വായനക്കിടയില്‍: എം. റഷീദ്' 'ലോക്സഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിച്ച് അദ്വാനി ക്ഷോഭിച്ച് സംസാരിച്ചത് വാജ്പേയിയുടെ പേര് ബാബരി കുറ്റവാളികളുടെ പട്ടികയില്‍ പെടുത്തിയതിനാണ്. മുമ്പാരും വാജ്പേയിയെ ബാബരി തകര്‍ക്കലുമായി ബന്ധപ്പെടുത്തി പറഞ്ഞിട്ടില്ലെന്നാണ് അദ്വാനി പറഞ്ഞത്. സംഭവത്തെപ്പറ്റി ദീര്‍ഘമായി അന്വേഷിച്ച കമീഷനാണ് വാജ്പേയിയുടെ പങ്കാളിത്തം എടുത്തുകാണിച്ചത്. വാജ്പേയി അറിയാതെ ബി.ജെ.പിയില്‍ കിളി പാടുമോ? ഈ ചോദ്യം ഇവിടെ പ്രസക്തമാണ്. അയോധ്യയിലെ ശ്രീരാമക്ഷേത്രം, അത് ബാബരി പള്ളി നില്‍ക്കുന്നിടത്തുതന്നെ വേണമെന്നത് ബി.ജെ.പി പൊക്കിക്കൊണ്ടുവന്ന ആവശ്യമാണ്. അതിന്റെ പേരില്‍ രഥയാത്ര നടത്തിയത് അദ്വാനിയാണ്. വാജ്പേയി സമ്മതിക്കാതെ അദ്വാനി രഥത്തില്‍ കയറുമായിരുന്നോ? ഇല്ല. പ്രസ്ഥാനത്തിന്റെ ഗുണഭോക്താവ് മുഖ്യമായും വാജ്പേയി ആയിരുന്നല്ലോ. '1984ലെ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റു മാത്രം കിട്ടി ലോക്സഭയുടെ മൂലയില്‍ ഒതുങ്ങിപ്പോയ ബി.ജെ.പിയെ 1989ലെ തെരഞ്ഞെടുപ്പില്‍ ഇടതുകക്ഷികളും വി.പി. സിങ്ങും ജനതാദളും പിന്തുണച്ച് ബലപ്പെട്ട ഒരു നിലയിലേക്ക് ഉയര്‍ത്തി. വി.പി. സിങ്ങിന്റെ ഗവണ്‍മെന്റിനെ താങ്ങിനിന്നത് ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ചാണ്. ഇ.എം.എസ് നമ്പൂതിരിപ്പാടും അദ്വാനിയുമായിരുന്നു വി.പി. സിങ്ങിന്റെ മുഖ്യ ഉപദേഷ്ടാക്കള്‍. കൂടുതല്‍ ഉയരങ്ങളിലേക്ക് കയറാന്‍ ബി.ജെ.പി കണ്ടുപിടിച്ച തന്ത്രമാണ് ശ്രീരാമജന്മഭൂമിയുടെ പേരിലുള്ള പോര്‍വിളി. അദ്വാനിയുടെ രഥയാത്ര ഹൈന്ദവ വര്‍ഗീയത കുത്തിയിളക്കാനായിരുന്നു....... '.....ആര്‍.എസ്.എസിലും ബി.ജെ.പിയിലും അംഗങ്ങളാണ് വാജ്പേയി ഉള്‍പ്പെടെയുള്ള നേതാക്കളും പ്രവര്‍ത്തകരും. ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിപക്ഷം ഹിന്ദുക്കളായതുകൊണ്ട് ഒരു വോട്ടുബാങ്കിലൂടെ സത്വരം അധികാരത്തിലെത്താമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. അതിലവര്‍ ഒരു പരിധിയോളം വിജയിച്ചു. പൂര്‍ണവിജയത്തിനാണ് ശ്രീരാമന്റെ പേരും രാമജന്മഭൂമി പ്രശ്നവും ബി.ജെ.പി ഉപയോഗപ്പെടുത്തിയത്. ശ്രീരാമക്ഷേത്രമുണ്ടാക്കാനാണത്രെ ബാബരിമസ്ജിദ് പൊളിച്ചത്. രാമന്‍ ജനിച്ച ഇടം എന്നവകാശപ്പെടുന്ന ക്ഷേത്രങ്ങള്‍ അയോധ്യയില്‍ അനവധിയുണ്ട്. ഇവരെല്ലാം അവകാശപ്പെടുന്നത് തങ്ങളുടെ ക്ഷേത്രങ്ങള്‍ നിന്നയിടങ്ങളിലാണ് രാമന്‍ ജനിച്ചതെന്നാണ്. എന്നാല്‍, ബി.ജെ.പിക്ക് അതൊന്നും കാര്യമല്ല. പള്ളി ഇരുന്നേടത്തുതന്നെയാണ് രാമജന്മസ്ഥലം എന്നവര്‍ നിശ്ചയിച്ചു. പള്ളിപൊളിക്കുക, രാമക്ഷേത്രം പണിയുക, അതിന്റെ പേരില്‍ വോട്ടുബാങ്ക് പടക്കുക ഈ വഴിക്കാണ് ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രം തിരിഞ്ഞത്'... പ്രസിദ്ധ ചിന്തകനും മലയാള മണ്ണ് വാരികയുടെ പത്രാധിപരുമായ പ്രഫ. എം.ആര്‍. ചന്ദ്രശേഖരന്‍ 'ഹിന്ദുത്വമേ, നിനക്കെന്തൊരധഃപതനം' എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനത്തിലെ ചില വാചകങ്ങളാണ് നടെ ഉദ്ധരിച്ചത്. നോ, കമന്‍സ്. സോഷ്യലിസത്തിനുവേണ്ടി യാങ്കി സാമ്രാജ്യത്വവാദികളുടെ ഹിറ്റ്ലിസ്റ്റിലുള്ള ഒരു ലാറ്റിനമേരിക്കന്‍ രാജ്യമാണ് വെനിസ്വേല. ആ നാട്ടിലെ ഭരണകക്ഷിയായ സോഷ്യലിസ്റ്റ്പാര്‍ട്ടിയുടെ ഒരു അടിയന്തര സമ്മേളനം ഈയിടെ നടന്നു. അതില്‍ മുഖ്യപ്രഭാഷകനായിരുന്ന റിപ്പബ്ലിക് പ്രസിഡന്റ് ഊഗോ ചാവെസ്, സാര്‍വദേശീയ മുതലാളിത്തത്തിനെതിരെ പോരാടി സോഷ്യലിസം സ്ഥാപിക്കാന്‍ വിവിധ രാഷ്ട്രങ്ങളിലെ വിപ്ലവകാരികളെ അണിനിരത്താന്‍ അഞ്ചാം ഇന്റര്‍നാഷനല്‍ രൂപവത്കരിക്കാന്‍ ആഹ്വാനം ചെയ്തു. നാലാം ഇന്റര്‍നാഷനലുകാരായ ട്രോട്സ്കിയിസ്റ്റുകള്‍ ഈ ആഹ്വാനം സ്വാഗതം ചെയ്തിരിക്കുന്നു. അതേസമയം, ഇന്ത്യയിലെ സി.പി.എം^സി.പി.ഐകളുടെ സമാനചിന്താഗതിക്കാരായ കമ്യൂണിസ്റ്റ്പാര്‍ട്ടികള്‍ക്ക് ഇതൊട്ടും രുചിച്ചില്ല. നമ്മുടെ സി.പി.എമ്മിനെപ്പോലെ ഇപ്പോഴും സ്റ്റാലിനെ ആരാധിക്കുന്ന അമേരിക്കന്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി അഞ്ചാം ഇന്റര്‍നാഷനല്‍ രൂപവത്കരിക്കാനുള്ള ആഹ്വാനത്തെ പരസ്യമായി അപലപിച്ചിരിക്കുന്നു. സബാഷ് ഇതെഴുതുന്നവന്റെ ചില ബന്ധുക്കളും ചില കുടുംബാംഗങ്ങളും ജമാഅത്തെ ഇസ്ലാമിക്കാരാണ്. ചില ജമാഅത്ത് നേതാക്കളുമായി ഊഷ്മളമായ സൌഹൃദവുമുണ്ട്. അതിലപ്പുറം ആ സംഘടനയുമായി എനിക്കൊരു ബന്ധവുമില്ല. ജാതി^മതഭേദമന്യേ സ്ത്രീകള്‍ പൊതുപ്രശ്നങ്ങളില്‍ ഇടപെട്ടാലെ നമ്മുടെ നാട് പുരോഗതിയിലേക്ക് മുന്നേറുകയുള്ളൂവെന്ന് വിശ്വസിക്കുന്നവരെ ആഹ്ലാദഭരിതരാക്കിയ ഒരു മഹാസംഭവമാണ് ജമാഅത്തെ ഇസ്ലാമി ഈയിടെ കുറ്റിപ്പുറത്ത് സംസ്ഥാനാടിസ്ഥാനത്തില്‍ നടത്തിയ വനിതാ സമ്മേളനം. 'സബാഷ്' എന്ന് ഉച്ചത്തില്‍ ഉദ്ഘോഷിച്ച് അതിനെ അഭിനന്ദിക്കേണ്ടത് ജമാഅത്തുകാരനല്ലെങ്കിലും സ്ത്രീശാക്തീകരണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞവന്‍ എന്ന നിലയില്‍ എന്റെ കടമയാണ്. കോണ്‍ഗ്രസിന്റെ പ്രസക്തി ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 125ാം പിറന്നാള്‍ ആഘോഷവേളയാണിത്. കോണ്‍ഗ്രസുകാരായ ഒരുപാട് സുഹൃത്തുക്കളും ഗുണകാംക്ഷികളും ഉണ്ടെങ്കിലും 1947നു ശേഷം ഈ ലേഖകന് ആ സംഘടനയുമായി ഒരു ബന്ധവുമില്ല. ഇന്ത്യ എന്ന ഭാരതത്തെയും കോടാനുകോടി ഇന്ത്യക്കാരെയും നല്ലനാളെയിലേക്ക് നയിക്കുക എന്ന കടമ നിര്‍വഹിക്കാന്‍ കോണ്‍ഗ്രസിന് സാധ്യമല്ല. എങ്കിലും കോണ്‍ഗ്രസ് നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. 'തമ്മില്‍ ഭേദം തൊമ്മന്‍' എന്ന പഴഞ്ചൊല്ലനുസരിച്ച്. ഹൈന്ദവ വര്‍ഗീയ വലതുപക്ഷ മുന്നേറ്റത്തിന് ഫലപ്രദമായി തടയിടാന്‍ കോണ്‍ഗ്രസേതര ജനകീയ പ്രസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ ശക്തിയില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ ബലഹീനമാക്കുകയാണ് അടിയന്തര കടമയെന്ന് കരുതി പ്രവര്‍ത്തിക്കുന്നത് ഉദ്ദേശ്യത്തിലല്ലെങ്കിലും ഫലത്തില്‍ വലതുപക്ഷ പിന്തിരിപ്പന്മാര്‍ക്ക് സഹായകമാകും. 125ാം വാര്‍ഷികാഘോഷവേളയില്‍ നേതാക്കളടക്കം എല്ലാ കോണ്‍ഗ്രസുകാരും സ്വയംവിമര്‍ശം നടത്തുകയും ജനദ്രോഹപരമായ ചെയ്തികളില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ദൃഢപ്രതിജ്ഞ ചെയ്ത് പ്രാവര്‍ത്തികമാക്കിയാല്‍ കോണ്‍ഗ്രസിനു മാത്രമല്ല നമ്മുടെ പിതൃഭൂമിക്കും ഏറ്റവും ഗുണകരമാകും. ഇന്ത്യ എന്ന ഭാരതം ദൈവം തമ്പുരാന്‍ തങ്ങള്‍ക്കു മാത്രമായി തീറെഴുതിത്തന്നതാണെന്ന മിഥ്യാധാരണ ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസുകാര്‍ മടിക്കരുത്. ആര്‍.എസ്.എസിന്റെ ബ്രിട്ടീഷ്പതിപ്പ് ഇന്ത്യയിലെ ആര്‍.എസ്.എസിന്റെ ചിന്താഗതിയുടെ കേന്ദ്രബിന്ദു മുസ്ലിംകളോടുള്ള ശത്രുതയാണല്ലോ. അതിന് സമാനമായ മുസ്ലിംവിരോധമുള്ള ഒരു സംഘടന ഇംഗ്ലണ്ടിലുണ്ട്. ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ്. ഇ.ഡി.എല്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ ഫാഷിസ്റ്റ് സംഘത്തിന് മഹാരാഷ്ട്രയിലെ ശിവസേനക്കുള്ളതുപോലെ കടുത്ത പ്രാദേശിക ചിന്താഗതിയുമുണ്ട്. മുസ്ലിംകളെ മാത്രമല്ല, മറ്റു യൂറോപ്യന്‍ നാടുകളില്‍നിന്ന് ഇംഗ്ലണ്ടിലെത്തിയിട്ടുള്ള വെള്ളക്കാരെയും ഏഷ്യന്‍ വംശജരെയും ദ്രോഹിക്കല്‍ ഇ.ഡി.എല്‍ ഫാഷിസ്റ്റുകള്‍ക്ക് ഇഷ്ടവിനോദമാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ ബ്രിട്ടീഷ് ജനതയെ പ്രേരിപ്പിക്കല്‍ തങ്ങളുടെ മുഖ്യകടമയായി യു.എ.എഫ് മുതലായ ഫാഷിസ്റ്റ് വിരുദ്ധ സംഘടനകള്‍ കരുതുന്നു. തങ്ങളുടേത് അക്രമരാഹിത്യത്തില്‍ വിശ്വസിക്കുന്ന സംഘടനയാണെന്ന് ഇ.ഡി.എല്ലിന്റെ ഒരു സമുന്നത നേതാവ് പ്രസ്താവിച്ചത് ഒരു ബ്രിട്ടീഷ്വാരികയില്‍ വായിച്ചപ്പോള്‍ ആത്മഗതം: ചെകുത്താന്‍ വേദം ഓതുന്നു. ഒരു നല്ല പുസ്തകം ഈ ദുനിയാവിനോട് വിടപറയാന്‍ ഒരുങ്ങിയിരിക്കുന്നവരുടെ 'ക്യു'വില്‍ നില്‍ക്കുന്ന എനിക്കിപ്പോള്‍ ഗൌരവാവഹമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ വായിക്കുന്നത് ഒരു ഭാരമായിട്ടാണ് അനുഭവപ്പെടുന്നത്. വചനം ബുക്സ് (മാവൂര്‍ റോഡ്, കോഴിക്കോട്^4) നല്ല കെട്ടിലും മട്ടിലും പ്രസിദ്ധീകരിച്ച 'അനുഭവങ്ങള്‍ അനുസ്മരണങ്ങള്‍' എന്ന ഒ. അബ്ദുറഹ്മാന്റെ കൃതി കിട്ടിയപ്പോള്‍ കൌതുകത്തോടെ മറിച്ചുനോക്കി. വര്‍ഷങ്ങളായി പരിചയമുള്ള വ്യക്തിയാണ് അബ്ദുറഹ്മാന്‍ എന്നതാണതിന് പ്രധാന കാരണം. 'ഈ കൃതി വായിക്കുമ്പോള്‍ നിങ്ങള്‍ ഒരു കാലഘട്ടത്തെ വായിക്കുകയാണ്' എന്ന് രണ്ടാം പേജില്‍ കണ്ടപ്പോള്‍ സ്വല്‍പം ബുദ്ധിമുട്ടിയാലും കാലഘട്ടത്തെ വായിക്കണമെന്നായി. 160ലധികംപേജുകളുള്ള ഒ. അബ്ദുറഹ്മാന്‍ ഗ്രന്ഥം വായിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ മൂളി: കാവ്യം സുഗേയം, കഥ രാഘവീയം കര്‍ത്താവോ തുഞ്ചത്തുളവായ ദിവ്യന്‍ ചൊല്ലുന്നതോ ഭക്തിമയസ്വരത്തില്‍ ആനന്ദലബ്ധിക്കിനിയെന്തുവേണം! ഈ കൃതിയിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം അനുസ്മരണ കുറിപ്പുകളാണെന്ന് പുറംചട്ടയില്‍ പറയുന്നുണ്ട്. വിയോജിക്കാനുള്ള സ്വാതന്ത്യ്രമെടുത്തുകൊണ്ട് പറയട്ടെ: എനിക്ക് അതിനേക്കാളും 'ക്ഷ' പിടിച്ചത് 'നുറുങ്ങുകള്‍' എന്ന ഭാഗമാണ്. 'അനുഭവങ്ങള്‍ അനുസ്മരണങ്ങള്‍' മുന്‍വിധിയില്ലാതെ വായിക്കുന്നവര്‍ ഒ. അബ്ദുറഹ്മാനെയും വചനം ബുക്സിന്റെ സിദ്ദീഖിനെയും അഭിനന്ദിക്കും, തീര്‍ച്ച. |
Tuesday, March 9, 2010
ബാബരി മസ്ജിദ് തകര്‍ത്തത്
Subscribe to:
Post Comments (Atom)
No comments:
Post a Comment