നയതന്ത്രത്തിലെ ചതിക്കുഴികള്‍
Friday, June 4, 2010
അഫ്ഗാനിസ്താനില്‍ അമേരിക്ക ഒരിക്കലും ജയിക്കാനാവാത്ത പോരാട്ടത്തില്‍ കുടുങ്ങിക്കഴിഞ്ഞു എന്ന് വ്യക്തമായിരിക്കുന്നു. സ്ഥിതിഗതികള്‍ വഷളാകുന്തോറും അമേരിക്കക്ക് ഒഴിഞ്ഞുപോകല്‍ പ്രയാസകരമാകുന്നു. കൂടുതല്‍ പട്ടാളക്കാരെ അയച്ച് രാജ്യത്തെ 'സുരക്ഷിത'മാക്കി 2011ല്‍ സേനാ പിന്മാറ്റം തുടങ്ങുമെന്നാണ് പ്രസിഡന്റ് ഒബാമ പറഞ്ഞിരുന്നത്. എന്നാല്‍, പെട്ടെന്ന് തലയൂരാനാവില്ലെന്നു മാത്രമല്ല, കൂടുതല്‍ വലിയ കുരുക്കിലേക്കാണ് വീഴ്ച എന്ന് ഇപ്പോള്‍ അദ്ദേഹം തിരിച്ചറിയുന്നു. സ്വന്തം ഖജനാവിലെ ചോര്‍ച്ചയും പട്ടാളക്കാരുടെ മരണവും താങ്ങാനാവാതെ ബ്രിട്ടന്‍ പിന്‍വാങ്ങുകയാണ്. സൈനിക ബജറ്റില്‍ കാര്യമായ വെട്ടിക്കുറവ് വരുത്താന്‍ നിര്‍ബന്ധിതമായ കാമറണ്‍ സര്‍ക്കാറിന്റെ യാഥാര്‍ഥ്യബോധം ഒബാമയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ഇതിനകം മുപ്പതിനായിരം കോടി ഡോളര്‍ അഫ്ഗാനിസ്താനില്‍ അമേരിക്ക ചെലവിട്ടുകഴിഞ്ഞു. ഇക്കൊല്ലം ബജറ്റിനു പുറത്ത് 3,300 കോടി ഡോളറിന്റെ അധിക ധനാഭ്യര്‍ഥന വേണ്ടിവന്നു. യു.എസ് നികുതിദായകന്റെ സ്വത്ത് വന്‍തോതില്‍ ചോര്‍ത്തുന്ന ഈ ഏര്‍പ്പാടില്‍ അമേരിക്കക്ക് സഹായത്തിന് ആരെയെങ്കിലും കിട്ടേണ്ടതുണ്ട്. ഇതിനകം പലതവണ നമ്മുടെ സൈനിക സഹകരണം തേടിയ അമേരിക്കക്ക് നാം വഴങ്ങിയിട്ടില്ല. എന്നാല്‍, സമ്മര്‍ദം അവര്‍ കൂട്ടിക്കൊണ്ടിരുന്നിട്ടേയുള്ളൂ. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഭീകരാക്രമണം തുടങ്ങിയ പദങ്ങള്‍ ഇന്ത്യയുമായുള്ള ചര്‍ച്ചകളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത് വെറുതെയാവില്ല.
ഒബാമയും ഹിലരിയും മാത്രമല്ല അഫ്ഗാന്‍-പാക് പ്രദേശത്തേക്കുള്ള യു.എസ് പ്രതിനിധി റിച്ചാഡ് ഹോള്‍ബ്രൂക്കും യു.എസ് പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്‌സുമെല്ലാം ഒരുമിച്ച് ഇന്ത്യയെ പ്രശംസിക്കുമ്പോള്‍ സൂക്ഷിക്കേണ്ടതുണ്ട്. 1979ല്‍ സോവിയറ്റ് യൂനിയനെ അഫ്ഗാനിസ്താനിലേക്ക് വലിച്ചിഴച്ചത് യു.എസ് തന്ത്രമായിരുന്നെന്ന് പ്രസിഡന്റ് കാര്‍ട്ടറുടെ ഉപദേഷ്ടാവായിരുന്ന ബ്രസിന്‍സ്‌കി വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അഫ്ഗാനിസ്താനിലെ സൈനിക താവളങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ അമേരിക്കക്ക് അവിടത്തെ യുദ്ധത്തില്‍ ഇന്ത്യയെക്കൂടി പങ്കാളിയാക്കണമെന്നുണ്ട്. ചൈനക്കെതിരെയും നമ്മെ സഹകാരിയാക്കാന്‍ ശ്രമമുണ്ടാകാമെന്ന് നിരീക്ഷകര്‍ പറയുന്നു. ഏതായാലും അമേരിക്കയുമായി നയതന്ത്ര ചര്‍ച്ചകള്‍ തുടരുമ്പോഴും അവരുടെ ഗൂഢതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് ആര്‍ജവത്തോടെ പ്രതികരിക്കാനുള്ള കരുത്താണ് നേതാക്കളില്‍നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്.
No comments:
Post a Comment