ഡോ. എം. ശാര്‍ങ്ഗധരന്‍
ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ സ്വീകാര്യതയും ഒപ്പം കടുത്ത മല്‍സരത്തെ അതിജീവിക്കാനുള്ള ഊര്‍ജസ്വലതയും കണക്കിലെടുത്ത് പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കേണ്ട ചുമതല ഈ ഘട്ടത്തില്‍ ബാങ്കുകള്‍ക്കുണ്ട്. ഒപ്പം ഭരണക്രമം സുതാര്യവും സുശക്തവുമാക്കുക, കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക, ഉപഭോക്തൃസംതൃപ്തി ലക്ഷ്യമാക്കി നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക തുടങ്ങിയവക്ക് പ്രഥമ പരിഗണന നല്‍കേണ്ട ബാധ്യതയും ബാങ്കുകള്‍ക്കുണ്ടായി. പൊതുമേഖലയിലും സ്വകാര്യമേഖലയിലും സഹകരണ മേഖലയിലും വിദേശമേഖലയിലുമുള്ള ഇന്ത്യയിലെ ബാങ്കുകള്‍ ഇക്കാര്യത്തില്‍ കരുത്താര്‍ജിക്കുകയും ചെയ്തു. ഇതിനു തെളിവാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോകത്തെ മികച്ച അമ്പത് ബാങ്കുകളില്‍ ഒന്നായി മാറിയത്. പുത്തന്‍ തലമുറ ഗണത്തില്‍പ്പെട്ട ഇന്ത്യയിലെ മറ്റു ബാങ്കുകളും ആഗോളനിലവാരമുള്ള പ്രവര്‍ത്തനങ്ങളിലൂടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് പിന്നാലെതന്നെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ബാങ്കുകളുടെ പ്രവര്‍ത്തനം പലിശാധിഷ്ഠിതമാക്കി ശക്തമായ മുന്നേറ്റം നടത്തുന്നതിനിടയിലാണ് പലിശരഹിത ബാങ്കുകള്‍ എന്ന സവിശേഷതയോടെ ഇസ്ലാമിക്ബാങ്കിങ് എന്ന ആശയം ഇപ്പോള്‍ ഇന്ത്യയില്‍ സജീവമായ ചര്‍ച്ചാവിഷയമായി മാറിയിരിക്കുന്നത്. രാജ്യത്തെ ബാങ്കിങ്പ്രവര്‍ത്തനം പരമാവധി പ്രയോജനം ഉപഭോക്താക്കള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനും ഒപ്പം ബാങ്കിങ് സ്ഥാപനങ്ങള്‍ രാജ്യപുരോഗതിയുടെ പങ്കാളികളായി മാറുന്നതിനും ഉതകുന്ന തരത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍തലത്തില്‍ നടത്തിയിട്ടുണ്ട്. ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ സദാ സമയം ജാഗരൂകരായിരിക്കാന്‍ ചുമതലപ്പെട്ട സ്ഥാപനമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പാര്‍ലമെന്റ് അംഗീകാരമുള്ള പ്രധാനനിയമങ്ങള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, ബാങ്കിങ് റഗുലേഷന്‍ ആക്ട്, നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് എന്നിവയാണ്. സര്‍ക്കാര്‍ മിഷനറിയും റിസര്‍വ്ബാങ്കും ഉചിതമായ ഇടപെടലുകള്‍ നടത്തിയതുകൊണ്ട് മാത്രമാണ് ആഗോള സാമ്പത്തികമാന്ദ്യം ഇന്ത്യയെ കാര്യമായ തോതില്‍ ബാധിക്കാതിരുന്നത്. മേല്‍ സൂചിപ്പിച്ച നിയമങ്ങള്‍ സമൂലമായി പരിഷ്കരിക്കുംവരെ ഇന്ത്യയില്‍ പലിശ രഹിത സ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് ഇടപാടുകള്‍ നടത്താനാവില്ല. അതേസമയം പലിശ ഒരു വന്‍^സാമൂഹികവിപത്ത് എന്ന നിലയില്‍ രൂപപരിണാമം നേടിയ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍, പലിശ രഹിത ബാങ്കിങ് എന്ന ആശയത്തെ പാടെ അവഗണിക്കാനുമാകില്ല.
പലിശരഹിത ബാങ്കിങ് എന്ന ഇസ്ലാമിക് ബാങ്കിങ് ശരീഅത്ത് വ്യവസ്ഥകളില്‍നിന്ന് ഉടലെടുത്തതാണ്. ശരീഅത്ത് വ്യവസ്ഥകള്‍ അനുസരിച്ച് പലിശ സ്വീകരിക്കുന്നത് നിഷിദ്ധമാണ്. പലിശ സ്വീകരിക്കാനാവാത്തതുകൊണ്ട് ബാങ്ക് നിക്ഷേപം നടത്താനാവാതെ വരുന്നവര്‍ക്ക് അവരുടെ കൈയിലുള്ള ധനം നിക്ഷേപിക്കാനുള്ള അവസരമാണ് ഇസ്ലാമിക്ബാങ്കുകള്‍ പ്രദാനം ചെയ്യുന്നത്. ഇങ്ങനെ സമാഹരിച്ച പണം സംരംഭങ്ങളില്‍ പുനര്‍നിക്ഷേപം നടത്തി സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുകയും അതുവഴി നേടുന്ന ലാഭം നിക്ഷേപകര്‍ക്ക് വീതം വെക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമിക് ബാങ്കിങ്ങിന്റെ അടിസ്ഥാനതത്ത്വം. ലാഭം ഉണ്ടാക്കുക എന്നതിനു പകരം നഷ്ടമാണ് സംഭവിക്കുന്നതെങ്കില്‍ അത് നിക്ഷേപതുകയുടെ അനുപാതത്തില്‍ സഹിക്കാനുള്ള ബാധ്യതയും നിക്ഷേപകരില്‍ വന്നുചേരുന്നു.
1940കളില്‍ പാകിസ്താനില്‍ പലിശരഹിതബാങ്കുകള്‍ തുടങ്ങിയെങ്കിലും 1975ല്‍ നിലവില്‍ വന്ന ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്കും ദുബൈ ഇസ്ലാമിക് ബാങ്കും ആണ് ഇസ്ലാമിക് ബാങ്കിങ് എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. തുടര്‍ന്ന് ഈജിപ്ത്, സുഡാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ഇസ്ലാമിക്ബാങ്കിങ് സ്ഥാപനങ്ങള്‍ നിലവില്‍ വന്നു. ഈ ബാങ്കുകളുടെ പ്രവര്‍ത്തനം കാര്യക്ഷമം ആയതോടെ മിക്കവാറും എല്ലാ മുസ്ലിംരാഷ്ട്രങ്ങളിലും തുടര്‍ന്ന് അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഇസ്ലാമിക്ബാങ്കിങ് പ്രചാരം നേടി. മാത്രമല്ല, യൂറോപ്യന്‍രാജ്യങ്ങളില്‍ ഇസ്ലാമിക്ബാങ്കുകളില്‍ വന്‍തോതില്‍ മറ്റു മതവിശ്വാസികള്‍ പങ്കാളികളുമായി.
കറന്റ് അക്കൌണ്ട്, സേവിങ്സ് ബാങ്ക് അക്കൌണ്ട്, ഇന്‍വെസ്റ്റ്മെന്റ് അക്കൌണ്ട് എന്നിങ്ങനെ മൂന്നുതരം നിക്ഷേപങ്ങളാണ് ഇസ്ലാമിക് ബാങ്കുകളിലുള്ളത്. ഇതില്‍ കറന്റ് അക്കൌണ്ട് പരമ്പരാഗത ബാങ്കിങ്ശൈലിയില്‍ തന്നെയുള്ളതാണ്. നിക്ഷേപം തിരികെ നല്‍കുമെന്ന് ഉറപ്പുമുണ്ട്. എന്നാല്‍, സേവിങ്സ് അക്കൌണ്ടിലും ഇന്‍വെസ്റ്റ്മെന്റ് അക്കൌണ്ടിലും നിക്ഷേപം തിരികെ നല്‍കുമെന്ന ഉറപ്പില്ല. പകരം നിക്ഷേപ തുകയുടെ വിനിയോഗത്തിലൂടെ ഉണ്ടാകുന്ന ലാഭവിഹിതം നേടാന്‍ നിക്ഷേപകര്‍ക്കാകും. നഷ്ടമാണ് ഉണ്ടാകുന്നതെങ്കില്‍ അത് സഹിക്കാനും നിക്ഷേപകര്‍ക്ക് ബാധ്യതയുണ്ട്. സേവിങ്സ് അക്കൌണ്ടില്‍ കാലാകാലങ്ങളില്‍ നിക്ഷേപതുക പിന്‍വലിക്കാന്‍ നിക്ഷേപകന് കഴിയും. എന്നാല്‍, ഇന്‍വെസ്റ്റ്മെന്റ് അക്കൌണ്ടില്‍ ഒരു നിശ്ചിത കാലയളവിലേക്കോ സ്ഥിരമായോ ഉള്ള നിക്ഷേപങ്ങളാണുണ്ടാകുക.
ഈവിധം സ്വീകരിക്കുന്ന നിക്ഷേപം വ്യാപാരസംരംഭങ്ങളിലും സാമ്പത്തികസംരംഭങ്ങളിലും വ്യവസായ സംരംഭങ്ങളിലും ആണ് സാധാരണ നിലയില്‍ നിക്ഷേപിക്കുക. വായ്പാ ആവശ്യങ്ങള്‍ക്കുവേണ്ടിയും സേവനങ്ങള്‍ നല്‍കുന്നതിനുവേണ്ടിയും നിക്ഷേപതുക വിനിയോഗിക്കാറുണ്ട്. പൊതുവായ രീതിയിലുള്ള ഇടപാടുകളാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നതെങ്കിലും ഓരോ രാജ്യത്തും വ്യത്യസ്ത ശൈലിയാണ് ഇസ്ലാമിക് ബാങ്കിങ്ങിനുള്ളത്. പലിശ എന്ന വാക്കിന്റെ പ്രയോഗം ഒഴിവാക്കി സേവനങ്ങള്‍ക്കും മറ്റും സര്‍വീസ് ചാര്‍ജ് ഈടാക്കുന്ന പതിവ് സാധാരണയായി കണ്ടുവരുന്നു.
ഇസ്ലാമിക് ബാങ്കിങ്ങിന് ആഗോളതലത്തില്‍ മൂന്ന് മാതൃകകളാണുള്ളത്^സ്വകാര്യ പലിശ രഹിത ബാങ്കുകള്‍, സര്‍ക്കാര്‍ ഉടമയിലെ ഇസ്ലാമിക് ബാങ്കുകള്‍, പരമ്പരാഗത ശൈലിയിലെ ഇസ്ലാമിക് ബാങ്കിങ് ധനകാര്യസ്ഥാപനങ്ങള്‍ എന്നിവ. പലിശ രഹിത സ്ഥാപനങ്ങള്‍ക്ക് ബാങ്കിങ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ഇന്ത്യയില്‍ സ്വകാര്യസംരംഭങ്ങളായി നിലവില്‍ വന്ന ഇസ്ലാമിക്ബാങ്കിങ് സ്ഥാപനങ്ങള്‍, ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളായാണ് റിസര്‍വ് ബാങ്കില്‍നിന്നു ലൈസന്‍സ് നേടിയിട്ടുള്ളത്. ഇവയെ ബാങ്കിങ്ങിന്റെ കുടക്കീഴില്‍ കൊണ്ടുവരാനുള്ള പരിശ്രമവും പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ബാങ്കിങ് റെഗുലേഷന്‍ ആക്ടിലെ 21ാം വകുപ്പനുസരിച്ച് പലിശരഹിത നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല എന്ന തടസ്സവാദം കീറാമുട്ടിയായി നില്‍ക്കുന്നു. മറ്റു പല കാര്യങ്ങളിലും നികുതി ഇളവുകളുള്‍പ്പെടെ ഇന്ത്യന്‍ നിയമ വ്യവസ്ഥകളനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ബാങ്കുകള്‍ക്ക് ലഭിക്കുന്നത് ഇടപാടുകളിലെ വ്യത്യസ്തത കൊണ്ട് ഇസ്ലാമിക് ബാങ്കിലെ ഇടപാടുകാര്‍ക്ക് ലഭ്യമല്ല.
പലിശരഹിത ബാങ്കിങ്ങിലെ സവിശേഷത പരിഗണിച്ച് ഇതൊരു സംഘടിത പ്രസ്ഥാനമാക്കി മാറ്റാനാകുമോ എന്നും, ബാങ്കിങ് വ്യവസായത്തിന്റെ പ്രവര്‍ത്തനപരിധിക്കുള്ളില്‍ ഇവയെ കൂടി ഉള്‍പ്പെടുത്താനാകുമോ എന്നും റിസര്‍വ് ബാങ്ക് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ഈ പഠനങ്ങളുടെ കണ്ടെത്തലുകള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. വിവരാവകാശ നിയമപ്രകാരം പത്രപ്രവര്‍ത്തകരും മറ്റും റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ കരസ്ഥമാക്കി പ്രസിദ്ധീകരിച്ചതു മാത്രമാണ് ഇപ്പോള്‍ ലഭ്യമായ വിശദാംശങ്ങള്‍. പലിശരഹിത ബാങ്കിങ് സ്ഥാപനങ്ങളെക്കുറിച്ച് പഠിച്ച രഘുറാം രാജന്‍ കമീഷന്‍ ഇമ്മാതിരിയുള്ള ഒരു ആശയത്തെ പ്രശംസിച്ചിട്ടുണ്ട് എന്ന സൂചനകളുമുണ്ട്. അതേസമയം നിയമ വ്യവസ്ഥകള്‍ ഈ സ്ഥാപനങ്ങളെ ബാങ്കിങ് മേഖലയിലേക്ക് കൊണ്ടുവരാനുള്ള തടസ്സങ്ങളെക്കുറിച്ചും വ്യക്തമായ പരാമര്‍ശങ്ങളും ഈ റിപ്പോര്‍ട്ടില്‍ ഉണ്ടത്രെ.
കേരളത്തിലെ ജനസംഖ്യയില്‍ 25 ശതമാനത്തിലധികം ഇസ്ലാം മതവിശ്വാസികളുണ്ട്. ഇവരില്‍ ധനശേഷിയുള്ളവര്‍ എണ്ണത്തില്‍ കൂടുതലുമാണ്. പരമ്പരാഗത ബാങ്കിങ്ങിലെ പലിശ സ്വീകരിക്കുന്നത് മതവിശ്വാസത്തിന് എതിര് എന്നതുകൊണ്ട് ഇക്കൂട്ടരുടെ കൈയിലുള്ള പണം ബാങ്കുകളില്‍ പൂര്‍ണമായും എത്തിച്ചേരുന്നില്ല. ഈ വിഭാഗത്തില്‍പെടുന്നവരുടെ കൈയിലുള്ള പണം സമാഹരിക്കുന്നതിനുള്ള സംഘടിത ശക്തികേന്ദ്രമായി മാറാനാകുംവിധം ഒരു ഇസ്ലാമിക് ബാങ്ക് രൂപവത്കരിക്കാന്‍ കേരള സര്‍ക്കാര്‍ മുന്നോട്ടുവന്നിട്ടുണ്ട്. സര്‍ക്കാര്‍ ഉടമയിലുള്ള കെ.എസ്.ഐ.ഡി.സി പതിനൊന്ന് ശതമാനം ഓഹരികളെടുത്ത് രൂപവത്കരിക്കാനുദ്ദേശിച്ച ഈ പലിശരഹിത സംരംഭം, നോണ്‍ ബാങ്കിങ് ധനകാര്യ സ്ഥാപനം എന്ന നിലയില്‍ റിസര്‍വ് ബാങ്കില്‍നിന്നും ലൈസന്‍സ് എടുക്കുക എന്നാണ് ആദ്യഘട്ടത്തില്‍ ലക്ഷ്യമാക്കിയിട്ടുള്ളത്. എന്നാല്‍, മതവിശ്വാസാധിഷ്ഠിതമായ സംരംഭത്തിന് സര്‍ക്കാര്‍ പങ്കാളികളാകുന്നത് നീതീകരിക്കാനാവില്ലെന്ന ഹരജിയിന്മേല്‍ തുടര്‍നടപടികള്‍ ഹൈകോടതി വിലക്കിയിരിക്കുകയാണ്. സര്‍ക്കാര്‍പങ്കാളിത്തത്തോടെ ഇന്ത്യയുടെ ആദ്യത്തെ പലിശരഹിത സ്ഥാപനമെന്ന ബഹുമതി കേരളത്തിലെ നിര്‍ദിഷ്ട ധനകാര്യസ്ഥാപനത്തിനുണ്ട്. 500 കോടി രൂപയില്‍ കുറയാതെ സമാഹരിക്കാനാകും എന്നാണ് ഈ സ്ഥാപനം ലക്ഷ്യംവെച്ചിരിക്കുന്നത്. ഭാവിയില്‍ ഈ സ്ഥാപനത്തെ ബാങ്കിങ്വ്യവസായത്തിന്റെ കുടക്കീഴില്‍ കൊണ്ടുവരാന്‍ ഇതിന്റെ പ്രമോട്ടര്‍മാര്‍ക്ക് ഉദ്ദേശ്യവും ഉണ്ടായിരിക്കണം. പലിശ സ്വീകരിക്കുന്നതില്‍ വൈമുഖ്യമുള്ളവരുടെ പണം നിശ്ചലമായി പോകാതെ പ്രത്യുല്‍പാദനപരമായ കര്‍മപദ്ധതികളില്‍ വിനിയോഗിക്കാനാകും എന്ന മഹത്തായ ലക്ഷ്യത്തെ ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാകില്ല. സമ്പദ്വ്യവസ്ഥയുടെ കെട്ടുറപ്പിലും വികസനത്തിലും ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ലഭ്യമാകും എന്നതുതന്നെ ഈ വാദഗതിക്ക് പിന്‍ബലമേകും. ഇതേസമയം ഒരു മതേതരരാഷ്ട്രത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമെന്ന നിലയില്‍ ഏറിയ തോതില്‍ മറ്റ് മതവിശ്വാസികളെയും ഇതിലെ പങ്കാളികളും ഗുണഭോക്താക്കളുമാക്കി മാറ്റുന്നതിന് ഇസ്ലാമിക് ബാങ്കിങ് എന്ന പദപ്രയോഗം ഒഴിവാക്കാനാകുമോ എന്ന് സംഘാടകര്‍ ചിന്തിക്കേണ്ടതുണ്ട്. റിസര്‍വ് ബാങ്ക് നിയോഗിച്ച രഘുറാം രാജന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ ഇസ്ലാം ബാങ്കിങ് എന്ന പദപ്രയോഗം ഒരിടത്തും നടത്തിയിട്ടില്ല എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. അതേസമയം, പലിശരഹിത ബാങ്കിങ് എന്ന ആശയത്തിന് ഇന്ത്യയില്‍ പ്രായോഗികത ഏറെയെന്ന് കമീഷന്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
No comments:
Post a Comment