വികസനം - ഒറീസ മോഡല്‍
Monday, May 17, 2010
കേരളമടക്കം പലയിടങ്ങളിലുമെന്നപോലെ വികസനത്തിനെന്നു പറഞ്ഞാണ് പ്രകൃതി വിഭവ സമ്പന്നവും ഫലഭൂയിഷ്ഠവുമായ സ്ഥലങ്ങള്‍ മൊത്തമായി ഒഴിപ്പിച്ചെടുക്കുന്നത്. പോസ്കോ ഉരുക്കുശാലക്ക് നല്‍കുന്ന 4000 ഏക്കറില്‍ 3000 ഏക്കറും വനമാണ്. വനാവകാശ നിയമപ്രകാരം ഇതില്‍ ആദിവാസികള്‍ക്ക് അനിഷേധ്യമായ അവകാശമുണ്ട്. 51,000 കോടിയുടെ വിദേശ നിക്ഷേപമെന്ന ന്യായത്തില്‍ പോസ്കോക്ക് നാലായിരം ഏക്കര്‍ ഭൂമി ഉരുക്കുശാലക്കും 2000 ഏക്കര്‍ ടൌണ്‍ഷിപ്പിനും ഭുവനേശ്വറില്‍ 25 ഏക്കര്‍ കമ്പനി ഓഫിസുകള്‍ക്കും നല്‍കാനാണ് പരിപാടി. മഹാനദിയില്‍നിന്ന് 12,000 കോടി ലിറ്റര്‍ ജലം ഊറ്റാന്‍ അവകാശം, 60 കോടി ടണ്‍ ഇരുമ്പയിര് ഖനനം ചെയ്തെടുക്കാന്‍ (പിന്നീട് 40 കോടി കൂടി അനുവദിക്കും) അവകാശം എന്നിവയും ധാരണാപത്രമനുസരിച്ച് പോസ്കോക്ക് നല്‍കും. പകരം നല്‍കുന്നതോ? ഭൂമിക്കും വെള്ളത്തിനും വിലയില്ല; ഖനനം വഴി മാത്രം കമ്പനിക്ക് ഒരുലക്ഷം കോടി രൂപ കിട്ടുമെന്നിരിക്കെ നന്നേ തുച്ഛമായ റോയല്‍റ്റിയാണ് നല്‍കുക. 'സെസ്' പദവി കിട്ടുമെന്നതിനാല്‍ നികുതിയായും ഒന്നും കമ്പനി നല്‍കേണ്ടിവരില്ല. പകരം 13,000 പേര്‍ക്ക് തൊഴില്‍ നല്‍കുമത്രെ! പദ്ധതി വന്നാല്‍ കുടിയിറക്കപ്പെടുന്നത് 40,000വും നിലവിലെ തൊഴില്‍ശാലകളില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ 20,000ത്തിലേറെയും എന്നാണ് കണക്ക്.
പോസ്കോ ഒരുദാഹരണം മാത്രമാണ്. ഒറീസക്കാര്‍ തന്നെ ഏതാനും വന്‍കിട ജനവിരുദ്ധ പദ്ധതികളെ ചെറുത്ത് അകറ്റിയിട്ടുണ്ട്. ബലിയപാലില്‍ മിസൈല്‍ പരീക്ഷണ പദ്ധതി, ഗന്ധമര്‍ദന്‍ മലയില്‍ നാല്‍കോയുടെ ബോക്സൈറ്റ് ഖനന പദ്ധതി, ലഞ്ചിഗഢിലെ നിയംഗിരി മലകളില്‍ വേദാന്ത റിസോഴ്സസ് എന്ന ലണ്ടന്‍ കമ്പനിയുടെ ഖനന പദ്ധതി തുടങ്ങിയവ അക്കൂട്ടത്തില്‍പെടുന്നു. ഒറീസക്കു പുറത്ത് പല സംസ്ഥാനങ്ങളിലും ഇതുതന്നെ അവസ്ഥ. എന്നാല്‍, ജനവിരുദ്ധ 'വികസനം' തോല്‍പിക്കപ്പെടുന്നമുറക്ക് മറ്റുതരത്തില്‍ തിരിച്ചുവരുന്നുമുണ്ട്. വന്‍കിട കമ്പനികളും മാഫിയകളും ഭരണകൂടങ്ങളോടും രാഷ്ട്രീയ പാര്‍ട്ടികളോടും ചേര്‍ന്ന് നിരന്തരം ശ്രമം നടത്തുന്നു എന്നതാണ് കാരണം. ഒറീസയില്‍ ജനവിരുദ്ധ പദ്ധതികളെ എതിര്‍ക്കുന്ന സി.പി.എം പോലുള്ള പാര്‍ട്ടികള്‍ ബംഗാളിലും കേരളത്തിലും അതേതരം പദ്ധതികള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുകയാണ്. വികസനത്തെക്കുറിച്ച് ജനപക്ഷ വിചാരണയും പുനഃപരിശോധനയും നടത്തേണ്ട കാലമായിരിക്കുന്നു.
No comments:
Post a Comment