Tuesday, May 18, 2010

കലാപക്കച്ചവടക്കാരെ പിടിച്ചുകെട്ടണം

കലാപക്കച്ചവടക്കാരെ പിടിച്ചുകെട്ടണം

Monday, May 17, 2010
'തെഹല്‍ക' വാരികയും 'ഹെഡ്‌ലൈന്‍സ് ടുഡേ' ചാനലും ചേര്‍ന്ന് ഈയിടെ നടത്തിയ ഒളികാമറ ഓപറേഷനില്‍ വെളിപ്പെട്ട വസ്തുതകള്‍ രാജ്യത്തെ മനസ്സാക്ഷിയുള്ള മുഴുവനാളുകളെയും ഞെട്ടിക്കാന്‍ പോന്നതാണ്. കര്‍ണാടകയിലെ കുപ്രസിദ്ധ വര്‍ഗീയ ഗുണ്ടാസംഘമായ ശ്രീരാമസേനയുടെ തലവന്‍ പ്രമോദ് മുത്തലികും കൂട്ടാളികളും കലാപത്തിന് കോപ്പുകൂട്ടാന്‍ കാശുചോദിക്കുന്നതാണ് ഒളികാമറക്കണ്ണില്‍ കുടുങ്ങിയത്. ബംഗളൂരുവിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ചിത്രപ്രദര്‍ശനത്തിന്റെ മറവില്‍ കലാപം അഴിച്ചുവിടാന്‍ 50 ലക്ഷം മുതല്‍ 70 ലക്ഷം വരെ രൂപയാണ് മുത്തലികും കൂട്ടാളികളും ആവശ്യപ്പെട്ടത്. ടോക്കണായി പതിനായിരം രൂപ അവര്‍ കൈപ്പറ്റുകയും ചെയ്തു. ശ്രീരാമസേന ദേശീയപ്രസിഡന്റ് പ്രമോദ് മുത്തലിക്, വൈസ് പ്രസിഡന്റ് പ്രസാദ് അത്താവര്‍, ബംഗളൂരു ഘടകം പ്രസിഡന്റ് വസന്ത്കുമാര്‍ ഭവാനി, ഉഡുപ്പിയിലെ നേതാവ് ജീതേഷ് എന്നിവരുമായി ബന്ധപ്പെട്ട് ഒന്നര മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി 'ഹെഡ്‌ലൈന്‍സ് ടുഡേ' ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്.

വിശ്വാസവും സംസ്‌കാരവും മറയാക്കി വര്‍ഗീയവൈതാളികര്‍ കൊണ്ടുനടത്തുന്ന വിദ്വേഷരാഷ്ട്രീയത്തിനു പിന്നിലെ ഹീനതാല്‍പര്യങ്ങളാണ് ഈ സ്റ്റിങ് ഓപറേഷന്‍ വെളിച്ചത്തു കൊണ്ടുവന്നത്. ഇന്ത്യയിലെ ഫാഷിസ്റ്റുസംഘങ്ങളില്‍ മുന്തിയ വീര്യവും ചട്ടമ്പിത്തരത്തില്‍ കൂടുതല്‍ പ്രാകൃതത്വവും പ്രകടിപ്പിക്കുന്ന സംഘടനയാണ് ശ്രീരാമസേന. 2008 ആഗസ്റ്റ് 24ന് ന്യൂദല്‍ഹിയില്‍ 'സഹ്മത്' സംഘടിപ്പിച്ച പ്രശസ്ത ചിത്രകാരന്‍ എം.എഫ്. ഹുസൈന്റെ ചിത്രപ്രദര്‍ശനം കൈയേറി നശിപ്പിച്ചായിരുന്നു ഈ സംഘത്തിന്റെ അരങ്ങേറ്റം. ഹിന്ദുദേവതകളെ നഗ്‌നമായി പ്രദര്‍ശിപ്പിച്ച 'സംസ്‌കാരശൂന്യത'യിലായിരുന്നു അന്ന് സേനയുടെ അരിശം. തൊട്ടടുത്ത മാസം മതപ്രചാരണവും പരിവര്‍ത്തനവും നടത്തുന്നുവെന്നാരോപിച്ച് കര്‍ണാടകത്തിലെ ക്രിസ്ത്യന്‍ചര്‍ച്ചുകള്‍ക്കു നേരെയായി കലിയിളക്കം. അടുത്ത മാസം, ഒക്‌ടോബര്‍ 27ന്, ദല്‍ഹി ബട്‌ലാഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പൊലീസ് ഓഫിസര്‍ എം.സി. ശര്‍മയെ അപഹസിച്ചെന്ന് ആരോപിച്ച് ന്യൂദല്‍ഹിയിലെ സമാജ്‌വാദി പാര്‍ട്ടി കേന്ദ്ര ഓഫിസ് കൈയേറി നശിപ്പിച്ചു. 2008 ഡിസംബറില്‍ മംഗലാപുരത്ത് മോത്തിമഹലില്‍ നടന്ന ഫാഷന്‍ഷോ അലങ്കോലപ്പെടുത്തി. 2009 ജനുവരി 24ന് മംഗലാപുരത്തെ പ്രമുഖ പബില്‍ കയറി പെണ്‍കുട്ടികളെ കൈയേറ്റം ചെയ്തതോടെയാണ് സേനയുടെ കുപ്രസിദ്ധി വര്‍ധിച്ചത്. ആണ്‍കുട്ടികളൊത്ത് കുടിച്ചുകൂത്താടിയെന്നായിരുന്നു പെണ്‍കുട്ടികള്‍ക്കെതിരായ സേനയുടെ 'ധര്‍മപ്പൊലീസി'ന്റെ ചാര്‍ജ്ഷീറ്റ്. തൊട്ടടുത്ത മാസം ഫെബ്രുവരി ആറിന് അന്യസമുദായത്തിലെ ആണ്‍കുട്ടിയോടുള്ള സൗഹൃദത്തിന് കാസര്‍കോട് എം.എല്‍.എയുടെ മകളെ തട്ടിക്കൊണ്ടുപോയി ശിക്ഷിക്കാനും വാലന്‍ൈറന്‍ ദിനത്തിനെതിരെ പരസ്യഭീഷണിയുമായി രംഗത്തിറങ്ങാനും മുത്തലികും പ്രഭൃതികളും ഉദ്യുക്തരായി.

'സദാചാരപൊലീസി'ന്റെ വേഷം കെട്ടിയുള്ള ഈ അഴിഞ്ഞാട്ടങ്ങളെല്ലാം കണ്ണില്ലാത്ത കാവിപ്പട നടത്തിയത് 'സംസ്‌കാര'ത്തിന്റെ മുഖാവരണമണിഞ്ഞാണ്. ആ മുഖംമൂടിയാണ് ഒളികാമറ ഓപറേഷനിലൂടെ അഴിഞ്ഞുവീണിരിക്കുന്നത്. പണത്തിനുവേണ്ടി പിണമാകാനല്ല, കലാപങ്ങളിലൂടെ പിണവും നിണവുംകൊണ്ട് ഹോളിയാഘോഷിക്കാന്‍തന്നെ തങ്ങളൊരുക്കമാണെന്നാണ് ഹിന്ദുത്വവും സനാതനധര്‍മവുമൊക്കെ പ്രഘോഷിക്കുന്ന ഇക്കൂട്ടര്‍ തെളിയിച്ചിരിക്കുന്നത്. 13ാം വയസ്സില്‍ ആര്‍.എസ്.എസ് ശാഖയില്‍ കുറുവടിയേന്തി ബജ്‌റംഗ്ദള്‍, വി.എച്ച്.പി, ശിവസേനാക്യാമ്പുകളിലെ അനുഭവങ്ങളിലൂടെ വളര്‍ന്ന മുത്തലിക് അവക്കൊന്നും ഹൈന്ദവ ധര്‍മക്കൂറും ഫാഷിസ്റ്റ്‌വീറും പോരെന്നുതോന്നിയാണ് സ്വന്തമൊരു ചട്ടമ്പിക്കൂട്ടത്തിനു വട്ടംകൂട്ടിയത്. ഹിന്ദുമതത്തെയും ദൈവങ്ങളെയും ധര്‍മങ്ങളെയും ഉയര്‍ത്തിപ്പിടിച്ച് ഈ അസുരവിത്തുകള്‍ നടത്തുന്ന കോപ്രായങ്ങള്‍ക്കു പിന്നില്‍ നാലു കാശാണ് കാര്യം. അതിനുവേണ്ടി ഏതു പൈശാചികതയും വഴങ്ങുന്ന ക്വട്ടേഷന്‍സംഘമായി അവര്‍ മാറിക്കഴിഞ്ഞു എന്ന് സ്റ്റിങ് ഓപറേഷന്‍ കാഴ്ചകള്‍ വ്യക്തമാക്കുന്നു.

മുത്തലികിന്റെ മുട്ടാളക്കൂട്ടം മാത്രമല്ല, വര്‍ഗീയതയുടെയും സ്വന്തം മഹിമാവാദത്തിലൂന്നിയ പരമത-സംസ്‌കാരവൈരത്തിന്റെയും പുരപ്പുറത്തു കയറി കൂവുന്ന മുഴുവന്‍ ഫാഷിസ്റ്റുസംഘങ്ങളും പുറംപൂച്ചിലൊളിപ്പിച്ചത് ഈ സാമ്പത്തികതാല്‍പര്യം തന്നെയാണ്. ഫാഷിസ്റ്റുനേതാക്കളുടെ വ്യക്തിജീവിതം മുതല്‍ അവരുടെ ആശീര്‍വാദത്തിലും മുന്‍കൈയിലും നടക്കുന്ന വര്‍ഗീയകലാപങ്ങളുടെ പിന്നാമ്പുറം വരെ പരതിയാല്‍ ബോധ്യമാകുന്നതാണ് ഇക്കാര്യം. സ്വന്തം വീട്ടില്‍ പൂജാമുറി പോലും ഒരുക്കാതെ നാട്ടില്‍ രാമദൈവത്തിനുവേണ്ടി തേരുതെളിച്ചവരാണല്ലോ മുത്തലികിന്റെ മുമ്പേ നടക്കുന്നവര്‍. വെറുമൊരു സിഖുകാരനായ സാക്ഷാല്‍ എല്‍.കെ. അദ്വാനി ഹിന്ദുത്വവര്‍ഗീയതയുടെ നേതൃസ്ഥാനമുറപ്പിക്കാന്‍ പെട്ട പെടാപാടുകളുടെ കൗതുകകരമായ വിവരങ്ങള്‍ അദ്ദേഹത്തിന്റെ മരുമകള്‍ ഗൗരി അദ്വാനി ലിബര്‍ഹാന്‍ കമീഷനുമുന്നില്‍ പണ്ട് വെളിപ്പെടുത്തിയതാണ്. രാമക്ഷേത്രനിര്‍മാണത്തിന്റെ പേരില്‍ നടത്തിയ രഥയാത്രക്കിടെ ലഭിച്ച ഹിന്ദുദേവീദേവന്മാരുടെ വെള്ളിയില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ മുംബൈയിലെത്തിച്ച് ഉരുക്കിയെടുത്തതും അതൊക്കെ അദ്വാനിയുടെ വീട്ടില്‍ അടുക്കളപ്പാത്രങ്ങളും കറിക്കത്തികളുമായി പുനരവതരിച്ചതുമടക്കം ഗൗരി അദ്വാനി കമീഷനു കൊടുത്ത മൊഴിയിലുണ്ട്. ജനസമ്മിതിക്കുവേണ്ട ആയുധം എന്നതിലപ്പുറം ഹിന്ദുത്വ വര്‍ഗീയവാദികളുയര്‍ത്തിപ്പിടിക്കുന്ന മത, സാമുദായിക, ദേശീയവികാരത്തില്‍ ഒന്നുമില്ലെന്നര്‍ഥം. രാജ്യഭരണം കൈയേന്തിയ ഘട്ടത്തില്‍ പോലും അതവര്‍ കാണിച്ചുതന്നിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധവേളയില്‍ രാജ്യം മുഴുവന്‍ ദേശീയതയുടെ ഊറ്റം ഊതിവീര്‍പ്പിച്ച് നടന്ന് പിന്നാമ്പുറത്ത് ശവപ്പെട്ടി കച്ചവടം പൊടിപൊടിക്കുകയായിരുന്നല്ലോ അന്ന്. ആശാന്മാരുടെ വഴിയിലൂടെ പിഴക്കാതെ തന്നെയാണ് ശിഷ്യരുടെയും പോക്കെന്നു മുത്തലിക് തെളിയിക്കുന്നു.

ഈ ക്വട്ടേഷന്‍ചട്ടമ്പികളെ തിരിച്ചറിയാനും തിരസ്‌കരിക്കാനും സമൂഹം തയാറാവണം. ഹൈന്ദവതയുടെയും ഭാരതീയതയുടെയും മറപറ്റിയുള്ള ഈ കലാപരാഷ്ട്രീയക്കാരെ മത,സമുദായനേതൃത്വവും രാഷ്ട്രീയപാര്‍ട്ടികളും തള്ളിപ്പറയണം. 45 കേസുകളില്‍ ചാര്‍ജ് ചെയ്യപ്പെട്ടിട്ടും മുത്തലികും കൂട്ടാളികളും മുട്ടുമടക്കിയിട്ടില്ല. കലാപക്കച്ചവടക്കാരായ ഈ കൊടുംഭീകരന്മാരെ പാട്ടിനു വിട്ടാണ്, ഉര്‍ദുവില്‍ സംസാരിച്ചതിന് തൊപ്പിയും താടിയും വെച്ച പാവം വയോധികനെ വിമാനത്തില്‍ നിന്ന് പിടിച്ചിറക്കി തിഹാര്‍ ജയിലിലടച്ച് നമ്മുടെ പൊലീസും പട്ടാളവും ഭീകരവിരുദ്ധ യുദ്ധത്തിന്റെ ചാമ്പ്യന്‍ ഞെളിയുന്നത്. നിരപരാധികളെ വേട്ടയാടുന്ന നിഴല്‍യുദ്ധം നടത്തിയല്ല, കലാപവും വംശഹത്യയും വിപണനം ചെയ്യുന്ന, ശവവും ശവപ്പെട്ടിയും വിറ്റു പെറുക്കുന്ന പൈശാചിക കൊലയാളിസംഘങ്ങളെ നിയമത്തിന്റെ വഴിക്കു നടത്തിയാണ് ഭീകരതക്കെതിരായ വിട്ടുവീഴ്ചയില്ലാ നിലപാടിലെ ആര്‍ജവം രാജ്യം തെളിയിക്കേണ്ടത്.

No comments: