Tuesday, February 23, 2010

തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ലീഗ് നേതൃത്വം

ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് മാധ്യമ, ഭരണകൂട, പോലിസ്യുക്തികള്‍ അപ്പടി വിശ്വസിച്ച്, ഏറ്റുപിടിച്ച് പ്രചരിപ്പിച്ചില്ലെങ്കില്‍ താനും തീവ്രവാദിയാകുമെന്ന സങ്കീര്‍ണമായ കുരുക്കിലാണ് ഇന്ന് ഓരോ മുസ്ലിമും മുസ്ലിംസംഘടനയും. തങ്ങള്‍ തീവ്രവാദിസംഘടനയല്ല എന്ന് ദിനേന സത്യവാങ്മൂലം സമര്‍പ്പിക്കേണ്ട ഗതികേടിലേക്ക് മുസ്ലിം സംഘടനകള്‍ എത്തിക്കഴിഞ്ഞു. ഇങ്ങനെ സത്യവാങ്മൂലം സമര്‍പ്പിച്ച് സ്വഭാവശുദ്ധി വരുത്തി, തങ്ങള്‍ പാവം പരിശുദ്ധരാണെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് എന്ന കേരളത്തിലെ മുസ്ലിംസംഘടനയാണ്. തങ്ങള്‍ തീവ്രവാദികളല്ല എന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുമായി നാടുചുറ്റുക മാത്രമല്ല, തങ്ങളല്ലാത്ത, തങ്ങളോടൊപ്പം നില്‍ക്കാത്ത സകല മുസ്ലിംസംഘടനകളും അന്താരാഷ്ട്ര തീവ്രവാദികളാണ് എന്നാണ് അവരിപ്പോള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. കേരളം അന്താരാഷ്ട്ര ഇസ്ലാമിക തീവ്രവാദ കേന്ദ്രമായി എന്നും എന്നാല്‍, അതിനുത്തരവാദി മുസ്ലിംലീഗല്ല എന്നുമാണ് ലീഗ് സംസ്ഥാനനേതാക്കള്‍ പ്രസംഗിച്ചുകൊണ്ടിരിക്കുന്നത്. മുസ്ലിംകളെ കോര്‍ണര്‍ചെയ്ത് ആസൂത്രിതമായി മുന്നേറുന്ന പദ്ധതി തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനുള്ള ശേഷി ലീഗില്‍നിന്ന് പ്രതീക്ഷിക്കുന്നത് ഈ ലോകത്തെ ഏറ്റവും വലിയ വിഡ്ഢിത്തമാണ് എന്നറിയാം. എന്നാല്‍, ഈ പദ്ധതിയില്‍ ഫാഷിസ്റ്റുകളോടും സാമ്രാജ്യത്വ പ്രചാരകരോടുമൊപ്പം ലീഗ് ആവേശത്തോടെ പങ്കാളിയാകുന്നതാണ് പിടികിട്ടാത്തത്.

മുസ്ലിം യൂത്ത്ലീഗ് കേരളഘടകം 'മാന്യമായ നിലനില്‍പിന്' നടത്തുന്ന ദേശീയ പരിപാടിയില്‍(!) ക്ലാസെടുക്കുന്നവരെ പരിശോധിച്ചാല്‍ സംഘടനയുടെ 'നിലനില്‍പ'് മനസ്സിലാവും. ശരീഅത്താണ് ലോകത്തുള്ള എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം എന്ന ഒറ്റവരി പ്രസ്താവനയെ ആധാരമാക്കി കാല്‍നൂറ്റാണ്ടായി സൈദ്ധാന്തികവൃത്തി നടത്തുന്നയാളാണ് അതിലൊരാള്‍. മുസ്ലിംയുവതയുടെ സമരവീര്യം മുഴുവന്‍ ഷണ്ഢീകരിച്ച് അതിനെ എങ്ങനെ ഒരു ഐസ്ക്രീംപാര്‍ലറാക്കി മാറ്റാം എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട. ജപ്പാനില്‍ മുസ്ലിംകളും കമ്യൂണിസ്റ്റുകളും ഇല്ലാത്തതിനാല്‍ ഒരു കുഴപ്പവുമില്ലെന്ന് പ്രഖ്യാപിച്ച ബുദ്ധിജീവിയാണ് മറ്റൊന്ന്. മുസ്ലിംകളും കമ്യൂണിസ്റ്റുകളുമുള്ളിടത്തെല്ലാം കുഴപ്പമുണ്ടാവുമെന്നത് സാമ്രാജ്യത്വത്തിന്റെ ഏറ്റവും ലളിത മുദ്രാവാക്യങ്ങളിലൊന്നാണ്. ഇസ്ലാംവിരുദ്ധ ആഗോളമുന്നണിയുടെ കൊടിയടയാളമാണ് മുസ്ലിംകളെല്ലാം കുഴപ്പക്കാര്‍ എന്ന പ്രസ്താവന. സംശയലേശമെന്യേ എപ്പോഴും നീതിയുടെ പക്ഷത്ത് നില്‍ക്കുക എന്നതാണ് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ അന്തര്‍ധാര. വിട്ടുവീഴ്ചയില്ലാത്ത നൈതികതയും അനീതിക്കെതിരായ നിരന്തരസമരവും അതിന്റെ ജനിതകസ്വഭാവമാണ്. അതുകൊണ്ട് എല്ലാ വ്യവസ്ഥാപിത താല്‍പര്യക്കാരും മുസ്ലിംകളെ കുഴപ്പക്കാരായി കാണുന്നു. ഈ വ്യവസ്ഥാപിത, ഭരണകൂടതാല്‍പര്യങ്ങളുടെ ഓശാരം പറ്റുകയാണ് മുസ്ലിംകളുടെ ജന്മദൌത്യം എന്ന് മനസ്സിലുറപ്പിച്ച് നാവുകൊണ്ട് വെളിവാക്കിപ്പറയുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നുവെന്നതാണ് മേല്‍പറഞ്ഞ 'തീവ്രവാദവിരുദ്ധ' ബുദ്ധിജീവികള്‍ക്ക് മുസ്ലിംലീഗിനോട് ഇമ്പമുണ്ടാകാന്‍ കാരണം. ഇത്തരം ബുദ്ധിജീവികളുടെയും മുഖ്യധാരാമാധ്യമങ്ങളുടെയും ലാളന ലഭിക്കുന്നതാണ് മഹാകാര്യം എന്ന് വിചാരിക്കുന്ന ബുദ്ധിശൂന്യരുടെ കൈയില്‍ ഇന്ന് സംഘടനാനേതൃത്വം എത്തിപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് നിര്‍ണായകസന്ദര്‍ഭത്തില്‍ ബാല്‍താക്കറെയുടെ മുന്നില്‍ ഷാറുഖ് ഖാന്‍ കാണിച്ച ധൈര്യത്തിന്റെ നൂറിലൊരംശം പോലും കാണിക്കാനാവാതെ മുസ്ലിംവിരുദ്ധ മാധ്യമപ്രചാരണങ്ങള്‍ക്കൊത്ത് തുള്ളി ലീഗിന്റെയും യൂത്ത്ലീഗിന്റെയും നേതൃത്വം വഷളത്തം വിളിച്ചറിയിക്കുന്നത.്

ഗള്‍ഫ് മണലരണ്യത്തില്‍ ചോരനീരാക്കി പണിയെടുത്ത് കുടുംബം പോറ്റുന്നവരില്‍നിന്ന് പിരിവെടുത്ത് തുടങ്ങിയ ചാനലിന്റെ അമരക്കാരനാണ് ലീഗ്കാമ്പയിനിലെ പോസ്റ്റര്‍ ബോയി. വരികളിലും വരികള്‍ക്കിടയിലും  മുസ്ലിംവിരുദ്ധ പൈപ്പ് ബോംബുകള്‍ പൊട്ടിക്കുന്ന മാധ്യമങ്ങളുടെ ഇഷ്ടതാരം. 'തീവ്രവാദവിരുദ്ധ'പോരാട്ടത്തിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ രസകരമാണ്. പാവപ്പെട്ട തൊഴിലാളികളില്‍നിന്ന് ഷെയറെടുത്ത് തുടങ്ങിയ സമുദായത്തിന്റെ സ്വന്തംചാനല്‍ ഇന്ന് റോയ് എം മാത്യു, എം.വി.കെ.എന്‍ മൂര്‍ത്തി, എം.എം രാമചന്ദ്രന്‍, ഡോ. പി.എ ലളിത, ക്ലിഫോര്‍ഡ് പെരീറ എന്നിവരുടെ സമ്പൂര്‍ണനിയന്ത്രണത്തിലാണ്. ആയിരക്കണക്കിന് പാവങ്ങളായ ഷെയര്‍ ഹോര്‍ഡര്‍മാര്‍ തന്നെ നാളെ തെരുവില്‍ തടയുമെന്ന് അദ്ദേഹം ഭയക്കുന്നു. നീതിക്കുവേണ്ടി അവര്‍ ഒച്ചവെക്കുന്നത് തടയാന്‍ മുമ്പേ കണ്ട ഏറാണ് സംസ്ഥാനസെക്രട്ടറി കൂടിയായ അദ്ദേഹം നടത്തുന്നത്. ചാനല്‍പേരിലെ തട്ടിപ്പുകള്‍ ചൂണ്ടിക്കാട്ടി ഷെയര്‍ഹോള്‍ഡര്‍മാരും വല്ല സംഘടനയും രംഗത്തുവന്നാല്‍ അവര്‍ തീവ്രവാദികളാണ്, അവരുടെ തീവ്രവാദം തുറന്ന് കാട്ടിയതിന്റെ പേരില്‍ ക്രൂശിക്കുകയാണ് എന്ന് കരഞ്ഞ് മുഖ്യധാരയുടെ സഹതാപം നേടാം എന്ന് അദ്ദേഹം കണക്കുകൂട്ടുന്നു. തീവ്രവാദ പേര് പറഞ്ഞ് സമുദായത്തെ ഒറ്റുകൊടുത്താലും വേണ്ടില്ല, ചാനല്‍ദുരന്തത്തില്‍നിന്ന് രക്ഷപ്പെടുക എന്നതാണ് അയാളുടെ അജണ്ട. മുഖ്യധാരാ മാധ്യമങ്ങള്‍ക്കാകട്ടെ, മുസ്ലിംവിരുദ്ധ കാമ്പയിന് പാകമായ നല്ലൊരു ചോക്ലേറ്റ് കുട്ടപ്പനും.

വിചിത്ര വാദങ്ങള്‍; വിചിത്ര സഖ്യങ്ങള്‍
============================
ഈയിടെ മുസ്ലിംസമൂഹവുമായി ബന്ധപ്പെട്ടുണ്ടായ രണ്ട് വിവാദങ്ങളായിരുന്നു ലൌ ജിഹാദും കളമശേãരി ബസ്കത്തിക്കലും. അസാധാരണമായ മാധ്യമ പ്രചാരണവും ആള്‍ക്കൂട്ട വിചാരണയുമാണ് രണ്ടുമായി ബന്ധപ്പെട്ടും ഉണ്ടായത്. ഇപ്പോള്‍ മലയാള ആനുകാലികങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് ലക്കങ്ങള്‍ തോറും അച്ചടിച്ചു വരുന്ന വിചാരണാനാടകങ്ങളും ഇതിന്റെ തുടര്‍ച്ച തന്നെയാണ്്. അദൃശ്യരായ ചില നിഗൂഢശക്തികള്‍ പിന്നണിയില്‍നിന്ന് പ്രവര്‍ത്തിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ സൂചനയാണിത്. കേരളത്തിന്റെ സാമൂഹിക, സാംസ്കാരികജീവിതത്തില്‍ സവിശേഷസ്ഥാനം നേടിയ മുസ്ലിംസമൂഹത്തെയും സംഘടനകളെയും സാമൂഹികമായി  ബഹിഷ്കരിക്കാനുള്ള അജണ്ട ഇതിനുപിന്നില്‍ ഒളിഞ്ഞിരിപ്പുണ്ട്.

1800 കളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തില്‍ മുസ്ലിംകള്‍ സജീവമായി പങ്കെടുക്കാനാരംഭിച്ചപ്പോള്‍ അവരെ പിന്തിരിപ്പിക്കാനും  ഭിന്നിപ്പിക്കാനും ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തിയ തന്ത്രമായിരുന്നു അവര്‍ക്കിടയില്‍ നിന്ന് പുതിയ 'പ്രവാചകനെ' സൃഷ്ടിക്കുകയെന്നത്. മുഹമ്മദ് നബി അന്ത്യപ്രവാചകനാണ് എന്നത് ഇസ്ലാമികവിശ്വാസത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ്. അതില്‍ ഭിന്നിപ്പുണ്ടാക്കാന്‍ മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനി എന്നൊരു പുതിയ 'പ്രവാചകനെ' അവര്‍ കണ്ടെത്തി. ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ മുസ്ലിംകളെ ത്വരിപ്പിക്കുന്ന ചാലക ശക്തി ജിഹാദ് എന്ന ആശയമായിരുന്നു. പുതിയ 'പ്രവാചകന്‍' ആദ്യം റദ്ദ് ചെയ്ത ആശയവും ജിഹാദ് തന്നെ. പിന്നീട് ബ്രിട്ടീഷുകാരുടെ സമ്പൂര്‍ണപിന്തുണയോടെ ലോകത്ത് പലയിടത്തും ഖാദിയാനികേന്ദ്രങ്ങള്‍ സ്ഥാപിച്ചു. വിരലിലെണ്ണാവുന്ന അനുയായികളേ ഉള്ളൂവെങ്കിലും ലോകമാധ്യമങ്ങളെയും നയരൂപവത്കരണവിദഗ്ധരെയും രാഷ്ട്രീയ നേതാക്കളെയും സ്വാധീനിക്കാവുന്ന ശക്തമായ ലോബിയിംഗ് ഗ്രൂപ്പായി അവര്‍ വളര്‍ന്നു. കഴിഞ്ഞ 25 വര്‍ഷമായി മുസ്ലിം ടി.വി ഇന്റര്‍നാഷനല്‍ എന്ന ആഗോള ടി.വി ചാനല്‍ ലണ്ടന്‍ ആസ്ഥാനമായി പ്രയാസമേതുമില്ലാതെ നടത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ട് (ഒരു പ്രാദേശികചാനല്‍ നടത്താന്‍ എം.കെ മുനീര്‍ അനുഭവിക്കുന്ന പ്രയാസമൊന്നും എട്ട് ഭാഷകളിലായി 24 മണിക്കൂറും പരസ്യമേതുമില്ലാതെ ആഗോളചാനല്‍ നടത്താന്‍ ഖാദിയാനികള്‍ക്കില്ല!). ഷബാദ് ലൂബാവിച്ച്, ഫ്രീമേസന്‍ ഇന്റര്‍നാഷനല്‍ തുടങ്ങിയ ജൂത നിഗൂഢസംഘങ്ങളുടെ അതേ രീതിയാണ് ഇവരും പിന്തുടരുന്നത്.
കേരളത്തില്‍ അടുത്ത കാലത്തായി തീവ്രവാദ വിരുദ്ധയുദ്ധത്തിന്റെ പേരില്‍ അരങ്ങുതകര്‍ക്കുന്ന മുസ്ലിം വിരുദ്ധ പ്രചാരണപദ്ധതികള്‍ക്ക് പിന്നിലും ഇവരുടെ കരങ്ങള്‍ ഒളിഞ്ഞു പ്രവര്‍ത്തിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ നിഗൂഢമായ ലോബിയിംഗില്‍ കുരുങ്ങി അവരുടെ വാദങ്ങളുടെ പ്രചാരണവാഹകരായി ലീഗ്നേതൃത്വത്തില്‍ ഒരു വിഭാഗം മാറിയിരിക്കുകയാണ്. ഖാദിയാനികള്‍ക്കുവേണ്ടി  വീറോടെ വാദിക്കുന്ന എം.എന്‍ കാരശേãരി തന്നെയാണ് മുസ്ലിം ലീഗിനുവേണ്ടിയും ശക്തമായി വാദിക്കുന്നത്. അതേ കാരശേãരി തന്നെയാണ് യൂത്ത് ലീഗിന്റെ ക്യാമ്പുകളില്‍ തീവ്രവാദവിരുദ്ധ ക്ലാസുകള്‍ നയിക്കുന്നതും.

ഖാദിയാനിസത്തിന്റെ സാമ്രാജ്യത്വ ബന്ധങ്ങളും നിഗൂഢപദ്ധതികളും വെളിച്ചത്തു കൊണ്ടുവന്നതിനാല്‍ ജമാഅത്തെ ഇസ്ലാമിയോട് അവര്‍ക്ക് അടങ്ങാത്ത ശത്രുതയുണ്ട്. അത് തീര്‍ക്കാനുള്ള അവസരമായി അവര്‍ പുതിയ തീവ്രവാദ വിരുദ്ധ പോരാട്ടത്തെ ഉപയോഗിക്കുകയാണ്. 'ഖാദിയാനികള്‍ക്ക് പരിഗണന നല്‍കുന്നുവെന്നതാണ് ജമാഅത്തെ ഇസ്ലാമി മുസ്ലിംലീഗിനെ ശക്തമായി എതിര്‍ക്കാന്‍ പറയുന്ന മുഖ്യകാരണം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇ.ടി മുഹമ്മദ്ബഷീറിനെ സജീവമായി പിന്തുണച്ചിട്ട് ഇ.അഹമ്മദിനെ അങ്ങേയറ്റം എതിര്‍ക്കാന്‍ തീരുമാനിച്ചതിന് ജമാഅത്ത് പറയുന്ന കാരണം, അഹമ്മദ് ഖാദിയാനികളോട് മൃദുലസമീപനം സ്വീകരിച്ചുവെന്നതാണ്. ഖാദിയാനികള്‍ മുസ്ലിം ലീഗിനെ പല നിലക്കും പണ്ട് മുതലേ ധാരാളം പിന്തുണച്ചിരുന്നുവെന്ന ചരിത്രവസ്തുത മറച്ചുപിടിച്ചാണ് ഇ.അഹമ്മദ്സാഹിബിന്റെ ന്യായമായ ഖാദിയാനീ അനുകൂല നിലപാടിനെ ജമാഅത്തെ ഇസ്ലാമി കുപ്രചാരണത്തിന് ഉപയോഗിക്കുന്നത്... ഇ. അഹമ്മദ്സാഹിബിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ അഹ്മദിയാക്കള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങി. വര്‍ധിക്കുകയും ചെയ്തു. ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഹരജി വന്നിട്ടുണ്ട്. അഹ്മദിയാ ജമാഅത്ത്, നദ്വത്തുല്‍ മുജാഹിദീന്‍, മുസ്ലിംലീഗ് തുടങ്ങിയ സംഘടനകളും എം.എന്‍ കാരശേãരി, സി.ടി അബ്ദുറഹീം,  എം.കെ മുനീര്‍, ഹമീദ് ചേന്ദമംഗല്ലൂര്‍ തുടങ്ങിയ സാംസ്കാരികനായകരുമെല്ലാം ഒന്നുചേര്‍ന്ന് ജമാഅത്തെ ഇസ്ലാമി ഇന്ത്യയിലെ മതേതരത്വത്തിന് മഹാഭീഷണിയാണെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നതിന് ഫലങ്ങള്‍ ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്'(ഖാദിയാനീ അനുകൂലിയായ അബ്ദുസ്സമദ് വാഴക്കാല എഴുതിയത്, കേരളശബ്ദം, 2010 ഫെബ്രുവരി ഏഴ്, പേജ് 58). മറ്റൊരു ഖാദിയാനീ കുറിപ്പില്‍ നിന്ന്: 'ലീഗ് നേതാവ് ഡോ.എം.കെ മുനീര്‍ ഇപ്പോള്‍ പല വേദികളിലും ജമാഅത്തിനെതിരെ ആഞ്ഞടിക്കുന്നുണ്ട്. എം.എന്‍ കാരശേãരി, ഹമീദ് ചേന്ദമംഗല്ലൂര്‍ തുടങ്ങിയ ബുദ്ധിജീവികളും ജമാഅത്തെ ഇസ്ലാമി ഉണ്ടാക്കുന്ന വിനകള്‍ തിരിച്ചറിഞ്ഞവരാണ്. എന്നാല്‍, മുസ്ലിംലീഗിനുള്ളിലും മുസ്ലിംകളിലെ ഇതര മതസംഘടനകള്‍ക്കുള്ളിലും തങ്ങളെ അനുകൂലിക്കുന്ന ശക്തമായ ഒരു ലോബിയെ ഉണ്ടാക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമി വിജയിച്ചിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയെ പണ്ടുമുതലേ ശക്തമായി എതിര്‍ക്കുന്ന ഏക മുസ്ലിംസംഘടന അഹ്മദിയാ ജമാഅത്ത് മാത്രമാണ്. നദ്വത്തുല്‍ മുജാഹിദീനിലെ നല്ലൊരു വിഭാഗം സമീപകാലത്തായി മൌദൂദിസ്റ്റുകളെ ഫലപ്രദമായി എതിര്‍ക്കാന്‍ അഹ്മദിയാ ജമാഅത്തുമായി സഹകരിക്കുന്നുണ്ടെന്നത് ശുഭോദര്‍ക്കമാണ്. ബാക്കി മുസ്ലിം മതസംഘടനകളും ജമാഅത്തെ ഇസ്ലാമിയെ തുറന്നെതിര്‍ക്കുന്നതില്‍ എന്തോ കാരണത്താല്‍ അമാന്തം പുലര്‍ത്തുകയാണ്. അഹ്മദിയാജമാഅത്തും നദ്വത്തുല്‍മുജാഹിദീനിലെ ചിലരും ചേര്‍ന്ന് ജമാഅത്തെ ഇസ്ലാമിയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്..(മുഹമ്മദ് ഖംറാന്‍, സമകാലിക മലയാളം വാരിക, 12 ഫെബ്രുവരി 2010, പേജ് 6).

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന സുസംഘടിതമായ മുസ്ലിംസംഘടനയെന്ന നിലക്ക് ഇസ്ലാംവിരുദ്ധ ശക്തികളുടെ എക്കാലത്തെയും നാട്ടക്കുറിയായിരുന്നു ജമാഅത്തെ ഇസ്ലാമി. ഇന്ത്യയിലെ എല്ലാ പ്രാദേശികഭാഷകളിലും പത്രപ്രസിദ്ധീകരണാലയങ്ങളും ഖുര്‍ആന്‍ പഠന^പരിഭാഷാ സംരംഭങ്ങളുമുള്ള ജമാഅത്തിനെ നിരോധിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും വഴി ഇന്ത്യയിലെ ഇസ്ലാമികപ്രതിനിധാനത്തെത്തന്നെ അപകടപ്പെടുത്താമെന്ന് ഫാഷിസ്റ്റുകളും സാമ്രാജ്യത്വ പ്രചാരണകേന്ദ്രങ്ങളും കണക്കുകൂട്ടുന്നു. അവരുടെ ഏറ്റവും വലിയ സഖ്യകക്ഷിയും നടത്തിപ്പുകാരുമായ ഖാദിയാനികളുമായും അവരുടെ കോക്കസ് ബുദ്ധിജീവികളുമായും ചേര്‍ന്ന് മുസ്ലിം ലീഗ് നേതൃത്വം ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന കാമ്പയിന്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടാകും. പൊതുവൃത്തങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും തങ്ങളുടെ മതേതര ഇമേജ് പൊലിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് വിവേകശൂന്യരായ അതിന്റെ നേതാക്കള്‍ കരുതുന്നുണ്ടാകും.

മുസ്ലിംസമൂഹത്തെത്തന്നെ ആക്രമിച്ചു ശരിപ്പെടുത്താനുള്ള വിശാലപദ്ധതിയുടെ കൂട്ടിക്കൊടുപ്പുകാരാവുകയാണ് ലീഗ്നേതൃത്വം എന്ന് അവര്‍ മനസ്സിലാക്കുന്നില്ല. പത്തനംതിട്ടയിലെ കോളജ് പയ്യന്മാരെ കേന്ദ്രീകരിച്ച് ആരംഭിച്ച ഈ പ്രചാരണപദ്ധതി, മഅ്ദനി, സൂഫിയാ മഅ്ദനി എന്നിവരിലൂടെ കടന്ന് ജമാഅത്തെ ഇസ്ലാമിയില്‍ എത്തിയിരിക്കുന്നുവെന്ന് മാത്രം. (പത്തനംതിട്ടയിലെ പോഷകസംഘടനാ ഭാരവാഹിയായ സ്വന്തം പ്രവര്‍ത്തകനെ പിന്തുണക്കാന്‍ പോലും ലീഗിന് സാധിച്ചില്ലെന്നത് കൂട്ടിവായിക്കുക). ഇത് ജമാഅത്തെ ഇസ്ലാമിയില്‍ അവസാനിച്ചു കിട്ടുമെന്ന് ലീഗ് നേതൃത്വം ആശ്വസിക്കുന്നുണ്ടെങ്കില്‍ അവരുടെ സ്വതസ്സിദ്ധമായ വിവരക്കേട് മാത്രമാണ് കാരണം. കാര്യങ്ങളുടെ യാഥാര്‍ഥ്യം മനസ്സിലാക്കി നിലപാടുകളെടുക്കാന്‍ കഴിയുന്ന വിവേകമതികള്‍ ലീഗില്‍ ഇനിയും ബാക്കിയുണ്ടോ എന്ന് തെളിയിക്കേണ്ട ചുമതല ആ പാര്‍ട്ടിക്ക് തന്നെയാണ്.

1 comment:

Sudheer K. Mohammed said...

സി ദാവൂദിന്റേതാണീ ലേഖനം