Tuesday, March 9, 2010

ഈ മഹതികളെ മറന്നുകൂടാ

യാസിര്‍ പി.വി,  ദല്‍ഹി

നാടിന്റെ വിമോചനംമാത്രം ആവശ്യപ്പെട്ട്, മറ്റേതിനേയും കുറിച്ച് വ്യാകുലപ്പെടാതെ പോരാടിയ ഏതാനും ചരിത്ര നായികമാരെ അന്താരാഷ്ട്ര വനിതാദിനത്തില്‍ സ്മരിക്കുന്നത്  ഉചിതമാകും. ഒരുപക്ഷേ, ചരിത്രത്തില്‍ ഇന്ത്യയായിരിക്കാം ഏറ്റവുമധികം ധീരവനിതകളെ സംഭാവന ചെയ്തത്.

ഇന്ത്യന്‍ ചരിത്രത്തില്‍ രണ്ട് വിദേശവനിതകള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു.  ജീവിതത്തിന്റെ വലിയൊരളവോളം ഈ മണ്ണിനോട് അലിഞ്ഞുചേര്‍ന്ന് ജീവിക്കുകയും ദേശീയനേതാക്കളെ ധിഷണാപരമായി സ്വാധീനിക്കുകയുംചെയ്ത പ്രഗല്ഭമതികളാണ് ഇരുവരും^ആനിബസന്റും തുര്‍ക്കിവനിത ഖാലിദാ അദിബ് ഖാനമും. ആനീബസന്റും ആ കാലഘട്ടത്തിലെ നേതാക്കളും തമ്മിലെ വ്യക്തിബന്ധം, അവരുടെ തിയോസഫിക്കല്‍ സൊസൈറ്റിയുടെ ചുവടുവെപ്പുകള്‍ എന്നിവ അവരിലെ സ്ത്രീത്വത്തോട് ഏറെ മതിപ്പുണര്‍ത്തുന്നതാണ്.  ഇവരൊക്കെയും അടുക്കളയില്‍നിന്ന് അരങ്ങത്ത് വന്നവരായിരുന്നു.  എന്നാല്‍, അവര്‍ അടുക്കളക്ക് താഴുകളിട്ടില്ല.  സ്നേഹവതികളായ കുടുംബിനികളും വാല്‍സല്യമതികളായ മാതാപിതാക്കളുമായിരുന്നു അവര്‍.

ആനീബസന്റിനെ സ്കൂള്‍തലത്തിലേ നാം പഠിക്കുന്നുണ്ട്. എന്നാല്‍, ഖാലിദാ ഖാനത്തെ അറിയണമെങ്കില്‍ ഒത്തിരി പ്രയാസമാണ്. മഹാത്മാഗാന്ധിയുടേയും മുഖ്താര്‍ അന്‍സാരിയുടേയും ക്ഷണപ്രകാരം ദേശീയപ്രസ്ഥാനത്തിലെ സ്ത്രീ പങ്കാളികള്‍ക്ക് ഉണര്‍വുനല്‍കാനും ജാമിഅ മില്ലിയ്യയ്യില്‍ അധ്യാപനത്തിനും തുര്‍ക്കിയില്‍ നിന്നെത്തിയതായിരുന്നു ഖാനം.  പ്രതിഭാശാലിയായ ആ എഴുത്തുകാരി തുര്‍ക്കിഭാഷയില്‍ ഇരുപത് നോവലുകള്‍ എഴുതിയിട്ടുണ്ട്. 1935 ലും 1937 ലുമായി ദല്‍ഹിയില്‍ നടത്തിയ നാല് പ്രഭാഷണങ്ങളില്‍ ഡോ. അല്ലാമ ഇഖ്ബാല്‍ ആയിരുന്നു അധ്യക്ഷത വഹിച്ചത്.  ശ്രോതാക്കളായി ഗാന്ധി, നെഹ്റു, മഹാദേവ് ദേശായി, ടാഗോര്‍ എന്നിവരുണ്ടായിരുന്നു.  ഈ പ്രഭാഷണം പിന്നീട് 'ഈസ്റ്റേണ്‍ ആന്‍ഡ് വെസ്റ്റേണ്‍ കള്‍ച്ചര്‍' എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ചു. ഇന്ത്യയില്‍ നിലനിന്ന സാമുദായിക ഉച്ചനീചത്വങ്ങളെ നിശിതമായി വിമര്‍ശിച്ചു അവര്‍. ഗാന്ധിയും ഖാലിദാ അദീബും തമ്മിലുള്ള ബന്ധം മാസ്മരികമായിരുന്നു.

ബാധ്യതകള്‍ നിറവേറുന്നതിലൂടെയാണ് വിജയം എന്ന് തിരിച്ചറിഞ്ഞ് ഉയര്‍ന്ന് പ്രവര്‍ത്തിച്ച സ്ത്രീരത്നങ്ങളില്‍ ചിലരാണ് സരോജിനി നായിഡു, സരളാദേവി, കമലാദേവി, മുത്തുലക്ഷ്മി റെഡ്ഢി, മലയാളിയായ കെ. ശാരദാമണി, സുഭാഷ് ചന്ദ്രബോസിന്റെ ട്രൂപ്പില്‍ ബൂട്ടണിഞ്ഞ ക്യാപ്റ്റന്‍ ലക്ഷ്മി എന്നിവര്‍.  ജീവിതത്തിന്റെ സായംസന്ധ്യയിലെത്തിയ ക്യാപ്റ്റന്‍ ലക്ഷ്മി ദാരിദ്യ്രരേഖക്കു താഴെയുള്ള നിരാലംബര്‍ക്കായി വൈദ്യസേവനം ഇപ്പോഴും തുടരുന്നു. എന്നാല്‍, ഇത്ര പേരും പെരുമയും കിട്ടാതെ പോയ മൂന്ന് മഹിളകളെ പരിചയപ്പെടുത്തട്ടെ:

ബീഗം റുഖിയ സഖവന്ത് ഹുസൈന്‍.   1911 ല്‍ എട്ട് വിദ്യാര്‍ഥിനികളുമായി തന്റെ പ്രിയതമന് പാവനസ്മാരകമായി കല്‍ക്കട്ടയില്‍ സഖവന്ത് മെമ്മോറിയല്‍ മുസ്ലിം ഗേള്‍സ് സ്കൂള്‍ തുടങ്ങി.  ഇന്നും ഈ സ്കൂള്‍ നിലനില്‍ക്കുന്നു.  ഒട്ടനേകം സഹോദരിമാര്‍ക്ക് അറിവ് പകര്‍ന്ന് സാമൂഹിക അവബോധം നല്‍കി.  ബംഗാളിയില്‍ നോവലുകളും പ്രബന്ധങ്ങളും എഴുതിയിരുന്നു റുഖിയ ബീഗം.  സുല്‍ത്താനയുടെ സ്വപ്നം എന്ന കഥ അക്കാലഘട്ടത്തില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചു.

ത്വയ്യിബ ബീഗം ബില്‍ഗിര്‍മാനി, 1894 ല്‍ മദ്രാസ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് ഓണേഴ്സ് കരസ്ഥമാക്കി. ബിരുദം നേടുന്ന ആദ്യ മുസ്ലിംപെണ്‍കുട്ടിയും ത്വയ്യിബ ബില്‍ഗിര്‍മാനി തന്നെ എന്നതിനു പുറമെ ഗവര്‍ണറുടെ സ്വര്‍ണപതക്കം നേടിയ ആദ്യ വനിതയെന്ന ബഹുമതിയും.  ചരിത്രത്തിലും അറബി, പേര്‍ഷ്യന്‍ഭാഷകളില്‍ അസാമാന്യ മികവ് പുലര്‍ത്തിയ ത്വയ്യിബ ബില്‍ഗിര്‍മാനിയുടെ സൃഷ്ടികള്‍ ലണ്ടനില്‍ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ജേണലുകളില്‍ വെളിച്ചം കണ്ടിരുന്നു.
ഭോപാല്‍ നവാബ് ബീഗം സുല്‍ത്താന ജഹാന്‍ ആള്‍ ഇന്ത്യ കോണ്‍ഫറന്‍സ് ഓഫ് എജുക്കേഷന്‍ പ്രസിഡന്റായിരുന്നു. മുസ്ലിം ഓക്സ്ഫോഡെന്ന അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയുടെ ചാന്‍സലര്‍ പദവിയിലിരിക്കെയാണ് കിഴക്കിന്റെ കൊര്‍ദോവ എന്ന വിശേഷണം അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിക്ക് ലഭിക്കുന്നത്.
അന്താരാഷ്ട്ര തലത്തില്‍ ഏറെ ആദരിക്കപ്പെടുന്ന ബീഗം സുല്‍ത്താന ജഹാന്‍ ഇന്ത്യന്‍ എലിസബത്തെന്ന് ഇരട്ടപ്പേരില്‍ അറിയപ്പെട്ടിരുന്നു. ഉംറ നിര്‍വഹിക്കാന്‍ ഇന്ത്യയില്‍നിന്നു പുറപ്പെട്ട ബീഗം സുല്‍ത്താനയുടെ സംഘം യാത്രാതടസ്സം കാരണം 20 ദിവസം വൈകിയാണ് ജിദ്ദ തുറമുഖത്തെത്തിയത്. ഈ ഇരുപതുദിവസവും ഹിജാസിന്റെ രാജാവ് ശരീഫ്ഹുസൈന്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുകയായിരുന്നു.  നൂറ്റാണ്ടുകള്‍ പിന്നിട്ടു; ആധുനിക സൌദിയില്‍ ഇന്നും കോടികളുടെ സ്വത്തുവകകള്‍ ബീഗം സുല്‍ത്താന ജഹാനയുടെ വഖ്ഫായി നിലകൊള്ളുന്നു.

മറ്റൊരു ഉരുക്കു സ്ത്രീയാണ് ആബാദി ബാനു ബീഗം എന്ന ബീ അമ്മാന്‍.  ഉത്തരേന്ത്യ മുഴുക്കെ അവരെ സ്വന്തം മാതാവായി ബഹുമാനിച്ചു.  ഗാന്ധിതൊപ്പി രൂപകല്‍പന ചെയ്ത ഈ മാസ്മരികമാതൃത്വം ഹിന്ദു മുസ്ലിം മൈത്രിയുടെ അംബാസഡറായിരുന്നു.  സരോജിനി നായിഡു കോണ്‍ഗ്രസ്, ലീഗ്, ഖിലാഫത്ത്, സ്വദേശി സമ്മേളനങ്ങളില്‍ അക്ഷീണം പ്രയത്നിക്കുകയായിരുന്നു.  വെള്ളക്കാരെ കരിങ്കൊള്ളക്കാരെന്ന് അന്നത്തെ സി.ഐ.ഡി ഡയറക്ടര്‍ സര്‍ ചാള്‍സിന്റെ മുഖത്തുനോക്കി പറഞ്ഞത് അവരാണ്.
ഈ മഹതികള്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തിന് വരദാനമായി ലഭിച്ച സ്ത്രീജന്മങ്ങള്‍. മുന്‍നിരയില്‍ നെഞ്ചുവിരിച്ചവരാണിവര്‍. പിന്നണിയില്‍ പുണ്യജന്മങ്ങള്‍ അനേകായിരമുണ്ട്.

No comments: