Thursday, February 18, 2010

ഭൂരഹിതരും നിയമവാഴ്ചയും

ഭൂപരിഷ്കരണ നിയമം പാസാക്കുകയും ജന്മിത്തം അവസാനിപ്പിക്കുകയും ചെയ്ത സംസ്ഥാനമാണ് കേരളം. ഭൂപരിഷ്കരണനിയമം കൊണ്ടുവന്നിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. 1970ല്‍ നിയമം പാസാക്കി ജന്മിത്തം അവസാനിപ്പിച്ചിട്ട് 40 വര്‍ഷമായി. ഭൂമിയുടെ ജനാധിപത്യപരമായ പുനര്‍വിതരണമായിരുന്നു ഇതിനുപിന്നിലെ കാഴ്ചപ്പാട്. എന്നിട്ടും ഭൂമി, ഉടമസ്ഥത, കൈയേറ്റം, നിയമവാഴ്ച എന്നിവ സംബന്ധിച്ച് പുതിയ നിര്‍വചനങ്ങള്‍ കോടതിയും ഭൂവുടമകളും രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇന്നും മുന്നോട്ട് വെച്ചുകൊണ്ടിരിക്കുന്നു. എല്ലാ നിയമങ്ങളും ലംഘിച്ച് ആയിരക്കണക്കിനേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറുന്നതും മുറിച്ച് വില്‍ക്കുന്നതും നിയമവാഴ്ചയും ഭൂരഹിതര്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയില്‍ പ്രവേശിക്കുന്നത് നിയമലംഘനവും ആകുന്ന അവസ്ഥയാണ് ഇപ്പോഴും കേരളത്തിലുള്ളത്.

ഭൂരഹിതര്‍ അവര്‍ക്ക് അര്‍ഹതപ്പെട്ട ഭൂമിയില്‍ പ്രവേശിക്കുന്നത് നിയമവാഴ്ച ഇല്ലാതാക്കുമെന്ന് പറയുന്ന ഹൈകോടതി തന്നെ ചിലര്‍ ആയിരക്കണക്കിനേക്കര്‍ ഭൂമിയുടെ ഉടമസ്ഥരായിരിക്കുകയും ആദിവാസികള്‍ പത്തുസെന്റ് പോലും ഇല്ലാതെ ഭൂരഹിതരായിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടെന്ന് അദ്ഭുതം കൂറുന്നു. സോഷ്യലിസത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നവര്‍ ഭൂരഹിതരുടെ ദുഃഖത്തെക്കുറിച്ച് നിശãബ്ദത പുലര്‍ത്തുകയും ജനാധിപത്യവിരുദ്ധമായി ആയിരക്കണക്കിനേക്കര്‍ ഭൂമി സ്വന്തമാക്കി നിയമവാഴ്ച നടപ്പാക്കേണ്ടതിനെക്കുറിച്ച് വാചാലരാകുകയും ചെയ്യുന്നു.

ജന്മിമാരും പാട്ടക്കുടിയാന്മാരും ഭൂമിയുമായി ഒരു ഉടമസ്ഥതാ ബന്ധവുമില്ലാത്ത ദലിത് ആദിവാസി വിഭാഗങ്ങളും പിന്നാക്കക്കാരും ഉള്‍പ്പെടുന്ന ഭൂ ഉടമാ വ്യവസ്ഥയില്‍ മാറ്റം വരുത്തുകയായിരുന്നു ഭൂപരിഷ്കരണത്തിന്റെ ലക്ഷ്യം. ജന്മിമാരില്‍ നിന്നും ഭൂമി പാട്ടത്തിനെടുത്ത കുടിയാന്മാരെ ഭൂമിയുടെ ഉടമകളാക്കുക, ജന്മിമാരുടെയും പുതുതായി ഭൂ ഉടമകളായ പാട്ട കുടിയാന്മാരുടെയും ഭൂ പരിധി ഒരു കുടുംബത്തിന് 15 ഏക്കറായി ക്ലിപ്തപ്പെടുത്തുക. ഇതിന് ശേഷം അധികം വരുന്ന ഭൂമി (മിച്ചഭൂമി) അതുവരെ ഭൂമിയുമായി ഏതെങ്കിലും രീതിയില്‍ ഉടമസ്ഥതാ ബന്ധമില്ലാതിരുന്ന ദലിത് ദുര്‍ബല വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യുക. ഇതായിരുന്നു ഭൂപരിഷ്കരണ നിയമം ലക്ഷ്യംവെച്ചത്. കേന്ദ്ര ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം തോട്ടം മേഖലയെ ഭൂ പരിഷ്കരണത്തില്‍നിന്ന് ഒഴിവാക്കി. തോട്ടങ്ങള്‍ വ്യവസായാടിസ്ഥാനത്തില്‍ തൊഴിലും വരുമാനവും സൃഷ്ടിക്കുന്നതിനാല്‍ അതിന്റെ തുണ്ടുവത്കരണം ദോഷകരമാകും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. കേന്ദ്ര പ്ലാനിങ് ബോര്‍ഡിന്റെ നിര്‍ദേശം വരുംമുമ്പ് തന്നെ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഭൂ പരിഷ്കരണത്തില്‍ നിന്ന് തോട്ടം മേഖലയെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.

ഇത് നടപ്പായില്ല. '59 ജൂണ്‍ 11 ന് ബില്‍ പാസായതിന് പിന്നാലെ വിമോചന സമരം ആരംഭിച്ചു. '61ല്‍ സുപ്രീംകോടതിയും '63ല്‍ കേരള ഹൈ കോടതിയും കാര്‍ഷിക ബന്ധബില്ലില്‍ മാറ്റങ്ങള്‍ വരുത്തി. '67ല്‍ ഭൂ പരിഷ്കരണ ഭേദഗതി നിയമം കൊണ്ടുവന്നു. പശ്ചിമഘട്ട മലനിരകളിലെ തോട്ടങ്ങളെയാണ് ഭൂപരിഷ്കരണത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നത്.

എന്നാല്‍, ഇത് ഉപയോഗിച്ച് ഇടനാട്ടിലെ ഭൂമിയും തോട്ടമായി മാറ്റി ഭൂ പരിഷ്കരണ നിയമത്തില്‍ നിന്ന് പുറത്താക്കി. അതുപോലെ തന്നെ മിച്ചഭൂമിയും ഇല്ലാതായി. '59ല്‍ നിയമം കൊണ്ടുവരുമ്പോള്‍ ജന്മിയുടെയും പാട്ടകുടിയാന്റെയും ഭൂ പരിധി 15 ഏക്കറായി നിശ്ചയിച്ചപ്പോള്‍ 7,20,000 ഏക്കര്‍ മിച്ചഭൂമിയായി കണ്ടെത്തിയിരുന്നു. ഇതായിരുന്നു ദലിത്^പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. നിയമം അട്ടിമറിക്കുകയും മിച്ചഭൂമി ഇല്ലാതാക്കുകയും ചെയ്തതോടെ ഇതുവരെ 93,178 ഏക്കറാണ് ഏറ്റെടുത്തത്. ആരംഭത്തില്‍ കണക്കാക്കിയതിന്റെ 13 ശതമാനം മാത്രം. ഇതോടെ ഭൂപരിഷ്കരണ നിയമത്തിലൂടെ ഭൂരഹിതരെ ഭൂ ഉടമകളാക്കാനുള്ള ലക്ഷ്യം പൊളിഞ്ഞു.

1968 ല്‍ സര്‍ക്കാര്‍ ഭൂപരിഷ്കരണസര്‍വേ നടത്തി. ഞെട്ടിക്കുന്ന വിവരങ്ങളാണ് അത് പുറത്ത് കൊണ്ടുവന്നത്. ഭൂപരിഷ്കരണത്തിന് മുമ്പുതന്നെ കൈവശഭൂമിയിലെ ഭൂരിഭാഗവും ജന്മിമാര്‍ തിരിമറി നടത്തുകയും അങ്ങനെ ഭൂമി നഷ്ടപ്പെടാതെ സംരക്ഷിക്കുകയും ചെയ്തുവെന്നാണ് ഈ സര്‍വേ കണ്ടെത്തിയത്. ഭൂമിയില്‍ ഉയര്‍ന്ന ജാതിക്കാര്‍ക്കും സമ്പന്നര്‍ക്കും ഉണ്ടായിരുന്ന കുത്തക തകര്‍ക്കപ്പെടാതെ നിലനില്‍ക്കുകയാണെന്നും പഠനം കണ്ടെത്തി. ഒരു വ്യക്തി ഏറ്റവും കൂടുതല്‍ ഭൂമി സ്വന്തമാക്കുക വഴി ഉണ്ടാകുന്ന ഭൂ കേന്ദ്രീകരണം ഇന്ത്യയില്‍ തന്നെ കേരളത്തില്‍ കൂടുതലാണെന്നും കണ്ടെത്തി. '66 വരെ 17,700 ഏക്കറിന്റെ ഉടമസ്ഥാവകാശം മാത്രമാണ് കുടിയാന്മാര്‍ വാങ്ങിയതെന്ന് ഭൂപരിഷ്കരണ സര്‍വേ തെളിയിച്ചു. ഇതുവഴി ഒരുകോടി രൂപയാണ് ജന്മിമാര്‍ക്ക് പ്രതിഫലം ലഭിച്ചത്. '57നും '66നും ഇടയില്‍ 4.37 ലക്ഷം ഏക്കര്‍ ഭൂമിയുടെ കൈമാറ്റം നടന്നതായി സര്‍വേ കണ്ടെത്തി. അതായത് ജന്മിമാര്‍ വലിയ രീതിയില്‍ ഭൂമി തിരിമറി നടത്തി, ഭൂമി നഷ്ടപ്പെടാതെ സംരക്ഷിച്ചുവെന്നാണ് ഇത് തെളിയിക്കുന്നത്. സംസ്ഥാനത്താകെ ഒരു കുടുംബത്തിന് കൈവശം വെക്കാവുന്ന ഭൂമിയുടെ വിസ്തൃതി 15 ഏക്കറാണെന്നാണ് നിയമം പറയുന്നത്. തോട്ടം ഒഴികെയുള്ള ഭൂമിയുടെ കാര്യത്തിലാണിത്. എന്നാല്‍, ഇന്ന് ഏതെല്ലാം വ്യക്തികള്‍ ഏതെല്ലാം വില്ലേജില്‍ എത്രയേക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നു എന്നതിന്റെ ഒരു വിവരവും സര്‍ക്കാറിനോ സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കോ ഇല്ല. ഈ നിയമം ലംഘിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിനേക്കര്‍ കൈവശം വെക്കുന്ന പുതുജന്മിമാര്‍ നിരവധിയുണ്ടെന്നത് പകല്‍പോലെ സത്യമാണ്. ജന്മിത്തത്തോടൊപ്പം പാട്ടവ്യവസ്ഥയും നിയമം മൂലം അവസാനിപ്പിച്ചു. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന വിവരം അനുസരിച്ച് പാട്ട കൃഷി വീണ്ടും വ്യാപകമായിരിക്കുകയാണ്. ഭൂമി കൈവശം വെക്കുകയും എന്നാല്‍ കൃഷി ചെയ്യാന്‍ താല്‍പര്യമില്ലാത്തവരുമായ ഈ പുതു ജന്മികളുടെ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ഭൂരഹിതരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നു. കുടുംബശ്രീയുടെ കണക്ക് അനുസരിച്ച് 57,000 ഏക്കറിലാണ് ഇന്ന് ഭൂരഹിതര്‍ പാട്ടകൃഷി നടത്തുന്നത്.

ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഭൂപരിഷ്കരണത്തില്‍ നിന്ന് ആദ്യം ഒഴിവാക്കിയ പശ്ചിമഘട്ടത്തെ ഉള്‍പ്പെടുത്തി 1971ല്‍ സ്വകാര്യ വനദേശസാത്കരണനിയമവും കണ്ണന്‍ ദേവന്‍ ഭൂ നിയമവും കൊണ്ടുവന്നത്. മലബാറില്‍ ജന്മിമാരുമായി ബന്ധപ്പെട്ട ആയിരക്കണക്കിനേക്കര്‍ വനഭൂമി ആദിവാസി മേഖലകളായിരുന്നു. ഈ സ്വകാര്യ വനങ്ങളാണ് '71ല്‍ ദേശസാത്കരിച്ചത്. പിടിച്ചെടുത്ത സ്വകാര്യ വനഭൂമിയുടെ 50 ശതമാനം ആദിവാസികള്‍ക്ക് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. '71 മേയ് 10 ന് ഓര്‍ഡിനന്‍സ് വഴി സ്വകാര്യ വനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിനെതിരെ ഗ്രാസിം ഇന്‍ഡസ്ട്രീസ് ഹൈകോടതിയെ സമീപിച്ചു. നിലമ്പൂര്‍ കോവിലകത്തുനിന്ന് 12,000 ഹെക്ടര്‍ സ്വകാര്യ വനം ഗ്രാസിം വിലക്ക് വാങ്ങിയിരുന്നു. ഇതാണ് അവര്‍ നിയമത്തിനെതിരെ കോടതിയെ സമീപിക്കാന്‍ ഇടയാക്കിയത്. എന്നാല്‍, കോടതി നിയമം ശരിവെച്ചു. സ്വകാര്യ വനനിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിന് ടി. മാധവമേനോനെ സ്പെഷല്‍ ഓഫിസറായി നിയമിച്ചു. ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ മാധവമേനോന്‍ സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തു. ഇതോടെ വനദേശസാത്കരണവുമായി ബന്ധപ്പെട്ട കേസുകള്‍ ആരംഭിച്ചു. ഇത് കേള്‍ക്കാന്‍ ട്രൈബ്യൂണലുകള്‍ രൂപവത്കരിച്ചു. '71ലെ നിയമത്തില്‍ അപ്പീലിനുള്ള വ്യവസ്ഥ ഉണ്ടായിരുന്നില്ല. '77ല്‍ അപ്പീല്‍വ്യവസ്ഥ കൂടി കൂട്ടിച്ചേര്‍ത്ത് സ്വകാര്യ വന ദേശസാത്കരണനിയമം ഭേദഗതി ചെയ്തു. '78 മുതല്‍ സര്‍ക്കാറും സ്വകാര്യ വനം ഉടമകളുമായി ഹൈകോടതിയില്‍ കേസ് ആരംഭിച്ചു.
കേസില്‍ ഒന്നിന് പിറകെ ഒന്നായി സര്‍ക്കാര്‍ തോറ്റുകൊടുത്തു. സര്‍ക്കാര്‍ ഏറ്റെടുത്ത സ്വകാര്യ വനങ്ങള്‍ ഇതോടെ പഴയ ജന്മിമാരോ പുതിയ പ്ലാന്റേഷന്‍ മുതലാളിമാരോ തിരിച്ചുപിടിച്ചു. വനത്തില്‍ നിന്ന് ആദിവാസികളെ കൂട്ടത്തോടെ കുടിയിറക്കി. സര്‍ക്കാര്‍ ഏറ്റെടുത്ത സ്വകാര്യ വനത്തിന്റെ 50 ശതമാനം കിട്ടിയില്ലെന്ന് മാത്രമല്ല, അതുവരെ സ്വകാര്യ വനങ്ങളില്‍ താമസിച്ചിരുന്ന ആദിവാസികള്‍ കുടിയിറക്കപ്പെടുകയും ചെയ്തു.

ആദിവാസികളുടെ അവസ്ഥ ഇതാണെങ്കില്‍ ദലിതുകള്‍ കോളനികളിലെ പത്ത് സെന്റുകളിലേക്ക് ചുരുക്കപ്പെട്ടു. ആ ഭൂമി തന്നെ അന്യാധീനപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത്് പഠനം തെളിയിച്ചത് അഞ്ചും പത്തും സെന്റ് ലഭിച്ചവരുടെ ഭൂമി അതിവേഗം സമ്പന്നര്‍ കവര്‍ന്നെടുക്കുന്നുവെന്നാണ്. ഈ സാഹചര്യത്തില്‍ ഭൂപരിഷ്കരണത്തിന്റെ പൂര്‍ത്തീകരണം കേരളസമൂഹത്തിന്റെ അടിയന്തര ആവശ്യമാണ്.

പി.കെ. പ്രകാശ്

No comments: