Friday, May 28, 2010

ലൂലാ ഡ സില്‍വ പറഞ്ഞ സത്യങ്ങള്‍

ലൂലാ ഡ സില്‍വ പറഞ്ഞ സത്യങ്ങള്‍

പ്രഫ. വി. കുഞ്ഞബ്ദുല്ല
Thursday, May 27, 2010
തെഹ്റാനില്‍ നടന്ന ജി^15 സമ്മേളനം ലോക മനസ്സിലുയര്‍ത്തിയ പ്രതീക്ഷകള്‍ ഒരൊറ്റ രാത്രികൊണ്ടാണ് തകിടം മറിഞ്ഞത്. മേയ് 17ന് ബ്രസീലിന്റെ പ്രസിഡന്റ് ലൂലാ ഡ സില്‍വയുടെയും തുര്‍ക്കിയുടെ പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെയും നേതൃത്വത്തില്‍ പ്രസിഡന്റ് മഹ്മൂദ് അഹ്മദി നെജാദ് ഇറാന്റെ ആണവ സമ്പുഷ്ടീകരണത്തിന് തൃപ്തികരമായൊരു കരാര്‍ അംഗീകരിച്ചപ്പോള്‍ പുകഞ്ഞുകൊണ്ടിരുന്ന യുദ്ധമുഖത്ത് ആശ്വാസത്തിന്റെ തെളിനീര്‍ പെയ്തു. പാശ്ചാത്യ ശക്തികളുടെ പ്രതികരണം തണുത്തതായിരുന്നെങ്കിലും ആരും അത് തള്ളിക്കളഞ്ഞില്ല. എന്നാല്‍, ഒരു രാത്രി കഴിഞ്ഞതേയുള്ളൂ, അമേരിക്ക ഇറാനെതിരെ ഒരു പുതിയ ഉപരോധയജ്ഞവുമായി ഇറങ്ങിത്തിരിച്ചു. ബലിഷ്ഠമായ മാര്‍ഗരേഖ (Strong Draft) എന്നാണ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്‍ ഇതിനെ വിശേഷിപ്പിച്ചത്.

രക്ഷാസമിതിയുടെ പിന്തുണയോടെ അമേരിക്ക ഇറാനെതിരെ ഏര്‍പ്പെടുത്താനാഗ്രഹിച്ച നാലാമത്തെ ഉപരോധമാണിത്. മൂന്നെണ്ണം യുദ്ധക്കൊതിയനായ ബുഷിന്റെ സമയത്തായിരുന്നു. മൂന്നും അവര്‍ തൃണവല്‍ഗണിച്ചെന്നു വേണം പറയാന്‍. അതിനാല്‍, ഇതു കൂടുതല്‍ കര്‍ക്കശമാക്കാന്‍ അമേരിക്ക വേണ്ടതുപോലെ ശ്രദ്ധിച്ചിട്ടുണ്ടത്രെ. അതു നടപ്പില്‍ വരുന്നതോടെ ഇറാന്റെ 'വിപ്ലവഗാര്‍ഡി'ന്റെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക സ്രോതസ്സുകളും നിലക്കുമെന്നാണഭിപ്രായപ്പെടുന്നത്. മാത്രമല്ല, അവരുമായി വ്യാപാരബന്ധമുള്ള ബാങ്കുകളെയും ലോകമെമ്പാടുമുള്ള കമ്പനികളെയും രാഷ്ട്രങ്ങളെയുമെല്ലാം പ്രതികൂലമായി ബാധിക്കുന്ന കെണികളാണത്രേ അത്. എന്നാല്‍, ഭാഗ്യവശാല്‍ ജൂണ്‍ അവസാനം ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ ഇതു സംബന്ധമായി നടക്കാനിരിക്കുന്ന വോട്ടെടുപ്പുവരെ ഇതു നടപ്പില്‍ വരുത്തുന്നത് തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ മേയ് 20ന് ഒബാമ തീരുമാനിച്ചിരിക്കുന്നു. വിദേശകാര്യവകുപ്പ് തീരുമാനം പുറത്തുവിടുമ്പോള്‍ പ്രസിഡന്റ് ഒബാമയും തുര്‍ക്കിയുടെ പ്രധാനമന്ത്രി ഉര്‍ദുഗാനും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നതും ശ്രദ്ധേയമാണ്.

തെഹ്റാനില്‍ സമ്മേളനം നടന്നുകൊണ്ടിരിക്കെ ജി^15ന്റെ നടപടികള്‍ ഞങ്ങള്‍ സുസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹിലരി ക്ലിന്റന്‍ പ്രസ്താവിച്ചിരുന്നു. അരുതാത്തതൊന്നും ചെയ്യരുതെന്ന ഒരു താക്കീതിന്റെ സ്വരമുണ്ടായിരുന്നു അതിന്. സാധാരണനിലക്ക് ഏഷ്യന്‍^ആഫ്രിക്കന്‍ ^ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ജി^15ന്റെ സമ്മേളനത്തില്‍ അന്താരാഷ്ട്ര ഏജന്‍സിയെയും ഐക്യരാഷ്ട്ര രക്ഷാസമിതിയെയും മറികടന്നൊരു സുപ്രധാന തീരുമാനത്തിനുള്ള സാധ്യത ആര്‍ക്കും പ്രവചിക്കാനാവില്ല. സമ്മേളനത്തെ അഭിസംബോധന ചെയ്ത് അമേരിക്കയെ പേരെടുത്തു പറയാതെ അഹ്മദി നെജാദ് സൂചിപ്പിച്ചു: പാശ്ചാത്യ മേല്‍ക്കോയ്മ ലോകരാജ്യങ്ങള്‍ അപഗ്രഥിക്കുന്നതില്‍ ഇപ്പോള്‍ അറുപത്തഞ്ചു വര്‍ഷം പിന്നിലാണ്. ലോകരാഷ്ട്രങ്ങള്‍ രണ്ടാം ലോകയുദ്ധകാലത്തെപ്പോലെ അവരുടെ കല്‍പനകള്‍ക്കായി ഇപ്പോഴും കാതോര്‍ക്കുകയാണെന്നാണവര്‍ കരുതുന്നത്. എന്നാല്‍, കാലം മാറി. ഇന്നത്തെ ലോകം ഒരു പുതിയ ദര്‍ശനത്തിന് കാത്തിരിക്കുകയാണ്. അവര്‍ക്കാവശ്യം ഒരു ശരിയായ ദിശയിലേക്കുള്ള മാര്‍ഗദര്‍ശനമാണ്. എങ്കില്‍മാത്രമേ, മുതലാളിത്തം സൃഷ്ടിച്ച ഇന്നത്തെ സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്നും ശാക്തിക രാഷ്ട്രങ്ങളുടെ ആയുധമല്‍സരങ്ങളില്‍ നിന്നും ലോകത്തെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കാനാവൂ.

ബ്രസീല്‍ പ്രസിഡന്റ് ലൂലാ ഡ സില്‍വ ഏഷ്യനാഫ്രിക്കന്‍ രാഷ്ട്രങ്ങളുടെ ആകര്‍ഷണ കേന്ദ്രമായത് കഴിഞ്ഞ വര്‍ഷത്തെ ജി 20ന്റെ സമ്മേളനവേളയിലായിരുന്നു. വന്‍കിട രാഷ്ട്രങ്ങളുടെ ധനകാര്യമന്ത്രിമാരുടെയും ബാങ്ക്മേധാവികളുടെയും മുഖത്തുനോക്കി അദ്ദേഹം ഒരു സത്യം തുറന്നുപറഞ്ഞു. ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന മാന്ദ്യത്തിന് ഏഷ്യനാഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ ഒരു കറുത്തവര്‍ഗക്കാരനും ഉത്തരവാദിയല്ല. നല്ല  നീലക്കണ്ണുകളുള്ള വെളുത്ത വര്‍ഗക്കാരനായ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചൊക്കെ വളരെ വിവരമുള്ള സമ്പന്നരാണ് ഈ കുഴപ്പങ്ങള്‍ക്കെല്ലാം പിന്നില്‍. അധ്യക്ഷനായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡന്‍ബ്രൌണ്‍ ചകിതനായിക്കൊണ്ടാണീ വാക്കുകള്‍ ശ്രവിച്ചത്. വിസ്മയവും ഭീതിയും ഗോര്‍ഡന്റെ മുഖഭാവങ്ങളില്‍ പ്രകടമായിരുന്നു.

ഏറെക്കാലം ഫാക്ടറികളില്‍ തൊഴിലാളിയും തൊഴിലാളികളുടെ നേതാവുമായി വളര്‍ന്നുവന്ന ലൂലാ ഡ സില്‍വക്ക് അമേരിക്കക്കും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കും ഇറാന്റെ നേരെയുള്ള ഈര്‍ഷ്യ നന്നായറിയാം. അതുകൊണ്ടു തന്നെയാവണം യുക്തിജ്ഞനും ധീരനുമായ തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാന്റെ സാന്നിധ്യംകൂടിയുണ്ടായപ്പോള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന  ഇറാന്റെ ആണവസമ്പുഷ്ടീകരണ പ്രശ്നത്തിന് പരിഹാരം കാണാന്‍ ജി 15 ഒരു വേദിയാക്കാമെന്ന് അദ്ദേഹം കരുതിയത്. കഴിഞ്ഞ വര്‍ഷം (2009) ഒക്ടോബറില്‍ അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ ആസ്ഥാനമായ വിയന്നയില്‍ യു.എന്നിന്റെയും റഷ്യ, അമേരിക്ക, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളുടെയും പ്രതിനിധികളുമായി ഇറാന്റെ വിദേശകാര്യമന്ത്രി മനൂശഹര്‍ മുത്തകി യുറേനിയം സംപുഷ്ടീകരണത്തെക്കുറിച്ച് വിശദമായി സംസാരിച്ചതും തദടിസ്ഥാനത്തില്‍ ഒരു കരാര്‍ അംഗീകരിക്കപ്പെട്ടതുമായിരുന്നു. ആണവ നിര്‍വ്യാപന കരാറിന്റെ (എന്‍.പി.ടി) അടിസ്ഥാനത്തില്‍ ആണവോര്‍ജം സമാധാനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഇറാന്റെ അവകാശം ആര്‍ക്കും നിരാകരിക്കാവുന്നതല്ല. അതുകൊണ്ടാണ് വൈദ്യരംഗത്തെ ഗവേഷണങ്ങള്‍ക്കായുള്ള 'തെഹ്റാന്‍ റിസര്‍ച് റിയാക്ടറി'നു വേണ്ട യുറേനിയം സമ്പുഷ്ടീകരണത്തിന് ഇറാന്‍ തുടക്കം കുറിച്ചത്. എന്നാല്‍, ഇതിന്റെ തുടര്‍നടപടികള്‍ റഷ്യയില്‍ പൂര്‍ത്തീകരിക്കാമെന്നും സമ്പുഷ്ട യുറേനിയം പരീക്ഷണങ്ങള്‍ക്ക് യോജിച്ചവിധം തകിടുകളായി ഫ്രാന്‍സ് വഴി ഇറാനു തിരിച്ചുനല്‍കാമെന്നുമായിരുന്നു അന്നത്തെ തീരുമാനം. എന്നാല്‍, ഇസ്രായേലുമായി പ്രത്യേകിച്ചും സൈനിക മേഖലയില്‍ ഉറ്റചങ്ങാത്തമുള്ള ഫ്രാന്‍സിനെ വിശ്വാസത്തിലെടുക്കാന്‍ ഇറാനു സാധ്യമായില്ല. അങ്ങനെയാണാ കരാര്‍ ചീറ്റിപ്പോയത്. എന്നാല്‍, പുതിയകരാറിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ യു.എന്‍ ആണവ ഏജന്‍സിയുടെ മേല്‍നോട്ടത്തിലുണ്ടാക്കിയ ഈ കരാറിലേതു തന്നെയാണത്രേ. പക്ഷേ, പുതിയ കരാറിന്റെ വ്യവസ്ഥയനുസരിച്ച് യുറേനിയം കൈമാറ്റം ചെയ്യപ്പെടുന്നത് തുര്‍ക്കിയിലായിരിക്കുമെന്നു മാത്രം. ഓരോ തവണയും 1200 കിലോഗ്രാം യുറേനിയം ഇറാന്‍ തുര്‍ക്കിയിലെത്തിക്കുകയും അവിടെവെച്ച് സമ്പുഷ്ട യുറേനിയം പകരമായി സ്വീകരിക്കുകയും ചെയ്യുന്നതാണ്. ഇതില്‍, ആണവോര്‍ജം കൈമോശം വരാതിരിക്കാന്‍ തുര്‍ക്കി പൂര്‍ണമായും ഉത്തരവാദിത്തമേല്‍ക്കുന്നു. തുര്‍ക്കിയെ ഇറാന്‍ വിശ്വാസത്തിലെടുക്കുന്നതിനാല്‍ ഇതില്‍ മറ്റു പ്രശ്നങ്ങളൊന്നുമില്ല. ഇത് ആരുടെ വിജയമായി ചിത്രീകരിക്കപ്പെട്ടാലും ഒരുകാര്യം ഉറപ്പാണ്. ഇത് സമാധാനത്തിലേക്കുള്ളൊരു കാല്‍വെപ്പാണ്.

ഇസ്രായേലിനെ മുന്നില്‍ നിര്‍ത്തി അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഇറാനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഓര്‍ക്കാപ്പുറത്ത് ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ മേഖലയെ ഒന്നടങ്കം തീനാളങ്ങള്‍ വിഴുങ്ങുമെന്ന ആശങ്കയിലാണ് ലോകം. ഇറാനെതിരെയുള്ള സൈനിക നടപടിയും സാമ്പത്തിക ഉപരോധവും തുടക്കത്തില്‍ എതിര്‍ത്തിരുന്ന റഷ്യയുടെ നിലപാടിലും ഈയിടെയായി ഉലച്ചില്‍ തട്ടിയതായാണ് അനുഭവപ്പെടുന്നത്. അല്‍പമൊന്ന് ഉറച്ചുനില്‍ക്കുന്നത് ചൈനയാണ്. ഈ സന്ദര്‍ഭത്തിലാണ് സെക്യൂരിറ്റി കൌണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബ്രസീലും തുര്‍ക്കിയും ശ്ലാഘനീയമായ ഈ നടപടികള്‍ കൈക്കൊണ്ടിരിക്കുന്നത്. ഇത് ഇറാനെ മാത്രമല്ല, ലോകത്തെതന്നെ ഒരു യുദ്ധത്തിന്റെ ഭീതിയില്‍നിന്ന് തല്‍ക്കാലം രക്ഷിച്ചിരിക്കുന്നുവെന്നു വേണം പറയാന്‍.

വളരെ തണുപ്പന്‍ മട്ടിലാണ് ഫ്രാന്‍സും റഷ്യയും പ്രതികരിക്കുന്നത്. അമേരിക്കയും അങ്ങനെത്തന്നെ. പക്ഷേ, തുര്‍ക്കിയുടെയും ബ്രസീലിന്റെയും മാധ്യസ്ഥ്യങ്ങള്‍ അങ്ങനെ എളുപ്പം തള്ളിക്കളയാവുന്നതല്ല. അത് സെക്യൂരിറ്റി കൌണ്‍സിലില്‍ തന്നെ ചേരിതിരിവുണ്ടാക്കുമെന്നവര്‍ ഭയപ്പെടുന്നു. അതുകൊണ്ട് ഈ ശ്രമങ്ങള്‍ എങ്ങനെയെങ്കിലും വിജയിപ്പിക്കണമെന്ന ഉറച്ച നിലപാടോടുകൂടിയാണ് മുന്‍ നിശ്ചയിച്ച മറ്റു പരിപാടികളെല്ലാം റദ്ദ് ചെയ്തുകൊണ്ട് ഉര്‍ദുഗാന്‍ തെഹ്റാനില്‍ തന്നെ തങ്ങിയിരിക്കുന്നത്.

ഉര്‍ദുഗാനുമായി സംസാരിച്ച തങ്ങളുടെ 'സ്ട്രോങ് ഡ്രാഫ്റ്റ്' നടപ്പില്‍ വരുത്തുന്നത് തല്‍ക്കാലം നീട്ടിവെച്ചതു തന്നെ ജി 15ന്റെ തീരുമാനം നിസ്സാരമായി തട്ടിക്കളയാവുന്നതല്ലെന്ന് ഒബാമ മനസ്സിലാക്കുന്നതിന്റെ തെളിവാണ്. എന്നാല്‍, ജി 15 മുന്നോട്ടുവെച്ച കരാറിന്റെ കാര്യത്തില്‍ അംഗീകാരം നല്‍കേണ്ടത് അന്താരാഷ്ട്ര ആവണ ഏജന്‍സിയാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ഫ്രാന്‍സിന്റെ വിദേശകാര്യമന്ത്രി ബെര്‍നാഡ് കുച്നര്‍ ചെയ്തത്. ഫ്രാന്‍സും അമേരിക്കയും ഇസ്രായേലുമൊക്കെ അന്താരാഷ്ട്ര ആണവ ഏജന്‍സി (ഐ.എ.ഇ.എ)യുടെ പുതിയ ഡയറക്ടര്‍ യുകിയോ അമാനോവിനെ വെച്ചു കളിക്കുകയാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്.

No comments: