ഫലസ്തീന്റെ ചോരകൊണ്ട് കേരളത്തില്‍ നിക്ഷേപമോ?
Monday, May 31, 2010
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അത്രയോ അതില്‍ കൂടുതലോ അപകടകാരിയെന്ന് സി.പി.എം തന്നെ കരുതുന്ന സയണിസ്റ്റ് രാഷ്ട്രത്തിന് ഇടതു സര്‍ക്കാര്‍ അനുമതി നല്‍കാനിടയായത് എങ്ങനെയെന്ന് ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. മറ്റു പല പദ്ധതികളെപ്പറ്റിയും പാര്‍ട്ടിയിലും മുന്നണിയിലും വിശദമായ ചര്‍ച്ചനടന്നെങ്കില്‍ ഇക്കാര്യത്തില്‍ അതുണ്ടാകാതിരുന്നതെന്തുകൊണ്ട്? കൊച്ചി നാവികസേനാ ആസ്ഥാനത്തിനും തുമുഖത്തിനും കണ്ടെയ്നര്‍ ടെര്‍മിനലിനും ഏറെ ദൂരെയല്ലാതെ ഒരു വിദേശ ചാരസംഘടനയുടെ കമ്പനിക്ക് അനുമതി നല്‍കുന്നതിലെ അപകടസാധ്യതയും ചെറുതല്ല. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും സാമ്രാജ്യത്വ അധിനിവേശത്തിനും യുദ്ധ ഭീകരതക്കും കുപ്രസിദ്ധി നേടിയ രാജ്യമാണ് ഇസ്രായേല്‍ എന്നത് സര്‍ക്കാറിന് അറിയാത്തതല്ലല്ലോ. ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ക്കുമേലാണ് സയണിസ്റ്റ് രാജ്യം അവരുടെ സമ്പത്ത് ഉണ്ടാക്കിയെടുത്തിട്ടുള്ളത്. കഴിഞ്ഞ പതിറ്റാണ്ടില്‍ ഏഴായിരത്തോളം ഫലസ്തീനികളെ സകല രാജ്യാന്തര ഉടമ്പടികളും ലംഘിച്ച് അവര്‍ കൊന്നു. കാല്‍ലക്ഷം ഫലസ്തീനി വീടുകള്‍ അവര്‍ തകര്‍ത്തു. തദ്ദേശീയരുടെ വീടുകളും വിഭവങ്ങളും കവര്‍ച്ച ചെയ്തു. 223 ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ ഫലസ്തീന്‍കാരുടെ ഭൂമിയില്‍ അവര്‍ സ്ഥാപിച്ചു. യു.എസ് സാമ്രാജ്യത്വത്തിന്റെ തണലിലാണ് അവര്‍ ഈ കൊള്ളയത്രയും നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രതിദിനം എഴുപതു ലക്ഷം ഡോളര്‍ എന്ന തോതിലായിരുന്നു ഇസ്രായേലിന് യു.എസ് സഹായം. കൊന്നും കവര്‍ന്നും ഉണ്ടാക്കിയ അനേകായിരം ഫലസ്തീന്‍കാരുടെ ചോരപുരണ്ട പണംതന്നെ വേണോ കേരളത്തില്‍ വ്യവസായ നിക്ഷേപത്തിന്? വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിനുവേണ്ടി കൂട്ടക്കുരുതി നടത്തിയതിന് എല്‍ബിറ്റ് കമ്പനിയെ സ്വീഡനും നോര്‍വേയും കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കാന്‍ യുദ്ധക്കോപ്പുകള്‍ നല്‍കിയ കമ്പനിയാണിത്.
സാമ്രാജ്യത്വ ഭീകരതയുടെ ഒന്നാന്തരം ഉദാഹരണമെന്ന നിലക്ക് ഇടതുപക്ഷം അകറ്റിനിര്‍ത്തിയിരുന്ന ഇസ്രായേലിന് അടുത്തകാലത്ത് മനംമാറ്റം വന്നതായി ആരും പറഞ്ഞുകേട്ടിട്ടില്ല. എന്നല്ല, ആണവായുധം കൈവശംവെക്കുന്ന രാജ്യമാണത് എന്നതിന്റെ സ്ഥിരീകരണമാണ് കഴിഞ്ഞയാഴ്ച പുറത്തുവന്നത്. വര്‍ണവെറിയന്മാരായിരുന്ന പഴയ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാറിന് 1975ല്‍ ആണവ മിസൈല്‍ നല്‍കാന്‍ ഇസ്രായേല്‍ തയാറായതിന്റെ രേഖകള്‍ പുറത്തുവന്നതോടെയാണിത്. ഗസ്സക്കെതിരെ നിയമവിരുദ്ധമായി ഏര്‍പ്പെടുത്തിയ ഉപരോധം മനുഷ്യത്വമില്ലായ്മയുടെ ഉദാഹരണമാണ്. കഴിഞ്ഞ ആഴ്ചകളില്‍ ഗസ്സയിലെ സിവിലിയന്‍ സംഘടനകള്‍ക്കുനേരെ നടത്തിയ ആക്രമണങ്ങളും അതിന് അടിവരയിട്ടു. ഇപ്പോഴിതാ ഉപരോധംമൂലം പട്ടിണിയിലായ ഗസ്സക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുമായി പുറപ്പെട്ട 'ഫ്രീഡം ഫ്ലോട്ടില' സമാധാന കപ്പല്‍ വ്യൂഹത്തിനുനേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിരിക്കുന്നു. ചുരുങ്ങിയത് 16 പേരെങ്കിലും കൊല്ലപ്പെട്ടിരിക്കുന്നു. മരുന്ന്, കളിപ്പാട്ടങ്ങള്‍ എന്നിവയടക്കം 10,000 ടണ്‍ ആവശ്യവസ്തുക്കളടങ്ങുന്ന ചരക്കുകപ്പല്‍ ജനീവ ഉടമ്പടിക്കു വിധേയമായാണ് അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയിലൂടെ ചെന്നത്. ഇതിനകം എഴുപതോളം യു.എന്‍ പ്രമേയങ്ങളെ ധിക്കരിച്ചിട്ടുള്ള ഇസ്രായേല്‍ ഇത്തവണയും മാനുഷിക മര്യാദ ലംഘിച്ച് സമാധാനപ്രവര്‍ത്തകരെ കിരാതമായി കൊന്നു. ഈ അതിക്രമത്തെ അപലപിക്കുക മാത്രമല്ല, അപലപിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടുകകൂടി ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം. 'അന്താരാഷ്ട്ര നിയമത്തോടും രാജ്യാന്തര അഭിപ്രായത്തോടും ഇസ്രായേല്‍ പുലര്‍ത്തുന്ന സമ്പൂര്‍ണമായ അവജ്ഞയാണ് ഈ ആക്രമണത്തില്‍ തെളിഞ്ഞിരിക്കുന്നത്' എന്ന് സി.പി.എം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. ഇതേ പാര്‍ട്ടിയുടെ പ്രതിനിധി ഭരിക്കുന്ന കേരള വ്യവസായ വകുപ്പ്, ഇസ്രായേലിന്റെ നെറികേടുകള്‍ക്ക് പിന്തുണ നല്‍കുന്ന കമ്പനിക്ക് കേരളത്തിലെ തന്ത്രപ്രധാനമായ സ്ഥലത്ത് 'വ്യവസായം' തുടങ്ങാന്‍ അനുമതി നല്‍കിയെങ്കില്‍ എന്താണ് അതിനര്‍ഥം? സി.പി.എം നേതൃത്വവും സംസ്ഥാന വ്യവസായ വകുപ്പും മുഖ്യമന്ത്രിയും ഇക്കാര്യത്തില്‍ മൌനംവെടിയണം.
എന്തു വ്യവസായവും എങ്ങനെയും തുടങ്ങുക എന്ന നയം ഇടതുമുന്നണിയും സംസ്ഥാന സര്‍ക്കാറും അംഗീകരിച്ചിട്ടുണ്ടോ? അതോ രാജ്യസുരക്ഷയും നാട്ടുകാരുടെ സുസ്ഥിതിയും കണക്കിലെടുത്ത് അഭികാമ്യമായ വ്യവസായങ്ങള്‍ മതി എന്നാണോ നിലപാട്. ഇക്കാര്യത്തിലുള്ള അവ്യക്തത മുതലെടുക്കാന്‍ നിരവധി നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് കഴിയുന്നു എന്നതുകൊണ്ടുതന്നെ വ്യക്തത ആവശ്യമായിരിക്കുന്നു. അതല്ല സാമ്രാജ്യത്വ വിരോധവും മുതലാളിത്ത വിരോധവും അധികാരത്തിലെത്താനുള്ള പൊള്ളയായ മുദ്രാവാക്യങ്ങള്‍ മാത്രമാണെങ്കില്‍ ജനങ്ങള്‍ അത് തിരിച്ചറിയും. ഇസ്രായേല്‍ കമ്പനിയുടെ കടന്നുവരവിനെക്കുറിച്ച് അധികൃതര്‍ പുലര്‍ത്തുന്ന മൌനംതന്നെ വാചാലമാണെന്ന് കരുതാന്‍ അവര്‍ നിര്‍ബന്ധിതരാകും.
No comments:
Post a Comment