മുസ്‌ലിം-ക്രൈസ്തവ വര്‍ഗീയത ശക്തിപ്പെടുന്നതോ സി.പി.എമ്മിന്റെ മൃദുഹിന്ദുത്വമോ?
എ.ആര്‍
Thursday, June 3, 2010
കേരളത്തില്‍ 44 ശതമാനത്തോളം വരുന്ന മുസ്‌ലിം-ക്രൈസ്തവസമുദായങ്ങള്‍ ഒരു കാലത്തും സംഘടിത സാമുദായികശക്തി പ്രകടിപ്പിക്കാതിരുന്നിട്ടില്ല. മുസ്‌ലിം സാമുദായിക രാഷ്ട്രീയശക്തിയായ മുസ്‌ലിംലീഗ് കോണ്‍ഗ്രസിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടികളെയും മാറി മാറി വരിച്ച് ഭരണത്തെ ഇടത്തോട്ടോ വലത്തോട്ടോ തിരിച്ചതാണ് സംസ്ഥാനത്തിന്റെ ഗതകാല ചരിത്രം. 1987ല്‍ സി.പി.എം ലീഗിന്റെ ഒരു കഷണവുമില്ലാതെ തെരഞ്ഞെടുപ്പ് ജയിച്ചുവെങ്കിലും തൊണ്ണൂറുകളില്‍ ലീഗ് പിളര്‍ന്ന് ഐ.എന്‍.എല്‍ രൂപവത്കൃതമായപ്പോള്‍ അവര്‍ക്ക് അഭയസങ്കേതമൊരുക്കിയത് ഇടതുമുന്നണിയാണ്. ഇന്നും ആ ബന്ധം അവസാനിപ്പിച്ചിട്ടില്ല. ആദ്യം കോണ്‍ഗ്രസില്‍ അണിനിരന്ന പാര്‍ട്ടിയെ സ്വാധീനിക്കാന്‍ ശ്രമിച്ച ക്രൈസ്തവസമുദായം 1965ല്‍ കേരള കോണ്‍ഗ്രസ് രൂപവത്കൃതമായതോടെ സ്വന്തമായ വിലപേശല്‍ ശക്തിയായി മാറി. കേരളകോണ്‍ഗ്രസ് പലതായി പിളര്‍ന്നാലും ഒന്നായി പുനരേകീകരിച്ചാലും സഭകളുടെ മാര്‍ഗനിര്‍ദേശത്തില്‍ തന്നെയാണവ പ്രവര്‍ത്തിക്കുന്നതെന്നത് രഹസ്യമല്ല. മാറി മാറിവരുന്ന സര്‍ക്കാറുകളെ ക്രൈസ്തവ സമുദായ താല്‍പര്യങ്ങള്‍ക്കനുസൃതമായി വഴക്കിയെടുക്കാന്‍ അവര്‍ക്ക് ഒരു പരിധിവരെ കഴിഞ്ഞിട്ടുമുണ്ട്. പ്രഥമ കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ കാലത്ത് ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസബില്ലിലൂടെ ക്രൈസ്തവ മാനേജുമെന്റുകളെ കടിഞ്ഞാണിടാന്‍ ശ്രമിച്ചതിന്റെ പ്രത്യാഘാതമായിരുന്നല്ലോ യഥാര്‍ഥത്തില്‍ വിമോചനസമരം. അതില്‍പിന്നെ ഒരൊറ്റ ഇടതുമുന്നണി സര്‍ക്കാറും സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളെ തൊട്ടുകളിക്കാന്‍ ധൈര്യപ്പെട്ടിട്ടില്ല. ഏറ്റവുമൊടുവില്‍ എം.എ ബേബി ആ സാഹസത്തിനു മുതിര്‍ന്നപ്പോള്‍ രണ്ടാം വിമോചനസമരത്തിന്റെ കാഹളം മുഴങ്ങിയതും നാം കണ്ടു. അതോടെ വാലുമടക്കിപ്പോയ ബേബിയും പാര്‍ട്ടിയും ഇപ്പോള്‍ സ്വകാര്യമാനേജുമെന്റുകളുടെ വിനീതവിധേയരാണ്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും എസ്.എഫ്.ഐയുടെയും കെ.എസ്.ടി.എയുടെയും വിപ്ലവവായാടിത്തമൊക്കെ ആവിയായിപ്പോയി.
ചുരുക്കത്തില്‍ മുസ്‌ലിംസാമുദായികതയോ ക്രൈസ്തവസാമുദായികതയോ കേരളത്തില്‍ ഒരു കാലത്തും തളര്‍ന്നിട്ടില്ല. 1987ല്‍ മാത്രം ശരീഅത്ത്കാര്‍ഡ് കളിച്ചപ്പോള്‍ ഇ.എം.എസ് നമ്പൂതിരിപ്പാടിന് ചക്കവീണ് മുയല്‍ കിട്ടി. അത്തവണ ഭൂരിപക്ഷവോട്ടുകള്‍ കുറച്ചധികം പെട്ടിയില്‍ വീണു. അധികാരത്തില്‍ വന്നതോടെ ഇ.എം.എസ് പറഞ്ഞതൊക്കെ വിഴുങ്ങി. ശരീഅത്ത് താന്‍ പഠിച്ചിട്ടില്ലെന്ന് തുറന്നുപറഞ്ഞു. ബഹുഭാര്യാത്വവും മുത്തലാഖുമൊന്നും ഇനിയും മുസ്‌ലിംസമുദായത്തില്‍ കുറ്റിയറ്റുപോയിട്ടില്ല. അന്നതിനെതിരെ പോരാട്ടം പ്രസക്തമായിരുന്നെങ്കില്‍ പിന്നീടും പ്രസക്തി തുടര്‍ന്നിട്ടേയുള്ളൂ. പക്ഷേ, സി.പി.എം എവിടെ? ജനാധിപത്യ മഹിള ഫെഡറേഷന്‍പോലും അതൊന്നും ഇഷ്യൂവാക്കുന്നില്ല. അന്ന് അത് പാര്‍ട്ടി ഇഷ്യൂവാക്കിയതിന്റെ ഉന്നം ഹിന്ദു വോട്ടുബാങ്കായിരുന്നു എന്നതിന് കൂടുതല്‍ തെളിവുവേണോ? അതുപോലെതന്നെയാണ് മുസ്‌ലിം-ക്രിസ്ത്യന്‍ വര്‍ഗീയതകള്‍ വളരുന്നു എന്ന മുഖ്യമന്ത്രിയുടെ കണ്ടുപിടിത്തവും. രണ്ടിനും മുമ്പുണ്ടായ വളര്‍ച്ചയേ ഇപ്പോഴുമുള്ളൂ. രണ്ട് സാമുദായികതകളും ഇത്തവണ തങ്ങളുടെ രക്ഷക്കെത്തുമെന്ന പ്രതീക്ഷ സി.പി.എമ്മിനില്ലാതെ പോയതാണ് പ്രശ്‌നത്തിന്റെ മര്‍മം. കേരള കേണ്‍ഗ്രസ് മാണി വിഭാഗവും ജോസഫ് വിഭാഗവും ലയിച്ച് ഒന്നായി എന്നതാണ് പുതിയ പ്രകോപനമെങ്കില്‍ കേരള കോണ്‍ഗ്രസുകളുടെ ഏകീകരണവും അനേകീകരണവും പുതിയ പ്രതിഭാസമല്ല എന്നതാണ് വസ്തുത. ഇപ്പോഴത്തെ ലയനവും സുസ്ഥിരമാവാനുള്ള സാധ്യത കുറവാണ്. പിളര്‍പ്പ് ജനിതക രോഗമാണെന്നതാണ് പ്രശ്‌നം. ലയനത്തിന് ക്രിസ്തീയസഭകള്‍ പങ്കുവഹിച്ചു എന്നാരോപിച്ചിരുന്ന പിണറായി വിജയന്‍ ഒടുവിലത് വിഴുങ്ങി കരണംമറിഞ്ഞു. സഭകളാണ് കേരള കോണ്‍ഗ്രസിന്റെ പശ്ചാത്തല ശക്തി എന്നത് പുതിയ സംഭവമല്ല. അവരുടെ കമ്യൂണിസ്റ്റ്‌വിരോധവും പുതുമയുള്ളതല്ല. പിണറായിയുടെ നികൃഷ്ടജീവി പ്രയോഗവും ബേബിയുടെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപന ബില്ലും സഭകളെ കൂടുതല്‍ അകറ്റിയതാണ് പുതിയത്. രണ്ടും പിന്‍വലിച്ച് അരമനകളില്‍ പോയി തിരുമേനിമാരുടെ പാദശുശ്രൂഷ നടത്തിയാലേ എന്തെങ്കിലും ഗുണംപിടിക്കുമായിരുന്നുള്ളൂ. അതിനുള്ള സമയവും പക്ഷേ, കൈവിട്ടുപോയി. ക്രിസ്തീയവര്‍ഗീയത വളര്‍ന്നതല്ല പ്രശ്‌നം; പാര്‍ട്ടി സെക്രട്ടറിയുടെ ഔദ്ധത്യം സഭകളെ പിണക്കിയതാണ്.
മുസ്‌ലിം വര്‍ഗീയതയാണ് വളരുന്നതായി മുഖ്യമന്ത്രി കണ്ടെത്തിയ രണ്ടാമത്തെ കാര്യം. അതിനുള്ള ഉത്തരവാദിത്തവും അദ്ദേഹം മുസ്‌ലിംലീഗില്‍ കെട്ടിയേല്‍പിക്കുന്നു. ലീഗ്‌നേതാക്കള്‍ ജമാഅത്തെ ഇസ്‌ലാമിയുമായി രഹസ്യചര്‍ച്ചക്കു പോയതാണ് ചൂണ്ടിക്കാട്ടുന്ന ന്യായം. തലയില്‍ മുണ്ടിട്ടും അല്ലാതെയും ജമാഅത്തുമായി ചര്‍ച്ചക്കു പോയവരില്‍ പിണറായിയും പാലോളിയും ടി.കെ. ഹംസയും മറ്റു പലരുമുണ്ട്. ന്യൂദല്‍ഹിയിലെ എ.കെ.ജി മന്ദിരത്തില്‍ തന്നെ ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫസര്‍ സിദ്ദീഖ്ഹസനും അഖിലേന്ത്യാസെക്രട്ടറി മുജ്തബ ഫാറൂഖും എസ്. രാമചന്ദ്രന്‍പിള്ളയടക്കമുള്ളവരുമായി 2009 മാര്‍ച്ചില്‍ സുദീര്‍ഘമായി സംവദിച്ചിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെ വര്‍ഗീയ മതമൗലികവാദ സംഘടനയായി ചിത്രീകരിച്ച പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം നിലവിലിരിക്കെ അതുമായി സഹകരിക്കാന്‍ സി.പി.എമ്മിന് എങ്ങനെ കഴിയുമെന്ന് ജമാഅത്ത് നേതാക്കള്‍ ചോദിച്ചിട്ടുണ്ട്. 'അതൊക്കെ എന്നേ കാലഹരണപ്പെട്ടു' എന്ന് ചിരിച്ചുകൊണ്ടുള്ള വാക്കുകളായിരുന്നു പ്രതികരണം. ജമാഅത്തെ ഇസ്‌ലാമിയുമായി ദേശീയതലത്തില്‍ നടന്ന ചര്‍ച്ചയുടെ സ്ഥിതിയും ഗതിയും ഇതായിരുന്നിരിക്കെ, ഇപ്പോള്‍ കേരളത്തില്‍ മാത്രം പുതുതായി എന്തു സംഭവിച്ചു? കേരളത്തിനു പുറത്ത് ജമാഅത്തിന് പല മുഖമാണെന്നു പറയുന്നു കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്തിന്റെ തലസ്ഥാനത്ത് തമ്മില്‍ കണ്ടപ്പോഴെങ്കിലും ആ മുഖത്തെപ്പറ്റി നേതൃത്വം എന്തുകൊണ്ട് പറഞ്ഞില്ല? അന്നില്ലാത്ത ഏതു മുഖമാണ് സംഘടനക്ക് ഇപ്പോള്‍ സി.പി.എം നേതൃത്വം കണ്ടെത്തിയത്? ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള ജമാഅത്തിന്റെ നിലപാടും ദൈവരാജ്യവുമൊന്നും പുതുതായി സ്വീകരിച്ചതല്ല. 1941ല്‍ അവിഭക്ത ഇന്ത്യയില്‍ പിറന്നുവീണപ്പോഴേ അതുണ്ട്. അതൊക്കെ പൊക്കിപ്പിടിച്ചാണ് ഇന്നും മതേതര നാട്യക്കാര്‍ ജമാഅത്തിനെ ആക്രമിക്കുന്നതും. സാമ്രാജ്യത്വ വിരോധത്തിന്റെയും ഫാഷിസ്റ്റ് വിരോധത്തിന്റെയും പേരില്‍ സി.പി.എമ്മിന് ജമാഅത്ത് പിന്തുണ നല്‍കിയപ്പോള്‍ അതിനെ പരസ്യമായി സ്വാഗതം ചെയ്യുകയും ന്യായീകരിക്കുകയും ചെയ്ത പാര്‍ട്ടിയുടെ നടപടിയെപ്പറ്റി ഞാനൊന്നുമറിയില്ലെന്ന മുഖ്യമന്ത്രിയുടെ കൈമലര്‍ത്തല്‍ മറ്റു പലതിലുമെന്നപോലെ ഇക്കാര്യത്തിലും ആത്മരക്ഷക്കുള്ള ദയനീയശ്രമം മാത്രമാണ്. തീവ്രവാദി സംഘടനകളെപ്പോലെ ജമാഅത്ത് പ്രവര്‍ത്തിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ ആരോപണം തെളിയിക്കാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്. പ്രതിയോഗികളെ കുത്തിയും കൊന്നും ബോംബുണ്ടാക്കിയും യോഗം കൈയേറിയും സാംസ്‌കാരികപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തും മുഖ്യമന്ത്രിയുടെ പാര്‍ട്ടി നടത്തുന്ന വിക്രിയകളാണ് മിതവാദമെങ്കില്‍, ആ മിതവാദം ജമാഅത്തെ ഇസ്‌ലാമിക്ക് സാധ്യമേയല്ലെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞതാണ്.
ഒരു കാര്യത്തില്‍ സി.പി.എം വിജയിച്ചിരിക്കുന്നു എന്ന് സമ്മതിക്കണം. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെ തീര്‍ത്തും പ്രതിരോധത്തിലാക്കി പരമാവധി സത്യങ്ങള്‍ പറയിക്കുന്നതില്‍. പത്തുപന്ത്രണ്ടു പ്രാവശ്യം ലീഗ് നേതാക്കള്‍ ജമാഅത്തെ ഇസ്‌ലാമിയുമായി ചര്‍ച്ചക്ക് പോയതിനെപ്പറ്റി ചോദിച്ചപ്പോള്‍ അതൊക്കെ മതസംഘടനയെന്ന നിലക്ക് രാഷ്ട്രീയേതര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നു എന്നാണ് മറുപടി. ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നിരിക്കെ മതകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലെ സാംഗത്യമിരിക്കട്ടെ, തെരഞ്ഞെടുപ്പുവേളകളില്‍ പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് നടന്ന സംഭാഷണങ്ങളും മതകാര്യങ്ങളായിരുന്നുവോ? എങ്കില്‍ മതവും രാഷ്ട്രീയവും ഒന്നാക്കിയത് ലീഗോ ജമാഅത്തെ ഇസ്‌ലാമിയോ? കഴിഞ്ഞതൊന്നും നിഷേധിക്കാതെ, ഇനിമേലില്‍ ചര്‍ച്ചയോ ധാരണയോ സഖ്യമോ ഇല്ലെന്നു പറഞ്ഞാല്‍ അത് ആര്‍ജവമുള്ള വര്‍ത്തമാനമാണ്. അതിനുള്ള കാരണം പക്ഷേ ദൈവരാജ്യവും ജനാധിപത്യവും മതേതരത്വവുമൊന്നുമാവരുത്. കാരണം അതൊക്കെ ജമാഅത്തിന്റെ പിറവിതൊട്ടേ ഉള്ളതാണെന്ന് പറഞ്ഞല്ലോ. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചില വാര്‍ഡുകളില്‍ ജമാഅത്തുകാര്‍ മല്‍സരിക്കാന്‍ തീരുമാനിച്ചതുകൊണ്ടും വനിതാ സംവരണ സീറ്റുകളില്‍ അവര്‍ പിടിമുറുക്കുമെന്ന ആശങ്കകൊണ്ടുമാണ് ലീഗിന്റെ ഊരുവിലക്ക് എന്നു മാത്രം പറഞ്ഞാല്‍ മതി.
ചുരുക്കത്തില്‍ സി.പി.എമ്മിന്റെയും മുസ്‌ലിംലീഗിന്റെയും കാലിനടിയില്‍നിന്ന് മണ്ണ് നീങ്ങിപ്പോവുന്നുണ്ടോ എന്ന ആശങ്കയാണ് രണ്ട് പാര്‍ട്ടികളുടെയും വിഭ്രാന്തിക്കാധാരം. അല്ലാതെ കേരളത്തില്‍ പുതുതായി മുസ്‌ലിം ക്രൈസ്തവ വര്‍ഗീയത ശക്തി പ്രാപിക്കുകയോ തീവ്രവാദ ഭീഷണി ഉയരുകയോ ചെയ്തതല്ല. ന്യൂനപക്ഷ വര്‍ഗീയത ശക്തി്രപാപിച്ചിട്ടുണ്ടെങ്കില്‍ മാര്‍ക്‌സിസ്റ്റ് കോട്ടയായ കേരളത്തില്‍ പാര്‍ട്ടി ഭരിക്കുമ്പോള്‍ ന്യൂനപക്ഷ വര്‍ഗീയത വളരുന്നത് സൈദ്ധാന്തികമായും ഭരണപരമായും പാര്‍ട്ടി അമ്പേ പരാജയപ്പെട്ടു എന്നതിന്റെ സാക്ഷ്യപത്രമാണുതാനും.
No comments:
Post a Comment