ങള്‍. നേരത്തേ 2008 നവംബറിലെ മുംബൈ ആക്രമണത്തിലെ പ്രതികളുടെ കാര്യത്തില്‍ നടപടികളെടുത്തെങ്കിലേ സംഭാഷണങ്ങള്‍ക്കുള്ളൂ എന്ന നിലപാടാണ് ഇന്ത്യ മാറ്റിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്താനുണ്ടെന്ന് തീര്‍ച്ചയാണ്; ഒരുപക്ഷേ അമേരിക്കയുടെ സമ്മര്‍ദവും.

അഫ്ഗാന്‍പ്രശ്നത്തില്‍ ഇന്ത്യ ഒറ്റപ്പെട്ടു കഴിഞ്ഞു. ഇതു പാകിസ്താനുണ്ടാക്കിയ സ്ഥിതിവിശേഷമല്ല; അവര്‍ അതില്‍ ആഹ്ലാദിക്കുന്നുണ്ടെങ്കിലും. ലണ്ടന്‍ സമ്മേളനവേളയില്‍ താലിബാനെ സംഭാഷണങ്ങളിലൂടെ മുഖ്യധാരാ രാഷ്ട്രീയപ്രക്രിയയില്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്ത ഏകരാഷ്ട്രം ഇന്ത്യയായിരുന്നു. സംഭാഷണങ്ങള്‍ വേണമെന്ന നിലപാടിലേക്ക് അമേരിക്ക നീങ്ങിയ കാര്യം ഇന്ത്യ അറിഞ്ഞില്ലെന്നു തോന്നുന്നു. അമേരിക്ക അറിയിച്ചില്ലെന്നതായിരിക്കും വാസ്തവം. ഈ സ്ഥിതിവിശേഷം എങ്ങനെയുണ്ടായെന്ന് അന്വേഷിക്കുമ്പോഴാണ് നമ്മുടെ നയങ്ങളിലെയും നയതന്ത്രത്തിലെയും പാളിച്ചകള്‍ വെളിവാകുന്നത്.

2001ല്‍ അഫ്ഗാനിസ്താനെതിരെയുള്ള അമേരിക്കന്‍യുദ്ധത്തിന് ഏറ്റവുമാദ്യം പിന്തുണ പ്രഖ്യാപിച്ച ഒരു രാഷ്ട്രം ഇന്ത്യയായിരുന്നു. സൈനികതാവളങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സൌകര്യങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തു. അമേരിക്കയുമായി സൈനികസഹകരണത്തിന് തയാറായി. പാകിസ്താന്റെ സൈനികപിന്തുണയായിരുന്നു അപ്പോള്‍ അമേരിക്കക്ക് കൂടുതല്‍ ആവശ്യം. ഇന്ത്യ നല്‍കിയ സൈനികസഹായം പരോക്ഷമായിരുന്നു. അഫ്ഗാന്‍യുദ്ധത്തില്‍ അമേരിക്കയെ പിന്തുണച്ച രാഷ്ട്രങ്ങളുടെ ഔദ്യോഗികപട്ടികയില്‍ ഇന്ത്യ ഇടംതേടി.
2001ന് മുമ്പുതന്നെ ഇന്ത്യ അഫ്ഗാനില്‍ ഇടപെട്ടിരുന്നു; അവിടത്തെ വടക്കന്‍ സഖ്യ (Northern Alliance)വുമായി ബന്ധം ഉറപ്പിച്ചുകൊണ്ട്. താലിബാന് പാകിസ്താന്‍ പിന്തുണ നല്‍കിയതുകൊണ്ടായിരുന്നു ഇത്. വടക്കന്‍ സഖ്യം താലിബാനെതിരെയുള്ള യുദ്ധത്തില്‍ അമേരിക്കയുടെ കൂടെയായിരുന്നു. വടക്കന്‍സഖ്യത്തിന് ഇന്ത്യയുമായുള്ള ബന്ധം അമേരിക്കന്‍സൈന്യം പ്രയോജനപ്പെടുത്തി. ശേഷം അമേരിക്ക പറയുന്നതും ചെയ്യുന്നതുമെല്ലാം ശരിവെച്ച് പിന്തുണ നല്‍കുകയായിരുന്നു ഇന്ത്യയുടെ അഫ്ഗാന്‍ നയം. ഈ മേഖലയില്‍ സജീവ താല്‍പര്യങ്ങളുള്ള ചൈന, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുമായി അഫ്ഗാന്‍ കാര്യത്തില്‍ സമ്പര്‍ക്കം പുലര്‍ത്താന്‍ ഇന്ത്യ തയാറായില്ല. അതാണ് ഇന്നത്തെ സ്ഥിതി വിശേഷത്തിന് കാരണം.

2 comments:

Unknown said...

സുധീരേ,
ഇപ്പോഴത്തെ അവസ്ഥയില്‍ അഫ്ഗാന്‍ നയത്തിന്‌ മാറ്റം വരുത്താതിരിക്കുന്നതല്ലേ നല്ലത്.

Sudheer K. Mohammed said...

ചേരിചേരാ നയം എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് ഇന്ന് ഇല്ല...
നാമും ചോര പുരണ്ട കൈകളുമായി നില്ക്കുന്നു ....

ഇനി പിന്‍മാറാന്‍ ...വളരെ പ്രയാസം ....