Friday, May 28, 2010

ചോദ്യം ചെയ്യപ്പെടാത്ത അധികാരകേന്ദ്രങ്ങള്‍

ചോദ്യം ചെയ്യപ്പെടാത്ത അധികാരകേന്ദ്രങ്ങള്‍

ഡോ. സെബാസ്റ്റ്യന്‍പോള്‍
Thursday, May 27, 2010
സെവന്‍ റേസ്കോഴ്സ് റോഡില്‍ ആറു വര്‍ഷം പൂര്‍ത്തിയാക്കിയ മന്‍മോഹന്‍സിങ്ങിന്റെ മൂന്നാമത്തെ പത്രസമ്മേളനമാണ് തിങ്കളാഴ്ച ന്യൂദല്‍ഹിയിലെ വിജ്ഞാന്‍ഭവനില്‍ നടന്നത്. രണ്ടാമൂഴത്തിലെ ഒന്നാമത്തെ പത്രസമ്മേളനം. എല്ലാ ബുധനാഴ്ചയും മന്ത്രിസഭായോഗത്തിനുശേഷം പത്രസമ്മേളനം നടത്തുന്ന കേരളത്തിലെ മുഖ്യമന്ത്രിയെപ്പോലെയല്ല പ്രധാനമന്ത്രി. ഇവിടെ ആര്‍ക്കും എന്തും ചോദിക്കാം. ഉത്തരങ്ങള്‍ കിട്ടും. സമ്മേളനാന്ത്യം കസേരയില്‍നിന്ന് എഴുന്നേറ്റ ശേഷമുള്ള ഉത്തരങ്ങളിലൂടെയാണ് വി.എസ്. അച്യുതാനന്ദന്‍ പലപ്പോഴും പ്രധാനവാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്.

ദല്‍ഹിയില്‍ മന്ത്രിസഭായോഗത്തിനുശേഷം പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരെ കാണുന്നില്ല. അവരുടെ ചോദ്യങ്ങള്‍ കേള്‍ക്കുന്നില്ല. പകരം വാര്‍ത്താ പ്രക്ഷേപണ വകുപ്പ് മന്ത്രിയാണ് കാബിനറ്റ് തീരുമാനങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുന്നത്. മന്ത്രി പറയുന്നത് കേള്‍ക്കുകയല്ലാതെ ചോദ്യങ്ങള്‍ക്ക് അവിടെ ഇടമില്ല. ചോദിച്ചതുകൊണ്ടും കാര്യമില്ല. അതുകൊണ്ട് പ്രധാനമന്ത്രിയുടെ അത്യപൂര്‍വമായ വാര്‍ത്താസമ്മേളനത്തിന് പ്രാധാന്യം വര്‍ധിക്കുന്നു.

മന്‍മോഹന്‍സിങ്ങിന്റെ എഴുപത്തിയഞ്ച് മിനിറ്റ് നീണ്ടുനിന്ന പത്രസമ്മേളനത്തെ 'അറുമുഷിപ്പന്‍' എന്നാണ് 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' വിശേഷിപ്പിച്ചത്. ആലസ്യത്തിലാണ്ട പത്രപ്രവര്‍ത്തകര്‍ക്ക് ഉണര്‍വുണ്ടായത് ശതകോടി ഡോളറിന്റെ നാടാണ് ഇന്ത്യ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടപ്പോഴാണ്. ശതകോടി ജനങ്ങള്‍ എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഇന്ത്യക്കാര്‍ ജോര്‍ജ് ബുഷിനെ സ്നേഹിക്കുന്നുവെന്ന പ്രഖ്യാതമായ പ്രസ്താവനയുമായി ചേര്‍ത്തു വായിക്കുമ്പോള്‍ ഫ്രോയിഡിയന്‍ വിശകലനത്തിനു സാധ്യതയുള്ള വാക്കുകളാണ് മന്‍മോഹന്‍ സിങ്ങിന്റേത്. ഡോളറും ഡോളറിന്റെ നാടും ആ നാടിന്റെ വെറുക്കപ്പെട്ട അധിപനുമാണ് ഇടതുപക്ഷത്തിന്റെ കാരുണ്യത്തില്‍ നാല് വര്‍ഷം അധികാരത്തിലിരുന്ന മന്‍മോഹന്‍ സിങ്ങിന്റെ മനസ്സിലുള്ളത്.
നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള മന്‍മോഹന്‍സിങ്ങിന്റെ പത്രസമ്മേളനം പത്രപ്രവര്‍ത്തകര്‍ക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കിയില്ല. വിവാദവിഷയങ്ങളെ സ്പര്‍ശിക്കാതെയുള്ള മറുപടികളില്‍ അദ്ദേഹം ഉടനീളം പ്രാഗല്‍ഭ്യത്തോടെ പ്രകടിപ്പിച്ച വിരസത പ്രശംസനീയമാണ്. സോണിയ ഗാന്ധിയില്‍നിന്നു മാത്രമല്ല, തന്റെ ഭാര്യയില്‍നിന്നും ഉപദേശം സ്വീകരിക്കാറുണ്ടെന്നു പറഞ്ഞ മന്‍മോഹന്‍ സിങ് തന്റെ ദൌത്യം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പരോക്ഷമായ ഉപദേശം നല്‍കുകയും ചെയ്തു. ദൌത്യമെന്നത് കാലാവധിയെന്ന് തിരുത്തി വായിക്കാം. അഴിമതിയില്‍ ആറാടുന്ന ടെലികോം മന്ത്രി രാജയെ ന്യായീകരിക്കാന്‍ നടത്തിയ ശ്രമമാണ് മന്‍മോഹന്‍ സിങ്ങിന്റെ പത്രസമ്മേളനത്തെ അല്‍പമെങ്കിലും ശ്രദ്ധേയമാക്കിയത്.
ഭരണം സുതാര്യമാണെങ്കില്‍ പത്രസമ്മേളനം ഫലപ്രദമാകും. ജനതയോട് സംവദിക്കുന്നതിന് അതിനേക്കാള്‍ നല്ല അവസരം ഭരണാധികാരിക്കു കിട്ടാനില്ല. എന്നിട്ടും എന്തുകൊണ്ടായിരിക്കാം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ ഭരണാധികാരി മാധ്യമപ്രവര്‍ത്തകരില്‍നിന്ന് അകന്നു കഴിയാന്‍ ആഗ്രഹിക്കുന്നത്? അളഗിരിയെപ്പോലെ ഭാഷാപരമായ പ്രശ്നമുള്ളയാളല്ല മന്‍മോഹന്‍സിങ്. പക്ഷേ, ആരോടും ഉത്തരവാദിത്തം ഇല്ലെന്നതാണ് അദ്ദേഹത്തിന്റെ പ്രശ്നം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതുകൊണ്ട് ജനങ്ങളോടുമില്ല അദ്ദേഹത്തിന് ഉത്തരവാദിത്തം. ലോക്സഭാംഗമല്ലാത്തതിനാല്‍ ആ സഭയോടും ഉത്തരവാദിത്തമില്ല. ലോക്സഭയുടെ വിശ്വാസം അവശ്യനേരത്ത് ഉറപ്പു വരുത്തുന്നതിനുള്ള കുടിലതന്ത്രങ്ങളില്‍ താന്‍ വിശാരദനാണെന്ന് 2008ലും 2010ലും അദ്ദേഹം തെളിയിച്ചു. രാജ്യസഭാംഗമായതിനാല്‍ അദ്ദേഹത്തിനെതിരെ അവകാശലംഘനത്തിന് നടപടിയെടുക്കാന്‍ ലോക്സഭയ്ക്കാവില്ലെന്ന് സോമനാഥ് ചാറ്റര്‍ജി റൂളിങ് നല്‍കിയിട്ടുണ്ട്.

അതുകൊണ്ട് പത്രസമ്മേളനമെന്നത് മന്‍മോഹന്‍സിങ്ങിന് അനാവശ്യമായ എക്സര്‍സൈസ് മാത്രമാണ്. ജനങ്ങളോട് നേരിട്ട് ബന്ധപ്പെടാന്‍ നിര്‍ബന്ധിതനാകുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ അവസ്ഥയും ഇതുതന്നെ. 2004ല്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് തുടര്‍ച്ചയായ 214 ദിവസം മാധ്യമങ്ങളോട് മിണ്ടിയതേയില്ല. ജനങ്ങളുമായി അനായാസം ഇടപഴകി വൈറ്റ് ഹൌസിലെത്തിയ ബറാക് ഒബാമ ഈ റെക്കോഡ് ഭേദിച്ചു. 2009 ജൂലൈ 22ന് വൈറ്റ് ഹൌസില്‍ പത്രസമ്മേളനം നടത്തിയ ഒബാമ വീണ്ടും പത്രക്കാരെ കാണുന്നത് 307 ദിവസങ്ങള്‍ക്കു ശേഷമാണ്. ഡാനിയല്‍ പേളിന്റെ പേരിലുള്ള പത്രസ്വാതന്ത്യ്രനിയമം ഒപ്പുവെക്കുന്ന ചടങ്ങിലാണ് ഒബാമ മാധ്യമപ്രവര്‍ത്തകരെ കണ്ടത്. പക്ഷേ, അത് പത്രസമ്മേളനമായിരുന്നില്ല. ഒരു ചോദ്യം ചോദിക്കുന്നതിന് സി.ബി.എസിന്റെ ചിപ് റീഡ് അനുവാദം ചോദിച്ചപ്പോള്‍ ചോദിക്കാം, പറയില്ല എന്നായിരുന്നു പ്രതികരണം. ഇറാനെ സംബന്ധിച്ചായിരുന്നു റീഡിന്റെ ചോദ്യം. പത്രസ്വാതന്ത്യ്ര ബില്‍ നിയമമാകുന്ന വേളയില്‍ ഈ പ്രതികരണം ഉചിതമായി എന്നു പറയാന്‍ കഴിയില്ല.

താന്‍ ഉടന്‍ പത്രക്കാരെ കാണുന്നുണ്ടെന്നായിരുന്നു ഒബാമയുടെ സമാശ്വാസവാക്ക്. മെക്സിക്കന്‍ പ്രസിഡന്റുമൊത്തുള്ള സംയുക്ത പത്രസമ്മേളനമായിരുന്നു ഒബാമ ഉദ്ദേശിച്ചത്. അവിടെ ഇരുവരും ഓരോ ചോദ്യങ്ങള്‍ മാത്രം സ്വീകരിച്ചു. ഒബാമയോട് ചോദിക്കാന്‍ വിളിക്കപ്പെട്ടത് ഒരു സ്പാനിഷ് റിപ്പോര്‍ട്ടറായിരുന്നു. ഒരു പ്രാദേശികവിഷയത്തില്‍ അയാള്‍ ചോദ്യമൊതുക്കി. ഇതേ അനുഭവം മന്‍മോഹന്‍സിങ്ങിന്റെ പത്രസമ്മേളനത്തിലുമുണ്ടായി. ദല്‍ഹിയില്‍ ചോദ്യം ചോദിക്കുന്നതിന് വിളിക്കപ്പെട്ട ഏക വിദേശപത്രലേഖകന്‍ ജപ്പാനില്‍നിന്നുള്ള ആളായിരുന്നു. തന്റെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രശ്നമായിരുന്നു ദേശീയ പത്രസമ്മേളനത്തില്‍ അയാള്‍ ഉന്നയിച്ച വിഷയം. ഒത്തുകളി ക്രിക്കറ്റില്‍ മാത്രം കാണുന്ന പ്രതിഭാസമല്ല. പത്രസമ്മേളനങ്ങളിലും അതിന് സാധ്യതകളുണ്ട്.

തീര്‍ച്ചയായും ഇങ്ങനെയല്ല പത്രസമ്മേളനങ്ങള്‍ നടക്കേണ്ടത്. പാര്‍ലമെന്റിലായാലും പത്രങ്ങളുടെ മുന്നിലായാലും പ്രധാനമന്ത്രി ഇരിക്കുന്നത് ജനങ്ങളുടെ ചോദ്യങ്ങള്‍ കേള്‍ക്കുന്നതിനും അവയ്ക്ക് ഉത്തരം പറയുന്നതിനുമാണ്. പ്രധാനപ്പെട്ട തീരുമാനങ്ങള്‍പോലും പത്രസമ്മേളനങ്ങളില്‍ ഉണ്ടായിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറിയെ നീക്കം ചെയ്യാനുള്ള തീരുമാനം രാജീവ്ഗാന്ധി ഭംഗ്യന്തരേണ അവതരിപ്പിച്ചത് പത്രസമ്മേളനത്തിലായിരുന്നു. പത്രസമ്മേളനം കഴിഞ്ഞയുടന്‍ വിദേശകാര്യ സെക്രട്ടറി രാജിവെച്ചു.

പത്രങ്ങളുടെ അനിവാര്യതയെക്കുറിച്ച് വാചാലമായി സംസാരിച്ചിട്ടുള്ള തോമസ് ജഫേഴ്സണും അധികാരത്തിലെത്തിയപ്പോള്‍ പത്രക്കാരോട് അകലുകയാണുണ്ടായത്. അതിനു കാരണങ്ങള്‍ കണ്ടേക്കാമെങ്കിലും മാധ്യമങ്ങളെ ഒഴിവാക്കി ആര്‍ക്കും മുന്നോട്ടു പോകാനാവില്ല. ഇലക്ട്രോണിക്യുഗത്തില്‍ ലൈവായി ജനസമക്ഷം എത്തുന്നതിനുള്ള ഉപാധിയാണ് വാര്‍ത്താസമ്മേളനം. പ്രധാനമന്ത്രിയുടെ മീഡിയ മാനേജര്‍മാര്‍ ആ അവസരവും പ്രയോജനപ്പെടുത്തിയില്ല. രാവിലെ പത്തരയ്ക്കായിരുന്നു പത്രസമ്മേളനം. വീട്ടിലിരിക്കുന്നവര്‍പോലും ടി.വി കാണാത്ത സമയം. രാത്രിയായപ്പോള്‍ പ്രധാനമന്ത്രിയുടെ പത്രസമ്മേളനത്തേക്കാള്‍ അതിനോടുള്ള പ്രതിപക്ഷത്തിന്റെ പ്രതികരണത്തിനായി കൂടുതല്‍ പ്രാധാന്യം. അവസരം സൃഷ്ടിക്കുന്നതില്‍ മാത്രമല്ല, പ്രയോജനപ്പെടുത്തുന്നതിലും വീഴ്ചയുണ്ടാകുന്നു.

സോണിയ ഗാന്ധിയെപ്പോലെ മന്‍മോഹന്‍സിങ്ങും മാധ്യമപ്രവര്‍ത്തകരില്‍നിന്ന് നിയതമായ അകലം പാലിക്കുന്നു. നിശ്ചയിക്കപ്പെട്ട സന്ദര്‍ഭങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരോടു മാത്രമാണ് അവര്‍ സംസാരിക്കുന്നത്. വാസ്തവത്തില്‍ അവര്‍ അകലുന്നത് ജനങ്ങളില്‍ നിന്നാണ്. മുരളീധരനെ തിരിച്ചെടുക്കുമോ എന്ന് കോണ്‍ഗ്രസ് അധ്യക്ഷയോട് ചോദിക്കാന്‍ ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എന്നെങ്കിലും അവസരം ലഭിക്കുമോ? അഥവാ അവസരമുണ്ടായാലും അസൌകര്യമുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ കരുത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇവിടെയെന്നപോലെ അവിടെയും കുറവാണ്.

No comments: