Friday, June 11, 2010

കടല്‍ കത്തിക്കാന്‍ തീപ്പെട്ടി ഉരക്കുന്നവര്‍

കടല്‍ കത്തിക്കാന്‍ തീപ്പെട്ടി ഉരക്കുന്നവര്‍

പി.കെ. പ്രകാശ്
Wednesday, June 9, 2010
സഖാവ് മുസ്‌ലിമാണോ, അതോ ക്രിസ്ത്യാനിയോ? ആദിവാസിയോ, അതോ ദലിതനോ?
സി.പി.എമ്മിന്റെ അംഗത്വഫോറത്തില്‍ 2000 മുതല്‍ പ്രത്യക്ഷപ്പെട്ട ചോദ്യമാണിത്. പാര്‍ട്ടി പരിപാടി ഭേദഗതി ചെയ്യുന്നതിന് 2000ല്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം പ്രത്യേക പ്ലീനത്തിനുശേഷം വിതരണം ചെയ്യപ്പെട്ട പാര്‍ട്ടി ഫോറങ്ങളിലാണ് മതവും ജാതിയും ചോദ്യമായത്. ന്യൂനപക്ഷങ്ങളും ദലിത് ആദിവാസികളും മാത്രം ഈ ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ മതി. മുമ്പ് ബൂര്‍ഷ്വാസി, പെറ്റി ബൂര്‍ഷ്വാസി, തൊഴിലാളിവര്‍ഗം, കര്‍ഷകന്‍, കര്‍ഷക തൊഴിലാളി എന്നിങ്ങനെ ഏത് വര്‍ഗത്തില്‍ പെട്ടയാളാണ് എന്നായിരുന്നു ചോദ്യം. ഇത് മാറ്റി മുസ്‌ലിം, ക്രിസ്ത്യന്‍ സഖാക്കളുടെ മതവും ആദിവാസി ദലിത് സഖാക്കളുടെ ജാതിയും ചോദിക്കുന്ന പാര്‍ട്ടിയാണ് ഇപ്പോള്‍ മതത്തിനും ജാതിക്കും അതീതരായ ശുദ്ധ മതേതരവാദികളായി രംഗത്തുവന്നിരിക്കുന്നത്.

കെ.ആര്‍. ഗൗരിയമ്മ ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് സി.പി.എമ്മില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ താന്‍ കൃഷ്ണഭക്തയായിരുന്നു എന്നാണ്. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നതിന് തൊട്ടുമുമ്പ് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇ.എം.എസ് തന്നെ ചോത്തിയെന്ന് ജാതിപ്പേര് വിളിച്ചതായി ഗൗരിയമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. മറുപടിയായി താന്‍ ഇ.എം.എസിനെ നമ്പൂരിയെന്ന് വിളിച്ചതായും. ഇ.കെ. നായനാരുടെ ചിതാഭസ്മം നിമജ്ജനം ചെയ്തത് ഓര്‍ക്കുമല്ലോ. സി.പി.എമ്മിന്റെ മുന്‍ പോളിറ്റ് ബ്യൂറോ അംഗത്തിന്റെ മകന്‍ പാര്‍ട്ടി മെമ്പറാണ്. പക്ഷേ, പാര്‍ട്ടി അനുവദിച്ച ഔദ്യോഗികവസതിയില്‍നിന്ന് ശബരിമലയിലേക്ക് കെട്ടുനിറക്കുന്നതിന് അത് തടസ്സമായില്ല. പൂമൂടല്‍ വിവാദവും ഗോവിന്ദപിള്ള ക്ഷേത്രസൗന്ദര്യം നുകരാന്‍ നടത്തിയ സന്ദര്‍ശനങ്ങളുമെല്ലാം ചരിത്രത്തിന്റെ ഭാഗം. എന്നാല്‍, ന്യൂനപക്ഷങ്ങളോ ദലിതനോ ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടര്‍ന്നാല്‍ അത് വര്‍ഗീയതയും ജാതീയതയും. സി.പി.എമ്മിന്റെ ഈ പുതിയ മതേതരത്വവും മതനിരപേക്ഷതയും മാര്‍ക്‌സിസം അറിയാത്ത ഹിന്ദു വര്‍ഗീയനേതാക്കളുടെ നിര്‍വചനം മാത്രമാണെന്ന് സി.പി.എം രേഖകള്‍ തെളിയിക്കുന്നു. സി.പി.എം ഏറ്റവും അവസാനം പുറത്തിറക്കിയ തെറ്റുതിരുത്തല്‍ രേഖയില്‍ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ മത-ജാതി ബലാബലത്തെക്കുറിച്ച് രേഖ പറയുന്നതിങ്ങനെ: ''പാര്‍ട്ടി അംഗത്വത്തില്‍ 75 ശതമാനം പേരും തൊഴിലാളിവര്‍ഗത്തില്‍നിന്നും പാവപ്പെട്ട കര്‍ഷകരില്‍നിന്നും കര്‍ഷക തൊഴിലാളികളില്‍നിന്നും ദലിത് പിന്നാക്കവിഭാഗങ്ങളില്‍നിന്നും ഉള്ളവരാണ്. പക്ഷേ, പ്രധാനപ്പെട്ട കമ്മിറ്റികളിലൊന്നും ഈ വിഭാഗത്തിന് ഒരു പ്രാതിനിധ്യവുമില്ല. പാര്‍ട്ടി സംഘടനയുടെ നേതൃ കമ്മിറ്റികളെല്ലാം മധ്യവര്‍ഗ വിഭാഗത്തില്‍നിന്ന് വന്നവരും മറ്റു വിഭാഗങ്ങളില്‍നിന്ന് വന്നവരും പിടിച്ചടക്കിക്കഴിഞ്ഞു. ഇത് അന്യവര്‍ഗ ചിന്താഗതി പാര്‍ട്ടിയില്‍ രൂഢമൂലമാക്കി '. ഏറ്റവും അവസാനം ചേര്‍ന്ന കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങളെക്കുറിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തി. പട്ടികജാതി അംഗത്വം അഖിലേന്ത്യാ തലത്തില്‍ 19.33 ശതമാനമാണ്. കേരളത്തില്‍ ഇത് 14.97 ശതമാനം. 2004ല്‍ ഇത് 15.86 ശതമാനമായിരുന്നു. പട്ടികവര്‍ഗ അംഗത്വം 6.43 ശതമാനമാണ് അഖിലേന്ത്യാ തലത്തില്‍. കേരളത്തില്‍ എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അംഗത്വം അഖിലേന്ത്യാതലത്തില്‍ 10.22 ശതമാനമാണ്. കേരളത്തില്‍ 10.35 ശതമാനവും. ക്രിസ്ത്യന്‍ പങ്കാളിത്തത്തിന്റെ കേരളത്തിലെ വ്യക്തമായ കണക്ക് ലഭ്യമാക്കിയിട്ടില്ല. അഖിലേന്ത്യാ തലത്തില്‍ ഇത് 4.65 ശതമാനമാണ്. ഇങ്ങനെ മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ പാര്‍ട്ടി അവസ്ഥ പ്രത്യേകമായി സി.പി.എം കണക്കെടുക്കുന്നുണ്ടെങ്കിലും ഈ വിഭാഗങ്ങളുടെ സ്വത്വബോധം സി.പി.എം അംഗീകരിക്കുന്നില്ല. അതാകട്ടെ സി.പി.എമ്മിന്റെ മതത്തോടും ജാതിയോടുമുള്ള അടിസ്ഥാന നിലപാടുകളുടെ ലംഘനമാണ്.

എ.കെ.ജി പഠന ഗവേഷണ കേന്ദ്രം നടത്തിയ 'മതനിരപേക്ഷ കേരളത്തിലേക്ക് ' സെമിനാര്‍ ഉദ്ഘാടനം ചെയ്തത് ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് ആയിരുന്നു. ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ചക്ക് ഇ.എം.എസ് 'മതം, യുക്തിവാദം, മാര്‍ക്‌സിസം' എന്ന തലക്കെട്ടില്‍ ഒരു മറുപടി നല്‍കി. അതില്‍ മതവും മാര്‍ക്‌സിസവും തമ്മിലുള്ള ബന്ധത്തെ ഇങ്ങനെ നിര്‍വചിച്ചു : '' മതത്തെ ഉന്മൂലനം ചെയ്യലാണ് വൈരുധ്യാത്മക വാദം സ്വീകരിക്കാത്ത മതനിരപേക്ഷരുടെ ലക്ഷ്യം. അവര്‍ക്ക് മതവുമായി ഒരു വിട്ടുവീഴ്ചയുമില്ല. എന്നാല്‍, വൈരുധ്യാത്മക ഭൗതികവാദികള്‍ക്കാകട്ടെ മുഖ്യശത്രു ചൂഷകവര്‍ഗങ്ങളാണ്. അവക്കെതിരായ സമരത്തില്‍ മതവിശ്വാസികളായ ജനലക്ഷങ്ങളുടെയും അവരുടെ ആത്മീയഗുരുക്കന്മാരുടെയും വികാരവിചാരങ്ങളോട് സന്ധിചെയ്യണം. അങ്ങനെ വൈരുധ്യാത്മക ഭൗതികവാദികളായ മാര്‍ക്‌സിസ്റ്റുകാരും മതവിശ്വാസികളായ ബഹുജനങ്ങളും അവരുടെ ആത്മീയഗുരുക്കന്മാരും തമ്മില്‍ സഹകരണാത്മക ബന്ധം വളര്‍ന്നുവരണം ''.

'മാധ്യമ'ത്തില്‍ '96 നവംബര്‍ ഏഴിന് ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ 'മതവും മാര്‍ക്‌സിസവും അകല്‍ച്ചയുടെ അടിവേരുകള്‍ തേടുമ്പോള്‍' എന്ന ലേഖനത്തിന് 'മത മാര്‍ക്‌സിസ്റ്റ് വീക്ഷണങ്ങള്‍ അടുപ്പവും അകല്‍ച്ചയും' എന്ന തലക്കെട്ടില്‍ ഇ.എം.എസ് ഇങ്ങനെ മറുപടി എഴുതി : 'ആഗോള രാഷ്ട്രീയസാഹചര്യത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടുന്നതില്‍ മതവും മാര്‍ക്‌സിസവും യോജിക്കണമെന്ന് ലേഖകന്‍ അഭിപ്രായപ്പെടുന്നു. അതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. മതവിശ്വാസികളും മാര്‍ക്‌സിസ്റ്റുകാരും തമ്മില്‍ സഹകരിക്കണമെങ്കില്‍ വിവിധ മതങ്ങളില്‍ വിശ്വസിക്കുന്ന ഓരോരുത്തരുടെയും വിശ്വാസത്തെ ബഹുമാനിക്കാന്‍ മാര്‍ക്‌സിസ്റ്റുകാരും തയാറാകണം ''. കമ്യൂണിസ്റ്റുകാര്‍ക്ക് മതവിശ്വാസികളാകാമോ എന്ന ചോദ്യത്തിന് 'പൂര്‍ണ മതവിശ്വാസിയായ ഒരാള്‍ക്ക് പോലും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം നേടാം' എന്നാണ് ഇ.എം.എസ് മറുപടി നല്‍കിയത്.

ജാതി സംഘടനകളെക്കുറിച്ച് 'കാസ്റ്റിസ്റ്റ് ഓര്‍ഗനൈസേഷന്‍ ആന്റ് ദി പാര്‍ട്ടി' എന്ന ഒരു രേഖ തന്നെ സി.പി.എം കേന്ദ്ര കമ്മിറ്റി തയാറാക്കി. 'ശ്രീനാരായണ പൈതൃകവും കമ്യൂണിസ്റ്റുകാരും' എന്ന മറ്റൊരു ലഘുലേഖ സി.പി.എം കേരള സംസ്ഥാന കമ്മിറ്റിയും ആദിവാസി പ്രശ്‌നം സംബന്ധിച്ച നയരേഖ സി.പി.എം കേന്ദ്ര കമ്മിറ്റിയും തയാറാക്കി. ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേകപ്രവര്‍ത്തനം സംഘടിപ്പിക്കാനും തീരുമാനിച്ചു. 2001ലെ തെരഞ്ഞെടുപ്പ്പരാജയവും 2006ലെ വിജയവും വിലയിരുത്തി സി.പി.എം അംഗീകരിച്ച രേഖയില്‍ മുസ്‌ലിം, ക്രിസ്ത്യന്‍ മത വിഭാഗങ്ങളെ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് ജയ-പരാജയങ്ങളില്‍ ഈ രണ്ട് വിഭാഗവും വളരെ നിര്‍ണായകമാണെന്നാണ് വിശകലന രേഖ വ്യക്തമാക്കുന്നത്.

ജാതി-മത ശക്തികളുടെ പിന്തുണ തെരഞ്ഞെടുപ്പ് വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി ഇ.എം.എസ് തന്നെ ഇങ്ങനെ എഴുതി : ''1957 മുതല്‍ ഇതുവരെയുള്ള കേരള രാഷ്ട്രീയചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരുമാണ് ഇവിടെ പരസ്‌പരം മല്‍സരിക്കുന്നത്. രണ്ടിനും ഒറ്റക്ക് നിന്നാല്‍ ഭൂരിപക്ഷം കിട്ടില്ല. എന്നാല്‍, രണ്ടിനും ഇടക്ക് നില്‍ക്കുന്ന ചില ശക്തികളുണ്ട്. അവരെ കൂട്ടുപിടിക്കാന്‍ ആര്‍ക്ക് കഴിയുന്നുവോ ആ പാര്‍ട്ടിക്ക് വിജയമുണ്ടാകും. 1960ല്‍ കോണ്‍ഗ്രസിന്, '67ല്‍ കമ്യൂണിസ്റ്റുകാര്‍ക്ക്, '70ലും '77ലും കോണ്‍ഗ്രസിന്, '80ല്‍ കമ്യൂണിസ്റ്റുകാര്‍ക്ക്, '82ലും '84ലും കോണ്‍ഗ്രസിന്, '87ല്‍ കമ്യൂണിസ്റ്റുകാര്‍ക്ക് ''. കേരളത്തിലെ കമ്യൂണിസ്റ്റുകാരുടെ ഇന്നും തുടരുന്ന പ്രധാനദൗര്‍ബല്യം, കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്ന ജാതി-മതസംഘടനകളുടെ അനുയായികളിലേക്ക് വേണ്ടത്ര കടന്നുചെല്ലാന്‍ കഴിയാത്തതാണെന്ന് ഇ.എം.എസ് വിശദീകരിച്ചു.  ഈ സ്ഥിതി അവസാനിപ്പിക്കണമെങ്കില്‍ ശക്തമായ സമരം ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളെ കേന്ദ്രീകരിച്ച് നടത്തണമെന്ന്  ഇ.എം.എസ് നിര്‍ദേശിച്ചു. ഇതുതന്നെ 2001ലെ തെരഞ്ഞെടുപ്പ് പരാജയത്തെ വിലയിരുത്തി സി.പി.എം കേന്ദ്ര കമ്മിറ്റി ആവര്‍ത്തിച്ചു. ന്യൂനപക്ഷങ്ങളുടെയും ബഹുജനങ്ങളുടെയും താല്‍പര്യസംരക്ഷണത്തിന് വേണ്ട പ്രക്ഷോഭം ഏറ്റെടുത്ത് രാഷ്ട്രീയ ബലാബലത്തില്‍ മാറ്റം വരുത്താനായിരുന്നു സി.പി.എം നിര്‍ദേശം. എന്നാല്‍, മുതലാളിത്ത പാതയിലേക്ക് കൂപ്പുകുത്തിയ നേതൃത്വത്തിന് അതിന് കഴിഞ്ഞില്ല. ഇതേക്കുറിച്ച് സി.പി.എം രേഖ പറഞ്ഞത് ''ചില സഖാക്കളുടെ ആസ്തി അറിയപ്പെടുന്നവരുടെ വരുമാനസ്രോതസ്സുമായി പൊരുത്തപ്പെടാത്തവയാണ്. സത്യസന്ധരല്ലാത്ത ബിസിനസുകാരില്‍നിന്ന് ചില സഖാക്കള്‍ സ്ഥിരമായി ഫണ്ട് ശേഖരിക്കുന്നുണ്ട്. ചില സഖാക്കളുടെ ജീവിതരീതി ബൂര്‍ഷ്വാ രാഷ്ട്രീയ നേതാക്കളുടേതിന് സമാനമാണ് ''.

ഇതില്‍നിന്ന് വ്യക്തമാകുന്ന കാര്യങ്ങള്‍: 1. സി.പി.എം നേതൃത്വത്തില്‍ ജാതിയും മതവും മതാചാരങ്ങളുമുണ്ട്. അത് സവര്‍ണ മേധാവിത്വപരമാണ്. 2. പാര്‍ട്ടിയിലെ ന്യൂനപക്ഷ,  ആദിവാസി, ദലിത് വിഭാഗങ്ങളുടെ മതവും ജാതിയും ചോദിക്കുന്നു. ന്യൂനപക്ഷങ്ങളുടെ സ്വത്വത്തെ വര്‍ഗീയതയും ജാതീയതയുമായി പാര്‍ട്ടി നേതൃത്വം മുദ്രകുത്തുന്നു. 3. ഭൂരിപക്ഷം പാര്‍ട്ടി മെമ്പര്‍മാര്‍ വ്യത്യസ്ത മത-ജാതി-സാമ്പത്തിക പശ്ചാത്തലത്തില്‍നിന്ന് വന്നവരാണ്. 4. സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭത്തിലും പാര്‍ലമെന്ററി രാഷ്ട്രീയത്തിലും മതങ്ങളുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന ഇ.എം.എസിന്റെ ദര്‍ശനം കേരള പാര്‍ട്ടി തള്ളി. ഇ.എം.എസ് തന്നെ വൈരുധ്യാത്മക ഭൗതികവാദ ദര്‍ശനമല്ലെന്ന് വിശേഷിപ്പിച്ച കാഴ്ചപ്പാടാണ് മതത്തോട് സി.പി.എം നേതൃത്വം ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇത് യുക്തിവാദി സമീപനമാണ്. 5. ആദിവാസി, ദലിത്, ജാതി സംഘടനകള്‍ എന്നിവയോട് വ്യക്തമായ സമീപനം സി.പി.എം കേന്ദ്രകമ്മിറ്റി സ്വീകരിച്ചിട്ടുണ്ട്. അതില്‍നിന്ന് വ്യത്യസ്തമായ സമീപനമാണ് സംസ്ഥാനനേതൃത്വം ഇപ്പോള്‍ സ്വീകരിക്കുന്നത്. ചെങ്ങറ ഉള്‍പ്പടെയുള്ള സമരങ്ങള്‍ ഉദാഹരണം. 6. കേരളത്തിലെ രാഷ്ട്രീയ ബലാബലത്തില്‍ മാറ്റം വരുത്തണമെങ്കില്‍ മത-ജാതി വിഭാഗങ്ങളുടെ പിന്തുണ വേണമെന്ന് തെരഞ്ഞെടുപ്പ് രാഷ്ട്രീയചരിത്രം തെളിയിക്കുന്നു. ഈ സ്വാധീനം ഇല്ലാതാക്കണമെങ്കില്‍ ശരിയായ വര്‍ഗസമരത്തിന്റെ പാത സ്വീകരിച്ച് രാഷ്ട്രീയ ബലാബലത്തില്‍ മാറ്റം വരുത്തണം. എന്നാല്‍, നേതാക്കള്‍ അഴിമതിക്കാരും ബൂര്‍ഷ്വാ ജീവിത ശൈലിക്കാരുമായി മാറിയതിനാല്‍ അതിന് കഴിയുന്നില്ലെന്ന് പാര്‍ട്ടി രേഖ.

വര്‍ഗസമരം കൈയൊഴിഞ്ഞ് ബൂര്‍ഷ്വാസിക്കും സാമ്രാജ്യത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാക്കി സി.പി.എമ്മിനെ  നേതാക്കള്‍ മാറ്റിക്കഴിഞ്ഞു. ഇത് ഭരണത്തിലും പാര്‍ട്ടി പ്രവര്‍ത്തനത്തിലും വരുത്തിവെച്ച തെറ്റുകള്‍ സൃഷ്ടിച്ച തിരിച്ചടി മറികടക്കാന്‍ ഹിന്ദുത്വ കാര്‍ഡ് കളിക്കുകയാണ് സി.പി.എം. എന്നാല്‍, അവര്‍ മറന്നുപോകുന്നത് ചരിത്രമാണ്. 1987 ന് ശേഷം സോഷ്യലിസ്റ്റ് ചേരി തകര്‍ന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. ബി.ജെ.പിയും സംഘ്പരിവാറും അധികാരത്തിലെത്തി. ഗുജറാത്തില്‍ വംശീയ ഹത്യ അരങ്ങേറി. അമേരിക്കന്‍ സാമ്രാജ്യത്വം മൂന്നാം ലോക രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ശക്തമാക്കി. ഇതെല്ലാം സൃഷ്ടിച്ച രാഷ്ട്രീയ മാറ്റങ്ങള്‍ വിസ്മരിച്ച് 23 വര്‍ഷം മുമ്പുള്ള രാഷ്ട്രീയം ആവര്‍ത്തിക്കാന്‍ സി.പി.എം ശ്രമിക്കുന്നത് കടല്‍ കത്തിക്കാന്‍ തീപ്പെട്ടി ഉരക്കുന്നതിന് തുല്യമാണ്.

1 comment:

Unknown said...

എന്നിട്ട്യും ഈ കാണിക്കുന്നതൊക്കെ ആർക്കുവേണ്ടി. കഷ്ടം.