അമേരിക്ക ഐ.എസ്.ഐയെ മറയാക്കുന്ന വിധം
ഹെഡ്ലീയം: വിജു വി. നായര്‍
Thursday, May 6, 2010
സി.ഐ.എ^ഐ.എസ്.ഐ ബന്ധത്തിന്റെ സുവര്‍ണയുഗം 1989ല്‍ സോവിയറ്റ്പതനം വരെയുള്ള കാലയളവാണ്. ഏറ്റവുമധികം ആയുധങ്ങള്‍ മറിഞ്ഞതു മാത്രമല്ല പ്രസക്തം. പെഷാവര്‍ അച്ചുതണ്ടാക്കി ഏറ്റവുമധികം മയക്കുമരുന്നു പണം ബാങ്കുകള്‍ വഴി വെളുപ്പിച്ചെടുത്തതും ഇക്കാലത്താണ്. വാള്‍സ്ട്രീറ്റിലും ലണ്ടന്‍ബാങ്കുകളിലും ഈ അതിഭീമന്‍ കള്ളപ്പണം കുമിഞ്ഞുകൂടി. അതു വസൂലാക്കിയാണ് ലോക മുതലാളിത്തം ആഗോളീകരണത്തിനുള്ള നവജീവന്‍ കണ്ടെത്തിയത്. എന്നാല്‍, ഈ ഗൂഢനീക്കത്തിന്റെ ഫലമായി തെക്കനേഷ്യയില്‍ ആഭ്യന്തരസുരക്ഷയുടെ ഊടും പാവും ക്രമേണ തകര്‍ക്കപ്പെടുകയായിരുന്നു എന്നത് പൊതുചര്‍ച്ചയില്‍ ഉന്നയിക്കപ്പെടാതെ കിടന്നു. ചര്‍ച്ചയൊക്കെ സോവിയറ്റ്സാമ്രാജ്യത്തിന്റെ പതനകഥയിലൊതുങ്ങി. യുഗോസ്ലാവ്യ തൊട്ട് ഏറ്റവുമൊടുവിലിപ്പോള്‍ ജോര്‍ജിയവരെ ഈ മേഖലയിലെ വിഘടനാത്മക ഭൂകമ്പങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയപദ്ധതി സമര്‍ഥമായി മൂടിത്തന്നെ വെച്ചിരിക്കുന്നു. 1989ലെ സോവിയറ്റ് പിന്മാറ്റശേഷം അഫ്ഗാനിലും പരിസരത്തും ചിതറിയ ധന^ആയുധ സമ്പന്നരായ സംഘങ്ങളാണ് ഈ പദ്ധതിക്ക് സ്വയമറിയാതെ കരുക്കളായിക്കൊടുത്തത്. ചുരുക്കിപ്പറഞ്ഞാല്‍ സി.ഐ.എ^ഐ.എസ്.ഐ ഗൂഢ പ്രവര്‍ത്തനഘടനയുടെ പല ഉല്‍പന്നങ്ങളിലൊന്നാണ് ലശ്കറെ ത്വയ്യിബ. മുമ്പ് ഭരണകൂട നിര്‍ദേശപ്രകാരം നടത്തിയ ഗൂഢപ്രവര്‍ത്തനം ഭരണകൂട പിന്തുണയുള്ള അനൌദ്യോഗിക നീക്കങ്ങളായി മാറി എന്നതിന് സോവിയറ്റ് പിന്മാറ്റത്തെ തുടര്‍ന്ന് അഫ്ഗാനെ ചൂഴ്ന്ന വിഭ്രാമകാവസ്ഥ തന്നെ വ്യക്തമായ തെളിവാണ്. ആ പദ്ധതിയുടെ ദുരന്തങ്ങള്‍ ആദ്യം അഫ്ഗാനിസ്താന്‍ അനുഭവിച്ചു. പിന്നീട് പാകിസ്താനും. 1990കളുടെ തുടക്കത്തില്‍ ഈ പാറ്റേണാണ് ഇന്ത്യക്കെതിരെ പാക് പട്ടാളം ഫലപ്രദമായി ഉപയോഗപ്പെടുത്തിയത്. ഇന്ത്യക്കെതിരായ ഈ നിഴല്‍യുദ്ധത്തെപ്പറ്റി ഏറ്റവും നല്ല ധാരണയുള്ളത് അമേരിക്കക്കാണെന്നര്‍ഥം. പക്ഷേ, അത് അവര്‍ കണ്ടില്ലെന്ന് നടിച്ചു. കാരണം, അപ്പോഴൊന്നും ഭീകരപ്രവര്‍ത്തനം അമേരിക്കയെ സംബന്ധിച്ച് സുരക്ഷാവിഷയമായിരുന്നില്ല^ 9/11 അപ്പോഴും ഒരു ദശകം അകലെയായിരുന്നല്ലോ. ഐ.എസ്.ഐയോടുള്ള സി.ഐ.എയുടെ ഈ വാല്‍സല്യത്തില്‍ ഹതാശരായിരുന്നു ഇന്ത്യന്‍പക്ഷം. അതാണ് ഇന്ത്യ^യു.എസ് ബന്ധത്തില്‍ സോവിയറ്റ് പതനശേഷവും നിഴലിച്ച ഉറപ്പില്ലായ്മക്കു കാരണം.
ഈ സന്ദിഗ്ധത ഇപ്പോഴുമുണ്ടെന്നതാണ് ശ്രദ്ധേയം. കാരണം അമേരിക്കന്‍ ഭരണകൂടത്തിന്റെ ഔദ്യോഗികനയത്തിന്റെ ഭാഗമാണ് ചാരപ്രവര്‍ത്തനവും ഭീകരപ്രവര്‍ത്തനത്തിനുള്ള നിഗൂഢപിന്തുണയും. രണ്ടാം ലോകയുദ്ധശേഷം എപ്പോഴും അത് അങ്ങനെ തന്നെയായിരുന്നുതാനും. തെക്കനേഷ്യയിലും മധ്യേഷ്യയിലും ഈ നയത്തിന്റെ മുഖ്യചട്ടുകമാണ് ഐ.എസ്.ഐ. അതുകൊണ്ടുതന്നെ, പാക് പട്ടാള ലോബിക്കുമേലുള്ള അമേരിക്കന്‍ ആശ്രിതത്വം അഫ്ഗാനിസ്താനിലെ അമേരിക്കന്‍ പടയിറക്കത്തിനൊക്കെ അപ്പുറം പോകുന്നതാണ്. മധ്യേഷ്യയിലെ യു.എസ്^ബ്രിട്ടീഷ് ചാരപ്രവര്‍ത്തനത്തിന്റെ ഓപറേഷന്‍ താവളമാണ് ഐ.എസ്.ഐ. ഈ സംയുക്തപദ്ധതിയുടെ ടാര്‍ഗറ്റ് റഷ്യയും ഇന്ത്യയും ചൈനയുമാണെന്നത് 1990 കളുടെ ഒടുവില്‍തന്നെ പല ബലതന്ത്രവിശാരദരും വിലയിരുത്തിയിട്ടുണ്ട്. അതില്‍ ഇന്ത്യയുടെ കേസ് മാത്രം പറയട്ടെ. വേഗം പുഷ്ടിപ്പെടുന്ന സമ്പദ്ഘടനയും വമ്പന്‍കമ്പോളവുമാണ് പുതിയ ലോകക്രമത്തില്‍ ഇന്ത്യക്ക് പ്രമുഖസ്ഥാനം നേടിക്കൊടുക്കുന്ന ശക്തിഘടകങ്ങള്‍. എന്നിരുന്നാലും ഇപ്പറഞ്ഞ സ്ഥാനം നേടാന്‍ ഇന്ത്യക്ക് ഇപ്പോഴും സാധ്യമാകുന്നില്ല. അങ്ങനെ വളരുന്നത് സാമ്രാജ്യത്വ രാഷ്ട്രങ്ങളിലെ വരേണ്യര്‍ക്ക് രുചിക്കുന്ന കാര്യമല്ല. പകരം, അവര്‍ അഭിലഷിക്കുന്നത്, ഇപ്പറഞ്ഞ ശക്തിഘടകങ്ങളെ തങ്ങള്‍ക്കു വസൂലാക്കാന്‍ പാകത്തിലുള്ള ഇന്ത്യനവസ്ഥയാണ്. അതിനുവേണ്ടി ഇന്ത്യന്‍ ബാങ്കിങ്ങിനെ പടിഞ്ഞാറന്‍ ബാങ്കിങ് സിസ്റ്റത്തില്‍ അകപ്പെടുത്തി. അങ്ങനെ ധനകാര്യത്തില്‍ ഇന്ത്യയെ നിയന്ത്രണവിധേയമാക്കുകയാണ് പ്രധാനപടി. ഏതെങ്കിലും കാരണവശാല്‍ അതു നടപ്പാകുന്നില്ലെങ്കില്‍ രാജ്യത്തെ പല കഷണങ്ങളായി വിഭജിച്ചെടുക്കണം. വംശീയം തൊട്ട് മതപരം വരെയുള്ള വിഘടനവാദങ്ങളാണ് അതിനുള്ള മാര്‍ഗം. പശ്ചിമേഷ്യയുടെ കാര്യത്തില്‍ ആംഗ്ലോ^യു.എസ് പദ്ധതി ഇത്തരം വിഭജനങ്ങളാണെന്നത് പരസ്യമാണ്. ഏതു വിധത്തിലായാലും മെട്രോപോളിസ് എന്നറിയപ്പെടുന്ന ന്യൂയോര്‍ക്ക്, ലണ്ടന്‍ ധനകമ്പോളത്തിന് വസൂലാക്കാനാവും വിധത്തില്‍ കൈകാര്യം ചെയ്യാവുന്ന സ്വാധീനമേഖലകളാണ് ഇവിടെയും ലക്ഷ്യമെന്നര്‍ഥം. സ്ഥിരമായ അസ്ഥിരത^ അതാണ് ഇക്കാര്യത്തിന് പ്രയോഗിക്കപ്പെടുന്ന ചാരമാര്‍ഗം. അവിടെയും പാകിസ്താന്‍ ഈ പദ്ധതിയിലെ നിര്‍ണായക ബിന്ദുവാകുന്നു.
യൂനോകാലിന്റെ അഫ്ഗാന്‍ പൈപ്പ് ലൈനില്‍ തുടങ്ങി ഭീകരവിരുദ്ധ യുദ്ധമെന്ന അന്തര്‍ദേശീയ തന്ത്രത്തിലെത്തിനില്‍ക്കുന്ന ഇക്കളിയില്‍ പാകിസ്താന്റെ സമകാലികാവസ്ഥ കാണുക. ആഭ്യന്തരമായി ആ രാജ്യത്തെ പലവഴിക്ക് ഛേദിക്കാനുള്ള നീക്കങ്ങളാണിപ്പോള്‍. ഈ മേഖലയിലെ തന്ത്രപ്രധാന ഫോക്കല്‍ പോയന്റെന്ന നിലക്ക് പാകിസ്താനുള്ള സ്ഥാനം ഒട്ടും ചെറുതല്ല. ഇന്ത്യ, അഫ്ഗാനിസ്താന്‍, ചൈന, ഇറാന്‍ എന്നീ രാഷ്ട്രങ്ങളെ അതിരിടുന്ന ദേശമാണത്. പാകിസ്താനിലെ അസ്ഥിരത അയല്‍രാജ്യങ്ങള്‍ക്കെല്ലാം അലോസരം പകരും. ഇതുതന്നെയാണ് ഇറാന്റെ അയലത്ത് ഇറാഖിന്റെയും കാര്യം. പശ്ചിമേഷ്യയെ കഷണിക്കുന്ന പദ്ധതിയുടെ തുടക്കമാണ് ഇറാഖിനെവെച്ചുള്ള കളി. ഈ പദ്ധതിയിലെ പ്രമുഖലക്ഷ്യമാണ് ഇറാന്‍. തകര്‍ന്നുകിടക്കുന്ന ഇറാഖില്‍ നിന്നാണ് അതിനുള്ള കെണികള്‍ നീക്കുന്നത്. മധ്യേഷ്യയില്‍ ഐ.എസ്.ഐയെ ഉപയോഗിക്കുന്നതും സമാനലക്ഷ്യങ്ങള്‍ക്കു വേണ്ടിയാണ.് ഇന്ത്യ, ചൈന എന്നീ ഏഷ്യന്‍ഭീമന്മാരെ തളക്കുക. മധ്യേഷ്യയെ അസ്ഥിരപ്പെടുത്തുന്ന പദ്ധതിയുടെ ഇരകളും കരുക്കളുമാണ് ഇന്ത്യയും പാകിസ്താനുമെന്നു ചുരുക്കം. ചിന്തോദ്ദീപകമായ ചെറിയൊരു ഉദാഹരണം നല്‍കാം. കാബൂളിലെ ഇന്ത്യന്‍ എംബസിയില്‍ ചാവേറാക്രമണം നടന്നപ്പോള്‍ ഇതാദ്യമായി അമേരിക്ക പരസ്യമായി ഐ.എസ്.ഐയെ കുറ്റപ്പെടുത്തി. സത്യത്തില്‍ അതൊരു സൂത്രവിദ്യയായിരുന്നു ^പടിഞ്ഞാറന്‍ പാകിസ്താനില്‍ യു.എസ് പടക്ക് നേരിട്ട് പ്രവേശിക്കാനുള്ള ഒഴിവുകഴിവ്. കുറ്റപ്പെടുത്തലിന് തൊട്ടുപിന്നാലെ പട കടന്നുകയറി. അഫ്ഗാനിസ്താനിലെന്നപോലെ പാകിസ്താനിലും ഇപ്പോള്‍ യു.എസ് പട താവളമടിച്ചിരിക്കുന്നു. ഫലം: രണ്ടിടത്തും യുദ്ധം, അസ്ഥിരത. അതാണല്ലോ ഉദ്ദേശിച്ച പരിപാടിയും. ചുരുക്കത്തില്‍ ഈ പ്രവര്‍ത്തനങ്ങളുടെയെല്ലാം ആത്യന്തിക ഗുണഭോക്താവ് പാകിസ്താനല്ല, ആ രാജ്യത്തെ ബന്ദിയാക്കി നിഴല്‍ ഭരണകൂടമായി നില്‍ക്കുന്ന പട്ടാളം പോലുമല്ല, യു.എസ്^ബ്രിട്ടീഷ്^ഇസ്രായേലി ശക്തികളാണെന്നര്‍ഥം.
(തുടരും)
No comments:
Post a Comment