Saturday, March 13, 2010

ഇനി ബിവറേജസിന്റെ മോചന കേന്ദ്രങ്ങളും

ഇനി ബിവറേജസിന്റെ മോചന കേന്ദ്രങ്ങളും

കടുത്ത മദ്യപാന രോഗികള്‍ക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ ചികില്‍സാ കേന്ദ്രങ്ങള്‍ തുടങ്ങും എന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ പറഞ്ഞിരിക്കുന്നു.
യഥാര്‍ഥത്തില്‍ പുതിയ മദ്യപരെ ആകര്‍ഷിക്കാനുള്ള തന്ത്രമാണിത്. 'മദ്യപാന രോഗം മൂര്‍ച്ഛിച്ചാലും പേടിക്കേണ്ട; ചികില്‍സയുണ്ട്, കുടിച്ചോളൂ' എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. മറ്റൊരു സൂചന കൂടിയുണ്ട്. മദ്യ വില്‍പന തെറ്റല്ല; കുടിക്കുന്നവരാണ് സൂക്ഷിക്കേണ്ടതെന്ന്. മദ്യപാനം ഒരു രോഗമാണ്.  ഒരു കുടിയനും അതംഗീകരിച്ച് തരില്ലെന്ന് മാത്രം.

മദ്യപാന രോഗത്തിന് ഇതുവരെ ഫലപ്രദമായ ചികില്‍സ വികസിച്ചിട്ടില്ല. (ഐ.എം.എ 'നമ്മുടെ ആരോഗ്യം' മാസിക 2008 ഫെബ്രുവരി ലക്കം) എന്നിട്ട് മദ്യം വില്‍ക്കുന്നവര്‍തന്നെ മദ്യപാന രോഗത്തിനുള്ള ചികില്‍സാ കേന്ദ്രങ്ങളും തുടങ്ങുന്നത് കച്ചവടക്കണ്ണോടെയാണ് എന്നു പറയുവാനേ ഒക്കൂ!  നിലവിലുള്ള ഏതെങ്കിലും 'ചികില്‍സ' കേന്ദ്രങ്ങളില്‍ പോയി തിരിച്ചെത്തിയവരില്‍ വീണ്ടും കുടിക്കാതിരുന്നവരുടെ എണ്ണം വളരെ തുച്ഛമാണ്. മനഃശാസ്ത്രപരമായ ചില സമീപനത്തിന്റെ പേരില്‍ ഇനി കുടിക്കുകയില്ലെന്ന് ദൃഢനിശ്ചയം എടുത്തു വിജയിക്കാന്‍ കഴിഞ്ഞവരെ കണ്ടേക്കാം. ഇതിന്റെ പേരില്‍ മദ്യപാന രോഗത്തിനും ചികില്‍സയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് മദ്യലോബിക്ക് മാത്രമേ ഗുണം ചെയ്യൂ.

ഒരു മദ്യപാനിയെ ചികില്‍സിച്ച് രക്ഷപ്പെടുത്താന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ശ്രമിക്കുമ്പോള്‍ അനവധി മദ്യപാന രോഗികളെ അതേ കോര്‍പ്പറേഷന്‍ തന്നെ സൃഷ്ടിച്ച് കഴിഞ്ഞിട്ടുണ്ടാകും.

ബിവറേജസ് കോര്‍പ്പറേഷന്‍ വഴി മദ്യക്കച്ചവടം സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷമാണ് കേരളം പഞ്ചാബിനെ കടത്തിവെട്ടിയതെന്ന് ഓര്‍ക്കണം. ഇത് ഇനിയും കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് മദ്യക്കോള വിപണന നീക്കവും ഡീഅഡിക്ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള ശ്രമവും. ബിവറേജസ് കോര്‍പ്പറേഷന്റെയും സര്‍ക്കാറിന്റെയും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മദ്യലോബിയുടെയും ഈ നീക്കങ്ങള്‍ ഇപ്പോഴേ തകര്‍ത്തില്ലെങ്കില്‍ ഏറെ താമസിയാതെ കേരളം ചുടുകാടായി മാറും. തീര്‍ച്ച.
ഇ.എ. ജോസഫ്, ഡയറക്ടര്‍, മദ്യവിമോചന സമിതി,തൃശൂര്‍