Friday, May 28, 2010

ജനങ്ങളെ കുരങ്ങുകളിപ്പിക്കരുത്

ജനങ്ങളെ കുരങ്ങുകളിപ്പിക്കരുത്

Thursday, May 27, 2010
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ജനകീയസമരങ്ങള്‍ക്കൊടുവില്‍ കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഐകകണ്ഠ്യേന ഒരു തീര്‍പ്പിലെത്തുകയും അക്കാര്യം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നയിച്ച സര്‍വകക്ഷിസംഘം കേന്ദ്രത്തെ നേരില്‍കണ്ട് അറിയിക്കുകയും ചെയ്തു. 30 മീറ്റര്‍ വീതിയില്‍ തന്നെ പുതിയ വികസനപദ്ധതി നടപ്പാക്കുക, വികസിപ്പിക്കുന്ന പാത ബി.ഒ.ടി വ്യവസ്ഥയില്‍ നിന്നൊഴിവാക്കുക എന്നീ ജനകീയാവശ്യങ്ങള്‍ അംഗീകരിച്ചാണ് ദേശീയപാതയുടെ പേരില്‍ ഉയര്‍ന്ന ആശങ്കകള്‍ അകറ്റണമെന്ന് കേരളം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത്. കേന്ദ്രത്തില്‍നിന്ന് ഇക്കാര്യത്തില്‍ തീരുമാനം വന്നുകിട്ടുവോളം സ്ഥലമെടുപ്പ് പ്രക്രിയ നിര്‍ത്തിവെച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പാതയുടെ പേരില്‍ കുടിയിറക്കപ്പെടുന്ന ജനങ്ങളാകട്ടെ, പ്രക്ഷോഭപരിപാടികള്‍ നിര്‍ത്തിവെച്ച്, സര്‍വകക്ഷിനീക്കത്തില്‍ വിശ്വാസമര്‍പ്പിച്ച് ഔദ്യോഗികനടപടികള്‍ക്കായി കാത്തിരിക്കുകയാണ്.

ഒരു പ്രാവശ്യം ഭൂമി നല്‍കിയവര്‍തന്നെ പിന്നെയും ഭൂമി വിട്ടുകൊടുക്കേണ്ടി വരുന്നത് കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും ജനിച്ചപ്പോള്‍ മുതല്‍ സ്വതന്ത്രരായി നടക്കുന്ന റോഡില്‍ സഞ്ചരിക്കാന്‍ ഇനി പൈസ കൊടുക്കണമെന്നു പറഞ്ഞാല്‍ നടപ്പില്ലെന്നും സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി കട്ടായം പറഞ്ഞതാണ്. ദേശീയപാത മുപ്പതു മീറ്റര്‍ മതിയെന്നും 2005 നവംബര്‍ എട്ടിനു ചേര്‍ന്ന യോഗത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യം തീരുമാനിച്ചതാണെന്നും നിലവില്‍തന്നെ മുപ്പതുമീറ്ററില്‍ നാലുവരിപ്പാത ഇരിക്കെ ഇനിയും അതുതന്നെ ചെയ്താല്‍ മതിയാകുമെന്നും പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും ഉറപ്പിച്ചു പറഞ്ഞു. ദേശീയപാത 60 മീറ്ററോ 45 മീറ്ററോ കേരളത്തില്‍ പണിയാനാവില്ലെന്നും ഇവിടെ 30 മീറ്ററില്‍ നല്ലനിലയില്‍ റോഡുണ്ടാക്കിയാല്‍ മതിയാകുമെന്നും അല്‍പം സ്പീഡ് കുറയുന്നത് സഹിക്കാമെങ്കില്‍ ഇക്കാര്യം പരിഗണിക്കാമെന്നും നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ബ്രിജേശ്വര്‍സിങ്ങും അഭിപ്രായപ്പെട്ടു. ഇതെല്ലാം മുന്നില്‍വെച്ച് ഒരു വിധ ആശയക്കുഴപ്പവുമില്ലാതെ സംസ്ഥാനം സമവായത്തില്‍ എത്തിച്ചേര്‍ന്ന പ്രശ്നത്തില്‍ കേന്ദ്ര^സംസ്ഥാനസര്‍ക്കാറുകളുടെ ഭാഗത്തുനിന്നുള്ള പ്രായോഗികചുവടുകളാണ് പതിനായിരങ്ങള്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ അവരുടെ പ്രതീക്ഷകളെയും ജനകീയകേരളത്തിന്റെ മുന്നേറ്റത്തെയും അട്ടിമറിക്കാനുള്ള കൊണ്ടുപിടിച്ച നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. കേന്ദ്രസര്‍ക്കാറിന്റെ വാലായി നില്‍ക്കാന്‍ ബാധ്യസ്ഥമായ കോണ്‍ഗ്രസിന്റെ നേതാക്കളാണ് സര്‍വകക്ഷിയോഗത്തിലെ വാദങ്ങള്‍ വിഴുങ്ങി കരണംമറിച്ചിലിന്റെ ആദ്യസൂചനകള്‍ പ്രകടിപ്പിച്ചത്. എന്നാല്‍ 'മുഖംനോക്കാത്ത വികസനത്തില്‍ വലതുപക്ഷ, ബൂര്‍ഷ്വാകോണ്‍ഗ്രസിനെ പിന്തള്ളാന്‍ മല്‍സരിക്കുന്ന, സംസ്ഥാനസര്‍ക്കാറിനെ നയിക്കുന്ന മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ സമുന്നതനേതാവും മന്ത്രിയും കൂടി സര്‍വകക്ഷി തീരുമാനത്തിനെതിരെ രംഗത്തുവന്നിരിക്കുന്നു. പാതയുടെ വീതി സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി വീണ്ടും സര്‍വകക്ഷിയോഗം വിളിക്കണമെന്നാണ് സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്റെ ആവശ്യം. റോഡിന്റെ വീതി 45 മീറ്ററെങ്കിലുമായി അംഗീകരിച്ച് പദ്ധതി നഷ്ടപ്പെടാതെ നോക്കണമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി പാലോളി മുഹമ്മദ്കുട്ടിയും. 60 മീറ്റര്‍ വീതി വേണമെന്ന കേന്ദ്ര ആവശ്യം കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് 45ലേക്ക് ചുരുക്കികിട്ടിയതാണെന്ന് പറയുന്ന മന്ത്രി ഈ വിഷയത്തില്‍ സമരം സംഘടിപ്പിച്ച് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയെ തോല്‍പിക്കാന്‍ നോക്കേണ്ടെന്ന് മുന്നറിയിപ്പും നല്‍കുന്നു.

അടുത്തിടെ കേന്ദ്ര റോഡ്ഗതാഗത ഹൈവേ സഹമന്ത്രി ആര്‍.പി.എന്‍ സിങ് കേരളത്തിലെത്തി സര്‍വകക്ഷിയോഗ തീരുമാനത്തില്‍ നിന്നു സംസ്ഥാനത്തെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. തൊട്ടുടനെ, കേരളത്തിന്റെ തീരുമാനത്തിനെതിരായ പ്രസ്താവനയുമായി സംസ്ഥാന ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ രംഗത്തുവന്നു. അതിനനുബന്ധമായാണിപ്പോള്‍ മുന്നണി നേതൃകക്ഷിയുടെ തന്നെ അകമ്പടി. ഇപ്പോള്‍ പ്രതിപക്ഷനേതാവിനും ചര്‍ച്ചവേണമെന്നായി. ഏതു പ്രതിലോമ വികസനത്തിന്റെയും വക്താക്കള്‍ക്ക് കുഴലൂതുകയും അതിന്റെ ജനപക്ഷ പ്രത്യാഘാതങ്ങള്‍ക്കുനേരെ കണ്ണടക്കുകയും ചെയ്യാറുള്ള ഒരു പിടി മാധ്യമങ്ങളും പാതയുടെ വീതികൂട്ടല്‍ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. എല്ലാവരും ചേര്‍ന്ന് കേന്ദ്രത്തിന്റെ പഴയ സ്ഥലമെടുപ്പ് തീരുമാനം ജനമനസ്സില്‍ വീണ്ടും അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിലാണ്.

ദേശീയപാത വികസനത്തെ ആരും എതിര്‍ത്തിട്ടില്ല. 2001ല്‍ വികസനത്തിന്റെ ആദ്യഘട്ടത്തില്‍ 30 മീറ്റര്‍ സ്ഥലം ആളുകള്‍ ബഹളമൊന്നുമില്ലാതെ വിട്ടുകൊടുത്തതാണ്^1972 മുതല്‍ റോഡ്വികസനമെന്നു കേട്ട് സ്വന്തം വീട്ടിലോ പുരയിടത്തിലോ ഒരു വികസനപ്രവര്‍ത്തനവും നടത്താനാവാതെ വന്ന നിവൃത്തികേടിലായിരുന്നു മൂത്തുകുന്നം^ഇടപ്പള്ളി പാതയോരത്തുള്ളവര്‍ പോലും. ഈ ആദ്യകുടിയിറക്കുമായി അവര്‍ പൊരുത്തപ്പെട്ടുവരുന്നതിനിടെയാണ് 15 മീറ്ററിന്റെ പേരില്‍ രണ്ടാംകുടിയിറക്കിന്റെ ഭീഷണി. നാലുവരിപ്പാതയായുള്ള വികസനത്തിന് 30 മീറ്റര്‍ മതിയാകുമെന്ന് ഔദ്യോഗികരേഖകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നേരത്തേ അംഗീകരിച്ചതാണ്. അങ്ങനെ മനോഹരമായി നിര്‍മിച്ച അങ്കമാലി^ചേര്‍ത്തല നാലുവരിപ്പാതയുമുണ്ട് കേരളത്തില്‍. എന്നിരിക്കെ 45 മീറ്റര്‍ തന്നെ വേണം എന്ന പിടിവാശിക്കുപിന്നില്‍, സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു സ്വകാര്യഏജന്‍സിയെ ഏല്‍പിക്കുന്നതാകയാല്‍ വിശേഷിച്ചും, വേറെ ചിലരുടെ 'വികസന'താല്‍പര്യങ്ങളാണ് എന്ന തിരിച്ചറിവാണ് ജനങ്ങളെ ശക്തമായ സമരത്തിലേക്ക് ഇറക്കിവിട്ടത്. മുഖ്യധാരാ രാഷ്ട്രീയസംഘടനകളൊക്കെ മുഖം തിരിച്ചുനിന്നിട്ടും, അധികാരമുപയോഗിച്ച് ബലംപ്രയോഗിച്ചിട്ടും സ്വന്തം മണ്ണില്‍നിന്ന് കുടിയിറക്കപ്പെടുന്നവരുടെ രോഷം അമര്‍ത്തിപ്പിടിക്കാനായില്ല. ഈ തിരിച്ചറിവില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ സര്‍വകക്ഷിയോഗത്തിനും ജനകീയാവശ്യങ്ങളുടെ അംഗീകാരത്തിനും വഴങ്ങുകയായിരുന്നു. ആ തീരുമാനങ്ങളുടെ മഷിയുണങ്ങുംമുമ്പേ അതില്‍നിന്നു പിറകോട്ടടിക്കുന്നവര്‍ ആരെയാണ് കുരങ്ങുകളിപ്പിക്കുന്നത്? ജനങ്ങളുടെ സാമാന്യബോധത്തെ ഈവിധം പരിഹസിക്കുന്നവര്‍ അതിന്റെ ന്യായങ്ങള്‍ വെളിപ്പെടുത്തട്ടെ. അതല്ല, ജനകീയപ്രക്ഷോഭത്തെ ആറ്റിത്തണുപ്പിക്കാനുള്ള ഉപായമായിരുന്നു സര്‍വകക്ഷിനാമത്തിലുള്ള ഈ കോപ്രായങ്ങളെങ്കില്‍, ജനകീയാവശ്യങ്ങള്‍ അംഗീകരിച്ചെന്നു വരുത്തിയ ശേഷം പിറകില്‍നിന്നുള്ള ഈ കുത്ത്  ജനം പൊറുക്കില്ല. അതിനവര്‍ തക്കരീതിയില്‍ പ്രതികാരം ചെയ്യാതിരിക്കയുമില്ല.

No comments: