Saturday, June 5, 2010

ഇനി സഖ്യകക്ഷി കഴുകനോ കപോതമോ?

ഇനി സഖ്യകക്ഷി കഴുകനോ കപോതമോ?

Monday, May 31, 2010
വയലാര്‍ ഗോപകുമാര്‍

അടിത്തറമാത്രമല്ല, സ്വന്തം പ്രത്യയശാസ്ത്രം തന്നെ തച്ചുടച്ച് പുതിയ രാഷ്ട്രീയ പരീക്ഷണത്തിന്തയാറാകുകയാണ് സി.പി.എം എന്ന മുഖ്യ കമ്യൂണിസ്റ്റു പാര്‍ട്ടി. അടുത്ത തെരഞ്ഞെടുപ്പ് വിജയിക്കാന്‍ കൂടെ നിന്നവരെയൊക്കെ തള്ളിപ്പറഞ്ഞാല്‍ മതി. മതന്യൂനപക്ഷങ്ങളെയും പിന്നാക്കവിഭാഗങ്ങളെയും വിരട്ടിയോടിക്കുകയും രണ്ടു പുലഭ്യം ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്താല്‍ ജയം കൈയെത്താദൂരത്താണ്. 1987ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് ഈ മാതൃക കാണിച്ചുതന്നിട്ടുണ്ടു പോലും. അന്ന് എല്ലാ ന്യൂനപക്ഷവിഭാഗങ്ങളെയും തീണ്ടാപ്പാടകലെ നിര്‍ത്തി എതിരാളികളെ നിലംപരിശാക്കിയ വീരഗാഥയാണിപ്പോള്‍ മലബാര്‍മേഖലയിലെ പാര്‍ട്ടിപ്പാണന്മാര്‍ പാടിത്തുടങ്ങുന്നത്. അത് വംഗദേശത്തെ ചേകവന്മാരെയും ആവേശം കൊള്ളിച്ചുതുടങ്ങി യെന്നാണ് പുതിയ വാര്‍ത്ത. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ തന്നെ സംഘ്പരിവാറിന്റെ കൂടാരങ്ങള്‍ക്കു മുന്നില്‍ യാചകവേഷത്തിലെത്തിയത്, വടക്കന്‍മലബാറിലെ പാര്‍ട്ടിപ്പാണന്മാരില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടിട്ടാണത്രേ.

1987 ലെ അവസ്ഥയെപറ്റി യാഥാര്‍ഥ്യബോധത്തോടെ അന്വേഷിക്കാന്‍ തുനിഞ്ഞിരുന്നെങ്കില്‍ ഈ പഴംപാട്ട് സി.പി.എം നേതൃത്വം  പാടുമോ എന്നു സംശയമാണ്. ന്യൂനപക്ഷ പിന്നാക്കവിഭാഗങ്ങള്‍ രണ്ടു മുന്നണിക്കും എതിരാകാനാവശ്യമായ കാരണങ്ങള്‍ അന്ന് കേരളരാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നു. സി.പി.എം ശരീഅത്ത് വിവാദവുമായി മുസ്‌ലിം സമുദായത്തിനെതിരെ രംഗത്തിറങ്ങിയെങ്കില്‍  കെ.കരുണാകരന്റെ യു.ഡി.എഫ് സാമ്പത്തികസംവരണം പറഞ്ഞ് ന്യൂനപക്ഷങ്ങളുടെ എതിര്‍പ്പ് സമ്പാദിക്കുകയാണ് ചെയ്തത്. എന്നിട്ടും ഇടതുമുന്നണിക്ക് മലബാര്‍മേഖലയില്‍ മുന്‍തെരഞ്ഞെടുപ്പിനേക്കാള്‍ ഒരു ഡസന്‍ സീറ്റ് നഷ്ടമായി. മലബാറില്‍ മുസ്‌ലിംകള്‍ പൂര്‍ണമായും അന്ന് എല്‍.ഡി.എഫിനെ കൈയൊഴിഞ്ഞു. അതേസമയം, തിരുവിതാംകൂര്‍ മേഖലയില്‍ കൂടുതല്‍ സീറ്റുലഭിച്ചു എന്നത് നേര്. എന്നാല്‍ അതിന് ഹൈന്ദവ വോട്ടു സമാഹരണത്തെക്കാള്‍ വലിയ കാരണങ്ങള്‍ വേറെയുണ്ടായിരുന്നു. ചാലക്കുടിപ്പുഴക്കു തെക്കുള്ള ഭൂവിഭാഗത്തില്‍ കോണ്‍ഗ്രസ് വിമതന്മാരുടെ തേര്‍വാഴ്ചയായിരുന്നു, അരങ്ങേറിയത്.  തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് അതിനപവാദം ഉണ്ടായത്. തിരുവനന്തപുരംജില്ലയിലാകട്ടെ, അന്നുണ്ടായ ഹൈന്ദവധ്രുവീകരണം മുതലാക്കി ബി.ജെ.പിയും ഹിന്ദുമുന്നണിയും കുറേ വോട്ടു പിടിക്കുകയും ചെയ്തു. ഇതു യു.ഡി.എഫിനു വിനയായി.

കരുണാകരനെയും കേരളകോണ്‍ഗ്രസിനെയും ദുര്‍ബലമാക്കാനായി, അവരെ പിന്തുണക്കുന്ന നിയമസഭാംഗങ്ങളെ കുറക്കുക എന്നത് അന്ന് കോണ്‍ഗ്രസിലെ 'എ' വിഭാഗത്തിന്റെ ദൃഢപ്രതിജ്ഞയായിരുന്നു. ഇക്കാര്യം പിന്നീട് കരുണാകരന്‍ തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എറണാകുളം ടൗണ്‍ ഉള്‍പ്പെടെ പല മണ്ഡലങ്ങളിലും പതിനായിരത്തിലധികം വോട്ടുകള്‍ കോണ്‍ഗ്രസ്‌വിമതര്‍ പിടിച്ചു. പതിനായിരത്തിലധികം ബൂത്തുകളില്‍ കോണ്‍ഗ്രസ്‌വോട്ടുകള്‍ മറിക്കാനുള്ള സംവിധാനമൊരുങ്ങിയിരുന്നു. അന്നും കേരളകോണ്‍ഗ്രസ് നേതാവായ കെ.എം. മാണിയുടെ അപ്രമാദിത്വത്തിനെതിരായിരുന്നു ആന്റണി വിഭാഗം. എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍  യു.ഡി.എഫ് നേരിട്ട വിമതശല്യം സി.പി.എമ്മിനു തുണയായി. അതിനും പുറമേ പ്രീഡിഗ്രി ബോര്‍ഡു സമരം ഒരുതലമുറക്കുണ്ടാക്കിയ ദുരിതം  അന്നത്തെ സര്‍ക്കാറിനെതിരെ ജനമനസ്സുകളിലുണ്ടാക്കിയ കടുത്ത അമര്‍ഷവും ഇടതുമുന്നണിക്ക് വോട്ടായി.

ഇപ്പോഴും തത്തുല്യമായ അവസ്ഥയെ യു.ഡി.എഫ് നേരിടുന്നു എന്നത് നേരുതന്നെ. കേരള കോണ്‍ഗ്രസുകളുടെ ലയനവും കോണ്‍ഗ്രസില്‍ ഉയിര്‍ത്തെഴുന്നേറ്റ ഗ്രൂപ്പിസവും 1987ലേതിനു തുല്യമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതിരുന്നാല്‍ '87ലേതിനെക്കാള്‍ വലിയ വിമതശല്യം 2010ലും പ്രതീക്ഷിക്കാം. എന്നാല്‍, ഹൈന്ദവവോട്ടുകള്‍ സമാഹരിച്ച് വിജയിക്കാമെന്നാണ് കണക്കുകൂട്ടലെങ്കില്‍ സി.പി.എമ്മിന് കടുത്ത നിരാശതന്നെയുണ്ടാകാനാണ് സാധ്യത.  ഹൈന്ദവ വോട്ട് ബാങ്കിന്റെ  രാസബന്ധനം തന്നെ മാറിയിട്ടുണ്ട്. ഹൈന്ദവവിഭാഗവുമായി ബന്ധപ്പെട്ട് എണ്‍പതുകളില്‍ നിന്നിരുന്ന  പതിനഞ്ചു ശതമാനത്തോളം വരുന്ന ദലിത്‌വിഭാഗങ്ങള്‍ അവരുടേതായ പ്രശ്‌നങ്ങളാല്‍ പരമ്പരാഗത രാഷ്ട്രീയത്തില്‍ നിന്ന് അകന്നിരിക്കുന്നു. മറ്റുള്ളവരില്‍ '82-'87 കാലത്തെ ഹിന്ദുമുന്നണിയുണ്ടാക്കിയ വികാരം ഇന്നില്ല.

സാമൂഹികരംഗത്ത് എസ്.എന്‍.ഡി.പി യോഗത്തിന്റെയും എന്‍.എസ്.എസിന്റെയും പ്രശ്‌നങ്ങളെ മാത്രമാണിന്ന് സി.പി.എം കൈകാര്യം ചെയ്യുന്നത്. നേരത്തേ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയായി അറിയപ്പെടാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. തൊഴിലാളികളുടെ സ്വന്തം പാര്‍ട്ടി എന്ന നിലയില്‍ നിന്ന് റിയല്‍ എസ്‌റ്റേറ്റുകാരുടെയും സമ്പന്നവര്‍ഗത്തിന്റെയും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലേക്ക് കടന്നു എന്നതു പോലെ പാര്‍ട്ടിയുടെ സാമൂഹികതാല്‍പര്യങ്ങളിലും മാറ്റം വന്നിരിക്കുന്നു. എസ്.എന്‍.ഡി.പി യോഗം, എന്‍.എസ്.എസ് ആദി സംഘടനകളുടെ നേതൃത്വം മാത്രം കൂടെ നിന്നാല്‍  ഹൈന്ദവവോട്ടായെന്നും അതുകൊണ്ട് ജയിക്കാമെന്നും കരുതിയാണു പുറപ്പാട്. എന്നാല്‍, ഇതുകൊണ്ട് കേരളീയമനസ്സുകളില്‍ കടുത്ത വര്‍ഗീയത തിരുകിക്കയറ്റാമെന്നതില്‍ കവിഞ്ഞൊന്നും സി.പി.എമ്മിനു സമ്മാനിക്കാനില്ല.

വോട്ടിന്റെ ശതമാനം നോക്കിയാലും '87 ലെ കണക്ക് സി.പി.എമ്മിന് അനുകൂലമല്ല. 1982ല്‍ തോറ്റെങ്കിലും അന്നു ലഭിച്ച വോട്ടിനേക്കാള്‍ രണ്ടുശതമാനത്തിലേറെ വോട്ടിന്റെ കുറവാണ് '87ല്‍ സി.പി.എമ്മിനുണ്ടായത്. അടിസ്ഥാനവിഭാഗങ്ങളെ അകറ്റിക്കൊണ്ടുള്ള അടവുനയങ്ങള്‍   പാര്‍ട്ടിയുടെ അടിത്തറയെ ബാധിക്കുമെന്നതിനും  ഉദാഹരണമായി നില്‍ക്കുന്നു, '87 ലെ തെരഞ്ഞെടുപ്പ്. എന്നിട്ടും ഇടതുമുന്നണി വിജയിച്ചു. അതിനു നന്ദി പറയേണ്ടത് കോണ്‍ഗ്രസ്‌വിമതരോടാണ് എന്നുമാത്രം. വിമതശല്യം എതിര്‍പക്ഷത്തിനു നല്‍കിയ പരാജയത്തെ  തത്ത്വാധിഷ്ഠിത വിജയമാക്കിമാറ്റാന്‍ അന്ന് ഇ.എം.എസ് ഉണ്ടായിരുന്നതിനാല്‍ വോട്ടുകുറഞ്ഞ കാര്യമോ യഥാര്‍ഥ പരാജയകാരണങ്ങളോ ചര്‍ച്ചചെയ്യപ്പെടാതെ പോയി. ശരീഅത്ത്‌വിവാദവും ന്യൂനപക്ഷവിരുദ്ധ പ്രസ്താവനകളും അഴിഞ്ഞാടിയ അക്കാലഘട്ടങ്ങളില്‍ അകന്നുപോയ ന്യൂനപക്ഷ വിഭാഗങ്ങളില്‍ കുറേ പേരെങ്കിലും  അതൊക്കെ മറന്ന് ഇടതുപക്ഷത്തെ ആശ്രയസ്ഥാനമായി കണക്കാക്കാന്‍ തുടങ്ങിയത് പതിറ്റാണ്ടിനുശേഷമാണ്. 1998ല്‍ മുസ്‌ലിംലീഗുമായി ഉണ്ടാക്കി പരാജയപ്പെട്ട അടവുനയത്തിനു ശേഷം ന്യൂനപക്ഷ വിഭാഗങ്ങളിലെ വിവിധസംഘടനകളുമായി  തുടര്‍ന്നു വന്ന ആ നിലപാടിന് മാറ്റം വരുത്തിയാണ് സി.പി.എം പുതിയ പരീക്ഷണത്തിനൊരുങ്ങുന്നത്. അതിന് സാമൂഹിക സാമ്പത്തിക കാരണങ്ങള്‍ വേറെയുണ്ടാകാം.

ബംഗാളിലും സമാന അവസ്ഥയാണ് സി.പി.എം അഭിമുഖീകരിക്കുന്നത്.  നന്ദിഗ്രാം പോലുള്ള സംഭവങ്ങള്‍ ന്യൂനപക്ഷത്തെയും ദലിത്‌വിഭാഗങ്ങളെയും അകറ്റിയിരിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പ്രശ്‌നങ്ങളല്ല ഇന്ന് സി.പി.എം അവിടെ കൈകാര്യം ചെയ്യുന്നത്. മറിച്ച് ഭൂസ്വാമിമാര്‍ അടക്കം, പണ്ട് ഫ്യൂഡലിസ്റ്റുകള്‍ എന്നു സി.പി.എം പരിഹസിച്ചവരുടെയും ടാറ്റ പോലെ വന്‍കിട കുത്തക മുതലാളിമാരുടെയും പ്രശ്‌നങ്ങളാണ്. ദലിത്-പിന്നാക്കാദി അടിസ്ഥാന വര്‍ഗങ്ങളെ അടിച്ചിറക്കി അതില്‍ കുറേപേരെയെങ്കിലും മാവോയിസ്റ്റുകളുടെ പാളയത്തിലാക്കിയിരിക്കുന്നു. ഇനി അവിടെയും പ്രതീക്ഷിക്കാനുള്ളത് സവര്‍ണ-ഹൈന്ദവ വര്‍ഗീയവോട്ടുകളാണ്. അതിനായുള്ള പ്രയാണത്തിലാണ് സംഘ്പരിവാറിനു മുന്നില്‍ ഭിക്ഷാപാത്രവുമായി നില്‍ക്കേണ്ട ഗതികേടിലെത്തിയത്.

ഈ പരീക്ഷണം സി.പി.എം പോലുള്ള ഒരു പാര്‍ട്ടിക്ക് താല്‍ക്കാലികമായി ചില ഭൗതിക നേട്ടങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍, ശാശ്വതമായി പാര്‍ട്ടിയുടെ അടിത്തറയാണ് തകരുന്നത്. ഭൂരിപക്ഷ വര്‍ഗീയത ഒന്നുയര്‍ന്നു കിട്ടുന്നതിനുള്ള അവസരം നോക്കി നില്‍ക്കുന്ന ഭീഷണശക്തികള്‍ വേറെയുണ്ട്. 1948 മുതല്‍ ഇന്ത്യാരാജ്യം പിടിച്ചടക്കാന്‍ ലക്ഷ്യമിട്ടു നില്‍ക്കുന്ന ആ ശക്തികള്‍ക്ക് നിയോഗം പോലെ ഇടക്കിടെ ഇന്ത്യന്‍ജനത തിരിച്ചടികള്‍ സമ്മാനിക്കുന്നു. ആ ശക്തികള്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയമാന്യതയാണ് സി.പി.എം ഇപ്പോള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. സവര്‍ണ വര്‍ഗീയതയുടെ കുത്തക മുതലാളിമാരുടെ അടുത്ത് ചില്ലറവ്യാപാരത്തിനു പോകുന്നത് എത്രത്തോളം ലാഭകരമാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൂട്ടുകൂടുന്നത് കഴുകനോടോ കപോതത്തോടോ എന്നു തിരിച്ചറിയാനുള്ള വിവേചനശക്തിപോലും പാര്‍ട്ടി നേതൃത്വത്തിനു നഷ്ടമായിക്കഴിഞ്ഞുവോ?
പാര്‍ട്ടിക്ക് അടിത്തറയുള്ള കേരളത്തിലും പശ്ചിമബംഗാളിലും ഒരുപോലെയാണ് പുതിയ അടവുനയത്തിന്റെ വെളിപ്പെടല്‍. ദേശീയതലത്തില്‍ തന്നെ സി.പി.എം മറ്റൊരു വഴിയിലേക്കു ചായുന്നു എന്നതിന്റെ സൂചനയാണ് ഇതില്‍നിന്നു ലഭിക്കുന്നത്. പാര്‍ട്ടിയുടെ അടിത്തറ വിലയിരുത്തപ്പെടുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പിടിച്ചുനില്‍ക്കാനുള്ള അടവുമാത്രമായി ഇതിനെ വിലയിരുത്തുന്നതില്‍ അര്‍ഥമില്ല. ദേശിയതലത്തില്‍ തന്നെ പുതിയ പരീക്ഷണങ്ങള്‍ക്ക് സി.പി.എം മടിക്കില്ലെന്നാണ് സൂചന.  നഷ്ടപ്പെട്ട പ്രാധാന്യം കേന്ദ്രതലത്തില്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെങ്കില്‍ കമ്യൂണിസ്റ്റ്‌രാഷ്ട്രീയത്തില്‍ കാതലായ മാറ്റമാണ് ഉണ്ടാകുന്നതെന്ന് കരുതാം.

1 comment:

Unknown said...

സുധീരെ,
സ്ഥിരമായി വായിക്കാറുണ്ട്.
പക്ഷെ കമന്റാറില്ല എന്ന് മാത്രം .
ഈ എഴുത്ത് എനിക്കിഷ്ടമാണ് .