Monday, June 14, 2010

ഇസ്രായേല്‍ പിന്നെയും തുറന്നുകാട്ടുന്നു

ഇസ്രായേല്‍ പിന്നെയും തുറന്നുകാട്ടുന്നു

Monday, June 14, 2010
'ഫ്രീഡം ഫേ്‌ളാടില'യിലെ അവിസ്മരണീയ ഓര്‍മകളുമായി അക്‌റം ഖസ്സാബ്
ആഗോളതലത്തില്‍ വമ്പിച്ച പ്രതിഷേധത്തിനിടയാക്കിയ ഇസ്രായേല്‍ ആക്രമണത്തിന് വിധേയമായ ഫ്രീഡം ഫേ്‌ളാടിലയില്‍ ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പങ്കെടുത്ത 700 ഓളം പേരില്‍ പ്രമുഖനാണ് അക്‌റം ഖസ്സാബ്. ഈജിപ്തുകാരനായ ഖസ്സാബ് പ്രവാചകനെക്കുറിച്ച ഹോളിവുഡ് സിനിമയുടെ നിര്‍മാതാക്കളായ ഖത്തറിലെ അന്നൂര്‍ ഹോള്‍ഡിങ്ങില്‍ ശരീഅത്ത് ഉപദേശകനാണ്.
'മാധ്യമ'ത്തിന് വേണ്ടി പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റുമായ ടി.കെ. ഇബ്രാഹീം ടൊറണ്ടോ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

========================================

ഇസ്രായേലിനെ പ്രകോപിപ്പിച്ച വല്ല നീക്കവും സമാധാന പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നോ?
ഇല്ല, അത്തരത്തില്‍ ഒന്നും ഉണ്ടായില്ല. എല്ലാവരും സമാധാനപരമായാണ് പെരുമാറിയത്. ഇസ്രായേല്‍ ഭടന്‍മാരെ ചെറുക്കാനോ അവരോട് ഏറ്റുമുട്ടാനോ ഞങ്ങള്‍ മുതിര്‍ന്നിട്ടില്ല. പ്രകോപനപരമായി ഞങ്ങളില്‍ നിന്ന് ഒന്നും സംഭവിച്ചിട്ടില്ല. ഞങ്ങള്‍ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിക്ക് അകത്തായിരുന്നു. ഇസ്രായേലിന്റെ സമുദ്രാതിര്‍ത്തിയില്‍ കടന്നു കയറാത്ത ഞങ്ങളെങ്ങനെയാണ് അവര്‍ക്ക് പ്രകോപനം സൃഷ്ടിക്കുക.

കപ്പലില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്ന് ഇസ്രായേല്‍ പ്രചാരണം നടത്തുന്നുണ്ടല്ലോ?
ഇത് വസ്തുതാ വിരുദ്ധമാണ്. ഗസ്സയിലെ ദുരിത ബാധിതര്‍ക്കുള്ള ഭക്ഷണം, വസ്ത്രം, മരുന്നുകള്‍, ഭവനനിര്‍മാണ ഉപകരണങ്ങള്‍, കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങള്‍ എന്നിവയാണ് കപ്പലിലുണ്ടായിരുന്നത്. ആയുധം കരുതിയ ഒരാളും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നില്ല.
കൂടെയുള്ള 16 പേര്‍ ഇസ്രായേല്‍സൈന്യത്തിന്റെ വെടിയേറ്റ് വീഴുന്നത് താങ്കള്‍ കണ്‍മുന്നില്‍ കണ്ടു. മരണവക്ത്രത്തില്‍ നിന്നു രക്ഷപ്പെട്ട ആ നിമിഷത്തെക്കുറിച്ച് ഇപ്പോള്‍ എന്തുതോന്നുന്നു?
കപ്പലിലെ ഏതൊരാള്‍ക്കും വെടിയേല്‍ക്കാമായിരുന്നു. ആരും സുരക്ഷിതരായിരുന്നില്ല. എന്റെ തൊട്ടടുത്തുണ്ടായിരുന്നയാള്‍ക്ക് തലക്ക് വെടിയേറ്റു. ഇസ്രായേല്‍ ഭടന്‍മാര്‍ ഭ്രാന്തമായ മാനസികാവസ്ഥയിലാണ് വെടിയുതിര്‍ത്തത്. പൂര്‍ണ ആയുധ സജ്ജരായാണ് അവര്‍ ഹെലികോപ്ടറില്‍ നിന്ന് കപ്പല്‍ ഡെക്കില്‍ ചാടി വീണത്. കപ്പലിലുള്ളവര്‍ക്ക് പ്രതിരോധിക്കാന്‍ കൈയിലൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ ഉച്ചത്തില്‍ തക്ബീര്‍ മുഴക്കി. ഇതായിരുന്നു ഞങ്ങളുടെ ഏക പ്രതിരോധം. രക്തസാക്ഷ്യത്തിനുള്ള സമയം ആസന്നമായിരിക്കാമെന്ന് ഞാന്‍ കരുതി. അതെനിക്ക് മനസ്സമാധാനം പകര്‍ന്നു.

ഫലസ്തീനിലെ വിമോചനപ്രസ്ഥാനത്തിന്റെ നേതാവ് ശൈഖ് റാഇദ് സലാഹിന്റെ വധം ഇസ്രായേലിന്റെ മുഖ്യ ലക്ഷ്യമായിരുന്നെന്ന് കേട്ടു, എന്തു സംഭവിച്ചു?
സംഘത്തില്‍ മുന്നില്‍ സഞ്ചരിച്ച 'മാവി മര്‍മറ' കപ്പലില്‍ മൂന്ന് തട്ടുകളിലായിരുന്നു യാത്രക്കാര്‍. സ്ത്രീകളും കുട്ടികളും വൃദ്ധന്‍മാരും താഴെ തട്ടിലായിരുന്നു. ശൈഖ് റാഇദും താഴെ തട്ടിലായിരുന്നു. ഏറ്റവും മുകളില്‍ തുര്‍ക്കിയില്‍ നിന്നുള്ളവരായിരുന്നു. ഇസ്രായേല്‍ ഭടന്‍മാര്‍ മുകള്‍ ഭാഗത്താണ് ആക്രമണം നടത്തിയത്, ഇതിനാല്‍ കൊല്ലപ്പെട്ടവരിലധികവും തുര്‍ക്കിയില്‍ നിന്നുള്ളവരായിരുന്നു. ശൈഖ് റാഇദിന്റെ താടിക്കു സമാനമായ താടിയുള്ള ഒരു തുര്‍ക്കി പൗരനും കപ്പലിലുണ്ടായിരുന്നു. റാഇദിനെ തിരഞ്ഞുനടക്കുന്നതിനിടെ കണ്ട ഈ തുര്‍ക്കി പൗരനെ വധിച്ച അക്രമികള്‍ ലക്ഷ്യം വിജയിച്ചെന്ന് കരുതി മടങ്ങിപ്പോയി. പിന്നീടാണ് ഉന്നം പിഴച്ചെന്ന് ബോധ്യപ്പെട്ടതും ഇളിഭ്യരായതും. പരിക്കേല്‍ക്കാതെ കരയിലെത്തിയ ശൈഖ് റാഇദിനെ ഇപ്പോള്‍ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇസ്രായേലി പ്രതിപക്ഷ നേതാവായിരുന്ന താലി ഫാഹിമ തന്റെ ഇസ്‌ലാം ആശ്ലേഷണത്തില്‍ ശൈഖ് റാഇദിന്റെ വ്യക്തിത്വത്തിന് പങ്കുണ്ടെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഫ്രീഡംഫേ്‌ളാടില ആക്രമിക്കപ്പെടുകയും കുറേ പേരെ ഇസ്രായേല്‍ വധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാണ്. ഇത് ഗസ്സയിലെ ഉപരോധം റദ്ദാക്കാന്‍ വഴിതുറക്കുമോ?
അതാണെന്റെ വിശ്വാസം. ഇസ്രായേലി ആക്രമണം ലോകത്തിന് മുമ്പില്‍ ജൂതരാജ്യത്തിന്റെ തനിനിറം ഒരിക്കല്‍കൂടി തുറന്നുകാട്ടി. ഫ്രീഡം ഫേ്‌ളാടിലയില്‍ ഉണ്ടായിരുന്നത് അറബികളോ മുസ്‌ലിംകളോ മാത്രമായിരുന്നില്ല. വിവിധ നാടുകളില്‍നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരായ ക്രൈസ്തവരും ജൂതന്‍മാരും കമ്യൂണിസ്റ്റുകാരും ഞങ്ങളോടൊപ്പമുണ്ടായിരുന്നു.
യഥാര്‍ഥത്തില്‍ മുഴുവന്‍ ലോകത്തിനും നേര്‍ക്കാണ് ഇസ്രായേല്‍ താന്തോന്നിത്തം കാണിച്ചത്. ഞങ്ങളുടെ ആരുടെയും കൈവശം ഒരായുധവും ഉണ്ടായിരുന്നില്ല. ദൈവത്തിലും അവന്റെ സഹായത്തിലുമുള്ള അചഞ്ചല വിശ്വാസത്തിലാണ് ഞങ്ങള്‍ ഈ മഹത്തായ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. ഗസ്സയിലെ ഉപരോധം മൂന്ന് വര്‍ഷം പിന്നിട്ടുകഴിഞ്ഞു.

എത്ര കപ്പലുകളാണ് ഉപരോധ ലംഘനത്തിനായി പുറപ്പെട്ടത്? ആരാണ് സ്‌പോണ്‍സര്‍മാര്‍?
ഏഴ് കപ്പലുകളുണ്ടായിരുന്നു. ഏഴുനൂറോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. തുര്‍ക്കിയില്‍ ജീവകാരുണ്യ രംഗത്തെ പ്രശസ്തരായ 'ഇന്‍സാനി യാര്‍ദിം വഖ്ഫി' (ഐ.എച്ച്.എച്ച്) ആണ് ഇതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. 1992 മുതല്‍ ഇസ്തംബൂള്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.എച്ച്.എച്ചിന് തുര്‍ക്കിയില്‍ ആഴത്തില്‍ വേരുണ്ട്.

ഫ്രീഡം ഫേ്‌ളാടിലയിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍?
തുര്‍ക്കിയില്‍നിന്നുള്ള ഒരു സ്ത്രീയുടെ ഭര്‍ത്താവ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മരണ വിവരമറിഞ്ഞ് ഭാര്യ കരയുന്നുണ്ടായിരുന്നു. സാന്ത്വനിപ്പിക്കാന്‍ ചെന്നവരോട് അവര്‍ പറഞ്ഞത് ഭര്‍ത്താവ് മരിച്ചതിലല്ല, അദ്ദേഹത്തിനൊപ്പം തനിക്കും രക്തസാക്ഷിത്വം ലഭിച്ചില്ലല്ലോ എന്നതാണ് എന്നെ വേദനിപ്പിക്കുന്നത് എന്നാണ്.
മറ്റൊന്ന് ഐ.എച്ച്.എച്ച് ഫലസ്തീനികള്‍ക്കായി ഫണ്ടുകള്‍ ശേഖരിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു യാചക സ്ത്രീ തനിക്ക് യാചിച്ചു കിട്ടിയ മുഴുവന്‍ തുകയും അതിലേക്ക് സംഭാവന നല്‍കി. മറ്റൊന്ന്: മാവി മര്‍മറയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ സുഹൃത്തുക്കള്‍ കൊല്ലപ്പെട്ടിട്ടും ഒരു തുര്‍ക്കി യുവാവ് സങ്കടപ്പെട്ടത് 'ഈ വസ്തുക്കളൊന്നും ഗസ്സയിലെ ദുരിത ബാധിതര്‍ക്ക് ഇനി എത്തില്ലല്ലോ' എന്ന് പറഞ്ഞായിരുന്നു.

ഭാവി പരിപാടി?
ശൈഖ് യൂസുഫുല്‍ ഖറദാവി അധ്യക്ഷനായ ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഫോര്‍ മുസ്‌ലിം സ്‌കോളേഴ്‌സ് ഗസ്സയിലേക്ക് കപ്പലയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ദുരിതാശ്വാസ വസ്തുക്കളുമായി ജൂലൈ 17ന് ഇസ്തംബൂളില്‍ നിന്ന് പുറപ്പെടുന്ന ഈ കപ്പലില്‍ മുസ്‌ലിം പണ്ഡിതന്മാരായിരിക്കും ഉണ്ടാകുക. പുറമെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വേറെയും കപ്പല്‍ വ്യൂഹങ്ങള്‍ തയാറെടുക്കുന്നുണ്ട്.

No comments: