Saturday, June 5, 2010

ശവംതീനികളുടെ രാഷ്്രടമോ?

ശവംതീനികളുടെ രാഷ്്രടമോ?

Monday, May 31, 2010
പശ്ചിമബംഗാളിലെ പടിഞ്ഞാറന്‍ മിഡ്‌നാപൂരില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ റെയില്‍പാത തകര്‍ത്തതിനെ തുടര്‍ന്ന് പാളംതെറ്റിയ യാത്രാതീവണ്ടി ചരക്കുവണ്ടിയുമായി ഇടിച്ച് 141പേര്‍ കൊല്ലപ്പെടുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം നടുക്കമുളവാക്കുന്നതാണ്. പശ്ചിമ മിഡ്‌നാപൂര്‍ ജില്ലയിലെ ഝാര്‍ഗ്രാമില്‍  ജ്ഞാനേശ്വരി സൂപ്പര്‍ ഡീലക്‌സ് എക്‌സ്‌പ്രസ് അപകടത്തില്‍ പെട്ടതിനുപിന്നില്‍ മാവോയിസ്റ്റ് അനുകൂല സംഘടനയായ പി.സി.പി.എ (പീപ്പിള്‍സ് കമ്മിറ്റി എഗയിന്‍സ്റ്റ് പൊലീസ് അട്രോസിറ്റീസ്) ആണെന്നായിരുന്നു പൊലീസിനെ ഉദ്ധരിച്ചുവന്ന പ്രാഥമികറിപ്പോര്‍ട്ട്. 65,000 ഓളം കിലോമീറ്റര്‍ നീണ്ടുപരന്നു കിടക്കുന്ന ഇന്ത്യന്‍ റയില്‍പാത രാജ്യം അസ്ഥിരപ്പെടുത്താന്‍ കച്ചകെട്ടിയിറങ്ങിയ തീവ്രവാദികളുടെ കൈയിലെ ആയുധമായിത്തീരുന്നത് ആരെയും ഭീതിപ്പെടുത്താതിരിക്കില്ല. അതുകൊണ്ടുതന്നെ കൃത്യവും കണിശവുമായ അന്വേഷണത്തിലൂടെ സംഭവത്തിനു പിന്നിലെ കറുത്തകരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ സത്വരനടപടികള്‍ സ്വീകരിച്ചേ മതിയാവൂ.

എന്നാല്‍ ഈ വഴിക്കു നീങ്ങുന്നതിനു പകരം ദുരന്തത്തില്‍ പൊലിഞ്ഞ മനുഷ്യജീവന്‍ വെച്ച് രാഷ്ട്രീയം കളിക്കുകയാണ് ഉത്തരവാദപ്പെട്ടവര്‍. സംഭവത്തില്‍ മരണപ്പെട്ടവരുടെ ശവങ്ങള്‍ മുഴുവന്‍ കണ്ടെടുത്തിട്ടില്ല. അതിനുമുമ്പേ അധികാരരാഷ്ട്രീയത്തിനുവേണ്ടി തല്‍പരകക്ഷികള്‍ ശവങ്ങള്‍ കൊത്തിവലിച്ചു തുടങ്ങി. സംസ്ഥാനസര്‍ക്കാറിനെ നയിക്കുന്ന മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ഒരു ഭാഗത്തും അവരുടെ ചിരവൈരിയായ കേന്ദ്ര റയില്‍വെമന്ത്രി മമത ബാനര്‍ജി മറുഭാഗത്തുമായി ഝാര്‍ഗ്രാം അട്ടിമറിയെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുന്നു. നടന്നത് മാവോയിസ്റ്റ് അട്ടിമറിയാണെന്ന് സി.പി.എം കട്ടായം പറയുമ്പോള്‍ അത് രാഷ്ട്രീയപ്രതിയോഗികള്‍ തനിക്കെതിരെ നടത്തിയ ഗൂഢപ്രവര്‍ത്തനമാണെന്ന് മമത ആണയിടുന്നു. മാവോവാദികളെ പിന്തുടര്‍ന്ന് സംസ്ഥാനപൊലീസ് അന്വേഷണം മുന്നോട്ടുനീക്കുമ്പോള്‍, സി.ബി.ഐ അന്വേഷണമാണ് തന്റെ ആവശ്യമെന്നും അതിന് കേന്ദ്രം അനുമതി നല്‍കിയെന്നും മമത അറിയിക്കുന്നു. ഇന്നലെ നടന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ലാക്കാക്കി തുടങ്ങിയ ഈ 'ശവംതീനി'രാഷ്ട്രീയം എത്ര കണ്ടു വഷളാകുമെന്നു വരുംദിനങ്ങളിലറിയാം.

ആഭ്യന്തരസുരക്ഷിതത്വത്തിനും പ്രതിരോധത്തിനും ഏറ്റവും കൂടുതല്‍ ആളും അര്‍ഥവും ചെലവിടുന്ന നമ്മുടെ രാജ്യം നക്‌സല്‍ഭീഷണിയെ എങ്ങനെ പ്രതിരോധിക്കാമെന്നതിന്റെ പ്രാഥമികചര്‍ച്ചയില്‍ കുരുങ്ങിക്കിടക്കുകയാണിപ്പോഴും. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഓരോ രണ്ടുദിനം കൂടുമ്പോഴും മൂന്നുപേര്‍ ഇടതുതീവ്രവാദത്തിന്റെ പേരില്‍കൊല്ലപ്പെടുന്നു എന്നാണ് കണക്ക്. 2005 മുതല്‍ ഇതുവരെയായി 990 സുരക്ഷാ ഉദ്യോഗസ്ഥരും 1680 സിവിലിയന്മാരുമടക്കം 2,670 പേരെ ഇടതുതീവ്രവാദികള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. 1440 മാവോവാദികളും കൊല്ലപ്പെട്ടു. ഈ വര്‍ഷം മാത്രം ഝാര്‍ഗ്രാംസംഭവത്തിനു മുമ്പ് 460 പേര്‍ മാവോവാദികളുടെ ഭീകരതക്ക് ഇരയായി. ഇക്കണക്കിനുപോയാല്‍ മാവോവാദികള്‍ കശ്മീര്‍തീവ്രവാദികളെ കടത്തിവെട്ടുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോണ്‍ഫ്‌ളിക്റ്റ് മാനേജ്‌മെന്റ് (ഐ.സി.എം) പോലുള്ള ഔദ്യോഗികസ്ഥാപനങ്ങള്‍ വെളിപ്പെടുത്തുന്നു. നക്‌സല്‍ഭീഷണിക്കെതിരായ പ്രതിരോധനീക്കങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ലെന്ന് കണക്കുകളുദ്ധരിച്ച് ഐ.സി.എം പറയുന്നു. ഭീകരതയും തീവ്രവാദവും പറഞ്ഞ് സൈനികച്ചെലവുകള്‍ ക്രമാതീതമായി നാം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. അന്താരാഷ്ട്രസഖ്യങ്ങളും ധാരണകളും വരെ രൂപപ്പെടുത്തുന്നുണ്ട്. മുന്‍രാഷ്ട്രപതിയെ പോലും അടിമുടി പരിശോധിച്ചും താടിയും തൊപ്പിയും വെച്ചവരെയൊക്കെ സംശയത്തിന്റെ പേരില്‍ പിടികൂടിയും ഉര്‍ദു,അറബി വാക്കുകള്‍ മൊഴിയുന്നവരെ വിമാനത്തില്‍ നിന്നിറക്കിവിട്ടും, സ്‌ഫോടനങ്ങള്‍ നടന്നാല്‍ പ്രത്യേകവിഭാഗത്തില്‍ തെരച്ചില്‍ നടത്തിയുമൊക്കെ തീവ്രവാദവേട്ട ജാഗ്രതയോടെ നടന്നുവരുന്നുമുണ്ട്. എന്നിട്ടും ഭീകരാക്രമണങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രതിരോധിക്കാന്‍ കേന്ദ്രത്തിനോ തീവ്രവാദഭീഷണിയുടെ നിഴലിലുള്ള സംസ്ഥാനങ്ങള്‍ക്കോ സാധിക്കുന്നില്ല. ഈ കഴിവുകേടിനെ മറികടക്കാനുള്ള മാര്‍ഗങ്ങളാരായുന്നതിനു പകരം ഭീകരാക്രമണങ്ങളുടെ ശവക്കൂനകള്‍ സ്വന്തം രാഷ്ട്രീയനേട്ടത്തിനുവേണ്ടി ഉപയോഗിക്കുന്നവരെക്കുറിച്ച് എന്തു പറയാനാണ്!

മുമ്പേ ഗമിച്ചീടിന രാഷ്ട്രീയനേതൃത്വത്തിന്റെ പിമ്പേ തന്നെ വെച്ചുപിടിക്കുന്നുണ്ട് സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരും. വ്യാജ ഏറ്റുമുട്ടലുകള്‍ സംഘടിപ്പിച്ച് നിരപരാധികളെ കൊന്ന് ശവങ്ങളെണ്ണി റിവാഡും പ്രമോഷനും ഉറപ്പിക്കുകയും 'നുഴഞ്ഞുകയറ്റവും തീവ്രവാദി ആക്രമണശ്രമവും തകര്‍ത്ത്' സൈന്യത്തിന്റെ മനോബലം വര്‍ധിപ്പിക്കുകയും ചെയ്യുന്ന തിരക്കിലാണ് അവര്‍. പണ്ട് പഞ്ചാബിലും തുടര്‍ന്ന് കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കലാപം അമര്‍ച്ച ചെയ്യുന്നതിന്റെ പേരില്‍ പയറ്റിവരുന്നതാണ് ഈ രീതി  റിട്ട.ആര്‍മി ഓഫീസര്‍ വി.കെ സിംഗിന്റെ 'മിലിട്ടറി ലോ: ദെന്‍, നൗ ആന്‍ഡ് ബിയോണ്ട്' എന്ന ഗ്രന്ഥത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അതിന്റെ പുതിയ ഉദാഹരണമാണ് കശ്മീരിലെ ബാരാമുല്ല ജില്ലയിലെ റഫീയാബാദ് നണ്ടിഹാലില്‍ നടന്നത്. പ്രദേശത്തെ മൂന്നു ചെറുപ്പക്കാരെ കഴിഞ്ഞ ഏപ്രില്‍ 27ന് കാണാതായി. സ്‌പെഷല്‍ പൊലീസ് ഓഫീസര്‍മാരെ വിട്ട് ജോലിതരാം എന്നു പ്രലോഭിപ്പിച്ച് അവരെ  അതിര്‍ത്തിക്കടുത്ത മച്ചില്‍സെക്റ്ററിലെ സോണാപിണ്ടിയില്‍ എത്തിച്ച് ഏപ്രില്‍ 30ന് സൈന്യം 'ഏറ്റുമുട്ടലി'ല്‍ കൊലപ്പെടുത്തി ലോക്കല്‍പൊലീസിന് കൈമാറുകയായിരുന്നു. മൂന്നുപേര്‍ക്കും തലയില്‍ വെടിയേറ്റതും മൂന്നുപേരുടെ പക്കല്‍നിന്ന് അഞ്ച് എ.കെ റൈഫിള്‍ കണ്ടെത്തിയതും സംശയമുയര്‍ത്തി. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് വ്യാജ ഏറ്റുമുട്ടല്‍ കഥ പുറത്തായത്. പതിനായിരത്തിലേറെ ചെറുപ്പക്കാരെ 'കാണാതായ' കശ്മീരിലെ കുഴിമാടങ്ങള്‍ ഇടക്കിടെ ചികയുമ്പോള്‍ സൈനിക അതി്രകമങ്ങളുടെ നാറ്റക്കഥകള്‍ പലതും പുറത്തുവരാറുണ്ട്. കശ്മീര്‍സംഘര്‍ഷങ്ങളെ ഇടക്കിടെ ആളിക്കത്തിക്കുന്ന ഒരു ്രപവണതയുമാണിത്.

മനുഷ്യജീവന്റെ സംരക്ഷണമാണ് പൊലീസും സൈന്യവും അധികാരികളുമടങ്ങുന്ന ഭരണകൂടത്തിന്റെ ്രപാഥമികബാധ്യത. അതിനവര്‍ക്കാവുന്നില്ല എന്നുതന്നെയല്ല, മനുഷ്യരെ കൊന്നും കൊല്ലിച്ചും ആ ശവങ്ങള്‍ സ്വന്തം വളര്‍ച്ചയ്ക്കുള്ള വളമാക്കി മാറ്റുകയാണ് അവര്‍ എന്നുവരുമ്പോള്‍ പിന്നെ നാടിനെ ആരു രക്ഷിക്കും? ജനാധിപത്യത്തിന്റെ അല്ല, മനുഷ്യത്വത്തിന്റെ തന്നെ അടിക്കല്ലു മാന്തുന്ന ഈ ശവംതീനികളോട് അരുതെന്ന് ആര് പറയും?

No comments: