തിരുത്തും, വീണ്ടും തിരുത്താനായി തെറ്റിക്കും
Monday, May 24, 2010
കോണ്‍ഗ്രസ് എസിനും ഐ.എന്‍.എല്ലിനും സഖ്യഭാഗ്യം മാത്രം. പി.സി.തോമസിന്റെ ഒരു കഷണം കേരളകോണ്‍ഗ്രസിനാകട്ടെ ഘടകകക്ഷിയോഗം. കലികാലമെന്നല്ലാതെ എന്തു പറയാന്‍! കൈമെയ് മറന്ന് കൂടെ നിന്നവരാണ് കോണ്‍ഗ്രസ് എസും ഐ.എന്‍.എല്ലും. അപകടങ്ങളില്‍ ഒപ്പംനിന്ന് ഇടതുമുന്നണിയെ തുണച്ചവര്‍. എത്രയോ അവസരങ്ങളുണ്ടായി അവര്‍ക്ക് യു.ഡി.എഫില്‍ ചേക്കേറാന്‍. രാമചന്ദ്രന്‍ കടന്നപ്പള്ളിയാകട്ടെ, എ.കെ.ആന്റണിക്കൊപ്പം തലയെടുപ്പോടെ നിന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. ആന്റണിക്കൊപ്പം എല്‍.ഡി.എഫ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നെങ്കില്‍ ഇപ്പോള്‍ എത്രവട്ടം മന്ത്രിക്കസേര അലങ്കരിച്ചേനെ. എല്ലാം ത്യജിച്ചതാണ്. ഇടതുപക്ഷപ്രേമം മാത്രമല്ല, തത്ത്വാധിഷ്ഠിതരാഷ്ട്രീയം എന്നൊന്നുണ്ടെന്നും അത് ഇടതുപക്ഷത്താണെന്നും ചെറുപ്രായത്തില്‍ തെറ്റിദ്ധരിച്ചുപോയി. ഇപ്പോഴാകട്ടെ, ആ ധാരണ ജീവിതശൈലിയായി മാറിയിരിക്കുന്നു. ഇനി ഈ വയസ്സുകാലത്ത് അതൊക്കെ മാറ്റാനാകുമോ?
ഐ.എന്‍.എല്‍ ആണെങ്കില്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടിന്റെ കാലം മുതല്‍ ഇടതുമുന്നണിക്കൊപ്പം കൂടിയതാണ്. ഇലക്ഷന്‍ എത്ര കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ എത്ര തവണ മുന്നണിക്കായി ജോലി ചെയ്തു. സീറ്റു നല്‍കിയില്ലെന്നല്ല. ജയിക്കാത്ത ചില സീറ്റുകള്‍ നിയമസഭാതെരഞ്ഞെടുപ്പുകളില്‍ നല്‍കിയിട്ടുണ്ട്. അപവാദമെന്നോണം ഒറ്റക്കും തെറ്റക്കും ജയിച്ചിട്ടുമുണ്ട്. പക്ഷേ, വേലിക്കു പുറത്താണ് ഇപ്പോഴും സ്ഥാനം. മുന്നണിയില്‍ കൂട്ടുന്ന കാര്യം പറഞ്ഞാല്‍ പൊല്ലാപ്പായി. എന്നാണ് ഈ അയിത്തം മാറുക?
പി.സി.തോമസ് ഭാഗ്യവാന്‍. ആര്‍.എസ്.എസിനോടൊപ്പം മത്സരിക്കുകയും ജയിക്കുകയും അവരുടെ കേന്ദ്രമന്ത്രിസഭയില്‍ മന്ത്രിയാകുകയും ചെയ്തു. ആ മല്‍സരത്തില്‍ വര്‍ഗീയത പറഞ്ഞ് വോട്ടുപിടിച്ചതിന് തെരഞ്ഞെടുപ്പു കമീഷന്‍ മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ച് നാവെടുത്തില്ല. അതിനുമുമ്പ് തോമസ് ഇടതുമുന്നണിക്കുള്ളിലായി. അതാണ് മിടുക്ക്. ഇടതുമുന്നണിക്ക് അവിശുദ്ധസഖ്യത്തിലൂടെയാണ് അന്ന് തോമസ് പാര്‍ലമെന്റിലേക്ക് ജയിച്ചത്. അതും ഇടതുമുന്നണി സ്ഥാനാര്‍ഥിയെ എണ്ണം പറയാനില്ലാത്ത ചെറുമാര്‍ജിനില്‍ തോല്‍പിച്ചുകൊണ്ട്.
തെറ്റുതിരുത്തല്‍ ശൈലി ഇടതുപക്ഷത്ത് സി.പി.എം മാത്രം കൈയടക്കി വച്ചിരിക്കുന്ന അടവുനയമാണ്. അവര്‍ ഇടക്കിടെ തിരുത്തും തിരുത്താന്‍ വേണ്ടി തെറ്റു ചെയ്യും. അങ്ങനെ തിരുത്താനായി കേന്ദ്രകമ്മിറ്റിയോഗങ്ങള്‍ കാലാകാലം കൂടിക്കൊണ്ടിരിക്കും. അജണ്ടക്കായി സംസ്ഥാനസമിതിക്കും അംഗങ്ങള്‍ക്കും തെറ്റുകള്‍ ചെയ്യാതെ മാര്‍ഗമില്ലല്ലോ. സാമുദായികവും വിശ്വാസപരവുമായ ചടങ്ങുകളില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി തെറ്റുതിരുത്തല്‍ രേഖവഴി ആവശ്യപ്പെട്ടിട്ട് എതാനും മാസങ്ങളേ ആയിട്ടുള്ളു. അതിനിടെ എത്രയാ സംഭവങ്ങള്‍!
സന്ദര്‍ഭവശാല്‍ ഓര്‍ത്തുപോയതാണ്. രണ്ടാഴ്ച മുമ്പാണ് സംഭവം. കോട്ടയത്ത് മാതാ അമൃതാനന്ദമയിക്ക് സ്വീകരണം. 30 വര്‍ഷത്തിനു ശേഷമാണ് കോട്ടയത്ത് ഇതുപോലൊന്ന് നടക്കുന്നത്. ചടങ്ങില്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടുണ്ട്. മുനിസിപ്പല്‍ചെയര്‍മാനും രണ്ട് എം.എല്‍.എമാരുമുണ്ട്. അതിലൊന്ന് സി.പി.എമ്മിന്റെ വി.എന്‍.വാസവനാണ്. വാസവന് 'അമ്മ'യെ സ്വീകരിക്കാന്‍ ഒരുമടിയുമുണ്ടായില്ല. ചടങ്ങുകളില്‍ ഭക്തിപുരസ്സരം പങ്കെടുത്തു. കുട്ടികളുടെ സ്‌കോളര്‍ഷിപ്പു വിതരണം ഭക്ത്യാദരപൂര്‍വം നിര്‍വഹിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പങ്കെടുക്കുന്ന ചടങ്ങില്‍പോലും വാസവന്‍ ഇത്ര വിനയാന്വിതനാകുമോയെന്ന് കണ്ടറിയണം.
തെറ്റുതിരുത്തല്‍ രേഖ കീഴ്ഘടകങ്ങളില്‍ ചര്‍ച്ചചെയ്തു വരുന്നതേയുള്ളൂ. അതിനിടയിലാണ് വാസവന്റെ മാതൃവന്ദനം. ഇനി തെറ്റുതിരുത്തല്‍ രേഖയില്‍ അമൃതാനന്ദമയിക്ക് കേന്ദ്രകമ്മിറ്റി എന്തെങ്കിലും ഇളവു നല്‍കിയിട്ടുണ്ടോയെന്നു വ്യക്തമല്ല. എന്തായാലും വാസവന്റെ ധീരകൃത്യം സംസ്ഥാനസമിതിയിലോ ജില്ലാ സമിതിയിലോ ചര്‍ച്ചാവിഷയമായതായി അറിവില്ല.
ഈവക കാര്യങ്ങളില്‍ വാസവന്റെയും പി.സി. തോമസിന്റെയും സാങ്കേതികവൈദഗ്ധ്യം ഇല്ലാത്തതിനാലാകാം കൊല്ലം മേയറായിരുന്ന പത്മലോചനന്‍ ഔട്ടായത്. മുന്‍പറഞ്ഞവരുടെ കഥകള്‍ നോക്കിയാല്‍ പത്മലോചനന്‍ വലിയ കുറ്റമൊന്നും ചെയ്തിട്ടില്ല. ആര്‍.എസ്.എസിന്റെ സംസ്ഥാന സമ്മേളനമായ സംഘിക്കിനുള്ള സ്വാഗതസംഘം ഓഫിസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഒരു വിളക്കു കത്തിച്ചതാണ് പൊല്ലാപ്പായത്. ഹെഗ്‌ഡേവാറിന്റെയും ഗോള്‍വല്‍ക്കറിന്റെയും ചിത്രങ്ങള്‍ക്കുമുന്നിലായിരുന്നു, ഈ ആന്റി പ്രോലിറ്റേറിയന്‍ വിളക്കെന്നത് യാദൃച്ഛികം മാത്രം. എന്നിട്ടും പത്മലോചനന് മേയര്‍പദവി രാജിവെക്കേണ്ടിവന്നു. പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷനും കിട്ടി.
പാര്‍ട്ടിയുടെ ഭാരവാഹികളും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ലളിത ജീവിതശൈലി സ്വീകരിക്കണമെന്നും മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുകയോ പങ്കെടുകയോ ചെയ്യരുതെന്നും മതാനുഷ്ഠാനങ്ങള്‍ സ്വയം ചെയ്യരുതെന്നുമാണ്, 2009 ഡിസംബര്‍ മൂന്നിന് ഇറക്കിയ പാര്‍ട്ടി കത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളത്. ഈ കത്തു വായിച്ച ഡോ. മനോജ് കുരിശിങ്കല്‍ കുരിശുകണ്ട ചെകുത്താനെ പ്പോലെ വിരണ്ടുപോയി. പാര്‍ലമെന്റ് അംഗമായിരുന്ന കാലത്തൊന്നും ഇതുപോലൊരു രേഖ പാര്‍ട്ടിയുടേതായി തന്റെ മുന്നിലെത്തിയിട്ടില്ല. സഭയെ വിട്ടൊരു പ്രസ്ഥാനവും തനിക്കില്ലെന്നിരിക്കെ മനോജ് എങ്ങനെ പാര്‍ട്ടിയില്‍ തുടരും. സഭതന്നെ പ്രസ്ഥാനമായ എത്രയോപാര്‍ട്ടികള്‍ വേറെയുണ്ടെന്നിരിക്കെ പാര്‍ട്ടികത്തിന്റെ കുരിശുചുമക്കാന്‍ മനോജും തയാറായില്ല. കേന്ദ്രകമ്മിറ്റി ഇങ്ങനെ ഇടക്കിടെ പല തമാശകളും എഴുതിവിടാറുണ്ടെന്നും കാര്യമാക്കേണ്ടെന്നും പറഞ്ഞുകൊടുക്കാന്‍ ആളുണ്ടായിരുന്നുവെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കുവേണ്ടി മല്‍സരിക്കാന്‍ അദ്ദേഹം ത്യാഗ സന്നദ്ധനാകുമായിരുന്നു. പത്മലോചനനെ പറ്റിച്ചതാണെന്നാണ് പിന്നാമ്പുറസംസാരമെങ്കില്‍ ഡോക്ടര്‍ക്കു സ്വയം പറ്റിയതാണ് അബദ്ധം. ഇതേ അബദ്ധം പറ്റിയ അബ്ദുല്ലക്കുട്ടിയെ പോലെയുള്ള വേറെയും ആളുകള്‍ പാര്‍ട്ടിയില്‍ നിന്നു വിടപറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പ് വരികയാണ്. തെരഞ്ഞെടുപ്പില്‍ ജയമാണ് പ്രധാനം. ജയിച്ചാല്‍ കീര്‍ത്തിലാഭമുണ്ടാകുമെന്നതുപോലെ തോറ്റാല്‍ സ്വര്‍ഗലാഭമുണ്ടാകുമെന്നു പറയുന്നവര്‍ ഭൗതിക വാദികളല്ല. ജയിച്ചാലേ പാര്‍ട്ടിയെയും ജനത്തെയും പിടിച്ചുനിര്‍ത്താനാകൂ. പഴയതുപോലെ തത്ത്വശാസ്ത്രത്തിന്റെ പിന്നാലെ പായാന്‍ ആളെ കിട്ടില്ല. അതിനാല്‍ ജയത്തിനായി എന്തുമാകാം. അടവുകള്‍ പ്രധാനമാണ്. പരാജയപ്പെടുന്നവന് ഗള്‍ഫില്‍ പോയാല്‍ പോലും പിരിവ് ലഭിക്കില്ല. അതിനാല്‍ തിരുത്തല്‍രേഖ അവിടെ നില്‍ക്കട്ടെ. പി.സി.തോമസിനെ കൂടെ നിര്‍ത്തിയേ പറ്റൂ. സംഘ്പരിവാറിനും സാംഘികച്ചടങ്ങുകള്‍ക്കും ഒരു മധ്യവര്‍ത്തി അനിവാര്യമാണ്. തൊട്ടവനെ തൊട്ടാല്‍ തീണ്ടലുണ്ടാകില്ലെന്നത് പണ്ടും ശീലിച്ച കാര്യമാണ്. അന്ന് ആ വക അടവുനയങ്ങള്‍ക്ക് ആദര്‍ശപരിവേഷം നല്‍കാന്‍ ഇ.എം.എസിനെ പോലുള്ള ബുദ്ധിരാക്ഷസന്മാരുണ്ടായിരുന്നു. ഇന്നും രാക്ഷസന്മാര്‍ കൂടെയുണ്ടെങ്കിലും ബുദ്ധിയുള്ളവര്‍ കുറവാണ് എന്ന പോരായ്മയുണ്ട്. അല്ലെങ്കില്‍ ഇപ്പോള്‍ ആര്‍ക്കുവേണം ഈ ആദര്‍ശ പരിവേഷം?
കഴിഞ്ഞ കാലങ്ങളില്‍ ന്യൂനപക്ഷ പിന്നാക്കവിഭാഗങ്ങളായിരുന്നു, ഇടതുമുന്നണിയുടെ അടിത്തറ. ഇക്കുറി അതില്‍ ആ മുന്നണിക്കും സി.പി.എമ്മിനും വലിയ പ്രതിപത്തിയില്ലാത്ത മട്ടാണ്. അതുകൊണ്ടാണ് എന്‍.എസ്.എസിനെയും മറ്റും നമ്പാന്‍ തുടങ്ങിയത്. സാമ്പത്തികസംവരണത്തിന് അനുകൂലമായി എന്‍.എസ്.എസിനുവേണ്ടി സുപ്രീംകോടതിയില്‍ നിന്നുകൊടുത്തതിനു പുറമേ രാജ്യസഭാംഗത്വം അവര്‍ക്കു താല്‍പര്യമുള്ളവര്‍ക്കു നല്‍കി സന്തോഷിപ്പിച്ചു. നിയമസഭാ സബ്ജക്ട് കമ്മിറ്റിക്കു വിട്ട ദേവസ്വംബില്‍ ഇല്ലായ്മ ചെയ്യാന്‍തന്നെ മുന്നണിയെ കൊണ്ട് തീരുമാനമെടുപ്പിച്ചു. അതിനും പുറമേ മന്ത്രിമാരുടെ ടൂര്‍ പ്രോഗ്രാം തന്നെ പെരുന്നവഴിയാക്കാനും വേണ്ട ഒത്താശകള്‍ ചെയ്തിട്ടുണ്ട്. അതിനൊന്നും തിരുത്തല്‍ രേഖ പ്രതിബന്ധമേയല്ല.
കുടുങ്ങിയത് ഐ.എന്‍.എല്ലാണ്. മുസ്‌ലിംലീഗുകാര്‍ ക്ഷണിച്ചതാണ്. കുഞ്ഞാലിക്കുട്ടി വിളിച്ചപ്പോള്‍ കൂടെ പോയിരുന്നുവെങ്കില്‍ നേരത്തേ മല്‍സരിച്ച സീറ്റുകള്‍ ലഭിക്കുമായിരുന്നു, അന്ന് മടിച്ചുനിന്നു. പിന്നെ പിന്‍ വിളിക്കായി പുറംതിരിഞ്ഞു നിന്നു. അതിനിടെയാണ്, ജോസഫ്ഗ്രൂപ്പ് പണിപറ്റിച്ചത്. അവര്‍ മാണിഗ്രൂപ്പുമായി ആരോരുമറിയാതെ ചേര്‍ന്നുകളഞ്ഞു. അതിന്റെ പേരില്‍ യു.ഡി.എഫിലും കോണ്‍ഗ്രസിലും ഉണ്ടായ പൊല്ലാപ്പ് കണ്ട് പകച്ചുപോയി. ഇനി നമ്മളുംകൂടി ചെന്നാല്‍ എന്തൊക്കെയുണ്ടാകുമെന്നു ശങ്കിക്കവേയാണ്, ഇടതുമുന്നണിയില്‍ ഘടകകക്ഷിയാക്കാമെന്ന പ്രലോഭനമുണ്ടായത്. ശൈത്താനാണ് ഇക്കുറിയും പണി പറ്റിച്ചതെന്നറിയാന്‍ വൈകി. പ്രലോഭനം അതിന്റെ വഴിയേ പോയി. അകത്തുകയറാന്‍ ഇക്കുറിയും യോഗമുണ്ടായില്ല. ഐ.എന്‍.എല്ലിനെ മുന്‍നിര്‍ത്തിയാല്‍ ആരുമായി സഖ്യമുണ്ടാക്കാനാണ് സി.പി.എമ്മിനു കഴിയുക? പണ്ട് ലീഗുമായി അടവുനയമുണ്ടാക്കിയിട്ടുണ്ട്. അന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലായിരുന്ന ലീഗ് അതിനു വഴങ്ങുമായിരുന്നു. ഇപ്പോള്‍ അധികാരം കൈയെത്തും ദൂരത്തുനില്‍ക്കെ ലീഗിന് അതിനെപറ്റി ചിന്തിക്കാന്‍ പോലും സമയമില്ല. അതിനാല്‍ ഐ.എന്‍.എല്ലിനെ ലീഗുമായുള്ള ലിങ്കാക്കാനുള്ള സാധ്യതയുമില്ല. പിന്നെന്തിന് ഘടകകക്ഷിയാക്കണം?
എന്നാല്‍ പി.സി.തോമസിനെ കൂടെ നിര്‍ത്തിയാല്‍ പലതും നേടാനാകും. വോട്ട് മൊത്തമായും ചില്ലറയായും വിതരണം ചെയ്തു ശീലമുള്ള സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നയാളാണ്, പി.സി.തോമസ്. ഈ സന്ദിഗ്ധഘട്ടത്തില്‍ അവരാണ് ആവശ്യം. അമൃതാനന്ദമയിയുടെ ചടങ്ങില്‍ പങ്കെടുക്കുന്ന എം.എല്‍.എയെയും ആവശ്യമാണ്. അതൊക്കെ അടവുനയത്തിന്റെ ഭാഗങ്ങളാണ്. നിയമസഭാതെരഞ്ഞെടുപ്പിന് ഇനിയുമുണ്ട് പത്തുമാസത്തിലേറെ. അതിനിടെ പലതും ഇനി കാണാന്‍ കിടക്കുന്നതേയുള്ളൂ.
1 comment:
കമന്റ് എഴുതാന്‍ ക്ലിക്കിയപ്പോളാണ് മോഡറേഷന്‍ കണ്ടത്. മോഡറേഷനുള്ള ബ്ലോഗില്‍ കമന്റുന്നത് ഇഷ്ടമല്ല.അതുകൊണ്ട് വേറൊന്നും എഴുതുന്നില്ല.
Post a Comment