പയ്യന്നൂരില്‍ ചിത്രലേഖ എന്ന സ്ത്രീ നേരിടുന്ന പ്രശ്നങ്ങള്‍ അതിന്റെ എല്ലാ ഗൌരവത്തിലും കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോഴും പരിചിതമാണോ എന്ന് സംശയമാണ്. നമ്മുടെ പ്രമുഖ മുഖ്യധാരാമാധ്യമങ്ങളിലൂടെ ഇതുവരേയും കേരളത്തിലെ ജനങ്ങള്‍ ചിത്രലേഖയുടെ ജീവിതവും സമരവും എന്താണെന്ന് അറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ പോയി ചിത്രലേഖയെ നേരിട്ട് കണ്ടു സംസാരിച്ചു. ചിത്രലേഖയുടെ സമരത്തില്‍, പ്രമുഖ ഫെമിനിസ്റ്റു നെറ്റ്വര്‍ക്കായ 'സ്ത്രീവേദി'യുടെ ഇടപെടല്‍ സജീവമായി ഉണ്ടാകാത്തതും ചിത്രലേഖക്കുവേണ്ടി സജീവമായി പ്രവര്‍ത്തിച്ച പരിസ്ഥിതി, മനുഷ്യാവകാശ, ഫെമിനിസ്റ്റ്പ്രവര്‍ത്തകര്‍ ഇപ്പോള്‍ അകന്നു നില്‍ക്കുന്നതുമായി ബന്ധപ്പെട്ട ഉല്‍ക്കണ്ഠകളായിരുന്നു എന്നെ മുഖ്യമായും അലട്ടിക്കൊണ്ടിരുന്നത്. തുടക്കം മുതല്‍ ചിത്രലേഖയുടെ കൂടെനിന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന സ്ത്രീവിമോചനപ്രവര്‍ത്തകയായ ദേവിയോടൊപ്പമായിരുന്നു ചിത്രലേഖയെ കണ്ടത്. ചിത്രലേഖക്ക് നഷ്ടപ്പെട്ട പിന്തുണ തിരിച്ചുപിടിക്കാന്‍ സാധ്യമായ ഇടപെടലുകള്‍ അത്യാവശ്യമാണെന്ന തോന്നലുള്ളതുകൊണ്ടുതന്നെ ദേവിയോടൊപ്പം പലരുമായും സംസാരിച്ചു. അവര്‍ പറഞ്ഞതൊക്കെ കേട്ടു. ചിത്രലേഖയോടൊപ്പം ഇപ്പോള്‍ നില്‍ക്കാത്തതിലുള്ള വിഷമം അവര്‍ ആത്മാര്‍ഥമായി പങ്കുവെച്ചതും കേട്ടു. അവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ട്. പക്ഷേ, അതൊന്നും ചിത്രലേഖ നേരിടുന്ന തുടര്‍ച്ചയായ ആക്രമണങ്ങളേയും ചിത്രലേഖയുടെ അതിജീവനസമരത്തേയും രാഷ്ട്രീയമായി പൊതുസമൂഹത്തിനുമുന്നില്‍ പിന്തുണക്കാതിരിക്കാനുള്ള കാരണമായിക്കൂടാ. തീര്‍ച്ചയായും നാട്ടില്‍ ഇപ്പോഴും പലരുടെ മനസ്സിലും ചിത്രലേഖക്ക് അനുകൂലമായ വൈകാരികനിലപാടുകളുണ്ട്. പക്ഷേ, പരസ്യമായി അതു പ്രകടിപ്പിക്കാന്‍ അവരൊക്കെയും ഇപ്പോള്‍ മടിക്കുന്നതിന്റെ വ്യക്തിപരവും സാമൂഹികവുമായ മനഃശാസ്ത്രം കൃത്യമായ രാഷ്ട്രീയഇടപെടലുകള്‍ കൊണ്ട് ഭേദിക്കപ്പെടണ്ടതുണ്ടെന്ന് തോന്നുന്നു.
ജന്മനാടായ കണ്ണൂരിലെ പയ്യന്നൂരില്‍ ഓട്ടോറിക്ഷ ഓടിച്ച് ജീവിത വരുമാനമാര്‍ഗം കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ മുതലാണ് ചിത്രലേഖയുടെ ജീവിതം അപ്രതീക്ഷിതമായി മാറ്റിമറിക്കപ്പെട്ടത്. 2004 മുതല്‍ ആറുവര്‍ഷമായി തൊഴില്‍സ്ഥലത്ത് തുടരുന്ന പ്രഖ്യാപിതവും അപ്രഖ്യാപിതവുമായ തൊട്ടുകൂടായ്മയിലും അക്രമപരമ്പരകളിലുംപെട്ട് ഒറ്റപ്പെട്ട സന്നിഗ്ദ്ധഘട്ടത്തിലാണിന്ന് ചിത്രലേഖ.
സി.ഐ.ടി.യുവില്‍ മെമ്പര്‍ഷിപ്പ് നല്‍കാന്‍ ഒരു മാസം വൈകിപ്പിക്കുന്നതു മുതല്‍ തുടങ്ങിയതാണ് പ്രശ്നങ്ങള്‍. ദേഹോപദ്രവം, വധഭീഷണി, കാലില്‍ ഓട്ടോറിക്ഷ കയറ്റി മുറിവേല്‍പ്പിക്കല്‍, അസഭ്യപോസ്റ്ററുകള്‍ ഒട്ടിക്കല്‍, ഓട്ടോറിക്ഷ കത്തിക്കല്‍, രാത്രി വീട്ടില്‍കയറി ആക്രമിക്കല്‍, റോഡില്‍ വളഞ്ഞിട്ട് മര്‍ദിക്കല്‍, ഇപ്പോള്‍ ഏറ്റവുമൊടുവില്‍, മദ്യപിച്ചു ബഹളമുണ്ടാക്കി എന്നുപറഞ്ഞ് പൊലീസ്സ്റ്റേഷനില്‍ പീഡിപ്പിക്കല്‍^ഇതൊക്കെ ചിത്രലേഖക്കു നേരെ നടന്ന അക്രമപരമ്പരകളാണ്.
കുടുംബശ്രീ വഴി കിട്ടിയ ഓട്ടോ ഡ്രൈവിംഗ് പരിശീലനത്തിലൂടെയാണ് ഈ തൊഴില്‍രംഗത്തെത്തിയതെന്ന് ചിത്രലേഖ പറഞ്ഞു. ഒരു ദരിദ്രസ്ത്രീക്ക് പുതിയൊരു കഴിവ് പരിശീലിപ്പിക്കാനും പുതിയ തൊഴില്‍ കണ്ടെത്താനും കുടുംബശ്രീയിലൂടെ കഴിഞ്ഞു എന്നു സംസ്ഥാനത്തെ സ്ത്രീ ശാക്തീകരണമിഷന് അവകാശപ്പെടാം. എന്നാല്‍, ഈ വിധം എത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി തൊഴില്‍ ചെയ്യാനുള്ള സാമൂഹികാന്തരീക്ഷം ഒരുക്കുന്നത് സ്ത്രീശാക്തീകരണത്തിന്റെ പരിധിയില്‍ വരാത്തിടത്തോളം, ജനകീയാസൂത്രണത്തിന്റെ ആദ്യഘട്ടത്തില്‍ ദാരിദ്യ്രനിര്‍മാര്‍ജനത്തിനായി ദരിദ്രസ്ത്രീകള്‍ക്ക് ആടും കോഴിയും വിതരണം ചെയ്യുകയും പിന്നീടവ ചത്തുപോവുകയും ചെയ്തപ്പോഴുണ്ടായ വികസനമെന്താണോ, അതുതന്നെയാണിപ്പോഴും ഫലത്തില്‍ സംഭവിക്കുന്നതെന്ന് മനസ്സിലാക്കപ്പെടണം. ചിത്രലേഖയെപ്പോലുള്ള സ്ത്രീകള്‍ക്ക് സുരക്ഷിതബോധത്തോടും സ്വാതന്ത്യ്രത്തോടുംകൂടി പുതിയ തൊഴില്‍ ചെയ്യാനാവുന്നില്ലെങ്കില്‍ കുടുംബശ്രീയെക്കൊണ്ട് എന്തുപ്രയോജനം? (അല്ലെങ്കിലും കുടുംബശ്രീയും സ്ത്രീശാക്തീകരണവും എന്നത് കേരളസമൂഹം വിശദമായി ചര്‍ച്ച ചെയ്യേണ്ട മറ്റൊരു വിഷയമാണ്). പയ്യന്നൂരില്‍ത്തന്നെ ഓട്ടോ ഓടിച്ച് ജീവിതമാര്‍ഗം കണ്ടെത്താന്‍ വന്ന മറ്റു രണ്ടു ദരിദ്രസ്ത്രീകളും തൊഴില്‍സ്ഥലത്തെ മാനസിക, ലൈംഗിക പീഡനങ്ങളെ ചെറുത്തു നില്‍ക്കാനാവാതെ തൊഴില്‍ നിര്‍ത്തിപ്പോയി എന്നുകൂടി നമ്മളറിയണം. സ്ത്രീകള്‍ എപ്പോഴും വാര്‍പ്പുമാതൃകാ സങ്കല്‍പങ്ങള്‍ക്ക് അനുയോജ്യമായ തൊഴിലുകള്‍ മാത്രം ചെയ്താല്‍ മതി എന്നതില്‍നിന്ന് നമ്മുടെ സ്ത്രീശാക്തീകരണസങ്കല്‍പം പ്രായോഗികമായി മാറിയിട്ടില്ലെന്നതിന് വേറെന്തു തെളിവാണ് വേണ്ടത്? ഒരു സ്ത്രീ, വിശേഷിച്ചും ഒരു പുലയസ്ത്രീ ഇത്തരത്തിലൊരു തൊഴില്‍ തെരഞ്ഞെടുക്കുമ്പോള്‍ നിലവിലുള്ള ലിംഗപദവി, ജാതിപദവി, തൊഴില്‍ വാര്‍പ്പുമാതൃകകളെയാണ് അറിഞ്ഞോ അറിയാതെയോ ലംഘിക്കുന്നത്. പുരുഷാധിപത്യത്തിനു പൊതുവേയും ജാത്യാധിപത്യത്തിനു പ്രത്യേകിച്ചും സഹിക്കാനാവാത്ത ആഘാതമാണത്.
കേരളത്തില്‍ ദാരിദ്യ്രം മാത്രമല്ല, ജാതിപ്രശ്നങ്ങളും ഇല്ല എന്ന് പൊതുവെ ഏതാണ്ടെല്ലാവരും ആധികാരികമായി പ്രസ്താവിച്ചുകാണാറുണ്ട്. ഉത്തരേന്ത്യയുമായോ തൊട്ടപ്പുറത്തെ തമിഴ്നാടുമായോ ബന്ധപ്പെടുത്തി ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ എല്ലാവര്‍ക്കും വലിയ ആവേശമാണ്. വലിയ സാഹിത്യകാരന്‍മാര്‍ മുതല്‍ രാഷ്ട്രീയനായകന്‍മാര്‍വരെ വീണ്ടുവിചാരമോ സാമൂഹികവിശകലനമോ സൂക്ഷ്മകാഴ്ചയോ കൂടാതെ ഇങ്ങനെ പറയുമ്പോഴൊക്കെയും ഇവിടെ ശക്തമായി നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജാതിചിന്തക്കും അധികാരത്തിനും കുറേക്കൂടി പ്രബലതയും നിലനില്‍പും സമ്മതവും ലഭിക്കുകയാണെന്നതാണ് വാസ്തവം.
ചിത്രലേഖ നേരിടുന്ന പ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണം അവരുടെ ജാതിപദവിയാണ്. ആദ്യമായി പുതിയ തൊഴിലെടുക്കാന്‍ ഓട്ടോറിക്ഷയുമായി ഓട്ടോസ്റ്റാന്‍ഡിലെത്തിയപ്പോള്‍ നേരിട്ട ആദ്യത്തെ സ്വീകരണത്തെക്കുറിച്ച്, 'പുലച്ചീം വന്നല്ലോ ഓട്ടോ ഓടിക്കാന്‍' എന്ന കമന്റ് ചിത്രലേഖ പങ്കുവെച്ചതു കേട്ടപ്പോള്‍ ഞാനോര്‍ത്തത് കേരളത്തില്‍ നിലനില്‍ക്കുന്ന ജാതിവ്യവസ്ഥക്ക് ഇതില്‍പരം മറ്റെന്തു തെളിവാണ് ബുദ്ധിജീവിസമൂഹത്തിനു മുന്നില്‍ വെക്കാനുള്ളത് എന്നാണ്. ഉയര്‍ന്ന ജാതിക്കാരായ അടുത്ത വീട്ടുകാരുടെ കിണറ്റില്‍നിന്ന് വെള്ളമെടുക്കാനുള്ള അയിത്തം മുതല്‍ ഓട്ടോറിക്ഷ ഓടിച്ച് ജീവിക്കാന്‍ സാധ്യമല്ലാത്തവിധം കേരളത്തില്‍ പൊതുവായി പ്രബലമായി നിലനില്‍ക്കുന്ന അക്രമാസക്തമായ ജാതിമേധാവിത്തമാണ് ചിത്രലേഖയുടെ ജീവിതത്തെ ഈ വിധം പീഡനാത്മകമാക്കുന്നത്. പുലയസമുദായത്തില്‍ ജനിച്ചതു കൊണ്ട് ശാരീരികമായും മാനസികമായും വൈകാരികമായും ആവിഷ്കാരപരമായും ചിത്ര നേരിടുന്ന വെല്ലുവിളികള്‍ 2010 ലെത്തി നില്‍ക്കുമ്പോഴും കേരളത്തില്‍ വളരെ കടുത്തതു തന്നെയാണ്.
ജീവശാസ്ത്രപരമായി സ്ത്രീയായിരിക്കുന്നു എന്നതുകൊണ്ട് പുരുഷാധിപത്യസമൂഹത്തില്‍ മുഴുവന്‍ സ്ത്രീകളും നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും പൊതുവായ സ്വഭാവമുണ്ടെന്ന് നമുക്കറിയാം. അതേസമയം, അതിന്റെ പല തലങ്ങളിലുള്ള ഉഗ്രത കൂടി നേരിടുന്നത് ജാതീയമായി, സാമ്പത്തികമായി, ന്യൂനപക്ഷമായി കീഴാളത അനുഭവിക്കുന്ന സ്ത്രീകളാണെന്ന വസ്തുത സ്ത്രീവാദപ്രവര്‍ത്തകരെങ്കിലും തിരിച്ചറിയുകയും മുന്നോട്ടുവെക്കുകയും ചെയ്യുന്ന യാഥാര്‍ഥ്യമാണ്. പൊതുവേ സ്ത്രീകള്‍ പാലിക്കണമെന്ന് പുരുഷാധിപത്യസമൂഹം അനുശാസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന റോളുകള്‍ മാത്രമല്ല, ദലിത്സ്ത്രീ പാലിക്കണമെന്ന് ജാതിപുരുഷാധിപത്യം നിഷ്കര്‍ഷിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന റോളുകളുടേയും പെരുമാറ്റങ്ങളുടേയും സീമകളും അറിഞ്ഞോ അറിയാതേയോ ഭേദിക്കുന്നുണ്ട് ചിത്രലേഖ. ജീവിതസാഹചര്യങ്ങളും ജീവിതാവശ്യങ്ങളും പാരമ്പര്യ സാംസ്കാരികചുറ്റുപാടുകളും ഇത്തരത്തിലുള്ള ലംഘനങ്ങള്‍ക്ക് സ്ത്രീകളെ നിര്‍ബന്ധിക്കാറുണ്ട്. ചിലപ്പോള്‍ ഇത് തിരിച്ചറിവിന്റെ ഭാഗമായി നടത്തുന്ന ബോധപൂര്‍വമായ മറികടക്കലുകളുമാണ്. അത് അധികാരത്തിനുനേര്‍ക്ക് അവകാശത്തിനുവേണ്ടിയുള്ള ജീവിതസമരമായി മാറുകയും ചെയ്യും. ചിത്രലേഖ ഇന്നെത്തിപ്പെട്ടിരിക്കുന്നത് ഈ ജീവിതസമരത്തിലാണ്. പിന്‍മാറാന്‍ സാധ്യമല്ലാത്ത വിധം പെട്ടുപോയിരിക്കുന്ന ഒരു വലിയ സമരജീവിതം.
പ്രാദേശികമായി ചിത്രലേഖയെ ഒറ്റപ്പെടുത്താന്‍ കഴിഞ്ഞ വലിയ പ്രചാരണങ്ങള്‍ അവര്‍ മദ്യപാനിയും വഴക്കാളിയും വ്യഭിചാരിണിയുമാണ് എന്നതാണ്. പ്രതീക്ഷിത സ്ത്രൈണതാ സങ്കല്പങ്ങള്‍ക്കുള്ളില്‍ നില്‍ക്കാത്ത എല്ലാ സ്ത്രീകളും കേള്‍ക്കുന്ന ആരോപണങ്ങളാണിത്. പുരുഷാധിപത്യത്തിന്റെ സ്ത്രീലൈംഗികതയുടെ നേര്‍ക്കുള്ള അധികാരപ്രയോഗതന്ത്രങ്ങളുടേയും സദാചാരനിര്‍മിതികളുടേയും ഭാഗമായി സ്ത്രീയുടെ ലൈംഗികജീവിതത്തെപ്പറ്റി സൃഷ്ടിക്കുന്ന അപവാദകഥകള്‍ക്ക് പ്രചാരം കിട്ടുന്നതോടെ സ്ത്രീകളെ ഒറ്റപ്പെടുത്താനും പരാജയപ്പെടുത്താനും ഈ സമൂഹത്തില്‍ എളുപ്പമാണ്.
ഇത്രയൊക്കെയായിട്ടും ഈ സമരത്തെ കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളും അവരുടെ പോഷക സ്ത്രീസംഘടനകളും സമുദായ സംഘടനകളും വനിതാകമീഷനും മനുഷ്യാവകാശ കമീഷനുമൊന്നും കാണാതിരുന്നത് നിസ്സാരമായോ ലളിതമായോ കാണാനാവില്ല. മാത്രമല്ല, ചിത്രലേഖയെ പയ്യന്നൂരില്‍ ഓട്ടോ ഓടിക്കാന്‍ അനുവദിക്കാത്ത വിധത്തില്‍ കായികമായും മാനസികമായും ആക്രമിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് പ്രാദേശിക സി.ഐ.ടി.യുവിലെ തൊഴിലാളികളും നേതാക്കളുമാണ് എന്നത് കേരളസമൂഹം ഗൌരവപൂര്‍വം ചര്‍ച്ചചെയ്യേണ്ടതുണ്ട്. ചിത്രലേഖ തുടര്‍ച്ചയായി നേരിടുന്ന പീഡനങ്ങളെക്കുറിച്ച ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ സംസ്ഥാന സി.ഐ.ടി.യു നേതാക്കള്‍ക്കും സി.പി.എമ്മിനും ബാധ്യതയുണ്ട്. അതേ സമയം, ഒരു ദലിത്, തൊഴിലാളി, സ്ത്രീയുടെ നേര്‍ക്ക് നടന്ന മുഴുവന്‍ ജനാധിപത്യ, മൌലികാവകാശങ്ങളുടേയും ലംഘനങ്ങള്‍ക്ക് കേരളത്തിലെ തൊഴിലാളി വര്‍ഗപ്രസ്ഥാനം നേതൃത്വം കൊടുക്കുന്നതില്‍ ഇക്കാലത്ത് വലിയ അല്‍ഭുതമൊന്നുമില്ല.
പക്ഷേ, ഇത്തരം അക്രമങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കെല്‍പുള്ള സമരരൂപങ്ങളിലേക്ക് ഒരു രാഷ്ട്രീയ സിവില്‍സമൂഹം കേരളത്തില്‍ അടിയന്തരമായി ശക്തിപ്പെടേണ്ടതുണ്ട് എന്ന് ചിത്രലേഖയുടെ കേസുമായി ബന്ധപ്പെട്ടു നടന്ന ആശയവിനിമയങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും കാണിക്കുന്നു. അതേ സമയം ഫെമിനിസ്റ്റ്, ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിസത്തിന്റെ തലത്തില്‍ കേരളത്തിനുള്ളിലും പുറത്തുമുള്ള ആക്ടിവിസ്റ്റുകളും അക്കാദമിക്കുകളും എഴുത്തുകാരുമായ സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ചു മുന്‍കൈ എടുത്തു നടത്തുന്ന ചില പ്രവര്‍ത്തനങ്ങള്‍ ചിത്രലേഖയുടെ കേസിനെ പൊതുസമൂഹത്തിനു മുമ്പില്‍ കൊണ്ടുവരാനും പരിഹാരം തേടാനും കുറച്ചെങ്കിലും സഹായിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നിന്നെത്തിയ ഗെയില്‍ ഓംവേദിന്റെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന് അത്തരത്തില്‍ വലിയ പ്രാധാന്യമുണ്ട്. എന്നിരുന്നാലും അത്തരത്തിലുള്ള മുന്‍കൈ പ്രവര്‍ത്തനങ്ങളും സമരരൂപങ്ങളും കേരളത്തിനുള്ളില്‍ത്തന്നെ ശക്തമായി ഉയര്‍ന്നുവരേണ്ടതുണ്ട്. ഇനി പയ്യന്നൂരിലും കണ്ണൂരിലും കേരളത്തിലാകെയും ചിത്രലേഖയുടെ സമരത്തെ വിജയിപ്പിക്കാന്‍ എന്തുതരം പിന്തുണകളാണ് ഉയര്‍ന്നു വരിക എന്ന് ആകാംക്ഷയോടെ നോക്കിക്കാണേണ്ടതുണ്ട്. കാരണം, ഇതു ചിത്രലേഖയുടെ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ദലിത്സ്ത്രീകളുടേയും അവകാശപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ഒരു വലിയ സമരമാണ്.
സി.എസ്. ചന്ദ്രിക
Friday, February 12, 2010
Subscribe to:
Post Comments (Atom)
No comments:
Post a Comment