Saturday, June 5, 2010

സ്‌നേഹജ്വാലയായി കമലദളം

സ്‌നേഹജ്വാലയായി കമലദളം

Monday, May 31, 2010
കായിക്കര ബാബു

ഓര്‍മയായി വര്‍ഷം പിന്നിടുമ്പോഴും അവിശ്വസനീയമായ അതിശയമായി നിലകൊള്ളുന്നു, കമലാ സുറയ്യ. ജന്മനാ ഒപ്പം കൂട്ടിയെന്ന് തോന്നുമാറുള്ള വിവാദങ്ങള്‍. വിവാദങ്ങള്‍ പിന്നിടുന്തോറും പത്തരമാറ്റ് തിളങ്ങുന്ന ശോഭ. ഭാഷ അനൗപചാരികമായി പോലും പഠിക്കാതെ മലയാളം കണ്ട ഏറ്റവും വലിയ 'എഴുത്തുകാരി'യായി. ഭാവനയുടെ അനന്തമായ ഉയരങ്ങളിലേക്ക് വായനക്കാരെ ഒപ്പം കൂട്ടിയ മറ്റൊരാളെ സാഹിത്യലോകത്ത് കണ്ടെത്തുക പ്രയാസം. ഇത്രയധികം ശ്രദ്ധിക്കപ്പെട്ട, അതിലുമേറെ ചര്‍ച്ച ചെയ്യപ്പെട്ട മലയാളി വനിത വേറെയില്ല.
കമലയുടെ തന്നെ വാക്കുകളില്‍ എഴുത്തിനുവേണ്ടി സ്വയം ബലിയര്‍പ്പിക്കുകയായിരുന്നു അവര്‍. മനസ്സിന്റെ ഉള്ളിലെ കണ്ണാടിയായിരുന്നു എഴുത്ത്. സത്യവും സങ്കല്‍പങ്ങളും സ്വപ്‌നങ്ങളും അവയുടെ ഭാഗമായി. കഥയും കവിതയും മനുഷ്യനന്മക്ക് വേണ്ടിയാകണമെന്ന് നിര്‍ബന്ധം. മലയാളത്തില്‍ കഥകളും ഇംഗ്ലീഷില്‍ കവിതകളും രചിച്ച കമല രണ്ടു ഭാഷകളിലും പ്രകടമാക്കിയ ഉള്‍ക്കാഴ്ച അസൂയാവഹം. വളച്ചുകെട്ടലുകളില്ലാത്ത സര്‍ഗാത്മകത. ലാളിത്യമാര്‍ന്ന രചനാശൈലി സാധാരണവായനക്കാരന്റെ പോലും ചിന്താശേഷിയെ തൊട്ടുണര്‍ത്തി.
എഴുത്തിന്റെ മാസ്മരികതയും സംഭാഷണത്തിലെ പ്രൗഢിയും ജീവിതത്തിന്റെ സവിശേഷതകളും കമലയെ കാലാതീതയാക്കി. വെട്ടിത്തുറന്ന തനതുവഴികളിലൂടെ സഞ്ചരിച്ച കമല മലയാള കഥാ സാഹിത്യത്തില്‍ പുതുയുഗത്തിന്റെ വസന്തം വിരിയിച്ചു. നമ്മുടെ ഭാഷക്കും സാഹിത്യത്തിനും വീണുകിട്ടിയ ഈ അപൂര്‍വ പ്രതിഭയോട് താരതമ്യപ്പെടുത്താന്‍ കഷ്ടിച്ച് ഒന്നോ രണ്ടോ പേരുകള്‍ മാത്രം.

സുറയ്യ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ ഒരു വിശുദ്ധ നക്ഷത്രമായിരുന്നു കമല. മനസ്സ് തുറന്ന് സംസാരിക്കുന്ന പ്രകൃതം. പെരുമാറ്റത്തില്‍ ശിശുസഹജമായ നിഷ്‌കളങ്കത. മറ്റുള്ളവരുടെ പ്രീതിക്കായി സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കാന്‍ സന്നദ്ധയാകാത്ത ശുഭ്രജ്യോതിസ്സ്. ഭവിഷ്യത്തുകള്‍ എത്ര വലുതായാലും ഉള്ളിലുള്ളത് തന്‍േറടത്തോടെ വെളിപ്പെടുത്താന്‍ കാട്ടിയ ആര്‍ജവം എവിടെയും കമലയെ വേര്‍തിരിച്ചുനിര്‍ത്തി. ജീവിതത്തിലും സാഹിത്യത്തിലും മുറുകെ പിടിച്ച ഈ സമീപനം കാറും കോളും മാത്രമല്ല, ഇടിമുഴക്കങ്ങള്‍ തന്നെ സൃഷ്ടിച്ചു. നാലപ്പാട്ടെ നാലതിരുകള്‍ക്കപ്പുറത്ത് മാധവിക്കുട്ടിയെന്ന കമല സുറയ്യയെ ലോകത്തിന്റെ മുന്നില്‍ ശ്രദ്ധേയയാക്കിയതും ഈ സ്വഭാവസവിശേഷത തന്നെ.
ഏത് ഭൂകമ്പത്തിലും കാലിടറാതെ നിലയുറപ്പിച്ച നിശ്ചയദാര്‍ഢ്യം. അതായിരുന്നു കമലയുടെ ചൈതന്യം. ഇത് എഴുത്തിനെയെന്നപോലെ ജീവിതത്തെയും പ്രക്ഷുബ്ധമാക്കി. നിത്യജീവിതത്തില്‍ നടത്തിയ ഇടപെടലുകള്‍ സമൂഹത്തിന് കരുത്തേകി. അധര്‍മങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ നാടിനു താങ്ങായി. മറ്റുള്ളവര്‍ക്കായി അഭിഷേകങ്ങളെ അലങ്കാരങ്ങളാക്കി എടുത്തണിഞ്ഞു. നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്ന കമലാ ദാസിന്റെയും മാധവിക്കുട്ടിയുടെയും കമലാ സുറയ്യയുടെയും ചിത്രം സാഹസികത നിറഞ്ഞ പോരാളിയുടേതാണ്.

'എന്റെ കഥ'യുടെ രചന മുതല്‍ ഇസ്‌ലാം മത പരിണയം വരെയുള്ള ജീവിതഘട്ടങ്ങളില്‍ ആവര്‍ത്തിക്കപ്പെട്ടതും ഈ 'കമലാ സ്‌റ്റൈല്‍' തന്നെ. പരിണതപ്രജ്ഞയായ ഒരാളുടെ വിവേചന ശക്തിയും പ്രായപൂര്‍ത്തിയായ ഒരിന്ത്യന്‍ പൗരന്റെ അവകാശവുമുപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട മാര്‍ഗമായിരുന്നു മതംമാറ്റം. കമലയുടെ കാര്യത്തില്‍ ഇതും വിവാദങ്ങളുടെ പെരുമ്പറ മുഴക്കങ്ങള്‍ സൃഷ്ടിച്ചു. മതേതര രാഷ്ട്രത്തിലെ ഒരു പൗരന്, ഏത് മതം സ്വീകരിക്കാനും നിരീശ്വരവാദിയായി ജീവിക്കാനുമുള്ള സ്വാതന്ത്ര്യത്തിന്റെ നേര്‍ക്കുള്ള വെല്ലുവിളികളെ നര്‍മം ചാലിച്ച വാക്കുകള്‍ കൊണ്ടവര്‍ പ്രതിരോധിച്ചതാണ് നാം കണ്ടത്. നാടകീയതക്കുവേണ്ടിയുള്ള ഒരെടുത്തുചാട്ടമായിരുന്നില്ല, മറിച്ച് വിശ്വാസത്തിനനുസൃതമായ സമര്‍പ്പണമായിരുന്നു മതപരിവര്‍ത്തനമെന്നും കമലയുടെ പില്‍ക്കാലജീവിതം തെളിയിച്ചു. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉടമസ്ഥനില്ലാത്ത പാഴ്‌സല്‍ പോലെ എനിക്ക് എത്രകാലം കഴിയാനാകും എന്നു ചോദിച്ച അവര്‍ ഇസ്‌ലാം തനിക്ക് സുരക്ഷിതത്വവും സന്തോഷവും നല്‍കിയെന്നും ലോകത്തോട് പറഞ്ഞു.

തുറന്നെഴുത്തിലൂടെ ഒച്ചപ്പാടുണ്ടാക്കിയ 'എന്റെ കഥ' നീണ്ടുനിന്ന വിവാദങ്ങളുടെ മാലപ്പടക്കങ്ങള്‍ക്ക് തിരികൊളുത്തി. ഇന്ത്യന്‍ സാഹിത്യം ദര്‍ശിച്ച വേറിട്ട ശൈലിക്ക് ഇതര രാജ്യങ്ങള്‍ നല്‍കിയ വരവേല്‍പ് ഉജ്വലമായിരുന്നു. ഒട്ടേറെ ഭാഷകളിലായി നിരവധി പതിപ്പുകള്‍. ജപ്പാനുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ പാഠപുസ്തകമായി അംഗീകരിച്ചു. രചനയില്‍ കീഴാളരെയും മേലാളരെയും പരാമര്‍ശിച്ച കമലക്ക് എന്നും ദുര്‍ബലവിഭാഗങ്ങളോടായിരുന്നു ചായ്‌വ്. എല്ലാ മതങ്ങളിലും സ്ത്രീകള്‍ തൊഴുത്തില്‍കെട്ടിയ പശുവാണെന്ന് സൂചിപ്പിച്ച കമല എഴുത്തില്‍ സ്ത്രീത്വത്തിന്റെ മാന്യത മാധ്യമമാക്കി. സാമൂഹിക നീതിക്ക് സ്ത്രീവിമോചനം യാഥാര്‍ഥ്യമാകണമെന്ന വാദം ശക്തമാക്കി. 'രുക്മിണിക്കൊരു പാവക്കുട്ടി'യില്‍ സ്ത്രീയുടെ ദുഃഖം ചിത്രീകരിക്കുന്ന കഥാകാരിയെ വായനക്കാര്‍ മനസ്സുകൊണ്ട് വാഴ്ത്തി. അടിച്ചമര്‍ത്തപ്പെട്ട ഇന്ത്യന്‍ സ്ത്രീത്വത്തിന് അവര്‍ ആത്മധൈര്യമേകി.

സ്‌നേഹവും കാരുണ്യവുമായിരുന്നു കമലയുടെ എഴുത്തിന്റെയും ജീവിതത്തിന്റെയും മൗലികഭാവം. ഭാരതീയസംസ്‌കാരത്തിന്റെ ഈ നന്മയുടെ പ്രകാശം കെടാതെ സംരക്ഷിക്കണമെന്ന് അവര്‍ നിരന്തരം ഉണര്‍ത്തി. സ്‌നേഹത്തെയും സദാചാരത്തെയും കുറിച്ച മനുഷ്യന്റെ കാപട്യങ്ങള്‍ രചനകളിലൂടെ പിച്ചിച്ചീന്തി. സ്‌നേഹ, കാരുണ്യങ്ങളുടെ സാഗരമായിരുന്നു കമലയുടെ മനസ്സ്. ഇവയുടെ ഉറവ വറ്റി മരുഭൂമിയാകുന്ന മനുഷ്യമനസ്സുകളെയോര്‍ത്ത് അവര്‍ പരിതപിച്ചു. സ്വന്തം മണ്ണില്‍നിന്ന് അവ ലഭിക്കാതെ പോയപ്പോള്‍ നിരാശപ്പെട്ടു. സ്‌നേഹത്തിനും കാരുണ്യത്തിനും വേണ്ടിയുള്ള അലച്ചിലിന്റെ ഒടുവില്‍ പരമകാരുണികനായ അല്ലാഹുവില്‍നിന്ന് അവ യഥേഷ്ടം ലഭ്യമായെന്നും സംതൃപ്തിയോടെ ലോകത്തെ അറിയിച്ചു.
2007 ജനുവരി 25. എറണാകുളത്തെ മലയാളരത്‌നം അവാര്‍ഡ് ദാനചടങ്ങ്. ഏറ്റുവാങ്ങുന്നത് ഭാഷയുടെയും സാഹിത്യത്തിന്റെയും അമൂല്യരത്‌നമായ കമല സുറയ്യ. പുണെയിലേക്ക് താമസം മാറുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഇതു സംബന്ധിച്ച വിവാദങ്ങളുടെ നടുവിലായിരുന്നു പരിപാടി. മറുപടി പ്രസംഗത്തില്‍ കമല പറഞ്ഞു: 'മലയാളത്തോടും മലയാളികളോടും ഏറെ സ്‌നേഹമുള്ളതുകൊണ്ടാണ് മുംബൈയില്‍നിന്ന് ഇങ്ങോട്ടുവന്നത്. എന്നാല്‍, എനിക്ക് ലഭിച്ചത് നോവുന്ന അനുഭവങ്ങള്‍. മാന്യമായി ജീവിക്കുന്ന എന്നെ ചിലര്‍ നിരന്തരം തെറിക്കത്തുകളെഴുതിയും അശ്ലീല ഭാഷണം നടത്തിയും അപമാനിക്കുന്നു'. ഉള്ളില്‍ ഉറഞ്ഞുകൂടിയ സ്‌നേഹ നിരാസത്തിന്റെ ദുഃഖം പുറത്തേക്കൊഴുകുകയായിരുന്നു. അവാര്‍ഡ് സമ്മാനിക്കാനുള്ള ഭാഗ്യം ലഭിച്ചത് എനിക്കായിരുന്നു. ലോകം ആദരിച്ച കമല സുറയ്യയുടെ സാന്നിധ്യം കേരളത്തിനാവശ്യമാണെന്ന് പരാമര്‍ശിച്ച എന്റെ വാക്കുകളോട് അവര്‍ പ്രതികരിച്ചു: 'വയ്യ, എനിക്കുമതിയായി, ഞാന്‍ ധീരയാണ്്. പക്ഷേ, ഏറെക്കാലമായി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന അസഭ്യവര്‍ഷങ്ങള്‍ സഹിക്കാവുന്നതിനും അപ്പുറത്താണ്. ഇല്ല, എന്നെ ഇവിടെ ജീവിക്കാന്‍ അനുവദിക്കില്ല'.

കമല സുറയ്യ എന്തുകൊണ്ട് കേരളം വിട്ടു? അന്നവിടെ കേട്ട പതിഞ്ഞ ശബ്ദത്തില്‍ പുറത്തേക്കുവന്ന, വലിയ അര്‍ഥങ്ങളുള്ള, ചെറിയ വാക്കുകള്‍ അതിനുള്ള മറുപടിയായിരുന്നു. മാതൃഭാഷയെയും മലയാളികളെയും ഹൃദയതുല്യം സ്‌നേഹിച്ച പ്രിയ കഥാകാരിയുടെ വേദന ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും വ്യാകുലചിത്തരാക്കി. കമല സുറയ്യയെ സ്മരിക്കുമ്പോള്‍ ഇതൊരു തീവ്ര നൊമ്പരമായി മനസ്സില്‍ ശേഷിക്കുന്നു. കേരളത്തോട് വിരക്തി തോന്നിയപ്പോഴും ഇങ്ങോട്ട് മടങ്ങിവരാനുള്ള ആഗ്രഹവും പ്രബലമായിരുന്നു. പിച്ചവെച്ച മണ്ണിനോടും ഇവിടത്തെ മനുഷ്യരോടും കമലക്കുണ്ടായിരുന്നത് പൊക്കിള്‍ക്കൊടി ബന്ധം.
ജീവിതത്തിന്റെ നന്മകള്‍ക്കുവേണ്ടി സമരം ചെയ്ത എഴുത്തുകാരിയായിരുന്നു കമല. പുരോഗമനപരമായ സാമൂഹികധര്‍മമാണ് അവര്‍ എഴുത്തിലൂടെ നിര്‍വഹിച്ചത്. ഇത് ജീവിതത്തെ എന്നപോലെ കമലയുടെ സാഹിത്യത്തെയും സൗന്ദര്യ സമ്പന്നമാക്കി. താന്‍ ജീവിച്ച ലോകത്തിനുചുറ്റും സൗരഭ്യവും കുളിര്‍മയും വിതറി കൊഴിഞ്ഞുവീണ ആ നീര്‍മാതളത്തിന്റെ സുഗന്ധം കാലഭേദങ്ങളെ മറികടക്കുന്നു. മലയാളിമനസ്സില്‍ ഒരു സ്‌നേഹജ്വാലയായി ജീവിക്കുന്നു ആ കമലദളം, ഇന്നും.

No comments: