Friday, March 26, 2010

മോഡിയെ വെളുപ്പിച്ചെടുക്കുകയല്ലേ കോണ്‍ഗ്രസ് ചെയ്യുന്നത്?

മോഡിയെ വെളുപ്പിച്ചെടുക്കുകയല്ലേ കോണ്‍ഗ്രസ് ചെയ്യുന്നത്?

എ. റശീദുദ്ദീന്‍
Friday, March 26, 2010
2002 ഫെബ്രുവരി 28 വൈകീട്ട് 7.30. ഹിന്ദുത്വ വംശീയവാദികള്‍ 112 മനുഷ്യാത്മാക്കളെ ചുട്ടെരിച്ച നരോദാപാട്ടിയയിലെ അങ്ങാടികളിലൂടെ ഇറങ്ങി നടന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ഭരണാധികാരികളെ കുറിച്ച ആധുനികവും പുരാതനവുമായ മുഴുവന്‍ സങ്കല്‍പങ്ങളും തിരുത്തിയെഴുതുകയായിരുന്നു അന്ന്. ബലാല്‍സംഗത്തിനു ശേഷം സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളിലേക്ക് പട്ടികക്കഷണങ്ങള്‍ അടിച്ചുകയറ്റിയെന്ന്, കൌസര്‍ബാനു എന്ന ഗര്‍ഭിണിയുടെ വയറു കുത്തിത്തുരന്ന് ഭ്രൂണത്തെ വാളില്‍ കോര്‍ത്തെടുത്തെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയ ഈ കോളനി അഹ്മദാബാദില്‍നിന്നും രണ്ട് യോജന മാത്രം അകലെയായിരുന്നു. കൊലപാതകികളെയും കൊള്ളിവെപ്പുകാരെയും ബലാല്‍സംഗികളെയും മോഡി തലയില്‍ കൈവെച്ച് ആശീര്‍വദിച്ചെന്നാണ് സുരേഷ് എന്ന ദൃക്സാക്ഷി 'തെഹല്‍ക'യുടെ ഒളികാമറക്കു മുമ്പില്‍ വീമ്പിളക്കിയത് (മാര്‍ച്ച് 23ന് ഈ ടേപ്പുകള്‍ പുനഃസംപ്രേഷണം ചെയ്യപ്പെട്ടു). 'മോഡി ഭായി ഇതാ എന്റെ ഈ വീട്ടുമുറ്റത്തു വന്നു. ഇതിലെയെല്ലാം സഞ്ചരിച്ചു. അംബാസഡര്‍ കാറില്‍. ബ്ലാക് കമാന്‍ഡോകള്‍ ഒപ്പമുണ്ടായിരുന്നു. വലിയവന്‍ എപ്പോഴും വലിയവന്‍ തന്നെ. എന്റെ പെങ്ങന്‍മാര്‍ അദ്ദേഹത്തിന് പനിനീര്‍പൂ മാലയിട്ടു. ഞങ്ങളുടെ ഗോത്രം മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളെ പ്രസവിച്ച മാതാക്കളെ അദ്ദേഹം വാഴ്ത്തി. എന്നിട്ട് നരോദയിലെ നാശങ്ങള്‍ നേരില്‍ കാണാനായി ഈ വഴിയിലൂടെ മുന്നോട്ടു പോയി'... വി.എച്ച്.പിയുടെ നാലണ മെംബര്‍ഷിപ്പുകാരനായിരുന്നില്ല, ഒരു മുഖ്യമന്ത്രിയായിരുന്നു കൊലയാളികളെ പെറ്റുകൂട്ടിയ മാതാക്കളുടെ ഉദരങ്ങള്‍ മഹത്തരമെന്ന് ഉദ്ഘോഷിച്ചത്. അന്ന് മോഡിയുടെ ഒപ്പം പോയ കമാന്‍ഡോകള്‍ നിയമത്തിന്റെ ഭാഷയില്‍ സാക്ഷികളും കൂടിയായിരുന്നു. 'മൂന്നു ദിവസം വേണ്ടുന്നതെല്ലാം ചെയ്തു കൂട്ടാന്‍' മോഡിയും ബാബുഭജ്രംഗിയും നേരില്‍ ആഹ്വാനം നല്‍കിയിരുന്നുവെന്ന് സായാജിറാവു യൂനിവേഴ്സിറ്റിയിലെ അക്കൌണ്ടന്റ് എന്നു പരിചയപ്പെടുത്തുന്ന വ്യക്തി 'തെഹല്‍ക'യോടു പറയുന്നു. നിയമവ്യവസ്ഥക്ക് നട്ടെല്ലുണ്ടായിരുന്നെങ്കില്‍, ഇവരെയെന്നല്ല നരോദയില്‍ വേറെയും സാക്ഷികളെ കണ്ടെത്താന്‍ കഴിയുമായിരുന്നു. ആര്‍ക്കും അത്ര വലിയ അത്യാവശ്യം ഉണ്ടായിരുന്നില്ല.

നീണ്ട എട്ടു വര്‍ഷത്തിനുശേഷം മോഡിയെ ഈ മാസം 27നാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. 18 വര്‍ഷം കഴിഞ്ഞ് എല്‍.കെ. അദ്വാനിയെ ലിബര്‍ഹാന്‍ 'കുറ്റപ്പെടുത്തിയ' രാജ്യത്ത് ഇത് താരതമ്യേന വേഗം കൂടുതലുള്ള നീക്കമാണ്. രാജ്യം കാത്തിരുന്ന ഈ വിചാരണ പക്ഷേ, മോഡിക്ക് നിയമത്തിന്റെ കുരുക്കുകളിലൂടെ രക്ഷപ്പെടാനുള്ള അവസരമാണ് ഒരുവേള നല്‍കുന്നത്. മാര്‍ച്ച് 21നാണ് ഈ ചോദ്യംചെയ്യലെന്ന് ചില ദുരൂഹകേന്ദ്രങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. ഹിന്ദു പത്രത്തിന്റെ 'പ്രത്യേക ലേഖകനാ'ണ് ഇങ്ങനെയൊരു വാര്‍ത്ത ആദ്യം പുറത്തുവിട്ടത്. പക്ഷേ, മാര്‍ച്ച് 21 ഞായറാഴ്ചയായിരുന്നു. കലണ്ടറില്‍  കോടതികള്‍ പ്രവര്‍ത്തിക്കാത്ത ദിവസം. കഴിഞ്ഞ എട്ടുവര്‍ഷമായി ഗുജറാത്തിലെ ജനങ്ങളെ മാധ്യമങ്ങള്‍ അപമാനിക്കുന്നതിന്റെയും തന്നെക്കുറിച്ച് നുണ പറയുന്നതിന്റെയും പുതിയ ഉദാഹരണമായി ഈ 'ഞായറാഴ്ച വിചാരണ'യെ മോഡി മാറ്റിയെടുത്തു. യഥാര്‍ഥത്തില്‍ മോഡിയെ എസ്.ഐ.ടി വിളിപ്പിച്ചിരുന്നില്ലേ? ഈ വിവാദത്തെ കുറിച്ച് രാഘവന്‍ പ്രതികരിക്കാഞ്ഞതെന്ത്? നേരത്തെ നോട്ടീസ് അയച്ചില്ലായിരുന്നെങ്കില്‍ മോഡി വിചാരണക്ക് ഹാജരാവുമെന്ന് ബി.ജെ.പി നേതാക്കള്‍ മാര്‍ച്ച് 12ന് എന്തിന് ദല്‍ഹിയില്‍ പ്രസ്താവനയിറക്കി?

മോഡിക്കെതിരെ ഇഹ്സാന്‍ ജാഫരിയുടെ ഭാര്യ സകിയ്യ ജാഫ്രി നല്‍കിയ കേസില്‍ ഗുജറാത്തിലെ കലാപകോടതി പക്ഷപാതപരമായി ഇടപെടുകയാണെന്നും എസ്.ഐ.ടി അതിന് കൂട്ടു നില്‍ക്കുകയാണെന്നും ഇതിനകം സുപ്രീംകോടതിയുടെ മുമ്പാകെ പരാതി ഫയല്‍ ചെയ്തിട്ടുണ്ട്. ഈ ഹരജിയില്‍ ഏപ്രില്‍ 30ന് എസ്.ഐ.ടി മറുപടി നല്‍കേണ്ടതുമുണ്ട്. അഞ്ചംഗ എസ്.ഐ.ടിയെ കുറിച്ച പലതരം പരാതികള്‍ കുമിയുമ്പോഴും തികഞ്ഞ മൌനം പാലിക്കുകയാണ് രാഘവന്‍. സ്വാഭാവികനീതിയുടെ താല്‍പര്യത്തിനു വേണ്ടിയാണെങ്കില്‍പോലും ഗുജറാത്തില്‍നിന്നുള്ള അംഗങ്ങള്‍ക്കാണ് ഈ സംഘത്തില്‍ മുന്‍തൂക്കം. മുന്‍ സി.ബി.ഐ ഡയറക്ടര്‍ രാഘവനും യു.പി കേഡറില്‍ നിന്നുള്ള സി.വി സത്യപതിയും ഒഴികെയുള്ള മൂന്നുപേരും ഗുജറാത്തില്‍ നിന്നുള്ളവരാണ്. ഗീതാ ജോഹരി, ശിവാനന്ദ് ഝാ, ആശിഷ് ഭാട്ടിയ എന്നിവര്‍. ഇവരുടെ ലിസ്റ്റ് തയാറാക്കിയത് സാധാരണഗതിയില്‍ നിയമമന്ത്രാലയം കൊടുത്ത പട്ടികയില്‍ നിന്നാവാനേ തരമുള്ളൂ. അങ്ങനെയെങ്കില്‍ അതാണ് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ്. കലാപകാലത്ത് അഹ്മദാബാദ് പൊലീസ് അസി.കമീഷണറും പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ ചുമതലക്കാരുമായിരുന്നു ഝാ. വിചിത്രമെന്ന് പറയട്ടെ, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നല്‍കിയ സത്യവാങ്മൂലങ്ങളെ ചൊല്ലി കോടതിയുടെ വിമര്‍ശമേറ്റുവാങ്ങിയ ഉദ്യോഗസ്ഥനാണ് ഇയാള്‍. അന്വേഷണം നടക്കേണ്ട മിക്ക സംഭവങ്ങളിലും ശിവാനന്ദ് നേര്‍ക്കുനേരെ പങ്കാളിയുമാണ്. സൊഹ്റാബുദ്ദീന്‍ കേസില്‍ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ച ഐ.പി.എസ് ഓഫിസറാണ് ഗീത. മോഡിയെ സംരക്ഷിക്കാന്‍ നിയമവ്യവസ്ഥയെ അട്ടിമറിച്ച മുന്‍കാല ചരിത്രവുമായാണ് ഗുജറാത്തിലെ ആദ്യത്തെ വനിതാ ഐ.പി.എസ് ഓഫിസറായ ഗീത ഈ സംഘത്തിലുള്ളത്. ഈ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അന്വേഷിക്കേണ്ടത് തങ്ങള്‍ ഉള്‍പ്പടെയുള്ള ഗുജറാത്തിലെ ഒമ്പത് ഐ.പി.എസ് ഉദ്യോഗസ്ഥരെക്കുറിച്ച ആരോപണങ്ങളാണ്. തങ്ങളുടെ മേലധികാരിയായ മോഡിയെ ഇവര്‍ 'ചോദ്യം ചെയ്യുന്ന'തിന്റെ വിശ്വാസ്യത ആര്‍ക്കും എളുപ്പത്തില്‍ ഊഹിക്കാവുന്നതേയുള്ളൂ. 

കലാപകാലത്ത് മോഡിയുടെ പങ്ക് എന്തായിരുന്നുവെന്ന സമഗ്രമായ അന്വേഷണമല്ല ഇപ്പോള്‍ നടക്കുന്നത്. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സകിയ്യ ജാഫ്രി സമര്‍പ്പിച്ച പരാതിയാണ് മുഖ്യ അന്വേഷണവിഷയം. നരോദാപാട്ടിയയിലെ സാക്ഷികള്‍ 'തെഹല്‍ക'യുടെ ടേപ്പിലേയുള്ളൂ. കോടതിയുടെ രേഖകളിലെത്തിയിട്ടില്ല. അതേക്കുറിച്ച് പുതിയ ഒരു അന്വേഷണവും എസ്.ഐ.ടി ആരംഭിച്ചിട്ടുമില്ല. ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ എസ്.ഐ.ടി നിയോഗിച്ച അഭിഭാഷകരായിരുന്ന ആര്‍.കെ.ഝായും പി.പി. നാരായണ ഭട്ടും രാജിവെച്ചത് ഇതിനകം എസ്.ഐ.ടിയുടെ വിശ്വാസ്യത ഇല്ലാതാക്കിയിട്ടുണ്ട്. അടിസ്ഥാന നിയമവ്യവസ്ഥയെ പോലും ലംഘിച്ച് ആശിഷ് ഭാട്ടിയ പരസ്യമായി ഇടപെടുന്നുവെന്നാണ് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്ത് പൊലീസ് രേഖപ്പെടുത്തിയ മൊഴിയനുസരിച്ച് മാത്രം ദൃക്സാക്ഷികളെ ചോദ്യം ചെയ്താല്‍ മതിയെന്ന് ഇദ്ദേഹം നിര്‍ബന്ധിച്ചെന്നാണ് ഝായും ഭട്ടും രാഘവനെഴുതിയ രാജിക്കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതികളെ 30 മീറ്റര്‍ ദൂരെ നിന്ന് മാത്രം തിരിച്ചറിഞ്ഞാല്‍ മതിയെന്ന ജഡ്ജി പി.യു. ജോഷിയുടെ ഉത്തരവും രാജിക്കത്തില്‍ എടുത്തുപറയുന്നു. ആര്‍ക്ക് ആരെയാണ് ഇത്രയും അകലെ നിന്ന് തിരിച്ചറിയാന്‍ കഴിയുന്നത്? പൊലീസിന് നേരത്തെ നല്‍കിയ 'മൊഴി'ക്കു വിപരീതമായ പുതിയ ഒന്നും രേഖയില്‍ ഉള്‍പ്പെടുത്താന്‍ എസ്.ഐ.ടി അംഗങ്ങളും ജഡ്ജിയും അനുവദിച്ചിട്ടില്ലെന്നും ഝാ എഴുത്തില്‍ പറയുന്നു. രേഖപ്പെടുത്തിയ സാക്ഷിമൊഴികള്‍ വായിച്ചുകൊടുക്കുന്നതും ജോഷി വിലക്കി. നീതിയുടെ ഏതു താല്‍പര്യത്തെയാണ് ഈ 'പ്രത്യേക' അന്വേഷണം പുഷ്ടിപ്പെടുത്തുക?

മോഡി ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ഇരിക്കണമെന്നത് മറ്റാരെക്കാളും കൂടുതല്‍ കോണ്‍ഗ്രസിന്റെ ആവശ്യമാണെന്നത് പരസ്യമായ ഒരു രാഷ്ട്രീയ രഹസ്യമാണ്. കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞാല്‍ മോഡിക്കെതിരെ അര്‍ജുന്‍ മോദ്വാഡിയ^സിദ്ധാര്‍ഥ് പട്ടേല്‍ കൂട്ടുകെട്ട് ഗുജറാത്തിലും സോണിയ^മന്‍മോഹന്‍ ടീം കേന്ദ്രത്തിലും എന്തുചെയ്യുമെന്നാണ് കരുതാനാവുക? ഏത് ജയിലിലാണ് നരേന്ദ്രമോഡിയെ കോണ്‍ഗ്രസ് അടച്ചിടുക? മോഡിയെ വിചാരണ നടത്താതിരുന്നതു കൊണ്ട് കഴിഞ്ഞ എട്ട് വര്‍ഷമായി ഒരു കുഴപ്പവും ഇന്ത്യയില്‍ ഉണ്ടായിട്ടില്ലല്ലോ. ഹിന്ദുത്വഗുണ്ടകള്‍ ജാമ്യം തേടി നിരന്തരമായി മുങ്ങുക, കേസ്രേഖകള്‍ കാണാതാവുക, സമന്‍സയച്ചാല്‍ വരാതിരിക്കുക, ദൃക്സാക്ഷികള്‍ പറയുന്ന കാര്യങ്ങള്‍ മൊഴികളില്‍ നിന്ന് അപ്രത്യക്ഷമാവുക, യഥാര്‍ഥ സാക്ഷികളുടെ കേസുകള്‍ കോടതിയില്‍ എത്താതിരിക്കുക^ഇതൊക്കെയല്ലേ ഗുജറാത്തില്‍ നടക്കുന്നത്? മോഡിയെ ചൂണ്ടി മറ്റ് സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷക്കാരുടെ വോട്ട് അടിച്ചെടുക്കുന്നതിന് ഗുജറാത്തിലെ ജീര്‍ണാവസ്ഥകള്‍ കോണ്‍ഗ്രസിന് സഹായകമാവുന്നുണ്ട്. അത് ദേശീയ തലത്തിലേക്ക് മാറ്റിയാല്‍ കൊള്ളാമെന്നുണ്ട്. ദലിതന്റെയും ഒ.ബി.സിക്കാരന്റെയും രാഷ്ട്രീയത്തെ തുരങ്കംവെക്കാന്‍ വനിതാ ബില്‍ നടപ്പിലാവുകയും കോണ്‍ഗ്രസിന്റെ രാഹുല്‍ഗാന്ധി ഒരു ഭാഗത്തും ബി.ജെ.പിയുടെ നരേന്ദ്രമോഡി മറുഭാഗത്തുമായി ദേശീയരാഷ്ട്രീയം ചുരുട്ടിക്കെട്ടുകയുമാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ സ്വപ്നം. അതിന് മോഡി തന്റെ കേസുകളില്‍നിന്ന് തടിയൂരണം. മോഡിയെ അടിക്കാനാണ് യു.പി.എ തീരുമാനിക്കുന്നതെങ്കില്‍ നട്ടെല്ലുള്ള, മതേതരവിശ്വാസ്യതയുള്ള രണ്ട് ഓഫിസര്‍മാരെ സി.ബി.ഐയില്‍ വെച്ചാല്‍ തീരുന്നതല്ലേയുള്ളൂ? മോഡിക്കെതിരെ സാക്ഷിപറയാന്‍ ധൈര്യമുള്ള ഒരു കോണ്‍ഗ്രസുകാരന്‍ പോലുമില്ലെന്നോ ഗുജറാത്തില്‍? ഇപ്പോഴത്തെ പോക്കനുസരിച്ച് തല്ലുന്നതു പോലെ ഓങ്ങിക്കാണിച്ച് മോഡിയെ തലോടുകയാണ് കോണ്‍ഗ്രസ്. ഇന്നത്തെ ബി.ജെ.പിയെ ഭാവിയില്‍ നരേന്ദ്രമോഡി നയിക്കണം. മുസ്ലിംകള്‍ മാത്രമല്ല നല്ല ഹിന്ദുക്കളും ബി.ജെ.പിയെ വെറുക്കട്ടെ. ഒരു കൈ കോണ്‍ഗ്രസിന്റെയും സഹായം.

No comments: