Monday, June 14, 2010

മോഡിയുടെ പാവം അഭ്യാസങ്ങള്‍

മോഡിയുടെ പാവം അഭ്യാസങ്ങള്‍

Monday, June 14, 2010
കാവ്യനീതിക്കും വിധിവിപര്യയത്തിനുമൊന്നും ഇരയേതെന്നു നോട്ടമുണ്ടാവണമെന്നില്ല. ചിലപ്പോള്‍ കൊമ്പുകുലുക്കി മദിച്ചുപുളക്കുന്ന വേട്ടക്കാര്‍ തന്നെ അതിനുമുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കേണ്ടിവരാം-ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെപ്പോലെ. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കൊടിയ വംശഹത്യയിലൂടെ പതിനായിരങ്ങളുടെ അന്നം മുട്ടിച്ച മോഡിയെക്കാട്ടി പാര്‍ട്ടിയുടെ മോടികൂട്ടാനുള്ള നോട്ടത്തിലാണ് ബി.ജെ.പി നേതൃത്വം. പക്ഷേ, എന്തുചെയ്യാം, പട്‌നയിലെ ദേശീയ എക്‌സിക്യൂട്ടീവിന് എത്തിയ നേതാക്കന്മാരുടെ അത്താഴവും കൂടി മോഡി മുടക്കിക്കളഞ്ഞു. എന്നുതന്നെയല്ല, ബിഹാറില്‍ ജനതാദള്‍-യു നേതാവ് നിതീഷ്‌കുമാറുമൊത്ത് അടുത്ത അഞ്ചാണ്ടിലേക്കു കൂടി കണ്ടുവെച്ച സുഖവാഴ്ചയുടെ സുന്ദരസ്വപ്‌നവും പാഴാകുന്നേടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. അങ്ങനെ വരുംതെരഞ്ഞെടുപ്പുകളുടെ നിഴലില്‍ പുതിയ നേതാവിന്റെ കീഴില്‍ പുതുതന്ത്രങ്ങളാരായാന്‍ ചേര്‍ന്ന ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവിന്റെ അജണ്ട തന്നെ അട്ടിമറിഞ്ഞു.

ബിഹാര്‍ തലസ്ഥാനമായ പട്‌നയില്‍ ജൂണ്‍ 12,13 തീയതികളില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗത്തിനെത്തുന്നതിനു മുന്നോടിയായാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ബിഹാറിലെ ദിനപത്രങ്ങളില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്. 2008ല്‍ ബിഹാറിലെ കോസിയിലുണ്ടായ വെള്ളപ്പൊക്കക്കെടുതികള്‍ക്ക് ഇരയായവര്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ അയച്ചുകൊടുത്ത സഹായം അനുസ്മരിപ്പിക്കുന്നതായിരുന്നു ഒരു പരസ്യം. മറ്റൊന്ന് ബിഹാര്‍ മുഖ്യമന്ത്രിയുമായി കൈകോര്‍ത്തു പിടിച്ച് ഗുജറാത്ത് മുഖ്യമന്ത്രിയെ ബിഹാറിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് ഉല്ലേഖനം ചെയ്ത പോസ്റ്റര്‍. മൂന്നാമത്തേത് ഗുജറാത്തിലെ മുസ്‌ലിംക്ഷേമം വിളംബരം ചെയ്യുന്നതും.

അമേരിക്കയിലേക്കും ഗള്‍ഫിലേക്കും നേരത്തേ മോഡിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. അവിടെ മാത്രമല്ല, സ്വന്തം രാജ്യത്തുതന്നെ മതേതരസമൂഹങ്ങള്‍ മോഡിയുടെ സാന്നിധ്യം അമംഗളകരമായി കണ്ടുവരുന്നു. ഈ പശ്ചാത്തലത്തില്‍ ബിഹാറിലെ മോഡിപ്പേടി മാറ്റാനും ഒക്‌ടോബര്‍-നവംബറില്‍ വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ ജെ.ഡി-യുവുമായുള്ള സഖ്യം നിലനിര്‍ത്തിക്കിട്ടാനും ഒരു മുഴം നീട്ടിയെറിഞ്ഞതാണ് വിനാശകാലത്തെ വിപരീതബുദ്ധിയായി മാറിയത്.

മതേതര ഇന്ത്യയില്‍ വിദ്വേഷരാഷ്ട്രീയത്തിന്റെ പ്രവാചകനായി മാറിയ നരേന്ദ്രമോഡി അതില്‍ സ്വയം അഭിരമിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നയാളാണ്. 2002ല്‍ ഗുജറാത്തില്‍ നടത്തിയ മുസ്‌ലിം വംശഹത്യയെ ഭാരതീയതക്കും 'ഹിന്ദുത്വ'ക്കും നല്‍കിയ 'മഹത്തായ സംഭാവന'യായാണ് അദ്ദേഹം വിലയിരുത്തുന്നത്. മോഡിമാര്‍ഗം 'ഹിന്ദുത്വ'പാതയായി സംഘ്പരിവാറും അംഗീകരിച്ചു. 'ഹിന്ദുത്വ പരീക്ഷണശാല'യായ ഗുജറാത്തില്‍ വാഴ്ചയുറപ്പിക്കാന്‍ അതിന്റെ തിണ്ണബലം തന്നെ ബി.ജെ.പി ഉപയോഗപ്പെടുത്തി. ഗുജറാത്തിലും, വിദ്വേഷരാഷ്ട്രീയത്തിനും വര്‍ഗീയതക്കും വളക്കൂറുള്ള അയല്‍സംസ്ഥാനങ്ങളിലും ബി.ജെ.പി പുറത്തെടുക്കുന്ന അവസാനത്തെ നമ്പറാണ് മോഡി. ആര്‍.എസ്.എസിന്റെ സ്വന്തം നിതിന്‍ ഗഡ്കരി പാര്‍ട്ടി അധ്യക്ഷനായി വന്നതില്‍പിന്നെ മോഡിമോഡല്‍ ഇന്ദ്രപ്രസ്ഥത്തോളം വ്യാപിപ്പിക്കാനുള്ള കൊണ്ടുപിടിച്ച നീക്കത്തിലാണ്.

എന്നാല്‍ ഈവിധ നീക്കങ്ങളൊക്കെ നടക്കുമ്പോഴും സംഘ്പരിവാറിന്റെ വിഷമേഘങ്ങള്‍ നിഴല്‍വിരിച്ച 'ഹിന്ദുത്വ'ബെല്‍റ്റിനപ്പുറത്ത് മതനിരപേക്ഷസമൂഹങ്ങളില്‍ മോഡിക്ക് കുറ്റവാളി പരിവേഷമാണുള്ളത്. അതാകട്ടെ, മറ്റാരും കല്‍പിച്ചുനല്‍കിയതല്ല. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നേരാംവണ്ണം നീങ്ങുന്ന മുറക്ക് നരേന്ദ്രമോഡിയുടെ കഴുത്തില്‍ കുരുക്കുകള്‍ ഓരോന്നായി മുറുകിവരുന്നതാണ് കാഴ്ച. ഇത് മറ്റാരേക്കാളും നന്നായി മോഡി തന്നെ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് മുഖംമിനുക്കാനുള്ള അതിദയനീയമായ ഈ പരാക്രമങ്ങള്‍.
ഹിന്ദുത്വവാദികള്‍ക്ക് വന്നുപെട്ട ആശയപാപ്പരത്തത്തിന്റെ ഒന്നാന്തരം തെളിവുകൂടിയാണിത്. 'പ്രാകൃതവും ഭാരതീയസംസ്‌കാരത്തിന് നിരക്കാത്തതുമാണ്, ആപത്തുകാലത്തെ സഹായങ്ങള്‍ രാഷ്ട്രീയ ഔദാര്യമായി ചിത്രീകരിക്കുന്നത്' എന്ന നിതീഷിന്റെ പ്രതികരണം വളരെ അര്‍ഥവത്താണ്. വെള്ളപ്പൊക്കക്കെടുതിയുടെ നാളുകളില്‍ ബിഹാറിനു നല്‍കിയ ദുരിതാശ്വാസസഹായം പോലും രാഷ്ട്രീയ ആയുധമാക്കുന്നതില്‍പരം നാണക്കേടുണ്ടോ! ബിഹാറിലേക്ക് മോഡി മുഖംകാണിച്ചാല്‍ ഉള്ള വോട്ടും പെട്ടിയില്‍നിന്നു പറക്കും എന്ന പേടിയാണ് നിതീഷിന്. അതിനാല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടെങ്കിലും അതിന്റെ ചെലവില്‍ മോഡി, വരുണ്‍ഗാന്ധി പോലുള്ളവര്‍ സ്വന്തം തട്ടകത്തില്‍ കടന്നുകയറുന്നത് തടുത്തുനിര്‍ത്തുകയായിരുന്നു അദ്ദേഹം ഇതുവരെ. പരസ്യത്തിന്റെ പേര് പുറമെ പറഞ്ഞെങ്കിലും അതിലേറെ വിരുന്നിലെ ഇത്തരം 'വേട്ടക്കാരുടെ' സാന്നിധ്യം ഭയന്നാകണം നിതീഷ് അത്താഴം കൈയൊഴിഞ്ഞത്.

പ്രതിച്ഛായ കൂട്ടാന്‍ 'പേറ്റുയന്ത്രങ്ങളായ മ്ലേച്ഛവിഭാഗമായി' താന്‍തന്നെ എഴുതിത്തള്ളിയ മുസ്‌ലിംസ്ത്രീകളെയും വേണമെന്നായി മോഡിക്ക്. ഗുജറാത്തിലെ മുസ്‌ലിംസ്ത്രീകളുടെ 'ക്ഷേമം' വിവരിക്കാനാണ് ഉത്തര്‍പ്രദേശിലെ അഅ്‌സംഗഢിലുള്ള ശിബ്‌ലികോളജ് വിദ്യാര്‍ഥിനികളുടെ പടം മോഡിക്കുവേണ്ടി ഉപയോഗിച്ചത്. ദല്‍ഹി ബട്‌ല ഹൗസ് സ്‌ഫോടനത്തെത്തുടര്‍ന്ന് അഅ്‌സംഗഢ് നിവാസികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ ആ പ്രദേശത്തെ തീവ്രവാദിപാളയം എന്നര്‍ഥം വരുന്ന 'ആതംഗഢ്' ആക്കി പരിഹസിക്കുകയായിരുന്നു സംഘ്പരിവാര്‍. അന്ന് 'ടൂ സര്‍ക്കിള്‍സ് ഡോട്ട് നെറ്റ്' എന്ന ഇന്റര്‍നെറ്റ് പോര്‍ട്ടലിന്റെ ലേഖകന്‍ അഅ്‌സംഗഢ് സന്ദര്‍ശിച്ചു. ആണ്‍കുട്ടികള്‍ വേട്ടക്കിരയാവുന്ന അഅ്‌സംഗഢിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസമുന്നേറ്റം ചിത്രീകരിക്കാന്‍ അന്നെടുത്ത ശിബ്‌ലി നാഷനല്‍ കോളജിലെ ദൃശ്യമാണ് ഗുജറാത്തിലെ മുസ്‌ലിം 'ക്ഷേമം' പ്രഘോഷണം ചെയ്യാന്‍ മോഡി ദുരുപയോഗം ചെയ്തത്.

'ഹം പാഞ്ച്, ഹമാരേ പച്ചീസ്' (ഞങ്ങള്‍ അഞ്ച്, ഞങ്ങള്‍ക്ക് ഇരുപത്തഞ്ച്) എന്നുപറഞ്ഞ് മുസ്‌ലിംകളെ പരിഹസിച്ചുനടന്ന മോഡിക്ക് ഒടുവില്‍ സ്വന്തം മികവിനു മകുടം ചാര്‍ത്താന്‍ പര്‍ദയിട്ട പെണ്ണുങ്ങള്‍ തന്നെ വേണം എന്നുവരുന്നത് എത്രമാത്രം വിരോധാഭാസമല്ല! രാജ്യത്തിന്റെ സവിശേഷമായ ബഹുസ്വരതയും നാനാത്വവും അംഗീകരിച്ചും വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം കൈയൊഴിഞ്ഞും ജനാധിപത്യത്തിന്റെ സൗഹൃദപാത തുറന്നുവെക്കുന്നവര്‍ക്കേ സമൂഹം ഇടം നല്‍കുകയുള്ളൂ എന്ന കാര്യം മോഡിയും സംഘ്പരിവാറും ഇനിയെങ്കിലും തിരിച്ചറിയുമോ? അകമേ എന്തൊളിപ്പിക്കുന്നവര്‍ക്കും ജനമധ്യത്തില്‍ സഹിഷ്ണുതയുടെയും സഹൃദയത്വത്തിന്റെയും വേഷംകെട്ടിയാലേ രക്ഷയുള്ളൂ എന്ന തിരിച്ചറിവ്, വീണ്ടുവിചാരത്തിന്റെ ഒരു തിരിഞ്ഞുനോട്ടത്തിന്, തിരുത്തിന് വര്‍ഗീയരാഷ്ട്രീയക്കാരെ പ്രേരിപ്പിച്ചാല്‍ അത് അവര്‍ക്കും നാടിനും ശുഭകരമായിത്തീരും എന്നേ പറയാനുള്ളൂ.

No comments: