Monday, June 14, 2010

സിന്തറ്റിക് ക്ഷോഭകാലത്തെ പ്രഹസന ഘോഷയാത്ര

സിന്തറ്റിക് ക്ഷോഭകാലത്തെ പ്രഹസന ഘോഷയാത്ര

വിജു വി.നായര്‍
Monday, June 14, 2010
അങ്ങനെ 25 കൊല്ലം കൊണ്ട് നമ്മള്‍ നീതിസാരത്തിന്റെ കാതല്‍ കണ്ടെത്തിയിരിക്കുന്നു-വാറന്‍ ആന്‍ഡേഴ്‌സന്‍ എന്ന 89കാരന്റെ രൂപത്തില്‍.

ആന്‍ഡേഴ്‌സനെ ഒന്നിങ്ങോട്ടു കിട്ടുകമാത്രമേ വേണ്ടൂ, ഭോപാല്‍ ദുരന്തത്തിന് യുക്തിസഹമായ വിരാമമിടാന്‍. അതാണിപ്പോള്‍ ഇന്ത്യന്‍രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും ഒറ്റമൂലി. പന്തീരായിരം പേരുടെ ജീവനൊടുക്കുകയും അതിന്റെ പത്തിരട്ടിയാളെ ജീവിച്ചുനരകിക്കുന്ന രക്തസാക്ഷികളാക്കുകയും ചെയ്തിട്ട് ഭോപാലിനെ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി വിഷലിപ്തമാക്കിത്തന്നെ പുലര്‍ത്തിപ്പോരുന്ന മഹാവിപത്തിനുള്ള ദേശീയപരിഹാരം.
മുഖ്യപ്രതിയെ മുക്കിയത് കോണ്‍ഗ്രസ്‌നേതൃത്വമാണെന്നു വരുത്താന്‍ ഒരു ഭാഗത്ത് വല്ലാത്ത തിടുക്കം. അര്‍ജുന്‍സിങ്ങിനെ ബലികൊടുത്ത് നേതൃത്വത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് വെപ്രാളം. പ്രതിയെ മടക്കിക്കൊണ്ടുവന്ന് ശിക്ഷിക്കാതെ മാധ്യമങ്ങള്‍ക്ക് ഇരിക്കപ്പൊറുതിയില്ല. കൊണ്ടുവന്നുതരാമെന്ന് പ്രണബ്മുഖര്‍ജി വക ഉറപ്പ്. എന്നിട്ടും ചാനലായ ചാനലിലൊക്കെ സിന്തറ്റിക്‌ക്ഷോഭം അരങ്ങുതകര്‍ക്കുന്നു.


ആന്‍ഡേഴ്‌സനെ കൊണ്ടുവന്നെന്നിരിക്കട്ടെ. അഥവാ പണ്ട് വിട്ടുകളഞ്ഞില്ലായിരുന്നു എന്നിരിക്കട്ടെ. കോടതി അയാളെ ശിക്ഷിച്ചെന്നും വെക്കുക. സ്വാഭാവികമായും അപ്പീലുപോകും. സുപ്രീംകോടതിവരെ കേസ് കളിച്ചുതീരാന്‍ മറ്റൊരു 20 കൊല്ലംകൂടി. അന്തിമവിധി വരുമ്പോള്‍ സാക്ഷാല്‍ ആന്‍ഡേഴ്‌സനു വയസ്സ് 109. അതും കഴിഞ്ഞുവേണം ഈ കേസില്‍ കിട്ടാവുന്ന പരമാവധി ശിക്ഷ (10 കൊല്ലം ജയില്‍) അനുഭവിക്കാന്‍. അങ്ങനെ 119ാം വയസ്സുവരെ സായ്പിനെ 'അനുഭവിപ്പി'ച്ചെടുക്കുന്നതോടെ ഇന്ത്യന്‍മനസ്സിന് ശാന്തി. ഇതെന്തു ജാതി നീതിസങ്കല്‍പമാണ്? സത്യത്തില്‍ വികൃതവും നികൃഷ്ടവുമായ ഈ പൊതുനീതിസങ്കല്‍പത്തിന്റെ തന്നെ ഫലമല്ലേ ഭോപാല്‍കേസും അതിന്റെ പരിണാമങ്ങളും?

ഇന്ത്യന്‍ ശിക്ഷാനിയമം 304 പ്രകാരം നരഹത്യക്ക് ശിക്ഷയെടുക്കാനായിരുന്നു ഒറിജിനല്‍ കുറ്റപത്രം. അന്നത്തെ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എ.എം. അഹ്മദി അത് 304-എ എന്നെഴുതിച്ചുരുക്കി. എന്നുവെച്ചാല്‍ 10 കൊല്ലം തടവുകിട്ടാവുന്ന മേപ്പടി വകുപ്പിന് പകരം കുറ്റകരമായ അശ്രദ്ധ എന്ന ലളിതവത്കരണം. പരമാവധി ശിക്ഷ രണ്ടുകൊല്ലം. യൂനിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഭോപാലിലെ പ്ലാന്റ് കുഴപ്പത്തിലായിരുന്നെന്നും ഉപകരണങ്ങള്‍ കേടുപാടുള്ളവയായിരുന്നെന്നും വ്യക്തമായ തെളിവ് കോടതിക്ക് നല്‍കിയിരുന്നു. ഇതെല്ലാംവെച്ച് പരമോന്നത കോടതി കല്‍പിച്ച വിധിന്യായം ഇങ്ങനെ: പ്ലാന്റ് പിശകുള്ളതാണെന്നും എം.ഐ.സി പോലുള്ള മാരകവിഷവസ്തുക്കളാണതില്‍ കൈകാര്യം ചെയ്തിരുന്നെന്നും നിരൂപിച്ചാല്‍ പോലും, അത്തരം വസ്തുക്കള്‍ (ടാങ്കില്‍) സൂക്ഷിച്ചു എന്നതുകൊണ്ട് അവ മനുഷ്യര്‍ക്ക് മരണമുണ്ടാക്കുമെന്ന അറിവ് പ്രതിക്കുണ്ടായിരുന്നു എന്ന് പ്രഥമദൃഷ്ട്യാ സൂചിപ്പിക്കുന്നില്ല.

ഇതിലും ഭീകരമാണ് അടുത്ത പടി. റിവ്യൂപെറ്റീഷന്‍ കോടതി തള്ളുന്നു. ഇമ്മാതിരി നീതിവാക്യമെഴുതിയ ന്യായാധിപന്‍മാര്‍ക്കു മുന്നില്‍ ഭരണഘടനയുടെ 137ാം ആര്‍ട്ടിക്ക്ള്‍ പ്രകാരമുള്ള പുനഃപരിശോധനാ പരാതി  എത്രമാത്രം പ്രഹസനമാകുമെന്ന് പറയേണ്ടതുണ്ടോ? എന്നാല്‍, അതുകൂടി പറയാം. ആര്‍ട്ടിക്കിള്‍ 142 പറയുന്നു, പൂര്‍ണ നീതിചെയ്യാന്‍ ആവശ്യമെന്നുണ്ടെങ്കില്‍ തങ്ങള്‍ക്ക് മുന്നിലെത്തുന്നതോ വിചാരണയില്‍ കിടക്കുന്നതോ ആയ ഏതുകേസിലും സുപ്രീംകോടതിക്ക് പുതിയ ഉത്തരവിടാമെന്ന്. എന്നുവെച്ചാല്‍, ഇത്രയധികം മനുഷ്യരെ കൂട്ടക്കൊല ചെയ്തതിന് കാര്‍ബൈഡ്കമ്പനിയെ കേവലമൊരു ഉപകരണന്യായം പറഞ്ഞ് രക്ഷപ്പെടാന്‍ അനുവദിക്കാതിരിക്കാമായിരുന്നു കോടതിക്ക്. അതിനുപക്ഷേ, ഭോപാല്‍ദുരന്തത്തെ കൂട്ടക്കൊലയായി കാണാനുള്ള മനഃസാക്ഷി കോടതിക്കുണ്ടാവണം. നമ്മുടെ നീതിയില്‍ പരമേശ്വരന്‍മാര്‍ക്ക് പ്രധാനം പ്ലാന്റും ടാങ്കും സായ്പിന്റെ കവാത്തുമൊക്കെയായിരുന്നു.

കോടതിക്കോ കഴിഞ്ഞില്ല. ജനസഭയായ പാര്‍ലമെന്റിനോ? റിവ്യു പെറ്റീഷന്‍ തള്ളി; 14 കൊല്ലമായി നമ്മുടെ മഹാവിദ്വാന്‍മാരായ എം.പിമാര്‍ ഉറങ്ങി. ഇപ്പോള്‍ പെട്ടെന്നിതാ ഞെട്ടലും നിലവിളിയും. ആന്‍ഡേഴ്‌സന്‍ എന്ന ഒറ്റമൂലിക്കായി ദേശീയദാഹ പ്രകടനം. ഈ പശ്ചാത്തലത്തിലുള്ള മൂന്നു മൃഗയാഫലിതങ്ങള്‍ കൂടി കേള്‍ക്കുക: യൂനിയന്‍കാര്‍ബൈഡിനോട് കേന്ദ്രസര്‍ക്കാര്‍ ആദ്യം ആവശ്യപ്പെട്ട നഷ്ടപരിഹാരത്തുകയുടെ നാലിലൊന്നുപോലുമില്ല ഒടുവില്‍ കോടതിക്കുപുറത്ത് നടത്തിയ ഒത്തുതീര്‍പ്പില്‍ കിട്ടിയത്. അതും പോകട്ടെ, കിട്ടിയ തുകയുടെ മൂന്നിലൊന്നും ഇപ്പോഴും കേന്ദ്രസര്‍ക്കാറിന്റെ കീശയില്‍ ഭദ്രമായി വെച്ചിരിക്കുന്നു!

ഫലിതം നമ്പര്‍ ടു കാണാന്‍ സാക്ഷാല്‍ യൂനിയന്‍കാര്‍ബൈഡിന്റെ വെബ്‌സൈറ്റ് നോക്കിയാല്‍ മതി. 'ദുരന്തകാരണമായി പറയുന്ന വിഷവസ്തുനിറഞ്ഞ ടാങ്കിലേക്ക് വെള്ളമൊലിപ്പിച്ചത് ഒരു ഫാക്ടറി ജീവനക്കാരനാണ്. അയാളെ ഇന്ത്യന്‍സര്‍ക്കാറിനറിയാം. എന്നിട്ടും പിടികൂടുന്നില്ല. കാരണം കമ്പനിയെ കുടുക്കി ധാരാളം പണം പിടുങ്ങുകയാണ് ഇന്ത്യയുടെ ഉദ്ദേശ്യം'.

മൃഗയാവിനോദം നമ്പര്‍ ത്രീ: കാല്‍നൂറ്റാണ്ടായി ഭോപാല്‍ വിഷയമായി കിടക്കുന്നു എന്ന ആവലാതി ഇന്നും ഒരു കാതും ഗൗരവത്തിലെടുക്കുന്നില്ല. ഇക്കൊല്ലം ജനുവരിയില്‍ ദേശീയ ശാസ്ത്ര-പരിസ്ഥിതി കേന്ദ്രം നടത്തിയ പരിശോധനയില്‍ മാരകവിഷരൂപത്തിലുള്ള മെര്‍ക്കുറി തൊട്ട് കാര്‍ബറൈല്‍ വരെ ഭോപാലില്‍ സുരക്ഷിതനിലക്കപ്പുറം 110 ശതമാനംവരെ ഉയര്‍ന്ന തരത്തിലാണെന്ന് കണ്ടെത്തി. ദുരന്തമുണ്ടാക്കിയ കാര്‍ബൈഡ് പ്ലാന്റിന്റെ മൂന്നുകിലോമീറ്ററിലപ്പുറം വരെ. എന്നുവെച്ചാല്‍ വിഷമാലിന്യങ്ങള്‍ ഭൂഗര്‍ഭജലത്തിലേക്ക് ഒലിച്ചിറങ്ങി പടര്‍ന്നുകൊണ്ടിരിക്കുന്നു എന്നര്‍ഥം.

കാല്‍നൂറ്റാണ്ടായി പ്ലാസ്റ്റിക് വലയത്തിലും അല്ലാതെയുമായി കിടക്കുന്ന വിഷമാലിന്യങ്ങള്‍ ഗുജറാത്തിലെ ഒരു നശീകരണപ്ലാന്റില്‍ കൊണ്ടുപോയി സംസ്‌കരിക്കണമെന്ന് ശാസ്ത്രസമിതി ശിപാര്‍ശയും ചെയ്തു. ആയതിന് മധ്യപ്രദേശ് സര്‍ക്കാറിന്റെ മറുപടി ഇങ്ങനെ: ഭോപാല്‍പ്രദേശത്ത് വിഷമാലിന്യങ്ങളില്ല.

ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്‍ത്തിക്കുന്നു. കാറല്‍മാര്‍ക്‌സ് അപ്പറഞ്ഞത് ഇന്ത്യയെ ഉദ്ദേശിച്ചു മാത്രമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, ഭോപാല്‍ ആദ്യം ദുരന്തമായി വന്നു. സുപ്രീംകോടതി വഴി പ്രഹസനമായി വന്നു. 25 കൊല്ലത്തിനുശേഷം അടുത്ത കോടതിവിധി വഴി പ്രഹസനാവര്‍ത്തനമായി വന്നു. തുടര്‍ന്ന് ആന്‍ഡേഴ്‌സനെ അച്ചുതണ്ടാക്കിയ ദേശീയ കോമാളിത്തമായി നിറഞ്ഞുനില്‍ക്കുന്നു.

ഭോപാല്‍ ഒരു പ്രതീകമാണ്-നമ്മുടെ പൊതുപ്രമേയങ്ങള്‍ മിക്കതിന്റെയും ചരിത്രവിധി എങ്ങനെയായിരിക്കും എന്നതിന്റെ സൂചിക. ദുരന്തങ്ങളും മഹാപാതകങ്ങളും കുംഭകോണങ്ങളും ഉണ്ടാക്കുന്ന മുറക്കുതന്നെ സത്യം മൂടാനുള്ള കുഴിവെട്ടു നടക്കുന്നു. പിന്നെ ദശകങ്ങളോളം കോടതിവ്യവഹാരം എന്ന പ്രഹസനം. ഒടുവില്‍ (ഒടുവെത്തിയാല്‍ ഭാഗ്യം!) മറ്റൊരു പ്രഹസനം വഴി കേസു കെട്ടടക്കും. പ്രശസ്ത ഉദാഹരണം ബോഫോഴ്‌സ്. ഒരു തോക്കിടപാടിലെ കോഴ എന്ന തെറ്റിനു ശിക്ഷിക്കാന്‍ നടത്തിയ ദേശീയപ്രഹസനം കുറ്റവാളികളെ രക്ഷിക്കുക എന്ന മഹാപരിശ്രമമായി പന്തലിച്ചു. സത്യത്തില്‍, അതാണ് കോഴയേക്കാള്‍ വലിയ പാതകമായത്. വ്യവസ്ഥിതിയെ പാടേ വക്രീകരിച്ചെടുത്തു. മനുഷ്യരെ പച്ചക്കു കത്തിച്ച ഗുജറാത്ത് വംശഹത്യയെടുക്കുക. എട്ടുകൊല്ലം കുറ്റവാളികളെ പാടേ രക്ഷിച്ചുവെച്ചത് ഭരണകൂടം. ഇപ്പോള്‍ സുപ്രീംകോടതി നേരിട്ട് ചില നീക്കുപോക്കുകള്‍ക്ക് ശ്രമിക്കുന്നു. ദേശീയ പ്രഹസനങ്ങളില്‍ ഈ അധ്യായത്തിന്റെ ഇടം എവിടെയായിരിക്കുമെന്നു കണ്ടറിയാം.

ഇവിടെയെല്ലാം പൊതുവേ കാണുന്ന 'അടിസ്ഥാന'ങ്ങള്‍ രണ്ടാണ്. രാഷ്ട്രീയ ഇടപെടലും കോടതിവ്യവഹാരത്തിന്റെ കാലവിളംബവും. സത്യത്തില്‍ ഈ ജാതി കുറ്റപ്പെടുത്തല്‍തന്നെ ഒരു പ്രഹസനമല്ലേ? ക്രിമിനല്‍ കേസന്വേഷണത്തെ രാഷട്രീയസ്വാധീനത്തില്‍ നിന്ന് സ്വതന്ത്രമാക്കണമെന്ന് എല്ലാവരും പറയും. പക്ഷേ, അതിനുള്ള വഴി? ഇന്ത്യന്‍ പാര്‍ലമെന്ററി രാഷ്ട്രീയവ്യവസ്ഥിതിയില്‍ അങ്ങനെയൊരു വെള്ളംകയറാത്ത വഴി വരച്ചുകാട്ടാന്‍ ആര്‍ക്കുമാവുന്നില്ല.

കേസന്വേഷകര്‍ രാഷ്ട്രീയഭരണക്കാരോടല്ല, കോടതിയോട് വേണം ഉത്തരവാദപ്പെട്ടിരിക്കാന്‍ എന്ന് മറ്റൊരു ന്യായം പറയാറുണ്ട്. ഗുജറാത്ത്‌കേസില്‍ ഇപ്പോള്‍ സുപ്രീംകോടതി ചെയ്യുമ്പോലെ. എന്നാല്‍, ഇതേ കോടതിയാണ് യൂനിയന്‍കാര്‍ബൈഡിന്റെ തലയൂരിക്കൊടുത്തതും പിഴപ്പണം ഗംഭീരമായി ഇളവ്‌ചെയ്തുകൊടുത്തതും. രാഷ്ട്രീയക്കാരേക്കാള്‍ ഭേദമാവും  മജിസ്‌ട്രേറ്റുമാര്‍ എന്നതിന് എന്തുറപ്പ്? കോടതികളേക്കാള്‍ ഭേദമായിരിക്കും ജനപ്രതിനിധികള്‍ എന്നതിനു വല്ല ഉറപ്പുമുണ്ടോ?

പ്രണബ്മുഖര്‍ജിയുടെ പുതിയ ദേശീയ ഉറപ്പിന്മേല്‍ (ആന്‍ഡേഴ്‌സനെ പിടിക്കുമെന്ന) മുളച്ചിരിക്കുന്ന പുതിയ പ്രഹസനനാമ്പ് കൂടി കാണുക. ഭോപാല്‍ കേസ് ശുഷ്‌കിച്ചുപോയതും മറ്റും പഠിച്ച് രാജ്യത്തെ അറിയിക്കാന്‍ കേന്ദ്രമന്ത്രിമാരുടെ ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നു (ജി.ഒ.എം). അര്‍ജുന്‍സിങ്ങാണ് വില്ലനെന്നു പറഞ്ഞശേഷമാണീ ഗ്രൂപ്പ് രൂപവത്കരണം.

സമാനമായ ഒരു മന്ത്രിഗ്രൂപ്പ് നേരത്തെ ഭോപാല്‍കേസ് നോക്കിയിരുന്നു. അര്‍ജുന്‍സിങ് അതില്‍ അംഗവുമായിരുന്നു. ആ ഗ്രൂപ്പിന്റെ റിപ്പോര്‍ട്ട് പ്രഹസനമായി എന്നല്ലേ പുതിയ ഗ്രൂപ്പിനെ നിയോഗിച്ചതിനര്‍ഥം? പുതിയ ഗ്രൂപ്പ് നിരസിക്കാന്‍ പോകുന്ന റിപ്പോര്‍ട്ടില്‍ അര്‍ജുന്‍സിങ്ങിനെ ബലികൊടുത്ത് നേതൃത്വത്തെ വെള്ളപൂശിയെടുക്കുമെന്നുള്ള ഉറപ്പുകൂടിയല്ലേ തെളിഞ്ഞുവരുന്നത്? പ്രഹസനത്തിനുമേല്‍ പ്രഹസനം.

ചരിത്രം ആദ്യം ദുരന്തവും പിന്നീട് പ്രഹസനവുമായിരിക്കാം, മാര്‍ക്‌സിന്. നമ്മെ സംബന്ധിച്ച് ചരിത്രം ഒരു തുടരന്‍ദുരന്തമല്ലേ-പ്രഹസനങ്ങളുടെ മേമ്പൊടികളും സിന്തറ്റിക് ക്ഷോഭങ്ങളുടെ അകമ്പടിയുമുള്ള ഒന്ന്?

No comments: