ഹെഡ്‌ലിയെ വെച്ചൊരു എലിയും പൂച്ചയും കളി
Thursday, May 6, 2010
ഷികാഗോ എയര്‍പോര്‍ട്ടിലെ അറസ്റ്റ് തൊട്ട് കോടതിയിലെ ഡീല്‍ വരെയുള്ള കിന്റര്‍ഗാര്‍ട്ടന്‍ നാടകത്തിന്റെ ആവശ്യം അമേരിക്ക പോലൊരു വമ്പന്‍രാഷ്ട്രത്തിന്റെ മുന്തിയ തലകള്‍ക്ക് എന്തുകൊണ്ടുണ്ടായി എന്നാണ് പരിശോധിക്കേണ്ടത്. രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, മിക്കിമൗസ് പ്രോജക്ട് എന്ന പേരില്‍ ഡാനിഷ് പത്രത്തിന് ബോംബുവെക്കുന്ന ഒരു പദ്ധതി നടപ്പാക്കാനുള്ള ദൗത്യം ഹെഡ്‌ലിക്ക് ലഭിച്ചിരുന്നു. ഇങ്ങനെയൊരു പദ്ധതി ഇപ്പോള്‍ നടപ്പിലാവുന്നത് അമേരിക്കാപക്ഷത്തിന് തലവേദനയുണ്ടാക്കും. കാരണം യൂറോപ്പില്‍ അഫ്ഗാന്‍അധിനിവേശത്തിനെതിരെ ഇപ്പോള്‍ത്തന്നെയുള്ള വികാരം മൂര്‍ച്ഛിക്കുകയും നാറ്റോ സഖ്യകക്ഷികള്‍ പിന്മാറുകയും ചെയ്യാം. 2011 ജൂലൈയിലാണ് പിന്മാറ്റത്തിന്റെ ആദ്യഘട്ടമുണ്ടാവുക എന്ന് ഒബാമ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുമുമ്പ് സഖ്യകക്ഷികള്‍ പിന്‍വലിഞ്ഞാല്‍ അഫ്ഗാന്‍പദ്ധതി ആകെ തകിടംമറിയും. അതുകൊണ്ട് ഡാനിഷ് ഓപറേഷന്‍ തടയണം. അതേസമയം, ഹെഡ്‌ലിക്ക് ഇങ്ങനെയൊരു ദൗത്യത്തില്‍നിന്ന് ചുമ്മാതങ്ങ് പിന്‍വലിയാനും പറ്റില്ല-ആത്മഹത്യാപരമാകും. ഡബിള്‍ ഏജന്റുമാര്‍ക്ക് സ്വാഭാവികമായ ഈ കെണിയില്‍ നിന്നുള്ള യുക്തിസഹമായ മോചനം, ഏതെങ്കിലും ഒരുപക്ഷത്തിന്റെ കുരുക്കില്‍ അകപ്പെട്ടതായി പ്രഖ്യാപിക്കലാണ്. ഇവിടെ സി.ഐ.എ പക്ഷം വിവരങ്ങള്‍ അറിഞ്ഞുതന്നെ കുടുക്കിയതായി ഹെഡ്‌ലിക്ക് മറുപക്ഷത്തോട് നടിക്കാം. വെറുതെയുള്ള കുടുങ്ങലല്ല- ഗുരുതരമായ ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയാണല്ലോ. അതും കേസിനാസ്പദമായ രാഷ്ട്രത്തിന്റെ പിടിയിലകപ്പെട്ട് കാര്യങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ പാകത്തില്‍ സമ്പൂര്‍ണ സുരക്ഷിതത്വം വിലപേശി ഉറപ്പിച്ചുകൊണ്ടുള്ള 'കുടുങ്ങല്‍'.
രണ്ടാംഘടകമാണ് ഇതിലൊക്കെ നിര്‍ണായകം. ലശ്കറെ ത്വയ്യിബക്കു വേണ്ടിയാണ് താന്‍ 26/11 ആസൂത്രണം ചെയ്തതെന്ന ഹെഡ്‌ലിയുടെ 'കുറ്റസമ്മതം' വഴി ഇന്ത്യ അഭിലഷിച്ച വഴിക്കുതന്നെ കേസ് നീക്കിയതായി അമേരിക്കക്ക് പറഞ്ഞുനില്‍ക്കാം. അതേസമയം, ലശ്കറിനുപിന്നില്‍ ഐ.എസ്.ഐയിലേക്ക് അന്വേഷണത്തിന്റെയും മൊത്തം കഥയുടെയും ദിശ നീക്കാന്‍ അനുവദിക്കുകയുമില്ല. അതാണ് ഹെഡ്‌ലിയെ വെച്ചുള്ള ഈ 'ആകസ്മിക'നാടകത്തിന്റെ ചിത്രപ്പൂട്ട്. ലശ്കറിനെ ഐ.എസ്.ഐയുമായി ബന്ധിപ്പിക്കുന്ന ഒന്നും ഹെഡ്‌ലിയില്‍നിന്ന് ഇന്ത്യക്ക് കിട്ടരുത്. അത് പാകിസ്താന് അലോസരമുണ്ടാക്കുകയും ഇന്ത്യ-പാക് ബന്ധം കൂടുതല്‍ വഷളാക്കുകയും ചെയ്യുമെന്നത് ലളിതമായ കാര്യം. എന്നാല്‍, അത്തരം സാമാന്യ കാര്യങ്ങളിലല്ല അമേരിക്കയുടെ താല്‍പര്യം. ഐ.എസ്.ഐ ബന്ധത്തിലേക്ക് ദിശ നീങ്ങുന്നപക്ഷം സി.ഐ.എയുടെ കള്ളി വെളിച്ചത്താകും-26/11ന്റെ നിജസ്ഥിതി. പകരം കുരുടന്മാരുടെ ആനക്കാഴ്ച മാത്രമായി ഈ ഭീകരപ്രവര്‍ത്തനത്തെ നിലനിറുത്തിയാല്‍ മധ്യേഷ്യയിലും പശ്ചിമേഷ്യയിലും നടപ്പാക്കിവരുന്ന ഗൂഢവിഭജന പദ്ധതിയിലേക്ക് വെളിച്ചം വീഴില്ല. ആയതിലേക്ക് തങ്ങളുടെ വിശ്വസ്തനായ ഒരു ഏജന്റിനെ തല്‍ക്കാലത്തേക്ക് ബലിമൃഗമാക്കുക. അതാണ് ഹെഡ്‌ലിയുടെ പുതിയ ദൗത്യം. ഉടമയെ രക്ഷിക്കാന്‍ ഏത് അടിമയും റെഡിയാകും. അതാണ് ചാരപ്രവര്‍ത്തനത്തിലെ ബാലപാ~ം.
ഷികാഗോ കോടതിയിലെ ഡീല്‍പ്രക്രിയ ഇന്ത്യക്ക് തിരിച്ചടിയൊന്നുമല്ലെന്നും ഹെഡ്‌ലിയെ ചോദ്യംചെയ്യാന്‍ അനുമതി കിട്ടുമെന്നും മറ്റുമുള്ള കഥാപ്രസംഗമാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത്. ഇത്തരം ഗതികെട്ട അവസ്ഥയിലേക്ക് ഇന്ത്യയെ കൊണ്ടെത്തിച്ചതുതന്നെ അമേരിക്ക നടത്തിയ പ്രത്യേക ചരടുവലിയുടെ ഫലമാണ്. ഹെഡ്‌ലിയെ അവതരിപ്പിച്ച് കേസിന്റെ ഉള്ളുകളികള്‍ മറച്ചുവെക്കാന്‍ ഉദ്യമിച്ചപ്പോള്‍തന്നെ ഇന്ത്യന്‍പക്ഷത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന നിശ്ചയവും അവരെടുത്തിരുന്നു. പ്രതിയെ ചോദ്യംചെയ്യാന്‍ ഒരു സംഘത്തെ അയച്ചോളൂ എന്നാണ് ആദ്യം പറഞ്ഞത്. ഉടനടി ഒരു മജിസ്‌ട്രേറ്റടക്കം ഇവിടെ സംഘത്തെ തയാറാക്കി. അപ്പോഴുണ്ട്, യു.എസിന്റെ വിദേശ ഉപമന്ത്രി പറയുന്നു, ചോദ്യംചെയ്യാനുള്ള അനുമതിക്കാര്യം തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ എന്ന്. ആഭ്യന്തരമന്ത്രി ചിദംബരവും ദേശീയമാധ്യമങ്ങളും കൂടി ആ തീരുമാനം ഉടനെയുണ്ടാവും എന്ന് പറഞ്ഞുനടക്കുന്നു. സത്യത്തില്‍ എന്താണ് സംഭവിക്കുന്നത്?
ഷികാഗോ കോടതി വിധിപ്രകാരം ഹെഡ്‌ലിയെ ഇന്ത്യയിലേക്ക് അയക്കാന്‍ പാടില്ല. മുംബൈ ആക്രമണക്കേസിന്റെയോ മിക്കിമൗസ് പദ്ധതിയുടെയോ വിചാരണ നടത്താനും പാടില്ല. ഇന്ത്യന്‍ അധികൃതര്‍ക്ക് വേണമെങ്കില്‍ ഹെഡ്‌ലിയോട് ചില ചോദ്യങ്ങള്‍ അവിടെച്ചെന്ന് ചോദിക്കാം. അതില്‍ത്തന്നെ മൗനം പാലിക്കാനുള്ള അവകാശം (Right to Silence) പ്രതിക്കുണ്ടായിരിക്കും. മാത്രമല്ല, എഫ്.ബി.ഐയുടെ കസ്റ്റഡിയിലായിരിക്കെ മാത്രമേ പ്രതിയോട് ഇങ്ങനെയെങ്കിലും സംസാരിക്കാന്‍ പറ്റൂ. ഷികാഗോ കോടതി ഹെഡ്‌ലിയുടെ ശിക്ഷ വിധിച്ചാല്‍ പിന്നെ അതും പറ്റില്ല-എഫ്.ബി.ഐ കസ്റ്റഡി ആ നിമിഷം തീരും. എന്നുവെച്ചാല്‍ കോടതി വിധി ഉടനെയുണ്ടാവും. അതിനുമുമ്പ് -ഇപ്പോള്‍-ചോദ്യംചെയ്യല്‍ നടക്കുന്നെങ്കിലേ സംഗതി നടക്കൂ. അതുതന്നെ കോടതി അനുവദിക്കുന്നത്ര സമയം മാത്രം. എഫ്.ബി.ഐക്ക് പൂര്‍ണസമ്മതമല്ലെങ്കിലും ഈ പരിപാടി നടപ്പില്ല. ചുരുക്കിപ്പറഞ്ഞാല്‍ ഷികാഗോ കോടതിവിധി ഉണ്ടാകുംവരെയുള്ള ഹ്രസ്വവും നിര്‍ണായകവുമായ സമയപരിധിയെ ഉരുട്ടിപ്പിരട്ടി തട്ടിക്കളിച്ച് ഇല്ലാതാക്കുകയാണ് അമേരിക്കന്‍ നയം. ഇന്ത്യന്‍പക്ഷത്തെ സമരസപ്പെടുത്താന്‍ കണ്ടെത്തിയ ഈ സൂത്രവിദ്യയില്‍ രസകരമായ മറ്റൊരു കുരുക്കുകൂടിയുണ്ട്. ഷികാഗോ കോടതി മുമ്പാകെ എഫ്.ബി.ഐ വെച്ച കുറ്റാരോപണങ്ങള്‍ക്കു പുറമെയുള്ള പുതിയ ചാര്‍ജുകള്‍ വല്ലതും അവതരിപ്പിച്ചാലേ ഇന്ത്യക്ക് ഇപ്പറഞ്ഞ ചോദ്യം ചെയ്യലിനുള്ള അനുമതി കിട്ടുകയുള്ളൂ. 26/11 കേസില്‍ സാധ്യമായ കുറ്റകൃത്യം ചാര്‍ത്തലെല്ലാം എഫ്.ബി.ഐ നടത്തിയിട്ടുണ്ട്. അതിലൊന്നും പെടാത്ത പുതിയ ഐറ്റം അവതരിപ്പിച്ചാലേ പ്രതിയെ കാണാന്‍പോലും അനുമതിയുണ്ടാവൂ. അതല്ലെങ്കില്‍, കോടതി വിധിക്കുന്ന ശിക്ഷ അനുഭവിച്ചുതീര്‍ന്നശേഷം പുതിയ വിചാരണ ആവശ്യപ്പെടാനുള്ള അവകാശം വിനിയോഗിക്കാം. ശിക്ഷ ജീവപര്യന്തമാണ് വിധിക്കാന്‍ പോവുക എന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. കുറഞ്ഞത് അടുത്ത 15 കൊല്ലത്തേക്കെങ്കിലും ഹെഡ്‌ലിയെ കണികാണാന്‍ ഇന്ത്യക്ക് കിട്ടില്ലെന്നു സാരം. പരമാവധി സംഭവിക്കാവുന്നത് എഫ്.ബി.ഐയും സാക്ഷാല്‍ പ്രതിയും ഇച്ഛിക്കുന്ന പ്രകാരം മാത്രമുള്ളൊരു ചെറിയ കണികാണല്‍. അതില്‍പോലും 26/11ന്റെ ശരിയായ നേരിലേക്ക് വെളിച്ചം വീശുന്ന ഒരു തുമ്പും കിട്ടുകയുമില്ല. കാരണം, അത്തരമൊരു അടച്ചുപൂട്ടലിന്റെ അനിവാര്യത ഹെഡ്‌ലിക്കല്ല സി.ഐ.എക്കാണ്. അല്ലെങ്കില്‍പ്പിന്നെ ഇങ്ങനൊരു ഡീല്‍ നാടകം അരങ്ങേറ്റേണ്ട കാര്യമേയില്ലല്ലോ.
അമേരിക്കക്ക് ഹെഡ്‌ലിയെ മുന്‍നിറുത്തി പൊടുന്നനെ ഒരു നാടകം കളിക്കേണ്ട ആവശ്യമെന്ത്? ഐ.എസ്.ഐയിലേക്ക് അന്വേഷണം ചെല്ലാതിരിക്കാന്‍ എന്നതാണ് പ്രാഥമികമായ ഉത്തരം. വാസ്തവത്തില്‍ ഐ.എസ്.ഐ 26/11ന് പിന്നിലുണ്ടെന്ന് തെളിഞ്ഞാല്‍ പാകിസ്താനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി അമേരിക്കക്ക് തങ്ങളുടെ അഫ്ഗാന്‍ പരിപാടി സുഗമമാക്കാമല്ലോ എന്ന് സാമാന്യബുദ്ധിയില്‍ തോന്നാം. പക്ഷേ, അന്താരാഷ്ട്ര ശാക്തികരാഷ്ട്രീയം ചലിക്കുന്നത് അത്തരം ലളിതചിന്തകളാലല്ല. പാകിസ്താന്റെ രഹസ്യപ്പോലീസാണ് ഐ.എസ്.ഐ എന്നതുതന്നെ ഈ വിഷയത്തിലെ എഞ്ചുവടി ധാരണയാണ്. സത്യത്തില്‍ പാകിസ്താന്‍ എന്ന രാഷ്ട്രത്തിന്റെ പേരില്‍ ലോകസമക്ഷം സി.ഐ.എ അവതരിപ്പിച്ചിട്ടുള്ള നിഴല്‍ ഭരണകൂടമാണ് ഈ ചാരസംഘടന. ദക്ഷിണ, മധ്യേഷ്യന്‍പ്രദേശത്തെ അവരുടെ ചിരപുരാതന സ്‌റ്റെപ്‌നി. 1950കളില്‍ ഈ ചാരപ്പടയെ സൃഷ്ടിച്ചതും പാകിസ്താനിലെ രാഷ്ട്രീയ പ്രക്രിയയെ കടത്തിവെട്ടി അവിടെ പട്ടാളലോബിയെ യഥാര്‍ഥ ഭരണകൂടമാക്കിയതും സി.ഐ.എ ആണെന്നത് പരസ്യമായ ലളിതനേര്. മിക്കപ്പോഴും ഐ.എസ്.ഐയില്‍നിന്ന് പെന്‍ഷന്‍ പറ്റിയ പ്രമുഖരാണ് പാകിസ്താന്റെ നയതന്ത്ര പ്രതിനിധികളായി ലോകരാഷ്ട്രങ്ങളിലും ഐക്യരാഷ്ട്രസഭയിലും നിയോഗിക്കപ്പെടുന്നതുതന്നെ. ഇതാണ് പാക്ജനതക്ക് വിരുദ്ധമായ അടുത്ത തന്ത്രം. കാരണം ജനാധിപത്യശ്രമങ്ങളെ സ്ഥിരമായി അട്ടിമറിച്ച് പട്ടാളസ്‌റ്റേറ്റാക്കി പാകിസ്താനെ നിലനിറുത്തിപ്പോരുന്ന വസ്തുത ഈ നയതന്ത്രജ്ഞര്‍ മുഖേനയാണ് ലോകവേദികളില്‍ തമസ്‌കരിക്കപ്പെടുന്നത്. അതിന് ഏറ്റവും ഭംഗിയായി പ്രയോഗിക്കാറുള്ളത് ഇന്ത്യയില്‍നിന്നുള്ള സുരക്ഷാഭീഷണി എന്ന വായ്ത്താരിയാണ്. ദീര്‍ഘകാലം പാക് നയതന്ത്രജ്ഞരായിരുന്ന ഹമീദ് ഗുലും ജാവേദ് നസീറും 'ഇന്ത്യയെ തകര്‍ക്കല്‍ പദ്ധതി'വരെ ഉദ്‌ഘോഷിച്ച ഐ.എസ്.ഐ തലവന്മാരായിരുന്നു എന്നോര്‍ക്കണം. സോവിയറ്റ്‌യൂനിയനുമായുള്ള ശീതയുദ്ധത്തിന്റെ പേരിലാണ് അമേരിക്ക ഈ ചരടുവലികളെയെല്ലാം ന്യായീകരിച്ചിരുന്നത്. സോവിയറ്റ് സേന അഫ്ഗാനിസ്താനില്‍ അധിനിവേശം നടത്തിയതോടെ ഐ.എസ്.ഐയുടെ ഉപയോഗം അമേരിക്കക്കും പാക് പട്ടാളലോബിക്കും പരമപ്രധാനമായി. അഫ്ഗാന്‍ മുജാഹിദുകളെ കമ്യൂണിസ്റ്റുപടക്കെതിരെ ആളും അര്‍ഥവും പരിശീലനവുംകൊണ്ട് ഐ.എസ്.ഐ പടുത്തുയര്‍ത്തിയതും റഷ്യക്കാര്‍ കളംവിട്ടതോടെ മുജാഹിദുകള്‍ പല സായുധ സംഘങ്ങളായി പിരിഞ്ഞതും തൊട്ട് താലിബാന്‍ വരെയുള്ള പുതുചരിത്രം സുവിദിതം. അതിലൊന്നും അമേരിക്കന്‍ യജമാനര്‍ക്ക് പ്രശ്‌നമുണ്ടായിരുന്നില്ല.
(തുടരും)
No comments:
Post a Comment