Saturday, June 5, 2010

പാലേരിയിലെ അക്രമവും വ്യാജസമ്മതി നിര്‍മിതിയും

പാലേരിയിലെ അക്രമവും വ്യാജസമ്മതി നിര്‍മിതിയും

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
Wednesday, June 2, 2010
കോഴിക്കോട്ജില്ലയിലെ പാലേരിയില്‍ കഴിഞ്ഞ പതിനാലു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന  സാംസ്കാരികകൂട്ടായ്മയാണ് 'പ്രതിചിന്ത'.അവരുടെ ക്ഷണമനുസരിച്ച് എത്തിയതായിരുന്നു  സി.ആര്‍ നീലകണ്ഠന്‍. പ്രസംഗിക്കാന്‍ എഴുന്നേറ്റ നീലകണ്ഠനെ വേദിയിലേക്ക് കുതിച്ചെത്തിയവര്‍ ആക്രമിച്ചു.'സുഹൃത്തുക്കളേ ,സഖാക്കളേ', എന്നു പറയുമ്പോഴേക്കും അടി കൊണ്ട് അദ്ദേഹം വീണു.'ജീവന്‍ വേണമെങ്കില്‍ ഓടിക്കോ, ഞങ്ങള്‍ക്കവനെ മതി' എന്ന് വേദിയിലുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്തി അടിച്ചോടിച്ചു.കസേരയും മൈക്ക്തണ്ടും സ്റ്റേജില്‍ കെട്ടിയ മുളവടിയും ഉപയോഗിച്ചായിരുന്നു മര്‍ദനം. അക്രമികളുടെ ചോദ്യങ്ങളിങ്ങനെ: 'നീയിനി മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെ പ്രസംഗിക്ക്വോ?''നീയിനി കിനാലൂരില്‍ പോക്വോ?''ഇനി പത്രങ്ങളില്‍ എഴുത്വോ?'

നീലകണ്ഠന് എന്താണ് സംഭവിച്ചത് എന്ന് പേരാമ്പ്ര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച രേഖകളിലുണ്ട്. അതിങ്ങനെ: 'ഇന്ന് മെയ് 20ാംതീയതി വൈകുന്നേരം 7 മണിക്ക് പാലേരി ടൌണില്‍ 'പ്രതിചിന്ത' എന്ന സംഘടനയുടെ പരിപാടി നടക്കുമ്പോള്‍ പരാതിക്കാരന്‍ പ്രസംഗിക്കാന്‍ തുടങ്ങിയ സമയം പ്രതികളായ ഒരുകൂട്ടം ആളുകള്‍ ന്യായവിരോധമായി സംഘംചേര്‍ന്ന് കുറ്റം ചെയ്യണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി 'സി.പി.എമ്മിനെതിരെ നീ പാലേരിയില്‍ വന്ന് പ്രസംഗിക്കുമോടാ' എന്ന് ചോദിച്ചുകൊണ്ട് പരാതിക്കാരനെ തലക്കടിക്കുകയും മൈക്ക്സ്റ്റാന്‍ഡു കൊണ്ട് വയറ്റത്തടിക്കുകയും ചെയ്തു. തലക്കടിച്ചതില്‍ കൈകൊണ്ടു തടുത്തില്ലായിരുന്നുവെങ്കില്‍ തലക്കടിയേറ്റ് മരണംവരെ സംഭവിക്കുമായിരുന്നു..'

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വധശ്രമം തൊട്ട് ഗൂഢാലോചന നടത്തി സംഘംചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു വരെയുള്ള എല്ലാ വകുപ്പുകളും പൊലീസ് നീതിപീഠത്തിനു മുമ്പില്‍ സമര്‍പ്പിച്ചിട്ടുണ്ട്.പാലേരി പഞ്ചായത്ത് ഡി.വൈ.എഫ്.ഐ പ്രസിഡന്റും സെക്രട്ടറിയും സി.പി.എം അംഗങ്ങളുമായ രണ്ടുപേരെ ഇതിനു നേതൃത്വം നല്‍കിയതിന്റെ പേരില്‍ പൊലീസ് അറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കി. ജാമ്യംനല്‍കാതെ കോടതി ഇവരെ ജയിലിലടച്ചിരിക്കുകയാണ്.

വാരിയെല്ലുകള്‍ക്ക് പരിക്കേറ്റ് ശരീരത്തില്‍ 42 ചതവുകളുമായി നീലകണ്ഠന്‍ മണ്ണുത്തിയിലെ ഒരു ആയുര്‍വേദാശുപത്രിയില്‍ ചികില്‍സയിലാണ്. സി.പി.എം മുഖപത്രമൊഴികെയുള്ള മാധ്യമങ്ങളെല്ലാം വാര്‍ത്തയും മുഖപ്രസംഗവും വഴി അക്രമത്തെ അപലപിച്ചു. സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള ആയിരക്കണക്കിനാളുകള്‍ പ്രതിഷേധിച്ചു.'ഇഷ്ടമില്ലാത്തവനെ കൊല്ലാന്‍പോലും തയാറാകുന്ന മനഃസ്ഥിതിയെക്കുറിച്ച് എന്തു പറയാന്‍? മൃഗങ്ങള്‍ക്കൊരു വ്യവസ്ഥയും നീതിയുമുണ്ട്.അതിലും താഴെയാണ് ഇത്തരം നീചത്വം' എന്ന് ഗാനഗന്ധര്‍വന്‍ യേശുദാസിനുപോലും പറയേണ്ടി വന്നു.

മാനവികതക്കും സാമൂഹികനീതിക്കും പുതിയൊരു  സമൂഹനിര്‍മിതിക്കും നിലകൊള്ളുന്നു എന്ന് അവകാശപ്പെടുന്ന സി.പി.എം ആകട്ടെ ഒട്ടകപ്പക്ഷി നയം സ്വീകരിച്ച് അക്രമത്തെ  ന്യായീകരിച്ചുമുന്നേറുകയാണ്.പയ്യന്നൂരില്‍ സക്കറിയയെ കൈയേറ്റം ചെയ്തപ്പോള്‍ രക്തസാക്ഷികളേയും ചരിത്രപുരുഷന്‍മാരേയും അവഹേളിച്ച് പ്രസംഗിച്ചതിന്റെ സ്വാഭാവികപ്രതികരണമെന്നാണ് പാര്‍ട്ടി ന്യായീകരിച്ചത്. എങ്കിലും പേരിനെങ്കിലും അക്രമത്തെ അപലപിക്കാന്‍ സി.പി.എമ്മും പു.ക.സയും ഡി.വൈ.എഫ്.ഐയുമൊക്കെ ശ്രദ്ധിച്ചിരുന്നു.

പാലേരിസംഭവത്തില്‍ തികച്ചും വേറിട്ടൊരു പാര്‍ട്ടിയെയാണ് കാണുന്നത്. കഴിഞ്ഞ ദിവസം പാലേരിയില്‍ നടത്തിയ സി.പി.എം പൊതുയോഗത്തില്‍ സംഭവത്തെ ന്യായീകരിക്കുക മാത്രമല്ല, കേസെടുക്കുകയും അറസ്റ്റ് നടത്തുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊതുവേദികളില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് പാര്‍ട്ടി തീരുമാനിച്ച ആളുകളുടെ പട്ടികയും ആ യോഗത്തില്‍ പരസ്യപ്പെടുത്തി.ആദ്യപട്ടികയാകാവുന്ന അതില്‍ പേരെടുത്തു പറഞ്ഞവരൊക്കെ മാധ്യമങ്ങളില്‍ സമകാലിക പ്രശ്നങ്ങളില്‍ നിലപാടു തുറന്നെഴുതുന്നവരാണ്. പൊതുവേദികളില്‍ മുഖംനോക്കാതെ അഭിപ്രായം പറയുന്നവരും. അവരെ പാലേരി മാതൃകയില്‍ കൈകാര്യം ചെയ്യാന്‍ സി.പി.എം തീരുമാനിച്ചെന്ന ഭീഷണിയാണ് മുഴക്കിയത്. ഇതുകേട്ട് ഭയപ്പെട്ട് നട്ടെല്ലു വളക്കുന്നവരാണ് സി.പി.എം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരെന്ന് വിശ്വസിക്കാനുള്ള മൌഢ്യം അവര്‍ക്കുണ്ടാകാമെങ്കിലും. 

നീലകണ്ഠന്‍ പ്രകോപനപരമായി പ്രസംഗിച്ചപ്പോള്‍ ജനം പ്രതിഷേധിച്ചെന്നാണ് സി.പി.എം മുഖപത്രം പറഞ്ഞത്. ചെയ്യാത്ത പ്രസംഗം റിപ്പോര്‍ട്ടു ചെയ്ത കൂട്ടത്തില്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങവേ വീണു പരിക്കേറ്റതാണെന്നും എഴുതി. മാവോയിസ്റ്റുകളെ ന്യായീകരിച്ച്  പ്രസംഗിച്ചപ്പോള്‍ കേള്‍വിക്കാരില്‍ നിന്നുണ്ടായ പ്രതിഷേധമാണ് പാലേരിയില്‍ കണ്ടതെന്ന് പാര്‍ട്ടിസെക്രട്ടറി പിണറായി വിജയനും പറയുന്നു.'പ്രതിചിന്ത' എന്ന സാംസ്കാരിക കൂട്ടായ്മ ഒരു മാവോയിസ്റ്റ് പ്രസ്ഥാനമാണെന്നും സി.പി.എം പ്രചരിപ്പിക്കുന്നു.

പോയ പതിനാലുവര്‍ഷങ്ങളില്‍ 'പ്രതിചിന്ത' വിവിധവിഷയങ്ങള്‍ തുടര്‍ച്ചയായി ചര്‍ച്ചചെയ്തുപോന്നിട്ടുണ്ട്.കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, കെ.ജി.ശങ്കരപ്പിള്ള, എന്‍. ശശിധരന്‍, കെ.വേണു, ബിനോയ് വിശ്വം, ളാഹ ഗോപാലന്‍ തുടങ്ങി എത്രയോ പേര്‍ അവിടെ സംസാരിച്ചിട്ടുണ്ട്.'മാവോയിസ്റ്റുകള്‍ ഉണ്ടാകുന്നതെങ്ങനെ' എന്ന വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ മാത്രം അതിന്റെ സംഘാടകരും പ്രസംഗകരും മാവോയിസ്റ്റുകളായി മാറി. മാവോയിസ്റ്റുകള്‍ തൊട്ട് സി.പി.എമ്മും കോണ്‍ഗ്രസ്^ഐയും വരെയുള്ളവരെപ്പറ്റി ഏതു പൌരനും പരസ്യമായി ആഭിപ്രായപ്രകടനം നടത്താന്‍ അവകാശമുണ്ട്.

മൂന്നു കോടിയിലേറെ ജനങ്ങളുള്ള സംസ്ഥാനത്ത് 3,36000 അംഗങ്ങളാണ് സി.പി.എമ്മിനുള്ളത്. ഇവിടെ 'ഹിരണ്യായ നമഃ' എന്നു വണങ്ങണമെന്നാണെങ്കില്‍ എതിര്‍പ്പ് സ്വാഭാവികം.അതിനെ സ്വഭാവഹത്യയിലൂടെയും അക്രമങ്ങളിലൂടെയും നേരിടാന്‍ ശ്രമിക്കുന്നത് തൊഴിലാളിവര്‍ഗപാര്‍ട്ടിയുടെ ചരിത്രത്തിനും ലക്ഷ്യത്തിനും ചേര്‍ന്നതല്ല. പാലേരി സംഭവത്തോടെ സി.പി.എമ്മിന്റെ വിശ്വാസ്യതയുടെയും സത്യസന്ധതയുടെയും ചരിത്രമാണ് യഥാര്‍ഥത്തില്‍ പാര്‍ട്ടി നേതൃത്വം തകര്‍ക്കുന്നത്. ജനപക്ഷ പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ നടത്തുന്ന പ്രസംഗങ്ങളും പഠനക്ലാസുകളും മാധ്യമ വിമര്‍ശവുമൊക്കെ  വെളിച്ചത്തിനു പകരം ഇരുട്ട് ഉല്‍പാദിപ്പിക്കുന്നു. സി.പി.എമ്മിന് വ്യാജസമ്മതി ഉണ്ടാക്കാനുള്ള നിര്‍മിതി പ്രക്രിയ മാത്രമാണിതെന്ന് വ്യക്തമാവുന്നു. വര്‍ഗീയതയേയും മതഭീകരതയേയും എതിര്‍ക്കുന്നതിന്റേയും മതനിരപേക്ഷതക്കു വേണ്ടി വാദിക്കുന്നതിന്റേയും ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടുന്നു.

ഏറ്റവുമൊടുവില്‍ ഈ കൈക്രിയയിലൂടെ സി.പി.എം പുറത്തു കാട്ടിയ ഭീകരതയുടെ മുഖം ആ പാര്‍ട്ടിയിലുള്ളവരെയടക്കം ജനാധിപത്യ വിശ്വാസികളെയാകെ ജാഗ്രതപ്പെടുത്തുന്നു.പാലോറമാതമാരുടെ സ്നേഹവായ്പിന്റെ ചൂടേറ്റുവളര്‍ന്ന പാര്‍ട്ടി പാലേരി മാതൃക പുറത്തെടുക്കുമ്പോള്‍ ഞെട്ടുന്നത് കേരളത്തിലെ അമ്മമാരാണ്.അവരുടെ കലങ്ങിയ കണ്ണുകള്‍ എ.കെ.ജിയുടെയും ഇ.എം.എസിന്റേയും പാര്‍ട്ടിയുടെ പുതുനേതൃത്വം  തിരിച്ചറിയുന്നില്ലെങ്കില്‍, പ്രത്യാഘാതം ഏറ്റുവാങ്ങുന്നത് കേരളത്തിലെ മൊത്തം ഇടതുപക്ഷരാഷ്ട്രീയമായിരിക്കും.

No comments: