Sunday, March 7, 2010

ഏകാന്തം

'അമ്മാവനു പറ്റിയ അമളി' എന്നത് കെ. സുരേന്ദ്രനാഥ തിലകന്‍ 20 കൊല്ലം മുമ്പ് പ്രധാനവേഷത്തില്‍ അഭിനയിച്ച ഒരു സിനിമയുടെ പേരാണ്. അറംപറ്റുന്നതു പോലെയായി ആ സിനിമാപ്പേരും അതിലെ വേഷവും. അമ്മാവനെ അമ്മത്തറവാട്ടിലെ അംഗങ്ങളെല്ലാം ചേര്‍ന്ന് പുറത്തു നിര്‍ത്തിയിരിക്കുകയാണിപ്പോള്‍. കുടുംബമാവുമ്പോള്‍ അവിടെ ചില കലഹങ്ങളൊക്കെ കാണും. 'കുടുംബവിശേഷം', 'കുടുംബപുരാണം' എന്നീ കുടുംബചിത്രങ്ങളില്‍ അച്ഛനായും അമ്മാവനായും കാരണവരായുമൊക്കെ അഭിനയിച്ച തിലകന് അത് അറിയാതിരിക്കില്ലല്ലോ. മോഹന്‍ലാല്‍ 'തേന്മാവിന്‍ കൊമ്പത്തി'ല്‍ പറയുന്നതുപോലെ ചട്ടീം കലോം ആവുമ്പോള്‍ തട്ടീന്നും മുട്ടീന്നും ഇരിക്കും. അപ്പോള്‍ കുടുംബത്തിലെ ഉള്‍പ്പാര്‍ട്ടിപ്പോരിന്റെ വിശേഷങ്ങളൊക്കെ പുറത്തു പറഞ്ഞത് അമ്മാവന് പറ്റിയ അമളി. അതോടെ അമ്മാവന്‍ അമ്മക്ക് അധികപ്പറ്റായി. സസ്പെന്‍ഷനായി. അമ്മയാകട്ടെ മോഹന്‍ലാലിനെപ്പോലെ ഇതിനെ കാണുന്നത് ഒരു അമ്മാവന്‍ ഫലിതമായിട്ടാണ്. അമ്മാവന്‍ പറയുന്നതെല്ലാം ഫലിതമായി കാണണോ എന്ന ചോദ്യം ഇവിടെ ഉന്നയിക്കാം. അമ്മാവന്‍ പറഞ്ഞതിലും കാര്യമുണ്ട് എന്നു മനസ്സിലാക്കി തറവാട്ടിലേക്കു മടക്കിക്കൊണ്ടു വരികയായിരുന്നു വേണ്ടിയിരുന്നത്. അഴീക്കോടുമായുള്ള വിവാദത്തെ അമ്മാവന്‍ ഫലിതമായി കണ്ട ലാലിനെ അദ്ദേഹത്തിന്റെ അമ്മാവന്‍ ഫോണില്‍ വിളിച്ചു പറഞ്ഞുവത്രെ, അമ്മാവന്‍മാരെ ഇങ്ങനെ കൊച്ചാക്കേണ്ടിയിരുന്നില്ലെന്ന്. തിലകന്‍ പറഞ്ഞ കാര്യങ്ങളെ തികഞ്ഞ ലാഘവത്തോടെ, ഫലിതം പോലെ കാണുകയായിരുന്നു സിനിമാ രംഗത്തുള്ളവര്‍. തിലകനെ കൊച്ചാക്കുന്ന തരത്തിലാണ് അവര്‍ പ്രതികരിച്ചത്. മുതിര്‍ന്ന ഒരു നടന്‍ ഉന്നയിച്ച കാര്യങ്ങളില്‍ സംഘടനാതലത്തില്‍ അന്വേഷണമുണ്ടായില്ല. തിലകനെ സ്നേഹിക്കുന്ന മലയാളികളോട് അവര്‍ വാസ്തവം വെളിപ്പെടുത്തിയില്ല. താരങ്ങളെയും മലയാള സിനിമയെയും ഇഷ്ടപ്പെടുന്നവര്‍ക്ക് വേദനയായി ഒരു വിവാദം. അതിനു നടുവില്‍ ഒറ്റയാന്റെ തിലകവുമായി ഒരാള്‍. 'ഏകാന്തം' എന്ന സിനിമയിലെ അഭിനയത്തിന് ഈയിടെ ദേശീയ പ്രത്യേക ജൂറി പുരസ്കാരം കിട്ടിയിരുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഒരാളുടെ കഥയായിരുന്നു അത്. അരനൂറ്റാണ്ട് ഒരു സപര്യ പോലെ കൊണ്ടു നടന്ന അഭിനയരംഗത്ത് ഒരു തുരുത്തില്‍ തനിച്ചിരിക്കുകയാണിപ്പോള്‍ ഏകാകിയായ ഈ ധിക്കാരി. ഗൃഹാതുരമായ ഓര്‍മകളില്‍ മുങ്ങി തനിച്ചുകഴിയുന്ന ഒരാളുടെ കഥയായിരുന്നു തിലകന്‍ നായകനായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ 'ഓര്‍ക്കുക, വല്ലപ്പോഴും'. മൌനത്തിന്റെ നേര്‍ത്ത പട്ടുനൂല്‍ പൊട്ടിച്ചിതറും പദങ്ങളാല്‍ 'ഓര്‍ക്കുക വല്ലപ്പോഴും' എന്നു മാത്രം പറഞ്ഞ് വെള്ളിത്തിരയില്‍നിന്നും അകന്നുപോവുകയാണോ കലാലോകത്തെ ഈ ഏകാകി?

ആളൊരു പരുക്കനാണ്. അവതരിപ്പിച്ച പല കഥാപാത്രങ്ങളെയും പോലെ. അറിഞ്ഞതിലേറെയും ജീവിതത്തിലെ പരുക്കന്‍ മുഖങ്ങള്‍ തന്നെയായിരുന്നു. കുട്ടിക്കാലത്ത് മനുഷ്യനെ കണ്ടുവളര്‍ന്നവനല്ല. ബാല്യം ഒരു എസ്റ്റേറ്റിലായിരുന്നു. പുറത്തേക്കിറങ്ങിയാല്‍ കാണുന്നത് റബറും തേയിലയും മാത്രം. മനുഷ്യരും മനുഷ്യരും തമ്മിലുള്ള സ്നേഹം ചുരുക്കമായേ അറിഞ്ഞിട്ടുള്ളൂ. വീട്ടില്‍ 35 പശുക്കളുണ്ടായിരുന്നു. അവയുമായാണ് കുട്ടിക്കാലത്തെ സൌഹൃദം. നാടകത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ വീടുവിട്ട ശേഷം പിടിച്ചുനില്‍ക്കാന്‍ അല്‍പം ഗുണ്ടായിസമൊക്കെ കാട്ടേണ്ടി വന്നിട്ടുണ്ടെന്ന് ഏറ്റു പറഞ്ഞിട്ടുണ്ട് പലപ്പോഴും. ചന്തപ്പിള്ളേരെ പോലെയായിരുന്നു ജീവിതം. ഊണും ഉറക്കവും കള്ളുഷാപ്പില്‍. അവിടെ നിന്നു കിട്ടിയ അനുഭവങ്ങളായിരുന്നു കലാലോകത്ത് മുതല്‍ക്കൂട്ടായത്. തന്റേടിയായ തിലകന്‍ രൂപപ്പെട്ടത് അങ്ങനെയാണ്. 

ഇപ്പോള്‍ 75 വയസ്സ്. രോഗങ്ങളെ അതിജീവിച്ച് തനിക്കെതിരെ ഉയരുന്ന എതിര്‍പ്പുകളെ അവഗണിച്ച് പൊരുതിനില്‍ക്കുന്നു. എഴുന്നേറ്റു നടക്കാനാവുമെങ്കില്‍ വന്ന് അഭിനയിക്കുമെന്ന് ഉറപ്പിച്ചു തന്നെയായിരുന്നു ഒഴുക്കിനെതിരെ നീന്തിയത്. അഭിനയം നിര്‍ത്തി പെന്‍ഷനും വാങ്ങി വീട്ടിലിരിക്കുമെന്നു കരുതിയവര്‍ക്ക് തെറ്റി. മരണം ആസ്വാദകരുടെ മുന്നിലാവണമെന്നാണ് ആഗ്രഹമെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്.

താര സംഘടനയായ അമ്മയെ പോലെ തന്നെയായിരുന്നു സ്വന്തം അമ്മയും. സ്നേഹവാല്‍സല്യങ്ങള്‍ ആഗ്രഹിച്ചതുപോലെ കിട്ടിയിട്ടില്ല. പി.എസ്. കേശവന്റെയും പി.എസ്. ദേവയാനിയുടെയും ആറുമക്കളിലൊരാളായി 1935 ഡിസംബറില്‍ മുണ്ടക്കയത്ത് ജനനം. മുണ്ടക്കയത്ത് ട്രാവന്‍കൂര്‍ റബര്‍ ആന്‍ഡ് ടീ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു അച്ഛന്‍. അച്ഛനും അമ്മയും എപ്പോഴും വഴക്കായിരിക്കും. ആരും ആരോടും സ്നേഹത്തോടെ ചിരിക്കുന്നതുപോലും കുട്ടിക്കാലത്തു കണ്ടിട്ടില്ല. മക്കളെ നോക്കാന്‍ വീട്ടില്‍ നിന്ന ചെറൂട്ടിയാണ് പലപ്പോഴും അമ്മിഞ്ഞപ്പാലൂട്ടി വളര്‍ത്തിയത്. പിന്നീട് കമ്യൂണിസ്റ്റ് ജാഥയില്‍ പങ്കെടുത്ത് തലക്കടിയേറ്റ് ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന അവരെക്കണ്ട് നെഞ്ചുതകര്‍ന്ന് ചെറൂട്ടിയമ്മേ എന്നു നിലവിളിച്ചത് വേദനിക്കുന്ന ഒരോര്‍മ. അമ്മക്കു വീണ്ടും കുട്ടികള്‍ ജനിച്ചതോടെ തിലകനോടുള്ള താല്‍പര്യം കുറഞ്ഞു. മുണ്ടക്കയം സി.എം.എസ് ഹൈസ്കൂള്‍, കൊല്ലം എസ്.എന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് പഠനം ഉപേക്ഷിച്ച് നാടകത്തിന്റെ വഴിയില്‍. അമ്മ ശക്തമായി എതിര്‍ത്തു. നടിമാരുമായി മകന്‍ വഴിവിട്ട ബന്ധം പുലര്‍ത്തുന്നുവെന്ന് അവര്‍ വിശ്വസിച്ചു. പത്തൊമ്പതാം വയസ്സില്‍ വീടു വിട്ടിറങ്ങി. 35 വര്‍ഷം കഴിഞ്ഞാണ് പിന്നീട് അമ്മയെ കാണുന്നത്.

പഠനകാലത്തും നാടകമായിരുന്നു മനസ്സില്‍ മുഴുവനും. ദേശീയ നാടകമല്‍സരത്തില്‍ കൊല്ലം എസ്.എന്‍ കോളജിന് മൂന്നാംസ്ഥാനം നേടി തിരിച്ചെത്തിയതിന്റെ മൂന്നാംദിവസം അധികൃതരുടെ ചില തെറ്റായ നടപടികള്‍ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ കോളജില്‍നിന്നു പുറത്താക്കപ്പെട്ടു. പിന്നീട് ഹിന്ദി വിദ്വാന് പഠിച്ചാല്‍ ജോലി കിട്ടാന്‍ എളുപ്പമാണെന്നറിഞ്ഞ് അതിനു ചേരാന്‍ തീരുമാനിച്ചു. പണം കൈയിലില്ലാതെ വന്നപ്പോള്‍ പഠനം മുടങ്ങി. പരീക്ഷക്കിരിക്കാന്‍ കഴിയാതെ പോയതിന്റെ വേദനയില്‍ നാട്ടിലെ ഒരു റിഹേഴ്സല്‍ ക്യാമ്പില്‍ ചെന്നിരിക്കുമ്പോള്‍ അവര്‍ അഭിനയിക്കാന്‍ വിളിച്ചു. ഏരൂര്‍ സുഖ്ദേവ് എഴുതിയ 'ജീവിതം അവസാനിക്കുന്നില്ല'എന്ന നാടകമായിരുന്നു അത്. അങ്ങനെയൊന്നും അവസാനിക്കേണ്ടതല്ല ജീവിതമെന്ന് ആ നാടകം തിലകന് കാട്ടിക്കൊടുത്തു. 1956ലാണ് അരങ്ങിലെത്തുന്നത്. ഇടക്ക് രണ്ടു വര്‍ഷം പട്ടാളത്തിലെ ജനറല്‍ റിസര്‍വ് എന്‍ജിനീയര്‍ ഫോഴ്സില്‍ ചേര്‍ന്നു. 1966 വരെ കെ.പി.എ.സിയില്‍ പ്രവര്‍ത്തിച്ചു. ടി.എന്‍. ഗോപിനാഥന്‍ നായരുടെ 'രണ്ടും രണ്ടും അഞ്ച്'എന്ന നാടകത്തിലെ ഡോക്ടര്‍ വേഷം ശ്രദ്ധേയമായി. ആദ്യ സിനിമ പി.ജെ. ആന്റണിയുടെ 'പെരിയാര്‍'. കെ.ജി. ജോര്‍ജിന്റെ 'കോലങ്ങളി'ലെ കള്ളുവര്‍ക്കി എന്ന കഥാപാത്രം ശ്രദ്ധേയമായി. 'യവനിക'യിലെ വേഷം 1981ലെ മികച്ച സഹനടനുള്ള അവാര്‍ഡ് നേടിക്കൊടുത്തു. 1987ല്‍ എം.ടിയുടെ 'ഋതുഭേദം' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 2006ല്‍ 'ഏകാന്തം' എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ സ്പെഷല്‍ ജൂറി അംഗീകാരം. 1982,85,86,87,88, 1998 എന്നീ വര്‍ഷങ്ങളില്‍ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡ്. 1990, 94 വര്‍ഷങ്ങളില്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്.കിരീടം, പെരുന്തച്ചന്‍, സ്ഫടികം, മൂന്നാംപക്കം, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നാടോടിക്കാറ്റ്, ഗമനം, മുക്തി, ധ്വനി, പഞ്ചാഗ്നി, തനിയാവര്‍ത്തനം, യാത്ര എന്നിവയാണ് തിലകനിലെ അഭിനയ പ്രതിഭയുടെ കടുംനിറത്തിലുള്ള കൈയൊപ്പു പതിഞ്ഞ സിനിമകള്‍. 1990കള്‍ മുതല്‍ സിനിമാരംഗത്ത് പ്രതിലോമശക്തികള്‍ ഒന്നു ചേര്‍ന്നുനിന്നുവെന്നും അവര്‍ ട്രിവാന്‍ഡ്രം ക്ലബില്‍ യോഗം ചേര്‍ന്ന് തന്നെ സിനിമയില്‍നിന്നു പുറത്താക്കാനുള്ള ശ്രമം തുടങ്ങിയെന്നും തുറന്നടിച്ചതോടെയാണ് അനഭിമതനായത്. തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നായര്‍ലോബി ഈഴവനായ തനിക്കെതിരെ നിലകൊള്ളുന്നുവെന്നായിരുന്നു ആരോപണം. നെടുമുടി വേണുവിനെതിരെയായിരുന്നു ഒളിയമ്പുകളില്‍ ഏറെയും.
ആറു മക്കളുണ്ട്. ഷമ്മി, ഷിബു, ഷോബി, ഷാജി, സോണിയ, സോഫിയ. അസുഖങ്ങള്‍ പലതവണ ആക്രമിച്ചിട്ടുണ്ട്. രക്തത്തില്‍ അമോണിയയുടെ അംശം വര്‍ധിച്ചു. നട്ടെല്ലിന്റെ ചുവട്ടിലുള്ള ഡിസ്കിനു സ്ഥാനചലനം വന്നു. ഇടുപ്പെല്ലിനു തേയ്മാനം വന്നു. ഇപ്പോള്‍ നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഓട്ടോഗ്രാഫില്‍ പ്രഫ.എസ്. ഗുപ്തന്‍ നായര്‍ എഴുതിയത് ഇങ്ങനെയാണ്: 'ആയവും ആക്കവുമുള്ള ശരീരം കൊണ്ട് നേടാവുന്നതത്രയും നേടുക. നേടിയതെല്ലാം നിര്‍ലോഭമായി കൊടുക്കുക.' അതാണ് തിലകന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

No comments: