Tuesday, March 9, 2010

പൊലീസ് മുഖം നഷ്ടപ്പെടുത്തരുത്

പൊലീസ് മുറയുടെ ആഘാതം താങ്ങാനാവാതെ യുവതിയുടെ ഗര്‍ഭം അലസിപ്പോയ വാര്‍ത്ത ഞെട്ടലോടെ മാത്രമേ വായിച്ചുതീര്‍ക്കാനാവൂ. അപരിഷ്കൃതം എന്നതിലേറെ ലജ്ജാകരവും എന്നേ ഈ സംഭവത്തെ വിശേഷിപ്പിക്കാനാവൂ. അതും അന്താരാഷ്ട്ര വനിതാ ദിനം നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ തന്നെ അങ്ങനെയൊന്ന് കേള്‍ക്കേണ്ടിവന്നത് വിരോധാഭാസമായി തോന്നുന്നു. അടി, ഇടി, ഉരുട്ടല്‍, പിഴിച്ചില്‍ തുടങ്ങിയ മൂന്നാംമുറകള്‍ പൊലീസ് നടപടിക്രമത്തില്‍ വാര്‍ത്താമൂല്യം നഷ്ടപ്പെട്ട പതിവു 'നമ്പറു'കളാണെങ്കിലും 'കളിച്ചുകളിച്ച് ഗര്‍ഭപാത്രത്തോടും' എന്നേടത്തേക്ക് എത്തിയത് അതിരുകവിഞ്ഞുപോയി.

ഒരുപക്ഷേ സംഭവം ഊതിവീര്‍പ്പിച്ചത്, അതിശയോക്തിപരം, ഒറ്റപ്പെട്ടത് എന്നൊക്കെ പറഞ്ഞ് മറുവാദങ്ങള്‍ നിരത്തിയേക്കാമെങ്കിലും വെടിയില്ലാതെ പുകയുണ്ടാവില്ല എന്നുതന്നെയാണ് മനസ്സിലാവുന്നത്. ആ വാദങ്ങളൊക്കെ അംഗീകരിച്ചുകൊടുത്താല്‍പോലും കാര്യത്തിന്റെ കിടപ്പ് എങ്ങോട്ടാണെന്നതിലേക്കുള്ള സൂചനയായി ഇതിനെ കാണുന്നവരെ ഒറ്റയടിക്ക് 'ദോഷൈകദൃക്കുകളായി' മാറ്റിനിറുത്താനാവുമെന്ന് തോന്നുന്നില്ല.

സുല്‍ത്താന്‍പൂരിലെ മന്യാല്‍ ഗ്രാമത്തില്‍ സംഗീത എന്ന ദലിത് സ്ത്രീയെ പരസ്യമായി പൊലീസ് മര്‍ദിച്ചവശയാക്കിയ വാര്‍ത്ത വന്നിട്ട് മാസം ഒന്നുപോലുമായിട്ടില്ല. സ്കൂളിന്റെ 'ശാപം മാറാന്‍' ദലിത് വിദ്യാര്‍ഥികള്‍ക്കുമേല്‍ ഗോമൂത്രം തളിച്ച് ശുദ്ധികലശം നടത്തിയതും പഴയ സംഭവമല്ല. മഹാരാഷ്ട്രയിലെ ബാന്ദ്ര ജില്ലയില്‍ നടന്ന ആ സംഭവത്തിനും രണ്ടു വര്‍ഷത്തില്‍ താഴെ പഴക്കമേയുള്ളൂ. മുമ്പൊരിക്കല്‍ ദലിതുകളെ ജീവനോടെ ചുട്ടുകൊന്ന് 'ചരിത്രം സൃഷ്ടിച്ച' പ്രദേശമായ ഖൈര്‍ലാഞ്ചി ഉള്‍പ്പെടുന്നത് ഇതേ ജില്ലയിലാണ്.

ഇങ്ങനെ വാര്‍ത്തകളില്‍ സ്ഥാനംപടിച്ച ഒന്നുരണ്ടു ഉദാഹരണങ്ങള്‍ മാത്രം സാന്ദര്‍ഭികമായി അനുസ്മരിച്ചു എന്നേയുള്ളൂ. 'കണ്ണില്‍പെടാതെ' പോകുന്നതും അതുകൊണ്ടുതന്നെ വെളിച്ചം കാണാത്തതുമായ 'കൊച്ചുകൊച്ചു' ക്രൂരകൃത്യങ്ങള്‍ വേറെയുമുണ്ട്. അതൊക്കെ തല്‍ക്കാലം അവഗണിക്കാം. പക്ഷേ, മുന്‍ചൊന്ന ഉദാഹരണങ്ങള്‍ അങ്ങനെ തള്ളാവുന്ന ഗണത്തില്‍ പെടുന്നവയല്ല. എന്നാല്‍, ഇതൊന്നും കേരളത്തില്‍ നടന്നതല്ലല്ലോ എന്ന് ലഘൂകരണം നടത്തി ആശ്വസിക്കാന്‍ ശ്രമിച്ചതുകൊണ്ടുമായില്ല. അതുകൊണ്ടുമാത്രം മറച്ചുവെച്ചാല്‍ മറയുന്നതല്ല ഈ നാണക്കേട്.

ഒരു കൊച്ചുവിദ്യാര്‍ഥി ^എല്‍.കെ.ജിയില്‍ പഠിക്കുന്ന എട്ടും പൊട്ടും തിരിയാത്ത പൈതല്‍^ ക്ലാസില്‍ അറിയാതെ വിസര്‍ജിച്ചുപോയതിന് മലം കുട്ടിയുടെ ചോറ്റുപാത്രത്തിലിട്ട് വീട്ടിലേക്ക് 'പാര്‍സല്‍' ചെയ്തത് ഈ കൊച്ചുകേരളത്തിലായിരുന്നു. ഏതാനും മാസംമുമ്പ് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയില്‍ നടന്ന സംഭവം. ഇന്നിപ്പോള്‍ കൊല്ലത്തെ കുരീപ്പള്ളി ഗോപാലന്റെ ഭാര്യ സുജ എന്ന 23കാരി യുവതി ആറ്റുനോറ്റുവെച്ച ഗര്‍ഭം അടിച്ചുകലക്കിയ സംഭവം കൂടിയാവുമ്പോള്‍ ഒരു കാര്യം വ്യക്തം. കേരളവും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കൊപ്പം 'വളരുകയാണ്'; പൊലീസിനും 'ദേശീയ നിരയില്‍ ഇടം'. എന്തായിരുന്നു ആ ദലിത് യുവതി ചെയ്ത തെറ്റ്? കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവരെ കള്ളനാക്കി 'പെരുമാറുന്ന' പൊലീസ് രീതിശാസ്ത്രത്തില്‍ ഇത്തരം ന്യായവാദങ്ങള്‍ക്കൊന്നും ചിലനേരങ്ങളിലെങ്കിലും സ്ഥാനമുണ്ടായിരിക്കില്ല. പ്രത്യേകിച്ച് ഉദ്യോഗക്കയറ്റത്തിന്റെ പടവുകള്‍ ഓടിക്കയറാന്‍ ആക്രാന്തം കാണിക്കുന്ന ഏമാന്മാര്‍ക്ക് തങ്ങളുടെ 'വല്യശമാനന്‍മാരെ' എങ്ങനെയും പ്രസാദിപ്പിച്ചേ ഒക്കൂ  എന്നു വരുകില്‍!

സുജ സംഭവത്തില്‍ ആകെ മനസ്സിലാവുന്നത് 'അദൃശ്യനായ' ഭര്‍ത്താവിനെ നിന്നനില്‍പില്‍ കണ്‍വെട്ടത്ത് കൊണ്ടുവരാന്‍ പൊലീസ് പ്രയോഗിച്ച ഒരു സൂത്രവിദ്യ(!) എന്നാണ്. പക്ഷേ, ഈ തന്ത്രമന്ത്രാദികള്‍ അല്‍പം^ അല്ല ഏറെ കടന്നുപോയി എന്ന് കുറ്റപ്പെടുത്താതെ വയ്യ. അതിനുമാത്രം ആ ഗര്‍ഭിണി^ കുറ്റമൊന്നും ചുമത്തപ്പെട്ടിട്ടില്ലാത്ത സാധുസ്ത്രീ^ അനുഭവിക്കേണ്ടിവന്നു; സഹിക്കാവുന്നതിലേറെ ^മാനസികമായും ശാരീരികമായും. ഒരുഭാഗത്ത് മസില്‍പവര്‍ കാണിച്ചും മറുഭാഗത്ത് മനോബലം നശിപ്പിച്ചും 'കുറ്റം സമ്മതിപ്പിക്കാനുള്ള' വ്യഗ്രത പൊലീസിന്റെ തനിനിറം ഒരിക്കല്‍ക്കൂടി മറനീക്കി പുറത്തുകൊണ്ടുവന്നിരിക്കുന്നു.

ഏതു പൌരനെയും അറസ്റ്റ് ചെയ്യുമ്പോള്‍ ^അയാള്‍ കുറ്റവാളിയാണെങ്കില്‍പോലും^ പാലിക്കേണ്ട മര്യാദകളും മുറകളും മുമ്പൊരു വിധിയില്‍ സുപ്രീംകോടതി നിരത്തിയ കാര്യം ചുരുങ്ങിയത് പൊലീസുകാരെയെങ്കിലും അത് പഠിപ്പിക്കേണ്ടതില്ലല്ലോ. പക്ഷേ, ഗ്രന്ഥങ്ങളില്‍ എഴുതിവെച്ച തത്ത്വങ്ങളും നിയമസംഹിതകളും നടപ്പാക്കുന്നേടത്ത് കാണുന്നത് മറ്റൊരു മനസ്സും വികാരവുമാണ്. അതു കാണുമ്പോള്‍ അറിയാതെ ചോദിച്ചുപോകുന്നു നിയമപാലകര്‍ എന്നാണ് നിയമ ലംഘകരായത്? അതേസമയം, ഇത്തരം 'വഴിവിട്ട' ശൈലികള്‍ക്ക് ധൈര്യം പകരാന്‍  ഭരണകര്‍ത്താക്കളുടെ ബോധപൂര്‍വമായ നിസ്സംഗത  ഇടയാകാറുണ്ട് എന്നതാണ് അനുഭവയാഥാര്‍ഥ്യം. സേനയുടെ 'ആത്മബലം തകരും' എന്ന സ്ഥിരം മറുവാദമുയര്‍ത്തി എന്ത് അനീതിക്കും കൊടുംക്രൂരതക്കും മൂടുപടമിടുന്ന ഈ തലതിരിഞ്ഞ സമീപനം മാറാന്‍ വൈകി. പ്രത്യേകിച്ച് കമ്യൂണിറ്റി പൊലീസ് മുതല്‍  'കുട്ടിപൊലീസ്' വരെയുള്ള പുത്തന്‍ പരിഷ്കാരങ്ങളുമായി പൊലീസിനെ പരമ്പരാഗത കൊളോണിയല്‍ ശൈലിയില്‍നിന്ന് മോചിപ്പിക്കാനുള്ള തീവ്രശ്രമം നടന്നുകൊണ്ടിരിക്കെ. സുജ സംഭവം പോലുള്ള ദുശ്ചെയ്തികള്‍ ഒറ്റപ്പെട്ടതാണെങ്കില്‍പോലും ഒരു തുടം തേനിനെ മലിനമാക്കാന്‍ ഒരു തുള്ളി കറ്റാര്‍വാഴ നീരു മതി എന്ന പരുവത്തിലാക്കും, തീര്‍ച്ച. പോയ കാലത്തിന്റെ ബാക്കിപത്രമായ മൂന്നാംമുറയില്‍നിന്ന് പൊലീസിനെ മോചിപ്പിക്കാനുള്ള ആര്‍ജവം അധികൃതര്‍ കാണിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് ലോകമെമ്പാടും ശാസ്ത്രീയവും മാനവികവും^ അതിലേറെ മനഃശാസ്ത്രപരവുമായ^ സമീപനങ്ങള്‍ക്ക് വര്‍ധിച്ച പ്രാധാന്യം കൊടുത്തുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ നാമും ആ വഴിക്കുതന്നെ ജാഗ്രതയോടെ നീങ്ങാന്‍ തയാറാവേണ്ടിയിരിക്കുന്നു. അതാണ് യുക്തി; അതാണ് വിവേകം; ബുദ്ധിയും.

No comments: